23 December 2024, Monday
KSFE Galaxy Chits Banner 2

ഉറുമ്പിന് അവിഹിതഗര്‍ഭം!

ദേവിക
വാതിൽപ്പഴുതിലൂടെ
July 31, 2023 4:30 am

ഒരിക്കല്‍ ഒരു ഉറുമ്പ് ആനക്കൂട്ടത്തോട് പറഞ്ഞു, ഞാന്‍ ഗര്‍ഭിണിയാണ്. ദേ ആ പോകുന്ന കൊമ്പനുണ്ടല്ലോ അവനാണ് എന്റെ ഗര്‍ഭത്തിന് കാരണക്കാരന്‍. എനിക്ക് പ്രസവിക്കാന്‍ നിങ്ങളൊരു കൊട്ടാരം പണിതുതരണം. ആനകള്‍ ആഹ്ലാദത്താല്‍ ചിന്നം വിളിച്ചു. ഉറുമ്പിനെ ഗര്‍ഭിണിയാക്കാന്‍ കെല്പുള്ള ജഗജില്ലി ഞങ്ങളുടെ ഗജകുലത്തിലുണ്ടല്ലോ എന്ന ആഹ്ലാദം. അവര്‍ ഉറുമ്പുരാജ്ഞിക്കു പെറാന്‍ ഒരു കൊട്ടാരം പണിതുകൊടുത്തു. പക്ഷേ ഉറുമ്പ് ആനക്കുട്ടിയെ പ്രസവിക്കുന്നതു കാണാനുള്ള ആനമടയന്മാരുടെയും ആനമണ്ടികളുടെയും കാത്തിരിപ്പുമാത്രം വിഫലമായി. ആനകള്‍ തന്നെ ചവിട്ടിയരയ്ക്കാതിരിക്കാനുള്ള തന്ത്രമാണ് ഗര്‍ഭിണി ഉറുമ്പിന്റെതെന്ന് ഗജകേസരികള്‍ക്കറിയില്ലല്ലോ. മോഡിയുടെ ഇപ്പോഴത്തെ അവസ്ഥയും അവിഹിതഗര്‍ഭിണിയായ ഉറുമ്പിനു തുല്യം. കര്‍ണാടകയ്ക്ക് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും തോറ്റമ്പിയതോടെ മേപ്പടിയാന്‍ വിറളിയിലാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ അമിത്ഷായും യോഗിയും ചേര്‍ന്ന് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന കലശലായ ഭയം. ഇതോടെയാണ് മൂന്നാമതും താന്‍ പ്രധാനമന്ത്രിയാകുമെന്ന പ്രസ്താവന.


ഇതുകൂടി വായിക്കൂ; വനപരിപാലന ഭേദഗതി കോര്‍പറേറ്റുകൾക്കു വേണ്ടി


 

മോഡിയുടെ പ്രസ്താവനയ്ക്കു പിന്നില്‍ ഒട്ടേറെ അര്‍ത്ഥതലങ്ങളാണുള്ളത്. താന്‍ തന്നെ പാര്‍ട്ടി, താന്‍ തന്നെ സര്‍ക്കാര്‍ എന്ന ഏകാധിപതിയുടെ വിളംബരമാണത്. തെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷത്തോളമുണ്ട്. ന്യായീകരണങ്ങള്‍ക്ക് എന്തെല്ലാം മുഖമാണുള്ളത്. ഈയിടെ സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും കണക്കെടുപ്പ് നടന്നു. ആനകളുടെയും കടുവകളുടെയും എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ കണക്കെടുപ്പില്‍ 5,706 ആനകളുണ്ടായിരുന്നത് ഇത്തവണ വെറും 2,386. കടുവകളുടെ എണ്ണത്തിലും വന്‍ കുറവ്. ഇതെന്തേ ഈ ഗണ്യമായ കുറവ് എന്ന് വനം മന്ത്രിയോടു ചോദിച്ചു. അദ്ദേഹത്തിനുണ്ടായിരുന്നു റെഡിമണിയായി ന്യായീകരണം. കണക്കെടുപ്പു നടത്തുമ്പോള്‍ നമ്മുടെ ആനക്കാടുകളില്‍ കൊടും ചൂടായിരുന്നു. അയലത്തെ കര്‍ണാടകയില്‍ നല്ല മഴയായിരുന്നു. അതുമാത്രമല്ല ആനകളുടെ ദേശാടനസ്വഭാവവും കൂടിയിരിക്കുന്നു. ഇതില്‍പ്പരം ഒരു ന്യായീകരണം സ്വപ്നങ്ങളില്‍ മാത്രം!

 


ഇതുകൂടി വായിക്കൂ; പ്രസ്താവനകള്‍ക്കിടയില്‍ നിന്നും …!


മലയാളിയുടെ ശുഭ്രവെണ്‍മയാര്‍ന്ന മനസിനു കറുപ്പു കയറുന്നുവോ. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള കിടപ്പറ ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ വിറ്റഴിച്ച ദമ്പതികള്‍ പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ഭര്‍ത്താവിനെക്കൊണ്ട് പീഡിപ്പിച്ച വീഡിയോ പകര്‍ത്തി ഭാര്യ ലൈവ് വീഡിയോകള്‍ വിറ്റഴിച്ചത് 1500 രൂപയ്ക്കും 2,000 രൂപയ്ക്കും. നിശ്ചലചിത്രങ്ങള്‍ക്കാണെങ്കില്‍ സഹായവില- 500 രൂപ മാത്രം! ഇന്നലെ പൊലീസ് മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം പുറത്തുവിടുന്നു. ആലുവായില്‍ കുരുന്നു ചാന്ദ്നിയെ പീഡിപ്പിച്ചു കൊന്ന അസ്ഫാക് രതിവൈകൃത വീഡിയോകള്‍ കാണുന്നതിനാണ് ഏറെ സമയവും ചെലവഴിക്കുന്നതെന്ന്. തൊണ്ണൂറുകാരിയെ ബലാത്സംഗം ചെയ്യുന്ന ഇരുപത്തിയാറുകാരനും മലയാളി. കഴിഞ്ഞ ദിവസം ഒരു വിദ്വാന്‍ നിസഹായതയോടെ ചില ഉദാഹരണങ്ങള്‍ പറഞ്ഞിട്ടു ചോദിച്ചു; സാറേ ഇരുപത്തിനാലു മണിക്കൂറും സത്യം വിളിച്ചു പറയുന്ന ചാനലുകളെ എങ്ങനെ വിശ്വസിക്കും. മുട്ടില്‍ മരംമുറി കേസിലെ പ്രതി ഒരു ചാനല്‍ തന്നെ വിലയ്ക്കുവാങ്ങി. വിമാനത്താവളത്തിന് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിയായ പുരോഹിത ശ്രേഷ്ഠന് മറിച്ചു നല്കാന്‍ അച്ചാരമെടുത്ത് ഒരു ചാനല്‍ മേധാവി. 500 ഏക്കര്‍ ക്ഷേത്രഭൂമി കയ്യേറി സ്വന്തമാക്കിയതും ഒരു ചാനല്‍ മുതലാളി. സ്വര്‍ണക്കടത്തിനും സ്വര്‍ണത്തിന്റെ വ്യാജബിസിനസിനും കൂട്ടുനിന്നയാളും ചാനല്‍ ഉടമ. 500 ഏക്കര്‍ സ്ഥലം കയ്യേറി മരങ്ങള്‍ മുറിച്ചുവിറ്റയാളും ചാനല്‍ മുതലാളി. കായല്‍ കയ്യേറ്റം നടത്തിയയാളും ചാനല്‍ വമ്പന്‍. ഇവരെല്ലാം നമ്മുടെ മുമ്പിലേക്കെറിയുന്നത് അസത്യങ്ങളാണെന്നു കൂടി എഴുതിക്കാണിക്കാമോ സാറേ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.