5 November 2024, Tuesday
KSFE Galaxy Chits Banner 2

മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുന്ന ലോകം

കെ ദിലീപ്
നമുക്ക് ചുറ്റും
October 1, 2024 4:13 am

1914ജൂണ്‍ 28ന് ഓസ്ട്രിയയിലെ കിരീടാവകാശി ആര്‍ച്ച് ഡ്യൂക്ക് ഫ്രാങ്ക് ഫെര്‍ഡിനാന്റ്, ബോ‍സ്നിയന്‍ സെര്‍ബ് വംശജനായ ഗാവ്‌റിലോ പ്രിന്‍സിപ്പിന്റെ വെടിയുണ്ടകള്‍ക്ക് ഇരയായതോടെയാണ് ഓസ്ട്രിയ – ഹംഗറിയും സെര്‍ബിയയും തമ്മില്‍ ഉണ്ടായിരുന്ന സംഘര്‍ഷം ഒരു ലോക മഹായുദ്ധമായി വളര്‍ന്നത്. ഓസ്ട്രിയ‑ഹംഗറി, ബള്‍ഗേറിയ, ജര്‍മ്മനി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഒരുഭാഗത്തും റഷ്യ, ഫ്രാന്‍സ്, ബെല്‍ജിയം, ബ്രിട്ടന്‍‍ എന്നീ സഖ്യകക്ഷികളും അവരോടൊപ്പം പിന്നീട് ചേര്‍ന്ന ജപ്പാന്‍, റുമേനിയ, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ മറ്റ് ഭാഗത്തുമായാണ് യുദ്ധം ആരംഭിച്ചത്. ലോക ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ മരിച്ചുവീണ യുദ്ധം 1914ജൂലൈ 28ന് ആരംഭിച്ച് 1918നവംബര്‍ 11വരെ നാലു വര്‍ഷത്തിലധികം നീണ്ടു. യുദ്ധാനന്തരം തകര്‍ന്നുപോയ ജര്‍മ്മനിയില്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തില്‍ നാസികള്‍ അധികാരത്തില്‍ വരുന്നതും ഹിറ്റ്ലര്‍ തന്റെ ഭ്രാന്തമായ വംശഹത്യ ആരംഭിക്കുന്നതും ഭരണത്തകര്‍ച്ച മറച്ചുവയ്ക്കാന്‍ രണ്ടാം ലോകമഹായുദ്ധത്തിന് തിരികൊളുത്തുന്നതും ലോകം കണ്ടു. 1939സെപ്റ്റംബര്‍ ഒന്നിന് പോളണ്ടില്‍ അധിനിവേശം നടത്തി നാസി ജര്‍മ്മനി തുടങ്ങിവച്ച യുദ്ധം ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ അച്ചുതണ്ട് ശക്തികളും ഫ്രാന്‍സ്, ബ്രിട്ടണ്‍, സോവിയറ്റ് യൂണിയന്‍, യുഎസ് എന്നീ സഖ്യകക്ഷികള്‍ മറുഭാഗത്തുമായി നടന്ന രണ്ടാം ലോകമഹായുദ്ധം 1945സെപ്റ്റംബര്‍ രണ്ടുവരെ തുടര്‍ന്നു. നാസി ജര്‍മ്മനി ശീതകാല യുദ്ധത്തില്‍ സോവിയറ്റ് യൂണിയന്റെ ചെമ്പടയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ മരണാസന്നരായ മനുഷ്യരെ മോചിപ്പിച്ചുകൊണ്ട് മുന്നേറിയ ചെമ്പട 1945ഏപ്രില്‍ മാസത്തില്‍ ബെര്‍ലിന്‍ കീഴടക്കി. ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തു. രണ്ട് മഹായുദ്ധങ്ങള്‍ യൂറോപ്പിനെ ശ്മശാനഭൂമിയാക്കി, 65ദശലക്ഷം‍ ജനങ്ങള്‍ കൊല്ലപ്പെട്ടു.

രണ്ട് ലോകമഹായുദ്ധങ്ങളിലും ചാലകശക്തിയായി വര്‍ധിച്ചത് മുതലാളിത്ത മോഹങ്ങളും വംശീയതയും കൂടിയായിരുന്നു എന്ന് കാണാന്‍ കഴിയും. ഒന്നാം ലോക മഹായുദ്ധത്തില്‍ സ്‌ലാവുകളും സെര്‍ബുകളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും വിവിധ ചേരികളായി തിരിഞ്ഞ് യുദ്ധം ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്ലര്‍ തികച്ചും വ്യാജ്യമെന്ന് മാനവചരിത്രം പഠിച്ച ആര്‍ക്കും മനസിലാവുന്ന ആര്യവംശ കഥയുമായാണ് വംശഹത്യക്ക് ഒരുങ്ങിയത്. യുദ്ധങ്ങളെക്കുറിച്ച് എന്‍ ഇ ബാലറാമിന്റെ നിരീക്ഷണം ഏറെ പ്രസക്തമാണ്.
“മുതലാളിത്ത സംസ്കാരത്തിന്റെ അഗാധമായ ജീര്‍ണതയും അധഃപതനവും മനുഷ്യമനസില്‍ സൃഷ്ടിച്ച ആത്മീയ സംഘര്‍ഷങ്ങള്‍ ഭൗതികതലത്തിലെ ഭൂകമ്പങ്ങളേക്കാള്‍ നാശോന്മുഖവും ദുഃഖകരവുമാണ്. ഒരു സത്യക്രിസ്ത്യാനിക്ക് മൂന്നു ലക്ഷം ബുദ്ധമതക്കാരെ ജപ്പാനിലെ ഹിരോഷിമയില്‍ അണുബോംബിട്ടു ചാമ്പലാക്കാന്‍ തന്റെ മതവിശ്വാസം തടസം നിന്നില്ല. എല്ലാ ഞായറാഴ്ചയും പള്ളി പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ട ഹിറ്റ്ലര്‍ക്കും മുസോളിനിക്കും രണ്ടുകോടി ജനങ്ങളുടെ കൊലയ്ക്ക് കാരണമായ രണ്ടാം ലോകമഹായുദ്ധം അഴിച്ചുവിടാന്‍ യാതൊരു മനഃസാക്ഷിക്കുത്തുമുണ്ടായില്ല. സാഹിത്യകാരന്മാരായ സല്‍മാന്‍ റുഷ്ദിയെയും തസ്‌ലീമ നസ്‌റീനെയും കൊല്ലാന്‍ പരസ്യമായി ആഹ്വാനം ചെയ്യാന്‍ മതമൗലികവാദികള്‍ക്ക് കാരുണ്യനിധിയായ ഒരു ദൈവവും തടസം നില്ക്കുന്നില്ല. അയോധ്യയിലെ പള്ളി പട്ടാപ്പകല്‍ പൈശാചിക താണ്ഡവത്തോടെ തകര്‍ത്തവരെ തടയാന്‍ ത്രിമൂര്‍ത്തികളായ ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാര്‍ക്കും സാധിച്ചില്ല. ബോസ്‌നിയയിലെ പാവപ്പെട്ട മുസ്ലിങ്ങളെ നരവേട്ട നടത്താന്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ അശേഷം മടിക്കുന്നില്ല. മതം യാതൊരു ദുഷ്കൃത്യത്തിനും പ്രേരണ നല്കുന്നില്ല. അതിലാര്‍ക്കും സംശയമില്ല. പിന്നെ ഇതെല്ലാം എങ്ങനെ സംഭവിച്ചു? മതവിശ്വാസികള്‍ ഇത്തരം രാക്ഷസീയമായ ക്രൂരതകള്‍ കാണിക്കുന്നതെന്തുകൊണ്ടാണ്?” (പാപമോ അനുഗ്രഹമോ — എന്‍ ഇ ബാലറാം സമ്പൂര്‍ണകൃതികള്‍ പേജ് 366).
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് കൊറിയയില്‍,‍ വിയറ്റ്നാമില്‍, അഫ്ഗാനിസ്ഥാനില്‍, ഇറാഖില്‍, സിറിയയില്‍… പാവപ്പെട്ട മനുഷ്യര്‍ അവര്‍ക്കറിയാത്ത കാരണങ്ങളാല്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധങ്ങളില്‍ വെന്തുമരിച്ചു. കുഞ്ഞുങ്ങള്‍ അനാഥരായി, സ്ത്രീകള്‍ അപമാനിക്കപ്പെട്ടു, ലക്ഷങ്ങള്‍ അംഗവിഹീനരായി. എന്തിനുവേണ്ടി എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.

പലസ്തീനിലെ സംഘര്‍ഷം ഇരുപതാം നൂറ്റാണ്ടിന്റെ അര്‍ധവര്‍ഷങ്ങളില്‍ തുടങ്ങി ഇന്നും നരഹത്യയുടെ പുതിയ അധ്യായങ്ങള്‍ രചിച്ചുകൊണ്ട് തുടരുകയാണ്. പലസ്തീനില്‍ ഒരു ജ്യൂത രാഷ്ട്രം സ്ഥാപിക്കുന്നതിന് 1897ലെ ഒന്നാം സയണിസ്റ്റ് കോണ്‍ഗ്രസും 1917ലെ ബാല്‍ഫോര്‍ പ്രഖ്യാപനവും തുടര്‍ന്ന് 1947ല്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ച പലസ്തീന്‍ വിഭജനപദ്ധതിയും തുറന്നുവിട്ട അറബ് — ജ്യൂത സംഘര്‍ഷം ഒരു നൂറ്റാണ്ടിനിപ്പുറവും അയവില്ലാതെ തുടരുകയാണ്. 1967ല്‍ ഇസ്രയേല്‍ നടത്തിയ വെസ്റ്റ് ബാങ്ക് — ഗാസ അധിനിവേശത്തെ തുടര്‍ന്ന് ആരംഭിച്ച യുദ്ധം ഇന്നും തുടരുന്നു. 1993–95കാലഘട്ടത്തിലെ ഓസ്‌ലോ ചര്‍ച്ചകളില്‍ ഇസ്രയേല്‍ — പലസ്തീന്‍ എന്ന രണ്ട് രാഷ്ട്രങ്ങള്‍ എന്ന തീരുമാനത്തിലെത്തിയിരുന്നു. എന്നാല്‍ നാളിതുവരെ പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമായില്ല. ഇസ്രയേലിലെ ജ്യൂതന്മാരില്‍ 32ശതമാനം പേര്‍ ഈ ദ്വിരാഷ്ട്ര ഫോര്‍മൂല അംഗീകരിക്കുന്നു എന്നുകൂടി മനസിലാക്കേണ്ടതുണ്ട്. പലസ്തീനിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ഫതാ പാര്‍ട്ടി ക്ഷയിച്ചതും ഹമാസ് എന്ന, ഫതാ പാര്‍ട്ടിക്കെതിരെ ഇസ്രയേല്‍ വളര്‍ത്തിയ തീവ്രവാദി പ്രസ്ഥാനം ശക്തിപ്രാപിച്ചതും ഫതാ പാര്‍ട്ടിയും യാസര്‍ അറഫാത്ത് എന്ന പലസ്തീന്‍ ജനതയുടെ ശക്തനായ നേതാവുമൊക്കെ ഇന്ന് ചരിത്രത്താളുകളില്‍ മറഞ്ഞു. ഇന്ന് സ്വന്തം അധികാരം നഷ്ടപ്പെടാതിരിക്കാനായി അഡോള്‍ഫ് ഹിറ്റ്‌ലറുടെ അതേ മാതൃകയില്‍ ബെഞ്ചമിന്‍ നെതന്യാഹു എന്ന ഭരണാധികാരി പശ്ചിമേഷ്യയിലാകെ സംഘര്‍ഷം പടര്‍ത്തുകയാണ്. സംഘടിത മതങ്ങളുടെ പേരിലാണ് ജനാധിപത്യ സമൂഹങ്ങള്‍ക്കുനേരെ വ്യാപകമായ അക്രമം മുതലാളിത്ത ശക്തികള്‍ അഴിച്ചുവിടുന്നത്. എന്നാല്‍ പ്രവാചകന്മാര്‍ ഉപദേശിച്ച മതവും ഇന്നത്തെ സമൂഹത്തില്‍ അവരുടെ പേരില്‍ നടക്കുന്ന അനാചാരങ്ങളും തമ്മില്‍ ഒരു ബന്ധവും കാണുവാന്‍ കഴിയില്ല. ഇക്കാര്യം കെ ദാമോദരന്‍ വിശദമാക്കുന്നുണ്ട്.
“മനുഷ്യസ്നേഹത്തിന്റെ വെന്നിക്കൊടി ഉയര്‍ത്താന്‍ ശ്രമിച്ച പല മഹാരഥന്മാരും ആവിര്‍ഭവിക്കുകയുണ്ടായി. മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കണമെന്ന് ബുദ്ധന്‍, ക്രിസ്തു, മുഹമ്മദ് തുടങ്ങിയ പ്രവാചകന്മാര്‍ ഉപദേശിക്കുകയുണ്ടായി. അവരുടെ മനുഷ്യസ്നേഹം കേവലമായിരുന്നില്ല. സാമൂഹ്യ ജീവിതത്തിന്റെ ഭൗതിക പരിസരങ്ങളില്‍ നിന്നാണ് അത് ഉടലെടുത്തത്. ബുദ്ധന്റെ അഹിംസ ബ്രാഹ്മണ മേധാവിത്വത്തിനെതിരായ വെല്ലുവിളി ആയിരുന്നു. ക്രിസ്തുവിന്റെ സ്നേഹത്തില്‍ അടിമകളെ ദ്രോഹിച്ച സ്വത്തുടമകള്‍ക്കും അവരുടെ കിങ്കരന്മാരായ പുരോഹിതര്‍ക്കും എതിരായി കാഹളം മുഴക്കിയിരുന്നു. പരസ്പരം കലഹിച്ച ഗോത്രങ്ങളെ ഒരുമിച്ചണിനിരത്തിയത് മുഹമ്മദ് നബിയുടെ സ്നേഹമായിരുന്നു. സ്നേഹത്തിന്റെ സാമൂഹ്യമായ പങ്കിനെക്കുറിച്ചാണ് പ്രവാചകര്‍ ഏകസ്വരത്തില്‍ പറഞ്ഞത്.” (പ്രവാചകരുടെ മനുഷ്യസ്നേഹം, കെ ദാമോദരന്‍ സമ്പൂര്‍ണകൃതിയില്‍ പേജ് 184).
ഇന്ന് ലോകം കൂടുതല്‍ കൂടുതല്‍ അപകടകരമായ ദിശയിലേക്ക് നീങ്ങുകയാണ്. സാമ്രാജ്യത്വ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ യുഎസ് നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഇന്നത്തെ ഏകധ്രുവലോകത്തില്‍ മറ്റൊരു ശക്തിയുമില്ല. ലോക രാജ്യങ്ങളിലെമ്പാടും ഗോത്ര – മത വൈരുധ്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കുകയാണ് നവ ചങ്ങാത്ത മുതലാളിത്തം. സുന്നി — ഷിയാ തര്‍ക്കങ്ങളും ജാതിവെറിയും ഗോത്ര വൈരുധ്യങ്ങളുമെല്ലാം അവര്‍ ആയുധമാക്കുന്നു. ലെബനനിലെ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ലയെ ഇസ്രയേല്‍ സൈന്യം വധിച്ചതും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഉപമേധാവി അബ്ബാസ് നില്‍ഫോ റുഷാനും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും പശ്ചിമേഷ്യ സംഘര്‍ഷം ഒരു മഹായുദ്ധത്തിലേക്ക് നയിക്കുമോ എന്നാണ് ലോകം ആശങ്കപ്പെടുന്നത്.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.