22 June 2024, Saturday

നിർമ്മിതബുദ്ധിയും വിദ്യാഭ്യാസരംഗവും

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
June 2, 2024 4:37 am

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടി പഠിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. സ്കൂളുകളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താനും ആധുനികവൽക്കരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റിൽ കൃത്യമായ ചില നിർദേശങ്ങളും വകയിരുത്തലുകളും നടത്തിയിരുന്നു. നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്എസ്എൽസിക്ക് ഓരോ വിഷയത്തിനും മിനിമം മാർക്ക് ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞതും ഇതിന്റെയെല്ലാം ഭാഗമായിട്ടാണ്.
പൊതുവിദ്യാലയങ്ങളിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് അഥവാ നിർമ്മിതബുദ്ധിയും അതിന്റെ അനുബന്ധ സാങ്കേതിക വിദ്യകളും കൂടുതൽ അറിയാൻ പുതിയ തലമുറയിലെ കുട്ടികളെ സജ്ജരാക്കുന്നതിനുള്ള പദ്ധതികളും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യംവയ്ക്കുന്നുണ്ട്. നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട അധ്യാപക പരിശീലനത്തിൽക്കൂടി കേരളം, അതിന്റെ തയ്യാറെടുപ്പുകൾ പൊതുസമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചു കഴിഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എഐ) എന്ന വാക്ക് തന്നെ ആദ്യമായി ഉപയോഗിച്ച അതിന്റെ സ്ഥാപകൻ ജോൺ മക്കാർത്തി നിർമ്മിതബുദ്ധിയുടെ ഗവേഷണം തുടങ്ങിയത് 1950 കളിലാണ്. മനുഷ്യന്റെ ബുദ്ധിയെ അനുകരിക്കാൻ കഴിയുന്ന ഒരു യന്ത്രം നിർമ്മിക്കാൻ കഴിയുമോ എന്ന അന്വേഷണത്തിന്റെയും ഗവേഷണത്തിന്റെയും ഫലമായിട്ടാണ് നിർമ്മിതബുദ്ധിയുടെ കണ്ടുപിടിത്തത്തിൽ എത്തിച്ചേർന്നത്.
മനുഷ്യാധ്വാനം വേണ്ടുന്ന സമസ്ത മേഖലകളിലും ഇന്നുള്ളതിനെക്കാൾ മെച്ചപ്പെട്ട ഉല്പാദനക്ഷമതയും, കാര്യക്ഷമതയും, പാരിസ്ഥിതിക അവബോധവും നിർമ്മിതബുദ്ധിയുടെ ഉപയോഗത്താൽ കൈവരിക്കാൻ കഴിയും. അനന്തമായ സാധ്യതകളാണ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുമ്പിൽ എഐ തുറന്നിടാൻ പോകുന്നത്. അനന്തമായ ആ സാധ്യതകളെ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയും സര്‍ക്കാരുകളും ഉപയോഗപ്പെടുത്തിയില്ലെങ്കിൽ ഈ മേഖല പൂർണമായും ഏതാനും ചില കോര്‍പറേറ്റു കമ്പനികളുടെ മാത്രം കുത്തകയായി മാറ്റപ്പെടും. ഗവേഷണ ഫലങ്ങളെല്ലാം മനുഷ്യ സമൂഹത്തിന് മൊത്തത്തിൽ പ്രയോജനപ്പെടുത്തുന്നതിന് പകരം കോർപറേറ്റുകളുടെ താല്പര്യ സംരക്ഷണത്തിന് മാത്രമായി ഉപയോഗിക്കപ്പെടും. ജ്ഞാനം നേടുന്നതിനുള്ള അധികാരം കോർപറേറ്റുകളുടെ കൈകളിൽ കേന്ദ്രീകരിക്കാതിരിക്കണമെങ്കിൽ ജനകീയ സര്‍ക്കാരുകളുടെ ഇടപെടലുകളും മുതൽമുടക്കുകളും ആവശ്യമാണ്. നിർമ്മിതബുദ്ധിയുടെ ഉപയോഗങ്ങൾ നിയമപ്രകാരം ക്രമീകരിക്കേണ്ടതായിട്ടുമുണ്ട്. ഇതെല്ലാം വിശദമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്. എന്തായാലും ഭാവിയെ രൂപപ്പെടുത്തുന്ന സാങ്കേതികവിദ്യകളിൽ പുതുതലമുറയെ സജ്ജരാക്കുകയെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം കേരളത്തെ കൂടുതൽ കാര്യക്ഷമതയിലേക്ക് കൂടി നയിക്കുന്ന ഒന്നായിരിക്കും. 

2017ൽ സൗദി അറേബ്യ പൗരത്വം നൽകിയ ”സോഫിയ” എന്ന റോബോട്ടിനെ ഐക്യരാഷ്ട്രസഭ യുഎൻ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ആദ്യ ”ഇന്നൊവേഷൻ ചാമ്പ്യൻ” ആയി അംഗീകരിച്ചു. സോഫിയയെ നിർമ്മിച്ച ഡേവിഡ് ഹാൻസൺ അതിന് കുറച്ചു ”സഹോദരങ്ങളെ” കൂടി നിർമ്മിച്ചു. 1996ൽ സ്കോട്ട്‌ലൻഡിലെ റോ‌സ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ ഡോ. ഇയാൻ വിൽമെറ്റും സഹപ്രവർത്തകരും ചേർന്ന് നിർമ്മിച്ച ”ഡോളി” എന്ന ചെമ്മരിയാട് ശാസ്ത്രലോകത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. അലൈംഗിക പ്രത്യുല്പാദനം എന്നത് ലോകത്ത് അവിശ്വസനീയമായിരുന്നു. എന്നാൽ പൂർണ വളർച്ചയെത്തിയ ഒരു ചെമ്മരിയാടിന്റെ അകിടിൽ നിന്നെടുത്ത കോശങ്ങൾ ഉപയോഗിച്ചാണ് ക്ലോണിങ്ങിൽക്കൂടി ശാസ്ത്രജ്ഞർ ”ഡോളി”ക്ക് ജന്മം നൽകിയത്.
ബഹിരാകാശത്തേക്കും ചന്ദ്രനിലേക്കും വിനോദസഞ്ചാരികളെ കൊണ്ടുപോകുന്ന സാധ്യതകൾ സഫലമായിക്കൊണ്ടിരിക്കുന്ന ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. ശാസ്ത്രത്തിന്റെ വളർച്ചയെ മാനവരാശിയുടെ പൊതുപുരോഗതിക്കായി വിനിയോഗിക്കാൻ നമുക്ക് കഴിയണം. തൊഴിൽരഹിതരെ സൃഷ്ടിക്കാനല്ല, തൊഴിൽമേഖലയെ കൂടുതൽ വിപുലപ്പെടുത്താനും സജീവമാക്കാനും കൂടുതൽ ഉല്പാദനക്ഷമമാക്കാനും നിർമ്മിതബുദ്ധി എങ്ങനെ ഉപയോഗിക്കപ്പെടണം എന്നതാണ് ചർച്ച ചെയ്യപ്പെടേണ്ടത്.
വിദ്യാഭ്യാസ മേഖലയിൽ പഠനത്തിനും അധ്യാപനത്തിനും നിർമ്മിതബുദ്ധിയെങ്ങനെ ഉപയോഗിക്കണമെന്നതിനെ സംബന്ധിച്ച് വ്യക്തമായ സമീപനവും നയവും ഉണ്ടാകണം. ഒരു വിദ്യാർത്ഥിയുടെ പഠനത്തെ മോണിറ്റർ ചെയ്യാനും, കുട്ടിക്ക് ഒരു പാഠ്യവിഷയം മനസിലാക്കാൻ കൂടുതൽ എളുപ്പത്തിലും വിശദമായും എങ്ങനെ കഴിയും എന്നതും എഐയുടെ ഉപയോഗത്തിൽക്കൂടി അധ്യാപകർക്കും മനസിലാക്കാം. കുട്ടിയുടെ പഠനവൈദഗ്ധ്യം മനസിലാക്കി കൂടുതൽ വെളിച്ചം പകരാൻ എഐക്ക് കഴിയും. ഒരു കുട്ടിയുടെ പഠനത്തിന്റെ വിലയിരുത്തൽ കൂടുതൽ കാര്യക്ഷമമാക്കാനും എഐ സഹായിക്കും. നിർമ്മിതബുദ്ധിയുടെ ക്രിയാത്മകമായ ഉപയോഗം വിജ്ഞാനദാഹികളായ വിദ്യാർത്ഥി സമൂഹത്തിന് ധാരാളം അറിവിന്റെ വാതിലുകൾ തുറന്നുനൽകും. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും തുടർച്ചയായ പരിശീലനത്തിൽക്കൂടി മാത്രമെ നിർമ്മിതബുദ്ധിയുടെ അനന്തസാധ്യതകളെ നമുക്ക് വേണ്ടത്ര പ്രയോജനപ്പെടുത്താൻ കഴിയൂ.
ശാസ്ത്രരംഗത്തെ മറ്റു നേട്ടങ്ങൾക്കെന്നപോലെ നിർമ്മിതബുദ്ധിക്കും അതിന്റേതായ പോരായ്മകളും കുറവുകളും ഉണ്ടാകും. ഭാരിച്ച ചെലവ് വേണ്ടിവരും എന്നുള്ളതും മനുഷ്യന്റെ സർഗാത്മകമായ ചിന്തകൾക്ക് പകരമാവില്ല എന്നുള്ളതും ഇതിന്റെ കുറവുകളാണ്. എന്നാൽ മനുഷ്യനുണ്ടാകാവുന്ന തെറ്റുകൾ കുറയ്ക്കാനും വിശ്രമമില്ലാതെ പ്രവർത്തിക്കാനും കഴിയും. സേവനം ഏതുസമയത്തും ലഭ്യമാക്കുന്നതു കൂടാതെ ഫലം അതിവേഗം ലഭിക്കുകയും ചെയ്യും. പറഞ്ഞു പഠിപ്പിക്കുന്നതുമാത്രം പറയുന്നതും, പഠിപ്പിച്ച് ക്രമീകരിച്ചു കഴിഞ്ഞാൽ എന്തും ചെയ്യുന്നതുമാണ് നിർമ്മിതബുദ്ധി.
അപകടങ്ങളെ ക്ഷണിച്ചു വരുത്താനല്ല, മനുഷ്യനെയും പ്രകൃതിയെയും കൂടുതൽ മനസിലാക്കാനും സാമൂഹ്യപുരോഗതിക്കുവേണ്ടി ഉപയോഗിക്കാനുമാണ് എല്ലാ ശാസ്ത്രനേട്ടങ്ങളും ഉപയോഗിക്കപ്പെടേണ്ടത്. 1939ൽ വിശ്വവിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൂസ്‌വെൽറ്റിന് ഒരു കത്തെഴുതിയിരുന്നു. അതിൽ യുറേനിയം ആറ്റത്തിന്റെ വിഘടനത്തെക്കുറിച്ചും തുടർന്നുള്ള സ്ഫോടനത്തെക്കുറിച്ചും സൂചിപ്പിച്ചതോടൊപ്പം അതുപയോഗിച്ച് നിർമ്മിക്കാവുന്ന അണുബോംബിനെക്കുറിച്ചും അത് മനുഷ്യസമൂഹത്തിന്റെ നാശത്തിന് ഇടയാക്കുമെന്നും അതുകൊണ്ട് ഗവേഷണത്തിലുള്ള ശാസ്ത്രജ്ഞരെ പിന്തിരിപ്പിക്കണമെന്നും റൂസ്‌വെൽറ്റിനോട് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ആണവശക്തി മൂലമുണ്ടാകുന്ന ആപത്തുകളെക്കുറിച്ച് നല്ല ഗ്രാഹ്യമുണ്ടായിരുന്ന ഐൻസ്റ്റീൻ ആ ശക്തിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ചും അതിന്റെ രഹസ്യം സൂക്ഷിക്കണമെന്നും എഴുതിയിരുന്നു. ഇത് നമുക്ക് ഒരു പാഠമാണ്. ഏതു നേട്ടവും ക്രിയാത്മകമായി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണവും ക്രമീകരണങ്ങളും ഉണ്ടാകുന്നത് നല്ലതാണ്. എന്തുതന്നെയായാലും പുതുതലമുറയ്ക്ക് എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം സ്വാഗതാർഹമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.