22 December 2024, Sunday
KSFE Galaxy Chits Banner 2

നരി തിന്നാൽ നന്നോ മനുഷ്യന്മാരേ

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
May 9, 2024 4:15 am

ഇടശ്ശേരി ഗോവിന്ദൻ നായരുടെ കീർത്തിപ്പെട്ട ഒരു കവിതയാണ് ബുദ്ധനും ഞാനും നരിയും. ഒരു പാവം പുരുഷൻ, റേഷനരി വാങ്ങിക്കൊണ്ട് വീട്ടിലേക്ക് പോവുകയാണ്. ഒരു കാട് കടന്നുവേണം വീട്ടിലെത്താൻ. വീട്ടിലെ സ്ഥിതി പരമദയനീയമാണ്. മധുരപ്പാൽ വറ്റിയ മുലയിൽനിന്ന് ജീവരക്തം വലിച്ചുകുടിക്കുന്ന കുഞ്ഞ്. ആ കുഞ്ഞിനെ നോക്കി കഠിനശാപങ്ങളെറിയുന്ന, മാറെല്ലുന്തിയ അമ്മ. കുഞ്ഞിനെ, അമ്മയുടെ ദയനീയാവസ്ഥയിൽ, ദുരിതമെന്നാണ് കവി വിശേഷിപ്പിക്കുന്നത്. അവർക്ക് കഞ്ഞിവച്ച് കുടിക്കാനുള്ള റേഷനരിയുമായാണ് അയാൾ പോകുന്നത്. കാട്ടുവഴിയിൽ രണ്ടായിരം വർഷമായി ഇരിക്കുന്ന ഒരു ബുദ്ധപ്രതിമയുണ്ട്. ഇരതേടുന്ന മാംസഭുക്കുകളായ പുലിയും കടുവയും സിംഹവുമൊക്കെ നഖത്തിനു മൂർച്ചകൂട്ടുന്നത് ഈ അഹിംസക്കാരന്റെ പ്രതിമയിൽ ഉരസിയാണ്. അവിടെയെത്തിയപ്പോൾ ഒരു നരി അയാളുടെ അടുത്തേക്ക് വന്നു. രണ്ടു കാതം വളഞ്ഞുപോയാൽ ഈ അപകടകരമായ എളുപ്പവഴി ഉപേക്ഷിക്കാവുന്നതേയുള്ളൂ. പക്ഷേ പെട്ടെന്നു വീട്ടിലെത്തി കുടുംബത്തിന്റെ പശി മാറ്റണമെന്ന വ്യഗ്രതയാൽ അയാൾ കാട്ടുവഴി തന്നെ സ്വീകരിച്ചതാണ്. നരി തന്റെ നേർക്കുവരികയും ജീവിതം അപകടത്തിലാവുകയും ചെയ്യുമെന്നു ബോധ്യമായപ്പോൾ ആ പുരുഷൻ, ബുദ്ധപ്രതിമ തള്ളിയിട്ട് നരിയെ വകവരുത്തുന്നു. ഇവിടെയാണ് ഇടശ്ശേരി ഈ ചോദ്യമുന്നയിക്കുന്നത്. ‘അരിയില്ല, തിരിയില്ല, ദുരിതമാണെന്നാലും നരി തിന്നാൽ നന്നോ മനുഷ്യന്മാരേ!’

ബുദ്ധപ്രതിമ തള്ളിയിട്ട് നരിയിൽ നിന്നും രക്ഷപ്പെട്ടാൽ ബുദ്ധകോപം ഉണ്ടാകുമോ? ഇല്ല. വിശുദ്ധ ഗ്രന്ഥങ്ങളുടെയും സ്ഥിതി അതാണ്. ഞാനൊരു രാത്രിയിൽ മേൽപ്പത്തൂർ ഭട്ടതിരിയുടെ തടിച്ച പുസ്തകമായ നാരായണീയം അടങ്ങിയ തോൾസഞ്ചി വീശി കടിക്കാൻ വന്ന തെരുവുപട്ടികളിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ചില ഘട്ടങ്ങളിൽ മനുഷ്യർക്ക് അങ്ങനെ ചെയ്യേണ്ടിവരും. അതൊരു തെറ്റല്ല. മതഗ്രന്ഥങ്ങൾ മാത്രമല്ല വിശുദ്ധപുസ്തകങ്ങൾ. മനുഷ്യനെ നേർവഴിക്കു നയിക്കുന്ന ഏത് പുസ്തകവും വിശുദ്ധ പുസ്തകമാണ്. ഏക വിശ്വാസം മാത്രമാണ് ശരിയെന്ന് ഉദ്ഘോഷിക്കുന്ന പ്രാകൃത മതഗ്രന്ഥങ്ങൾ അത്ര പരിശുദ്ധമൊന്നുമല്ല. ഹിന്ദുക്കളുടെ ശരിയത്ത് നിയമമായ മനുസ്മൃതി പരസ്യമായി കത്തിച്ചത് സാക്ഷാൽ ഡോ. ബി ആർ അംബേദ്കർ ആയിരുന്നല്ലോ. പുസ്തകം കത്തിച്ചതുകൊണ്ടോ കീറിക്കളഞ്ഞതുകൊണ്ടോ ഏതെങ്കിലും രീതിയിൽ നശിപ്പിച്ചതുകൊണ്ടോ അതിലെ ആശയങ്ങളെ നശിപ്പിക്കാൻ സാധിക്കില്ല. മറ്റൊരു ആശയം കൊണ്ടുമാത്രമേ അവയെ നേരിടാൻ കഴിയുകയുള്ളൂ.

മറ്റൊന്നുള്ളത് ആൾക്കൂട്ടത്തിന്റെ സാന്നിധ്യമാണ്. ഏതെങ്കിലും ഒരു വിശ്വാസത്തെ അന്ധമായി അനുഗമിക്കുന്നവർ വിശുദ്ധമെന്നു പറയപ്പെടുന്ന ഗ്രന്ഥങ്ങളെയോ വിഗ്രഹങ്ങളെയോ വിരുദ്ധാശയങ്ങളുമായി സമീപിച്ചാൽ ക്ഷുഭിതരാകും. മുസ്ലിം തീവ്രവാദികൾ അഫ്ഗാനിസ്ഥാനിലെ ബുദ്ധപ്രതിമകൾ തകർത്തപ്പോൾ കലാപം ഉണ്ടാകാതെയിരുന്നത് അവിടെയുള്ള ബുദ്ധമതക്കാർ അഹിംസാശയക്കാർ ആയതുകൊണ്ടല്ല. അവിടെ ബുദ്ധമതക്കാർ ഇല്ലാത്തതു കൊണ്ടാണ്. ഇതേ സംഭവം ജപ്പാനിലോ ശ്രീലങ്കയിലോ ഉണ്ടായാൽ കലാപം ഉറപ്പായിരുന്നു. സാംസ്കാരികമായ ഈടുവയ്പ്പുകൾ തകർക്കുന്നത് തെറ്റാണ്. അത് പുതുതലമുറയ്ക്ക് വേണ്ടി കരുതിവയ്ക്കേണ്ടതാണ്. കലാപം മറുമരുന്നുമല്ല. വിശുദ്ധഗ്രന്ഥങ്ങൾ എന്നു പറയപ്പെടുന്ന പലപുസ്തകത്താളുകളും തെരുവിൽ കടലപൊതിഞ്ഞുകൊടുക്കാൻ ഉപയോഗിക്കുന്നുണ്ട്. ഇതിലൊന്നും ദൈവത്തിനൊരു പരാതിയുമില്ല.
ഈ ചിന്തകൾക്ക് വഴിവച്ചത് പഞ്ചാബിൽ കുറച്ചുദിവസം മുമ്പുണ്ടായ ഒരു സംഭവമാണ്. പഞ്ചാബിലെ ഫിറോസ്‌പൂരിലെ ഒരു ഗുരുദ്വാരയിൽ വച്ച്, മനോരോഗിയായ ബക്ഷിഷ് സിങ് എന്ന 19കാരൻ ഗുരുഗ്രന്ഥസാഹിബിന്റെ ചില താളുകൾ വലിച്ചുകീറി. വിശ്വാസികൾ മനോരോഗിയായ ആ യുവാവിനെ പിടികൂടി അടിച്ചുകൊന്നു. യുവാവിന്റെ പിതാവ് ലഖ്‌വിന്ദർ സിങ് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.
വേറൊരു പുസ്തകം വാങ്ങിവയ്ക്കുകയും ആ യുവാവിനെ ചികിത്സിക്കുകയുമല്ലേ വേണ്ടിയിരുന്നത്? അമൃതാനന്ദമയിയുടെ മഠത്തിൽ സത്നാം സിങ്ങിനുണ്ടായ അനുഭവം ഓർമ്മയിൽ വരുന്നു. ആർക്കാണ് മനോരോഗം! ആ യുവാവിനോ അയാളെ തച്ചുകൊന്ന ആൾക്കൂട്ടത്തിനോ? 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.