23 December 2024, Monday
KSFE Galaxy Chits Banner 2

നോട്ട് നിരോധനം ആറുവർഷം പിന്നിടുമ്പോൾ

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
November 13, 2022 4:55 am

മോഡി സർക്കാർ 2016ൽ നടപ്പാക്കിയ നോട്ട് നിരോധനം എന്ന അബദ്ധപഞ്ചാംഗത്തിന്റെ വിവിധ വശങ്ങൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണിപ്പോൾ. ഡിമോണിറ്റൈസേഷൻ പ്രഖ്യാപനം കഴിഞ്ഞ് ആറുവർഷം കഴിയുമ്പോഴാണ് ഈ മാസം ഒൻപതിന് സുപ്രീം കോടതി കേസ് കേൾക്കുന്നതിനായി എടുത്തത്. ജസ്റ്റിസ് എസ് അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നതിനായി കേസ് വിളിക്കുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ പുതിയ അറ്റോർണി ജനറൽ ആർ വെങ്കട്ട രമണി സത്യവാങ്മൂലം ഫയൽ ചെയ്യുന്നതിന് കൂടുതൽ സമയം വേണമെന്നും കോടതിയിൽ ആവശ്യപ്പെടുന്നത്. നോട്ട് നിരോധനത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് സത്യവാങ്മൂലമാക്കി കോടതിക്കു നൽകാൻ ഇത്രയും സമയം പോരാ എന്നത് കോടതിയെ അമ്പരിപ്പിച്ചു. ജസ്റ്റിസ് അബ്ദുൾ നസീർ അതൃപ്തി അറിയിച്ചുകൊണ്ട് പറഞ്ഞത് ”സാധാരണഗതിയിൽ ഭരണഘടനാ ബെഞ്ച് ഇതുപോലെ കേസ് മാറ്റി വയ്ക്കാറില്ല. ഭരണഘടനാ ബെഞ്ച് ഒരു കേസ് കേൾക്കാനിരുന്നാൽ കേസ് മാറ്റി വച്ച് എഴുന്നേറ്റു പോകാറുമില്ല. സര്‍ക്കാരിന്റെ നിലപാട് ഞങ്ങളെ അമ്പരപ്പിക്കുന്നു” എന്നാണ്.

സുപ്രീം കോടതിയിൽ ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിന്റെ നടപടി ക്രമങ്ങൾ കേന്ദ്ര സർക്കാരിന് അറിഞ്ഞുകൂടാത്തതല്ല. പല ബെഞ്ചുകളിലായി കേസുകൾ കേൾക്കുന്ന ന്യായാധിപന്മാരിൽ നിന്നും തെരഞ്ഞെടുത്താണ് ബെഞ്ച് രൂപീകരിക്കുന്നത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടർച്ചയായാണ് അത്തരം കേസുകൾ ഭരണഘടനാ ബെഞ്ച് കേൾക്കുന്നത്. പക്ഷെ ഇതൊന്നും മോഡി സർക്കാരിനും സംഘ്പരിവാർ ശക്തികൾക്കും പ്രശ്നമല്ല. കേന്ദ്ര സർക്കാർ പറയുന്നത് ”ജുഡീഷ്യറിയുടെ സമയം ഇക്കാര്യത്തിൽ പാഴാക്കേണ്ടതില്ല” എന്നതാണ്. ”നോട്ട് നിരോധനത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞോ? കള്ളപ്പണം തടയുക, ഭീകരവാദ പ്രവർത്തനങ്ങൾക്കു കിട്ടുന്ന സാമ്പത്തിക സഹായം ഇല്ലാതാക്കുക, കള്ളനോട്ട് ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങൾ എന്തായി” എന്നാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചത്.

 


ഇതുകൂടി വായിക്കു; വംശചരിത്രം തിരുത്തിയെഴുതിയ നായാടി ജാഥ


 

2016 നവംബർ എട്ടാം തീയതിയാണ് ഒരു നാടകീയ പ്രഖ്യാപനത്തിൽക്കൂടി പ്രധാനമന്ത്രി റിസർവ് ബാങ്കിനെപ്പോലും വിശ്വാസത്തിലെടുക്കാതെ 500ന്റെയും 1000 ത്തിന്റെയും നോട്ടുകൾ നിരോധിച്ചത്. രാജ്യത്ത് ആകെ വ്യാപരിച്ചിരുന്ന കറൻസിയുടെ 86 ശതമാനവും 500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ ആയിരുന്നു. അതായത് 15.30 ലക്ഷം കോടിയുടെ വിനിമയ മൂല്യമുള്ള കറൻസികളാണ് സർക്കാർ നിരോധിച്ചത്. ആ വർഷം ഡിസംബർ 30 നകം നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കുന്നതിനും പുതിയ നോട്ടുകൾ സ്വീകരിക്കാനും ബാങ്കുകളിലും എടിഎമ്മുകളിലുമുണ്ടായ തിക്കും തിരക്കും മരണങ്ങളും വീണ്ടും ഇവിടെ ആവർത്തിക്കുന്നില്ല. പ്രധാനമന്ത്രി തന്റെ പ്രഖ്യാപനത്തിനു ശേഷം ഏതാനും ദിവസം കഴിഞ്ഞ് വീണ്ടും ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് 50 ദിവസത്തെ സമയം ചോദിച്ചത്. ”അൻപത് ദിവസം കഴിഞ്ഞാൽ നോട്ടു നിരോധനത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ഇല്ലെങ്കിൽ നിങ്ങൾ എന്നെ മർദ്ദിച്ചുകൊള്ളുക” എന്ന് അദ്ദേഹം ഗോവയിൽ വച്ച് പറഞ്ഞത് ആരും മറന്നുകാണില്ല. അന്നദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. ഇന്ത്യയിൽ കറൻസിയുടെ ഉപയോഗം കുറച്ചുകൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നു. കറൻസിക്കു പകരം ആധുനിക ഡിജിറ്റൽ സംവിധാനത്തിലേക്ക് ഇന്ത്യയെ കൊണ്ടു പോകുകയാണ്. ഇനിമേൽ കറൻസി വേണ്ട. ഇടപാടുകൾ എല്ലാം ബാങ്ക് അക്കൗണ്ടുകളിൽ കൂടി. അതോടുകൂടി ചെറുകിട കച്ചവടക്കാരുൾപ്പെടെ പുതിയ സ്വെെപിങ് മെഷീൻ വാങ്ങി ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം കുറിച്ചു. 2018ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് നിരോധിച്ച നോട്ടുകളുടെ 99.03 ശതമാനവും ബാങ്കുകളിൽ തിരിച്ചു വന്നു. നിരോധിച്ച 15.30 ലക്ഷം കോടി രൂപയിൽ ബാക്കി 0.7 ശതമാനമായ 10,720 കോടി രൂപ മാത്രമാണ് ഇനി തിരിച്ച് വരാനുള്ളത് എന്ന വിവരമാണ് ബാങ്ക് പുറത്തുവിട്ടത്. കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയിരുന്ന 30 ലക്ഷം കോടിയുടെ കള്ളപ്പണം നിർവീര്യമാക്കാനോ തിട്ടപ്പെടുത്താൻ കഴിയാത്തത്രയുള്ള സമാന്തര സമ്പദ്ഘടനയിലെ കള്ളനോട്ട് തടയാനോ നോട്ടു നിരോധനം കൊണ്ടു കഴിഞ്ഞില്ലയെന്ന് കേന്ദ്ര സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നു. തന്നെയുമല്ല പാർലമെന്റിൽ ധനമന്ത്രാലയം 2018 ഡിസംബറിൽ നൽകിയ ഒരു മറുപടി പ്രകാരം പുതിയ 200, 500, 2000 രൂപയുടെ കറൻസികൾ അച്ചടിക്കുന്നതിനായി അതുവരെ 7965 കോടി രൂപ ചെലവായതായും വെളിപ്പെടുത്തിയിരുന്നു.

നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് മോഡി സർക്കാരിന്റെ തട്ടിപ്പും കെടുകാര്യസ്ഥതയും വെളിപ്പെടുത്തുന്നതാണ് റിസർവ് ബാങ്ക് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. 2022 ഒക്ടോബർ വരെയുള്ള റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് രാജ്യത്ത് വിനിമയം ചെയ്തുകൊണ്ടിരിക്കുന്ന കറൻസിയുടെ മൂല്യം 30.88 ലക്ഷം കോടി രൂപയുടേതാണ്. നോട്ടു നിരോധനം പ്രഖ്യാപിക്കുന്ന സമയത്ത് ഇത് 17.7 ലക്ഷം കോടിയായിരുന്നു. അതിന്റെ 71.84 ശതമാനം കൂടുതല്‍ കറൻസിയാണ് ഇന്നു പ്രചരിയ്ക്കുന്നത്. മോഡിയുടെ പൊള്ളയായ അവകാശവാദത്തിന്റെ മറ്റൊരു രൂപം ഇന്ത്യൻ ജനത കാണുന്നു.


ഇതുകൂടി വായിക്കു; മോഡിയുടെ നോട്ട് നിരോധനം: ലക്ഷ്മണ രേഖയെക്കുറിച്ച് ബോധ്യമുണ്ടെന്ന് സുപ്രീം കോടതി


കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യാപനമുള്ള 500 രൂപയുടെ കള്ളനോട്ടിന്റെ പ്രചാരണം 101.93 ശതമാനം വർധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. റിസർവ് ബാങ്കിന്റെ ആധികാരികമായ റിപ്പോർട്ടും ധനമന്ത്രാലയവുമായി ബന്ധപ്പെട്ട മറ്റു കണക്കുകളും പുറത്തു വന്നപ്പോൾ മോഡി സർക്കാരിന്റെ ഈ സാമ്പത്തിക പരിഷ്കാരം കേവലം സംഘ്പരിവാറുകാർക്ക് മോഡിയെ പാടി പുകഴ്ത്താനുള്ള ഒരു പാഴ്‌വേലയെന്നതിനപ്പുറം ഏറ്റവും വലിയ ജനദ്രോഹപരവും രാജ്യദ്രോഹപരവുമായ നടപടിയാണെന്ന് തിരിച്ചറിയാൻ പാഴൂർ പടിക്കൽ പോകേണ്ട കാര്യമില്ല. ചെപ്പടി വിദ്യകൾ മാത്രം കാണിച്ച് ഈ സർക്കാരിന് എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയും? സർക്കാരിന്റെ അഭ്യർത്ഥനയെ മാനിച്ച കോടതി പക്ഷെ ഈ മാസം തന്നെ കേസ് വീണ്ടും കേൾക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യാപനമുള്ള 500 രൂപയുടെ കള്ളനോട്ടിന്റെ പ്രചാരണം 101.93 ശതമാനം വർധിച്ചുവെന്നും ചൂണ്ടിക്കാണിച്ചിരുന്നു. റിസർവ് ബാങ്കിന്റെ ആധികാരികമായ റിപ്പോർട്ടും ധനമന്ത്രാലയവുമായി ബന്ധപ്പെട്ട മറ്റു കണക്കുകളും പുറത്തു വന്നപ്പോൾ മോഡി സർക്കാരിന്റെ ഈ സാമ്പത്തിക പരിഷ്കാരം കേവലം സംഘ്പരിവാറുകാർക്ക് മോഡിയെ പാടി പുകഴ്ത്താനുള്ള ഒരു പാഴ്‌വേലയെന്നതിനപ്പുറം ഏറ്റവും വലിയ ജനദ്രോഹപരവും രാജ്യദ്രോഹപരവുമായ നടപടിയാണെന്ന് തിരിച്ചറിയാൻ പാഴൂർ പടിക്കൽ പോകേണ്ട കാര്യമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.