22 December 2024, Sunday
KSFE Galaxy Chits Banner 2

തകരുന്ന ബഡായി ബംഗ്ലാവുകള്‍

ദേവിക
വാതിൽപ്പഴുതിലൂടെ
July 22, 2024 4:22 am

നമ്മുടെ പ്രധാനമന്ത്രിജി സ്ഥിരമായി മുഴക്കാറുള്ള ഗീര്‍വാണങ്ങളുണ്ട്; ശത്രു ഏത് കടലിലൊളിച്ചാലും അണുവായുധ അന്തര്‍വാഹിനിയിലൂടെ അവനെ നിഗ്രഹിക്കും. ഭൂമിയില്‍ പറക്കുന്ന ഈച്ചയെയും നടന്നുപോകുന്ന ഉറുമ്പിനെയും ആകാശത്തുനിന്നു കണ്ടെത്തി ആണവത്തലപ്പുള്ള മിസൈല്‍ കൊണ്ട് ചുട്ടുകരിക്കും. ഉറുമ്പിനെ കൊല്ലാന്‍ മിസൈലോ എന്ന് അത്ഭുതപ്പെടരുത്. ചന്ദ്രയാനും ഗഗന്‍യാനുമൊക്കെയായപ്പോള്‍ പിന്നെയും മോഡി സ്വപ്നം കണ്ടു. ചന്ദ്രബിംബമെടുത്തു തളികയാക്കി അതില്‍ ഞാന്‍ കൊറിയന്‍ കൂണ്‍കറിയും ചപ്പാത്തിയും കഴിക്കും. സൂര്യനില്‍ നമുക്കൊരു വേനല്‍ക്കാല തലസ്ഥാനമുണ്ടാക്കണം. ഇതിനെല്ലാം കാക്കത്തൊള്ളായിരം കോടി ബജറ്റില്‍ വകയിരുത്തിയിട്ടുമുണ്ട്! പക്ഷേ അണ്ടിയോടടുത്തപ്പോഴല്ലേ മാങ്ങയുടെ പുളിയറിയുന്നത്. ഈ ബഡായി ബംഗ്ലാവുകള്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ആറ് ദിവസമായി നാം കര്‍ണാടകയിലെ ഷിരൂരില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അവിടെ മൃതഭൂമിയില്‍ മണ്ണിനടിയിലായ അര്‍ജുന്‍ എന്ന മലയാളി ആറടി മണ്ണിനടിയില്‍ കിടന്ന് ജീവനുവേണ്ടി തുടിക്കുമ്പോള്‍ ഈ മഹാസാങ്കേതികവിദ്യയൊന്നും അവിടെ കണ്ടില്ല. ജനത്തെപ്പറ്റിക്കാന്‍ ചില തരികിട പരിപാടികള്‍ മാത്രം. ഒരു ആക്രി റഡാര്‍ കൊണ്ടുവന്ന് അര്‍ജുനുവേണ്ടി തിരച്ചില്‍ നടത്തിയവിദഗ്ധര്‍ പറഞ്ഞു- അര്‍ജുന്‍ ദേ അവിടുണ്ട്, അര്‍ജുന് ഒന്നും സംഭവിച്ചിട്ടില്ല. ആ ഹതഭാഗ്യന്റെ ബന്ധുക്കളും നാട്ടാരും പ്രത്യാശകൊണ്ടു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും അനൗണ്‍സ്‌മെന്റ്. മണ്ണിനടിയില്‍ ലോറി കണ്ടെത്തി. എന്‍ജിന്‍ സ്റ്റാര്‍ട്ടായതിനാല്‍ അര്‍ജുന് പ്രാണവായു സുലഭമായി ലഭിക്കുന്നുണ്ട്. റഡാറില്‍ പതിഞ്ഞത് ലോറിയുടെ ലോഹഭാഗങ്ങളായിരുന്നുവെന്ന് അടുത്തതായി ഉറപ്പാക്കുന്നു. 10മിനിറ്റ് കഴിയുമ്പോള്‍ പറയുന്നു. ക്ഷമിക്കണം അതു ലോഹമല്ല, കരിങ്കല്ലാണ്. ആറ് ദിവസമായി മണ്ണിനടിയിലെ ഒരു അമൂല്യമായ മനുഷ്യജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത സാങ്കേതികവിദ്യയാണ് ഉറുമ്പിനെ വെടിവച്ചുകൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നത്.
പണ്ടത്തെ ഒരു സംഭവകഥയുണ്ട്. തഹസില്‍ദാരുടെ അമ്മ മരിച്ചു. ആദരാഞ്ജലിയര്‍പ്പിക്കാനും തഹസില്‍ദാരെ മുഖം കാണിക്കാനുമായി ആയിരങ്ങളാണ് എത്തിയത്. കുറേനാള്‍ കഴിഞ്ഞ് പെന്‍ഷന്‍പറ്റും മുമ്പ് തഹസില്‍ദാരും പടമാകുന്നു. അനുശോചനമറിയിക്കാന്‍ അമ്മയുടെ സംസ്കാരത്തിന് ഇരമ്പിയെത്തിയവരില്‍ ഒരാള്‍ പോലും വന്നില്ല! അതാണ് ‘ആളുവില കല്ലുവില’ എന്ന പ്രമാണം. ചരിത്രമായി മാറിയ ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മഹാവ്യക്തിത്വം ഉദ്ഘോഷിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഉമ്മന്‍ചാണ്ടിയുടെ ചരിത്രപ്രസിദ്ധമായ വിലാപയാത്രപോലും അവര്‍ വില്പനച്ചരക്കാക്കി. പക്ഷേ അദ്ദേഹം വിടപറഞ്ഞു കഴിഞ്ഞപ്പോള്‍ പുതുപ്പള്ളിയിലെ കുടുംബവീട്ടിലോ തലസ്ഥാനത്തെ പുതുപ്പള്ളിവീട്ടിലോ കോണ്‍ഗ്രസ് നേതാക്കളാരും തിരിഞ്ഞുനോക്കിയതേയില്ല. ഇക്കാര്യം അനുസ്മരണസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തി വിളിച്ചുപറഞ്ഞത് ഭാര്യ മറിയാമ്മ തന്നെയായിരുന്നു. സംസ്കാരത്തിനെത്തിയ നേതാക്കള്‍ തന്റെ കണ്ണീര്‍ തുടയ്ക്കുന്നു, ചേര്‍ത്തുപിടിക്കുന്നു, സാന്ത്വനിപ്പിക്കുന്നു. അതുകഴിഞ്ഞുപോയവരെ പിന്നെ കാണുന്നത് ഒന്നാം ചരമവാര്‍ഷികത്തിലാണ് എന്നുപറഞ്ഞ് മറിയാമ്മ കണ്ണീരണിഞ്ഞു. ആ കണ്ണീരുകൊണ്ട് നേതാക്കളുടെ നന്ദികേടിന്റെ കഥ കഴുകിക്കളയാനാകുമോ?
നമ്മുടെ കുഞ്ഞുമക്കളായ അസുരവിത്തുക്കളെക്കൊണ്ട് പത്തനംതിട്ട കളക്ടര്‍ പ്രേം കൃഷ്ണന്‍ പൊറുതിമുട്ടി. പ്രശ്നം മഴക്കാല അവധി. മാനത്തു മേഘം കണ്ടാല്‍ നാളെ അവധിയുണ്ടോ എന്നാണല്ലോ ഇപ്പോഴത്തെ കുട്ടികള്‍ ആദ്യമന്വേഷിക്കുക. പേമാരിയായാലും വാഴയിലയോ ചേമ്പിലയോ കുടയാക്കി സ്കൂളുകളിലേക്ക് നനഞ്ഞൊലിച്ചെത്തിയ പഴയ തലമുറയ്ക്ക് എന്നേ വംശനാശം സംഭവിച്ചിരിക്കുന്നു. അവധികിട്ടിയാല്‍ കൊറിച്ചും തിന്നും മൊബൈലില്‍ കുത്തി ഗെയിംസ് കളിച്ചും ആസ്വദിക്കുന്ന തലമുറ. അവധിയില്ലെങ്കില്‍ സംഗതി സമരവിഷയമല്ല, വധഭീഷണിയിലേക്ക് വരെ വളരുന്ന കാലം. എനിക്കും ‘ഒന്നു കളക്ടറാകണ്ടേ കളക്ടര്‍ സാറേ. അവധി തന്നില്ലെങ്കില്‍ ഞാന്‍ പനിപിടിച്ചു ചത്തുപോയാല്‍ കളക്ടറാകാന്‍ പറ്റുമോ സാറേ’ എന്ന് ഒരു വിദ്വാന്റെ ന്യായമായ അപേക്ഷ. അവധി തന്നില്ലെങ്കില്‍ തട്ടിക്കളയുമെന്ന വധഭീഷണിയുമായി മറ്റു ചിലര്‍. വേറേ ചിലര്‍ കളക്ടര്‍ക്കയച്ച സന്ദേശങ്ങള്‍ വായിച്ചാല്‍ ഈ കുരുന്നുപ്രായത്തില്‍ ഈ കുട്ടികളെങ്ങനെ ഇത്രയും തെറികള്‍ പഠിച്ചു എന്ന് അന്തംവിട്ടു കണ്ണുതള്ളിപ്പോകും. അവധി നല്‍കി പൊല്ലാപ്പ് ഒഴിവാക്കാന്‍ ഒരു ജില്ലാ കളക്ടര്‍ കണ്ടുപിടിച്ച സൂത്രവും സമൂഹമാധ്യമങ്ങളില്‍ പാറി നടക്കുന്നു. മേനിയില്‍ വെയിലടിച്ചിട്ടും ഉണരാതെ മൂടിപ്പിതച്ചുകിടക്കുന്ന വനിതാ കളക്ടറെ ഡെപ്യൂട്ടി കളക്ടര്‍ ഫോണില്‍ വിളിച്ചുണര്‍ത്തുന്നു. അവധി കൊടുക്കട്ടേ മാഡം. ലേഡി കളക്ടര്‍ പുതപ്പുമാറ്റി ജനാലയിലൂടെ പുറത്തേക്ക് നോക്കി; നല്ല തെളിഞ്ഞ പ്രഭാതം. ങാ, അവധികൊടുത്തേര്. രാവിലെ മുതല്‍ പിള്ളാരുടെ തെറി കേള്‍ക്കേണ്ടല്ലോ! പറ്റിയ സൂത്രപ്പണി. ഇതൊക്കെ തമാശയാക്കിത്തള്ളരുത്, തലമുറ മാറ്റത്തിലെ ജീര്‍ണതയായിക്കണ്ട് മരുന്നു കണ്ടുപിടിക്കുകയാണ് വേണ്ടത്.
കാരണമില്ലാതെ നല്‍കുന്ന കേസുകളാണ് കോടതികളില്‍ കേസുകള്‍ കോടിക്കണക്കിന് കെട്ടിക്കിടക്കാനിടയാക്കുന്നതെന്ന് സുപ്രീം കോടതി. യുപി കാശിഗഞ്ചില്‍ ഒരു പയ്യന്‍ വിവാഹം കഴിഞ്ഞ് വധുവുമൊത്ത് ഘോഷയാത്രയായി തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്ക് പോകുന്നു. വഴിമധ്യേ വരന് മൂത്രശങ്ക. ആളൊഴിഞ്ഞ സ്ഥലത്തു മാറി നിന്ന് വരന്‍ മൂത്രമൊഴിക്കുന്നതിനിടെ ഒരു മൂര്‍ഖന്‍ പാമ്പ് പയ്യന്റെ രഹസ്യഭാഗത്ത് കടിച്ചു. നവവരന്‍ പാമ്പിനെതിരെ കേസ് കൊടുത്താല്‍ എങ്ങനിരിക്കും! മധ്യപ്രദേശില്‍ ശ്യാംലാല്‍ എന്ന 75കാരന്റെ തലയില്‍ ഒരു മുറിവുപറ്റി. പച്ചമരുന്നു വച്ച് മുറിവുണങ്ങി. കുറേക്കഴിഞ്ഞപ്പോള്‍ മുറിവുണങ്ങിയേടത്ത് കൊമ്പുകിളിര്‍ക്കുന്നു. ബാര്‍ബറെക്കൊണ്ട് കൊമ്പു മുറിച്ചുമാറ്റുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ പൂര്‍വാധികം ഭംഗിയായി കാശിരംഗയിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെപ്പോലെ വലിയൊരു കൊമ്പ് പിന്നെയും മുളയ്ക്കുന്നു. പച്ചമരുന്നിനെതിരെ കേസുകൊടുക്കാനൊന്നും അയാള്‍ പോയില്ല. യുപിയിലെ കാശിഗഞ്ചില്‍ ഷക്കീല്‍ എന്നൊരാളുടെ മകന് അയല്‍വാസിയുടെ മകളുമായി കല്യാണം ഉറപ്പിക്കുന്നു. കല്യാണത്തിനു മുമ്പ് വരന്റെ പിതാവ് ഷക്കീല്‍ ഇടയ്ക്കിടെ വധുവിന്റെ വീട്ടിലെത്തുന്നു. കല്യാണത്തലേന്ന് വധുവിന്റെ അമ്മയുമായി തന്തപ്പടി ഒളിച്ചോടുന്നു. എന്നിട്ട് വൃദ്ധദമ്പതികള്‍ കേസ് കൊടുത്തു; വരനും വധുവും തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.