
എഴുത്തുകാരന്റെ ആക്ടിവിസം എഴുത്താണ്. അതാകട്ടെ ഒരു മനുഷ്യന്റെ സര്‍വാര്‍ജിതങ്ങളില്‍ നിന്നുയിര്‍ക്കൊള്ളുന്നതുമാണ്. അത് പറയാനുള്ള ഭാഷ അയാളുടെ സംസ്കാരമാണ്. എഴുത്തിനോട് സംസാരിക്കുമ്പോഴും വിലയിരുത്തുമ്പോഴും നാം ശ്രദ്ധിക്കേണ്ടത് ഇതാണ്. നമ്മുടെയുള്ളിലെ പരിമിതികളെ വച്ച് മഹാ എഴുത്തുകാരെ വിലയിരുത്തുന്നത് വിലക്ഷണമാണ്. കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിതാര’യില്‍ എംടി എന്ന മഹാപ്രതിഭയുടെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ തൊഴുതുനില്‍ക്കുമ്പോള്‍ മനസിലുണ്ടായ ഇരമ്പങ്ങളില്‍ ഇതുമുണ്ടായിരുന്നു.
നാലര ദശാബ്ദങ്ങളിലധികം കാലത്തെ അടുപ്പത്തിന്റെ ഓര്‍മ്മകളുണ്ട്. പ്രിയ എഴുത്തുകാരന്റെ, ജ്യേഷ്ഠന്റെ, മരണമുഖത്തുനിന്ന് ഒരു വിലയിരുത്തലിന് ഞാനില്ല. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ കൃതികളും വായിച്ചെന്ന സാഫല്യം മാത്രം മതി. പിന്നെ ആത്മാവിനടുത്തുനില്‍ക്കുന്നവരെ വിലയിരുത്താനാവില്ല. എംടി മലയാളത്തിന്റെ സാരസര്‍വസ്വമായിരുന്നു. എത്രയോ വിശാലമായ സര്‍ഗപ്രപഞ്ചത്തെക്കുറിച്ചുള്ള പൊതു നിരീക്ഷണങ്ങള്‍ ഏറെ വന്നതുകൊണ്ട്, നമുക്ക് അല്പം മാറിച്ചിന്തിക്കാം. വാക്കും സംസാരവും ഏറെ ആറ്റിക്കുറുക്കിയാണദ്ദേഹം പ്രയോഗിച്ചത്. ഈ നീണ്ട സര്‍ഗജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഒരക്ഷരമോ ഒരു വാക്കോ അധികം പ്രയോഗിച്ചിട്ടില്ല. എന്നാല്‍ വാക്കുകള്‍ക്കിടയിലെ മൗനത്തില്‍ കടലിരമ്പമുണ്ടായിരുന്നു. ഒരു ചെറുചിരി, ഇറ്റിച്ചപോലെ ഒരു വാക്ക്, അതിലെല്ലാമുണ്ടാവും.
ഭാഷയുടെ മൂല്യമറിഞ്ഞ എഴുത്തുകാരനായിരുന്നു. ചില പ്രയോഗങ്ങള്‍ വല്ലാതെ തറച്ചുകയറും. എന്നെ വല്ലാതെ ഉലച്ച ഒരു പ്രയോഗം ‘വാനപ്രസ്ഥ’ത്തിലേതായിരുന്നു. അതിലെ മാഷും പഴയ വിദ്യാര്‍ത്ഥിനിയും കണ്ടുമുട്ടി, അമ്പലനടയ്ക്കല്‍ പ്രാര്‍ത്ഥിച്ച് നിന്ന് അര്‍ച്ചനയ്ക്ക് കൊടുത്ത് തിരിച്ച് മുറിയിലെത്തുമ്പോള്‍ അവര്‍ പറയുന്നു “ശ്രദ്ധിച്ചുവോ, ദമ്പതീപൂജയായിരുന്നു ചെയ്തത്. ഒരുപക്ഷെ, കഴിഞ്ഞ ജന്മത്തില്‍ അങ്ങനെയൊരു യോഗമുണ്ടാവും”. അതിലധികം തറച്ചുകയറുന്നൊരു വാചകം ഭഗ്നപ്രണയികളുടെ പുനഃസമാഗമത്തില്‍ പറയാനാവില്ല. അതിമിതവും അതിതീവ്രവുമായൊരു സന്ദര്‍ഭം സൃഷ്ടിച്ച് തന്റെ കഥാപാത്രത്തിനൊരു ഭാഷ കൊടുക്കുകയായിരുന്നു എംടി. വൃഥാസ്ഥൂലതയില്‍ പാളിപ്പോവുന്ന ഒരവസ്ഥയെ തീവ്രതരമാക്കുന്ന സൃഷ്ടി കല. ‘മാംസനിബന്ധമല്ലരാഗം’ എന്ന കേന്ദ്രബിന്ദുവില്‍ തറഞ്ഞുനില്‍ക്കുന്ന ‘വാനപ്രസ്ഥം’ ഒരസാധ്യ സൃഷ്ടിയാണ്. ഒരുപക്ഷെ, അങ്ങനെ പറഞ്ഞുപോയാല്‍ അനന്തമായി നീളാവുന്ന പട്ടികയുണ്ട്. അതൊക്കെ മാറ്റിവയ്ക്കുന്നു.
എത്രയോ കഥകള്‍, നോവലുകള്‍, തിരക്കഥകള്‍, ലേഖനങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങി അതിബൃഹത്തായ എംടി പ്രപഞ്ചത്തെ ഞാനിപ്പോള്‍ മാറ്റിനിര്‍ത്തുന്നു. അതൊക്കെ വായിക്കാന്‍ സാധിച്ച പുണ്യം മാത്രമാണ് ഇപ്പോള്‍ സ്മരിക്കുന്നത്. എംടിയുടെ കഥാപാത്രങ്ങള്‍ വിവിധ ഘട്ടങ്ങളിലായി വിവിധ സന്ദര്‍ഭങ്ങളില്‍ പറഞ്ഞ വാചകങ്ങളിലെ അര്‍ത്ഥങ്ങള്‍ മുഴുവനും അദ്ദേഹത്തിന്റെ സ്വഭാവമായി വ്യാഖ്യാനിച്ച് നടന്നവരുണ്ട്. അതിലൊന്നാണ് ‘കാല’ത്തിലെ സേതുവിനെക്കുറിച്ച് സുമിത്ര പറഞ്ഞത്. സേതുവിന് എന്നും സേതുവിനോടുമാത്രമേ സ്നേഹമുണ്ടായിരുന്നുള്ളു എന്ന നിരീക്ഷണം, അങ്ങനെ കഥാകൃത്തില്‍ ആരോപിച്ചു. ഇങ്ങനെ കുറെ ആരോപണങ്ങള്‍ വന്നിരുന്നു. സ്വാര്‍ത്ഥി, സ്നേഹമില്ലാത്തവന്‍ എന്നിങ്ങനെ ഒട്ടേറെ ആരോപണങ്ങള്‍ക്കൊക്കെ ഹേതു കഥാപാത്രങ്ങളായിരുന്നു. എംടി മിതമായി അതിനൊക്കെ മറുപടി പറഞ്ഞിരുന്നു. ‘അതൊക്കെ കഥാപാത്രങ്ങളല്ലേ’ എന്നതായിരുന്നു അത്. എത്രയെത്രയോ ജീവിതസന്ദര്‍ഭങ്ങളില്‍ കഥാപാത്രങ്ങള്‍ പറയുന്ന വാചകങ്ങളില്‍, കഥാകൃത്തിനെ ആരോപിക്കാനുള്ള അവസരം കണ്ടെത്തുന്നതിലെ അപക്വസാഹിത്യ വിചാരം കണ്ടറിയാന്‍ പോരാത്തവരാണത് ചെയ്തത്.
എംടിക്ക് ആരോടും സ്നേഹമില്ലെന്ന് ‘കാല’ത്തിലെ സുമിത്രയെപ്പോലെ പറഞ്ഞവരുണ്ട്. എന്നാല്‍ ‘വാനപ്രസ്ഥ’ത്തിലെ വിലാസിനിയും മാസ്റ്ററും അവസാനകാലത്ത് കണ്ടുമുട്ടുന്നതിലെ ആര്‍ദ്രതയും അലിവും വായിച്ചറിഞ്ഞ് അത് പറയാനാവുമോ. സ്നേഹത്തിന്റെയും നഷ്ടബോധത്തിന്റെയും വന്യമായ നിഷ്കളങ്കതയുടെയും കഥകള്‍ എത്രയോ എംടി എഴുതിയിട്ടുണ്ട്. പകയും ദേഷ്യവുമുണ്ടാവാം. അതും ജീവിത സന്ദര്‍ഭങ്ങളല്ലെന്നു പറയാനാവുമോ. അതില്‍ രതി, പക, സ്നേഹം, കടപ്പാട്, പശ്ചാത്താപം തുടങ്ങി സകല മാനുഷിക ഭാവങ്ങളുമുണ്ട്. പതിനാലാം വയസില്‍ തുടങ്ങിയ കഥ, തിരക്കഥ, നോവല്‍ സാമ്രാജ്യത്തില്‍ എല്ലാ മാനുഷിക ഭാവങ്ങളുമുണ്ട്. അതാണ് ജീവിതമെന്ന മഹാസമസ്യയുടെ മുഖഛായകള്‍.
ജീവിതത്തില്‍ തിരസ്കൃതരായവരെക്കുറിച്ചും അവരെ പഴിച്ച് പാടിനടന്നവരെ തഴഞ്ഞും എംടി എഴുതിയിട്ടുണ്ട്. തിരസ്കൃതരെ കയ്യെത്തി ഉയിര്‍പ്പിച്ച ഒരു കഥ അദ്ദേഹത്തിനുണ്ട്. തെളിവിന് ഏറ്റവും പ്രധാനം ‘രണ്ടാമൂഴ’വും, ‘ഒരു വടക്കന്‍ വീരഗാഥ’യുമാണ്. പറഞ്ഞുകേട്ട ഭീമനും ചന്തുവുമല്ലാത്ത രണ്ടുപേരെ നീണ്ട ഗവേഷണ, കഥനചാതുര്യത്തിലൂടെ അദ്ദേഹം നമുക്കായി തരുന്നു.
ഭീമനെ വീണ്ടെടുക്കാന്‍ അദ്ദേഹം 17 വര്‍ഷത്തെ ഗവേഷണം നടത്തി. ഭാഷ, വസ്ത്രം, ആചാരം, ബന്ധങ്ങള്‍ തുടങ്ങി എല്ലാം കണ്ടെത്തി കഥയിലുറപ്പിച്ചാണ് ‘രണ്ടാമൂഴ’ത്തെ മറ്റൊരിതിഹാസമാക്കിയത്. മറ്റൊന്നിനെക്കുറിച്ച് പറയാനും ഇവിടെ സ്ഥലം പോര. ‘രണ്ടാമൂഴ’ത്തെക്കുറിച്ച് മാത്രം പറയുന്നത്, തിരസ്കൃതരായവരോട് എംടി കാണിക്കുന്ന സര്‍ഗധര്‍മ്മം മാത്രം സൂചിപ്പിക്കാനാണ്. ഭാരതത്തെക്കുറിച്ച് പറഞ്ഞവര്‍ക്കൊക്കെ പറയാന്‍ കൃഷ്ണനും ധര്‍മ്മപുത്രരും അര്‍ജുനനും കൃഷ്ണയും അഭിമന്യുവുമുണ്ടായിരുന്നു. ഭീമന്‍ മന്ദനായിരുന്നു, വൃകോദരനായിരുന്നു, തടിയനായിരുന്നു, പരിഹാസ്യനായിരുന്നു. എന്നാല്‍ എല്ലാവരും അവസാനാശ്രയത്തിനായി ഭീമനെത്തേടിയെത്തി.
എംടി വീണ്ടെടുത്തത് ഈ തിരസ്കൃതനെയായിരുന്നു. എല്ലാ ഘട്ടങ്ങളിലും ഭീമന്‍ അവഗണിക്കപ്പെട്ടു. യുദ്ധത്തിന്റെ കഠിനഘട്ടങ്ങളില്‍ ഭീമന്‍ വേണമായിരുന്നു. കൊടുങ്കാറ്റുപോലെ ശത്രുപാളയം തകര്‍ക്കാന്‍ ഭീമന്റെ മകന്‍ ഘടോല്‍ക്കചന്‍ വേണ്ടിവന്നു. എന്നാല്‍ ആ ഘടോല്‍ക്കചന്‍ വീരമൃത്യു വരിച്ചപ്പോള്‍, രാക്ഷസന്‍ മരിക്കണമെന്ന് പറഞ്ഞ് കൃഷ്ണന്‍ പിന്‍വാങ്ങി. കരയാന്‍ ഭീമന്‍ മാത്രം. എന്നാല്‍ അഭിമന്യു മരിച്ചപ്പോള്‍ സര്‍വര്‍ക്കും ദുഃഖം. ഭീമന്റെ ഭാര്യ ബലന്ധരയുടെ ദുഃഖം ആരും കണ്ടില്ല. ഭീമന്‍ രാജാവാകുമെന്ന ഘട്ടം വന്നപ്പോള്‍ അമ്മ കുന്തിപോലും എതിര്‍ത്തു. കാര്യവിവരമില്ലെന്നാരോപണം. ദ്രൗപദിക്ക് ധര്‍മ്മപുത്രര്‍ രാജാവായാലേ രാജപത്നിയാവാന്‍ പറ്റു. സൗഗന്ധികം സാഹസികമായി തേടിക്കൊണ്ടുവന്നു കൊടുത്തപ്പോള്‍ ദ്രൗപദി അര്‍ജുനനെ ഓര്‍ത്തിരിക്കുകയായിരുന്നു. വീണുകിടന്ന പാഞ്ചാലിയെ തിരഞ്ഞു നടന്നുചെന്ന് നോക്കാന്‍ ഭീമനേ ഉണ്ടായിരുന്നുള്ളൂ. ആ ഒരു നിമിഷത്തിലായിരുന്നു ഇതിഹാസത്തിന്റെ സ്ഥാനം. തിരസ്കൃത ഭീമനെ തിരിച്ചുകൊണ്ടുവന്ന്, ഇതിഹാസത്തെ സ്ഥാപിച്ച എം ടിയുടെ ക്രാഫ്റ്റ് നിസ്തുലമാണ്.
ഗോവിന്ദന്‍കുട്ടി, കുട്ട്യേടത്തി, ജാനമ്മ, അപ്പുണ്ണി തുടങ്ങി നിരാര്‍ദ്രമായ ജീവിതങ്ങളുടെ ദെെന്യത്തില്‍ മനുഷ്യബന്ധങ്ങളുടെ വ്യാകരണം രചിച്ചു. അവിടെയൊന്നും ഈ ഭൂമിക നില്‍ക്കുന്നില്ല. തന്റെ കൂടല്ലൂരിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് കാലത്തിന്റെ പലപല അടരുകളിലൂടെയും മനുഷ്യ ജീവിതങ്ങളിലൂടെയും അദ്ദേഹം മനോവ്യാപാരം നടത്തി. ജീവിതങ്ങള്‍ കുടഞ്ഞിട്ട് കഥകളാക്കി. സമൂഹത്തിന്റെ കാലത്തെ, തന്റെ അന്തരംഗത്തിലെ കാലമാക്കി മാറ്റി. അതദ്ദേഹത്തെ മഹാകാഥികനാക്കി മാറ്റി. മനുഷ്യന്റെ കഥകളേ അദ്ദേഹം പറഞ്ഞിട്ടുള്ളു.
അറിവിന്റെ ഭാരം കഥാപാത്രങ്ങളിലദ്ദേഹം ചാര്‍ത്തിയിട്ടില്ല. നിത്യജീവിതത്തിന്റെ ലാളിത്യങ്ങളില്‍ നിന്നാണ് പ്രത്യയശാസ്ത്രങ്ങളും ദര്‍ശനങ്ങളുമുണ്ടാവുന്നത്. അതറിയാനാവശ്യമായ പക്വമായ സാഹിത്യവിചാരം വേണമെന്ന് മാത്രം.
മഹാനായ കഥാകാരാ വിട.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.