22 December 2024, Sunday
KSFE Galaxy Chits Banner 2

നായ്‌ക്കള്‍ കലണ്ടര്‍ നോക്കാറില്ല!

ദേവിക
വാതിൽപ്പഴുതിലൂടെ
October 25, 2021 5:01 am

ന്നിമാസമറിയാന്‍ നായ്‌ക്കള്‍ കലണ്ടര്‍ നോക്കാറില്ലെന്ന് പറയാറുണ്ട്. ശുനകവര്‍ഗത്തിന്റെ ഇണചേരലിന്റെയും സന്താനോല്പാദനത്തിന്റെയും കാലമാണ് കന്നിമാസം. തെരുവു പട്ടിക്കായാലും ജര്‍മ്മന്‍ ഷെപ്പേര്‍ഡിനായാലും ലാസോ ആപ്സയ്ക്കോ കോക്കര്‍ സ്വാനിയലിനോ ആയാലും അവര്‍ കന്നിമാസം കലണ്ടര്‍ നോക്കാതെ തന്നെ തിരിച്ചറിയുന്നു. അവര്‍ തങ്ങളുടെ ഇണകളെ തിരിച്ചറിയും. ലോകത്ത് നായ്‌കുലത്തിനു മാത്രമുള്ള അത്ഭുതകരമായ സവിശേഷത. നായ്‌ക്കളെപ്പോലെ മനുഷ്യൻ ഇതിനൊന്നും കലണ്ടര്‍ നോക്കാറില്ല എന്ന വ്യത്യാസമേയുള്ളു. കോണ്‍ഗ്രസിലും ഇതുതന്നെയാണ് ഇപ്പോഴത്തെ അവസ്ഥ. തല്ലു കൂടാന്‍ കന്നിമാസവും വേണ്ട കര്‍ക്കടകവും വേണ്ട. ഏതു നേരവും പോരടിക്കാന്‍ കലണ്ടറും നോക്കേണ്ട. പുനഃസംഘടനയുടെ കലണ്ടറും ബാധകമല്ല. സംസ്ഥാന കോണ്‍ഗ്രസിന്റെ പുനഃസംഘടനാ പട്ടിക വന്നതോടെ 24x7 അടിയുടെ പൊടിപൂരം തുടങ്ങി. കോണ്‍ഗ്രസുകാരനല്ല താനെന്നു പ്രഖ്യാപിച്ച എം വി ഗോപിനാഥിനെ പിടിച്ച് കോണ്‍ഗ്രസാക്കണമെന്ന് പത്മജാ വേണുഗോപാല്‍. ഗോപിനാഥിനെ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവാക്കണമെന്നാണ് കരുണാകര പുത്രിയുടെ ആവശ്യം. ആര്‍ക്കും കയറിയിറങ്ങാവുന്ന തണ്ണീര്‍പ്പന്തലല്ലേ കോണ്‍ഗ്രസ് എന്ന് പത്മജ. തന്റെ പിതാശ്രീതന്നെ പല തവണ ഇറങ്ങിപ്പോയപ്പോള്‍ തിരിച്ചുവന്നതും കോണ്‍ഗ്രസിലല്ലേ എന്ന് ഒരു ശോദ്യവും. കരുണാകരനാകാമെങ്കില്‍ ഗോപിനാഥിന് എന്തുകൊണ്ട് ആയിക്കൂടാ എന്ന ചോദ്യം സുധാകരനുണ്ടോ കേള്‍ക്കുന്നു. പക്ഷേ മൗനം വിദ്വാനു ഭൂഷണം എന്നു കരുതി സഹോദരന്‍ മുരളീധരന്‍ നാവടക്കി പണിയെടുക്കുന്നു!’ പണിയുടെ ഫലം വരും ദിനങ്ങളില്‍ കാണാം. കലണ്ടര്‍ നോക്കാതെയുള്ള പണിയുടെ കാലം.

 


ഇതുകൂടി വായിക്കൂ:  കോണ്‍ഗ്രസ് അംഗത്വം ; സത്യവാങ്മൂലവുമായി നേതൃത്വം


ഒരു കഥയുടെ പൊരുള്‍ ആകമാനമറിയാതെ കഥയുടെ അരികും മൂലയും അടര്‍ത്തിയെടുത്ത് നമ്മുടെ പുന്നാരചാനലുകളും പത്രങ്ങളും നടത്തുന്ന ചര്‍ച്ചകള്‍ കൊണ്ട് ജനം വലഞ്ഞു. അജിത്തും അനുപമയും പ്രണയബദ്ധരായി കല്യാണം കഴിച്ചു. കുഞ്ഞിനെ അനുപമയുടെ പിതാവ് ജയചന്ദ്രന്‍ തട്ടിയെടുത്ത് ശിശുക്ഷേമ സമിതിയില്‍ ഏല്പിച്ചുവെന്ന് ആരോപണം. ആ കുഞ്ഞിനെ ആന്ധ്രയിലെങ്ങോ കഴിയുന്ന തെലുങ്കു ദമ്പതികള്‍ക്ക് ദത്തു നല്കുകയും ചെയ്തു. നൊന്തുപെറ്റ തന്റെ കുഞ്ഞിനെ തനിക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് അനുപമ കച്ചമുറുക്കി രംഗത്തിറങ്ങിയതോടെ പൊതുസമൂഹമാകെ അനുപമയുടേയും അജിത്തിന്റെയും പിന്നില്‍ അണിനിരക്കുന്നു. സിപിഐ(എം) പോളിറ്റ് ബ്യൂറോ വരെ അനുപമയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. എല്ലാം ശരിയുടെ ഭാഗത്ത്. പക്ഷേ മാധ്യമങ്ങളും പിന്തുണക്കാരുമെല്ലാം ഒരു പെണ്‍കുട്ടിയെ മറക്കുന്നു. തലസ്ഥാനത്ത് വള്ളക്കടവിലെ നസിയ എന്ന യുവതിയെ. നസിയയെ അജിത് തട്ടിയെടുത്തത് സുഹൃത്തായ ഭര്‍ത്താവില്‍ നിന്ന്. നസിയയുടെ ഭര്‍ത്താവായിരിക്കുമ്പോള്‍ തന്നെ അജിത് മറുകണ്ടം ചാടി അനുപമയേയും പ്രണയിക്കുന്നു. നസിയയെ ഉപേക്ഷിച്ച് അനുപമയുടെ ഫുള്‍ടൈം ഭര്‍ത്താവാകുന്നു അജിത്. പാവം നസിയ ദുഃഖസാഗരത്തിന്റെ നടുക്കടലില്‍. ‘എനിക്കിനി ആരുമില്ല’ എന്ന നസിയയുടെ പൊള്ളുന്ന വാക്കുകളും അവര്‍ കേട്ട മട്ടില്ല. പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ പിറന്ന നസിയ ഒരനാഥപുത്രിയായി മാറുമ്പോള്‍ കുഞ്ഞെന്ന സഹതാപ ബിന്ദുവിനെ വിറ്റു കാശാക്കി റേറ്റിങ് കൂട്ടുന്ന മാധ്യമങ്ങള്‍ അങ്ങനെ ദുരന്തങ്ങളാവുന്നു. ഇത്രയുമൊക്കെയായിട്ടും ഇന്നലെയും മാധ്യമങ്ങളില്‍ നസിയ ആരാലും അറിയപ്പെടാത്ത ദുഃഖപുത്രിയായി നിന്നു. അനുപമയ്ക്കും അജിത്തിനും മുന്നില്‍ ചാനല്‍ ക്യാമറകളുടേയും മൈക്കുകളുടേയും ബഹുമേളം. നസിയയെക്കുറിച്ച് ചോദ്യം പോലുമില്ല. ഇതിനെ ഇരട്ടത്താപ്പെന്നല്ല മാധ്യമ ഉളുപ്പില്ലായ്മയെന്നല്ലേ വിളിക്കേണ്ടത്.

 


ഇതുകൂടി വായിക്കൂ: സ്ത്രീകൾക്ക് അഭയമായി മിത്ര 181 പദ്ധതിക്ക് ജനപിന്തുണയേറുന്നു


ഫിയര്‍ സൈക്കോസിസ് എന്നൊരു വക മനോരോഗമുണ്ട്. ചുറ്റും നില്ക്കുന്നവരെല്ലാം തന്നെ തല്ലാനും കൊല്ലാനും വരുന്നുവെന്ന ഭയത്താല്‍ മനോനില തെറ്റുന്ന അവസ്ഥ. ഉറ്റ സുഹൃത്തുക്കളെപ്പോലും സംശയം. ഈ മാനസികാവസ്ഥയില്‍ ചങ്ങാതിമാരെപ്പോലും കുത്തിമലത്തും. രണ്ടു വര്‍ഷം മുമ്പ് യൂണിവേഴ്‌സിറ്റി കോളജില്‍ ഈ മാനസികരോഗമുള്ള ചില എസ്എഫ്ഐ നേതാക്കള്‍ തങ്ങളുടെ ഒരു സഖാവിന്റെ ഇടനെഞ്ചിലാണ് കഠാര കയറ്റിയത്. ഈ കുത്തുകേസിലെ പ്രതികള്‍ തന്നെയായിരുന്നു പരീക്ഷാ തട്ടിപ്പിലേയും പിഎസ്‌സി തട്ടിപ്പിലേയും പ്രതികള്‍. ക്രിമിനല്‍ കേസുകളുടെ എണ്ണം തികച്ച് യുവജനസംഘടനാ നേതൃത്വത്തിലേക്ക് പ്രൊമോഷന്‍ നേടാനുള്ള തത്രപ്പാടായിരുന്നു അത്. യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങള്‍ ബഹുജന മധ്യത്തില്‍ രോഷാഗ്നിയായി പടര്‍ന്നതോടെ കാമ്പസുകളിലെ എസ്എഫ്ഐ അതിക്രമങ്ങള്‍ക്ക് തെല്ലൊരു അറുതിയുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടം ഇതാ എംജി യൂണിവേഴ്‌സിറ്റിയില്‍ അരങ്ങേറിയിരിക്കുന്നു. കൂടെ നിന്നു പൊരുതേണ്ട എഐഎസ്എഫിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷാ രാജ് നേതാവിനെ കഴുത്തോളം പൊങ്ങിച്ചവിട്ടുന്ന എസ്എഫ്ഐക്കാരന്‍. എഐഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്കിയത് വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അരുണും എസ്എഫ്ഐ നേതാവായ ആര്‍ഷോയും. മര്‍ദ്ദനം നടക്കുമ്പോള്‍ താന്‍ ജനിച്ചിട്ടുപോലുമുണ്ടായിരുന്നില്ല എന്നാണ് ആര്‍ഷോ പറയുന്നത്. എന്നാല്‍ ഇയാള്‍ കൊലവിളി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആ കഥയും പൊളിഞ്ഞു. ഇയാളാകട്ടെ അടുത്ത പ്രൊമോഷനുള്ള യോഗ്യതയും കടന്നു നില്‍ക്കുന്നയാള്‍. ഈ ചെറുപ്രായത്തില്‍ത്തന്നെ 33 ക്രിമിനല്‍ കേസുകളില്‍ പ്രതി. ഇത്രത്തോളമായ സ്ഥിതിക്ക് അടിയന്തരമായി ആര്‍ഷോയ്ക്ക് ഉചിതമായ സ്ഥാനക്കയറ്റം നല്കണം.

 


ഇതുകൂടി വായിക്കൂ: വൈപ്പിൻ കോളജിൽ വീണ്ടും എസ്എഫ്ഐ അഴിഞ്ഞാട്ടം: എഐഎസ്എഫ് മണ്ഡലം പ്രസിഡന്റിന് ഗുരുതര പരിക്ക്


എസ്എഫ്ഐയെ ഇങ്ങനെ കയറൂരിവിട്ടാല്‍ ഈ വിദ്യാര്‍ത്ഥി നേതാക്കള്‍ എങ്ങോട്ടാണ് കൂടണയുക എന്ന് വര്‍ത്തമാനകാല രാഷ്ട്രീയം പരിശോധിച്ചാല്‍ മതി. എസ്എഫ്ഐയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ ലോക്‌സഭാംഗവുമായ എ പി അബ്ദുള്ളക്കുട്ടിയാണ് ഇന്ന് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന്‍. ഋതബ്രത ബാനര്‍ജിയെന്ന എസ്എഫ്ഐ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇന്ന് ബിജെപിയില്‍. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമാരും എസ്എഫ്ഐ അഖിലേന്ത്യാ നേതാക്കളുമായിരുന്ന ഷക്കില്‍ അഹമ്മദ് ഖാനും ബിട്ടലാല്‍ ബറുവയും സയ്യിദ് നാസര്‍ഹുസൈനും ഇപ്പോള്‍‍ ബിജെപിയിലും കോണ്‍ഗ്രസിലും തൃണമൂല്‍ കോണ്‍ഗ്രസിലും. എന്തേ ഇങ്ങനെയെല്ലാം എന്ന് മനസിരുത്തി ചിന്തിച്ചില്ലെങ്കില്‍ വളര്‍ന്നുവരുന്ന ഈ ഫാസിസ്റ്റ് കഴുകന്‍ കൂട്ടങ്ങള്‍ സ്വാഭാവിക പരിണതിയെന്ന നിലയില്‍ ഫാസിസത്തിന്റെ ചില്ലകളിലേക്കായിരിക്കും ചേക്കേറുക എന്ന് ദേവിക കരുതുന്നു.

 


ഇതുകൂടി വായിക്കൂ:


കവിത്രയങ്ങളില്‍ ആശയഗംഭീരനായിരുന്ന കുമാരനാശാന്‍ പല്ലനയിലുണ്ടായ റെഡീമര്‍ ബോട്ടപകടത്തില്‍ നീരറുതിയായിട്ട് ഒരു നൂറ്റാണ്ടു തികയാറായി. 25 പേര്‍ മരിച്ച ആ ദുരന്തത്തില്‍ മൃതദേഹങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത് ജാതി തിരിച്ചായിരുന്നുവെന്ന് പുരാരേഖകളില്‍ കാണാം. ഒരു നാടാര്‍, ഒരു ഇളയത്, ഒരു ക്രിസ്ത്യാനി, രണ്ടു നായന്മാര്‍, ഒരു ആശാരി, നാല് തമിഴ് ബ്രാഹ്മണ പെണ്‍കുട്ടികള്‍, അഞ്ച് നമ്പൂതിരിമാര്‍, ഈഴവ സമുദായ നേതാവും ഭാഷാ പണ്ഡിതനും കവിയുമായ കുമാരനാശാന്‍ എന്ന ഒരു ഈഴവന്‍ എന്നിങ്ങനെയായിരുന്നു മൃതദേഹങ്ങളുടെ കണക്കെടുപ്പ്. ദളിതര്‍ക്ക് മാറുമറയ്ക്കാനവകാശമില്ലാതിരുന്ന, മുലക്കരം നല്കണമായിരുന്ന, ഉന്നതകുല ജാതിയില്‍പ്പെട്ട ആഢ്യന്മാരില്‍ നിന്നും അവര്‍ണര്‍ ഗര്‍ഭം ധരിച്ചുകൊള്ളണമെന്ന് തുടങ്ങിയ പ്രാകൃത നാട്ടുനടപ്പു നടന്ന കാലമായിരുന്നു അത്. മനുവാദത്തിന്റെ അവസാനകാലം. പക്ഷേ ആ കാലം പിന്നെയും എസ്എഫ്ഐയിലൂടെ പുനരവതരിക്കുകയാണോ? എഐഎസ്എഫ് നേതാവായ നിമിഷ എന്ന പെണ്‍കൊടിയെ എസ്എഫ്ഐക്കാര്‍ പെടുത്തിയത് പഴയ ഭാഷയിലെ ജാതിപ്പേരില്‍. ബലാത്സംഗം ചെയ്യുമെന്ന മാടമ്പി ഭാഷയിലുള്ള താക്കീതും. നവോത്ഥാനത്തിന്റെ വനിതാവന്മതില്‍ തീര്‍ത്ത കേരളത്തില്‍ ഇനിയുമുണ്ടാകേണ്ടേ മനുവിരുദ്ധ വനിതാ മതിലുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.