22 December 2024, Sunday
KSFE Galaxy Chits Banner 2

ഹിറ്റ്ലറിസത്തിന് ഇന്ത്യയിൽ നിലനിൽക്കാനാകുമോ?

അജിത് കൊളാടി
വാക്ക്
June 1, 2024 4:29 am

“നമുക്ക് സംസ്കാരത്തോട് കരുണ കാണിക്കാം. പക്ഷെ അതിനു മുമ്പ് മനുഷ്യരാശിയോട് കരുണ കാണിക്കുക. മനുഷ്യരാശി രക്ഷിക്കപ്പെടുമ്പോൾ സംസ്കാരം രക്ഷപ്പെടും. നമുക്ക് വിവേകം നഷ്ടപ്പെട്ട് മനുഷ്യൻ സംസ്കാരത്തിനു വേണ്ടിയാണെന്നും സംസ്കാരം മനുഷ്യന് വേണ്ടിയാണെന്നും പറയാതിരിക്കാം”. കാടത്തത്തിനെതിരായ പോരാട്ടത്തെക്കുറിച്ചുള്ള ഒരു സുപ്രധാന നിരീക്ഷണം എന്ന പ്രബന്ധത്തിൽ ബെർത്തോൾഡ് ബ്രെഹ്ത് എഴുതിയ വരികളാണിത്. ഇന്ന് ഫാസിസ്റ്റ് ശക്തികൾ മനുഷ്യരാശിക്കെതിരെ സർവശക്തിയും ഉപയോഗിച്ച് ലോകമാകമാനം ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ ബ്രെഹ്തിന്റെ ചിന്തകൾക്ക് പ്രസക്തിയുണ്ട്. സ്വാതന്ത്ര്യാനന്തരമുള്ള നാലു ദശകങ്ങൾ രാഷ്ട്രത്തിന്റെ വളർച്ചയിൽ നിർണായകമായിരുന്നു. 50കളിൽ നെഹ്രു സ്വീകരിച്ച മിശ്ര സമ്പദ്‌വ്യവസ്ഥയുടെ സവിശേഷതകൾ കൊണ്ടും ആസൂത്രണ പദ്ധതികളിലെ മികവുകൊണ്ടും ബൂർഷ്വാ സംവിധാനങ്ങൾക്കുള്ളിൽ സംഭവിക്കാൻ കഴിയുന്ന ഏറ്റവും ലക്ഷ്യഭേദിയായ ഇടപെടലുകൾ കൊണ്ടും സമ്പന്നമായിരുന്നു. തുടർന്നുള്ള കാലങ്ങൾ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് എന്ന സ്ഥാനം അലങ്കരിക്കുമ്പോൾ പോലും ആഗോള സാമ്പത്തിക ക്രമത്തിന്റെ അവിഭാജ്യഘടകം എന്ന നിലയിലും, സ്വന്തം വികസന മാതൃക ഉപേക്ഷിച്ച് തുറന്ന സമ്പദ് വ്യവസ്ഥയുടെ അരക്ഷിതത്വത്തിലേക്കു നീങ്ങാൻ നിർബന്ധിക്കപ്പെട്ട രാഷ്ട്രം എന്ന നിലയിലും ആഗോള മൂലധനത്തിന്റെ കാൽച്ചുവട്ടിൽ അമരുന്നതാണ് കണ്ടത്.
ആഗോളവൽക്കരണ, സ്വകാര്യവൽക്കരണ അജണ്ടകളുടെ അധീശത്വത്തിന്, പ്രത്യേകിച്ചും കഴിഞ്ഞ ദശകത്തിൽ ഇന്ത്യ പൂർണമായും കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി മറ്റൊരു പ്രതിഭാസം കൂടി രാജ്യത്ത് അരങ്ങേറി. കൊളോണിയൽ കാലഘട്ടത്തിൽ എങ്ങനെയാണോ ഭൂരിപക്ഷ മത രാഷ്ട്രീയം തലനീട്ടിയത്, അതുപോലെ പുതിയ നിയോ കൊളോണിയൽ കാലത്തിലും അതേ ഭൂരിപക്ഷ മത രാഷ്ട്രീയം സമാനമായ അജണ്ടകളോടെ രംഗത്തുവന്നു. എന്നാൽ കൊളോണിയൽ കാലത്ത് മതത്തിന്റെ മേഖലയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ആ രാഷ്ട്രീയം, നിയോ കൊളോണിയൽ കാലത്ത് ഭരണം പിടിച്ചെടുക്കുക എന്ന അജണ്ട മുഖ്യമായി സ്വീകരിക്കുകയും ഏതാണ്ട് 30 വർഷത്തിനപ്പുറത്തെ അക്ഷീണമായ ഹിംസാത്മക ഫാസിസ്റ്റ് പരീക്ഷണങ്ങളിലൂടെ അധികാരത്തിൽ എത്തിച്ചേരുകയും ചെയ്തു. മൃത്യുരാഷ്ട്രീയത്തിന്റെ വിപുലമായ പരീക്ഷണഭൂമിയാക്കി ഇന്ത്യയെ മാറ്റിക്കൊണ്ട് മുൻകൂട്ടി ആസൂത്രണം ചെയ്ത മത വിഭാഗീയ കലാപങ്ങളും വംശഹത്യയോളമെത്തുന്ന കൂട്ടക്കൊലകളും വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത രീതികളിൽ സംഘടിപ്പിച്ചുകൊണ്ട് തന്നെയായിരുന്നു ആ കടന്നുകയറ്റം സാധ്യമായത്. 

മനസിന്റെ ബലാത്സംഗത്തിന്റെയും പട്ടാളവല്‍ക്കരണത്തിന്റെയും ആധിപത്യമാണ് ഫാസിസം. അത് തിന്മയുടെ തീനാമ്പാണ്. ജനാധിപത്യത്തിന്റെയും കമ്മ്യൂണിസത്തിന്റെയും കടുത്ത ശത്രുവാണ്. ഫാസിസം അസമത്വത്തെ ശാക്തീകരിക്കുന്നു. താന്‍ തന്നെ ദൈവത്തിൽ നിന്ന് ഭൂജാതനായവനാണ് എന്ന് പറയുന്ന ഭരണാധികാരിയുള്ള രാജ്യത്ത് സമത്വം ഉണ്ടാകില്ല. ചാതുർവർണ്യം ആധിപത്യം ചെലുത്തുന്ന സമൂഹത്തിൽ സമത്വം ഒരിക്കലും സ്ഥാപിതമാകില്ല.
ഹിന്ദുരാഷ്ട്ര വാദത്തിന്റെ, പ്രത്യയശാസ്ത്രവല്‍ക്കരണത്തിന്റെ ക്രെഡിറ്റ് സവർക്കര്‍ക്കുള്ളതാണ്. ഹിന്ദുക്കളാണ് ഭാരതത്തിന് ആത്മാവ് നൽകിയത് എന്നദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാന കാലത്തുതന്നെ, ലോകമാന്യതിലകന്റെ കാലം മുതൽ ഗണേശാേത്സവങ്ങളും മറ്റും ഹൈന്ദവവൽക്കരണത്തിന്റെയും ഹിന്ദുമത രാഷ്ട്രവാദത്തിന്റെയും താല്പര്യങ്ങൾ സംരക്ഷിച്ചിരുന്നു. സവർക്കർ ചിത്പവൻ ബ്രാഹ്മണനായിരുന്നു. ഹിന്ദുത്വയുടെ ഉപജ്ഞാതാക്കൾ നാസ്തികരോ അവിശ്വാസികളോ ആയിരുന്നു. യഥാർത്ഥ വിശ്വാസം എന്താണെന്ന് വിശദീകരിക്കാൻ അവര്‍ തയ്യാറല്ല. അധികാര രാഷ്ട്രീയമാണവരുടെ ലക്ഷ്യം. ഹിന്ദുത്വമതഭ്രാന്തിന്റെ ഏറ്റവും മുകൾത്തട്ടിൽ രാഷ്ട്രീയമാണ്. അവർ ചരിത്രം തിരുത്തും. മിത്തുകൾ ചരിത്രവും ശാസ്ത്രവുമാക്കും. ബ്രാഹ്മണിക്കലാണ് ഇവരുടെ ആശയലോകം. ബ്രാഹ്മണിക്കൽ എന്നാൽ ബ്രാഹ്മണനെന്നല്ല; ചാതുർവർണ്യം മാത്രമാണ് ശരി എന്ന് ഉറച്ച് വിശ്വസിക്കുന്നവർ. അവർ നുണയുടെ ചരിത്രം പ്രചരിപ്പിക്കും. വീരാരാധനയും ശക്തിവാദവും ഫാസിസത്തിന്റെ ആശയമാണ്.
ഹിറ്റ്ലർ അടിത്തട്ടിൽ നിന്ന് അധികാരത്തിന്റെ കൊടുമുടിയിലേക്ക് ഉയർന്നു. കൊടുമുടിയിൽ നിന്നുള്ള പതനവും ഭീകരമായിരുന്നു. ഹിറ്റ്ലർ ചിന്തകൾ ഇന്നും എന്നും സാമൂഹ്യ വികാസത്തിന്റെ വിരുദ്ധ പ്രവണതയാണ്. അതിന്റെ പ്രയോഗം വിധ്വംസക ശക്തിയായി വായിക്കപ്പെടും. അഡോൾഫ് ഹിറ്റ്ലറിന്റെ ആത്മകഥയാണ് “മെയിൻ കാഫ് “. വംശീയ ഏകാധിപത്യത്തിന്റെ ഭ്രാന്തൻ ഭരണാധികാരം ഉല്പാദിപ്പിച്ച് ശത്രുവിനെ കൊല്ലുക എന്ന സിദ്ധാന്തത്തിന്റെ പ്രയോഗവും കുടിലവുമായ പ്രതീക്ഷയുമാണ് മെയിൻ കാഫ്. ഗ്യാസ് ചേംബറുകളിലെ കൂട്ടക്കൊലകൾ വായനക്കാരനെ ശ്വാസംമുട്ടിക്കും. അത്ര വലിയ വിഷപ്പുകകൾ ഇപ്പോഴും ലോകത്തിന്റെ പല ഭാഗത്തും അവർ തുപ്പുന്നു. ഫാസിസത്തിന്റെ ജനവിരുദ്ധ പ്രതിലോമ താല്പര്യങ്ങളെ പ്രതിരോധിക്കുന്ന പ്രത്യയശാസ്ത്ര മൂല്യങ്ങൾ ഉല്പാദിപ്പിച്ചും സമന്വയിപ്പിച്ചും ഫാസിസ്റ്റ് വിരുദ്ധ പ്രയോഗം വികസിപ്പിക്കുന്നതാണ് സാംസ്കാരിക സമരം. 

ചരിത്രത്തെ ലളിതവൽക്കരിക്കുകയോ നിസാരീകരിക്കുകയോ ചെയ്യുന്ന യാഥാസ്ഥിതിക ശക്തികൾക്കു പോലും തൊഴിലാളി കാർഷിക വർഗത്തിന്റെ രാഷ്ട്രീയ നിലനില്പിനെ നിഷേധിക്കാനാവില്ല. തെലങ്കാന, പുന്നപ്ര‑വയലാർ, കരിവെള്ളൂർ, ശ്രീകാകുളം, വാറങ്കൽ, അന്തിക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ തൊഴിലാളി-കാർഷിക മുന്നേറ്റങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തെ പ്രതിരോധിച്ചു. ദേശീയ പ്രസ്ഥാനത്തിൽ ജാതി നശീകരണ സമരവും, ബുദ്ധിസത്തിന്റെ ആശയവും, ഗാന്ധിജിയുടെ ജീവിതവും, അംബേദ്കർ പ്രസ്ഥാനവും, നെഹ്രുവിന്റെ മതേതര ചിന്തകളും, കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലെ കാർഷിക തൊഴിലാളി വർഗസമരങ്ങളും ഫാസിസ്റ്റ് രാഷ്ട്രീയത്തിന് നട്ടെല്ല് നീർക്കാൻ കഴിയാത്ത പ്രഹരങ്ങളായിരുന്നു. ഇന്ത്യൻ മതേതര ദേശീയ ചരിത്രം അശോകന്റെയും കബീറിന്റെയും അക്ബറിന്റെയും ഗാന്ധിയുടെയും നെഹ്രുവിന്റെയും കഥകളിലൂടെയാണ് രൂപപ്പെട്ടത്. എന്നാൽ സവർക്കർ, ഗോൾവാൾക്കർ എന്നിവർ രൂപപ്പെടുത്തിയ യാന്ത്രികമായ സാംസ്കാരിക ദേശീയതയെന്ന ഏകശിലാത്മകത ശത്രുക്കളെയും അപരന്മാരെയും ചരിത്രത്തിൽ നിന്ന് കുഴിച്ചെടുത്ത് രാജ്യത്ത് ജനങ്ങൾക്കിടയിൽ വിഭജനമുണ്ടാക്കി.
ഇസ്ലാമിന്റെയും ബുദ്ധന്റെയും ചരിത്രരേഖകളും സ്മാരകങ്ങളും നശിപ്പിച്ച് ഹിന്ദുവിന് കപടമായ വിമോചന മന്ത്രം നൽകുന്ന ഫാസിസ്റ്റ് പ്രവർത്തനം തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കണം. ഗോൾവാൾക്കർ-സവർക്കർ നിർവചനത്തിൽ വരാത്തവരെയെല്ലാം അവർ ശത്രുക്കളാക്കി കപടചരിത്രം നിർമ്മിക്കുന്നത് നാം കണ്ടു. അതിനെ നഖശിഖാന്തം എതിർത്തവരാണ് ഗാന്ധിയും നെഹ്രുവും പൂർവസൂരികളും. തനിക്കു വേണ്ടിയല്ലാതെ മറ്റുള്ളവർക്കു വേണ്ടി സ്വയം സമർപ്പിച്ച ബുദ്ധൻ, മനുഷ്യന്റെ മഹത്വം ഉദ്ഘോഷിച്ച വിവേകാനന്ദൻ, ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു പറഞ്ഞ ഗുരുദേവൻ, സമത്വ സിദ്ധാന്തം പ്രാവർത്തികമാക്കിയ ചട്ടമ്പിസ്വാമികൾ, അഹിംസയെ ജീവിതവ്രതമാക്കി സത്യത്തെ ദൈവമായിക്കണ്ട മഹാത്മാവ് അങ്ങനെയുള്ള യുഗപുരുഷന്മാരുടെ ആശയങ്ങള്‍ ഈ നാടിന്റെ സാഹോദര്യത്തിന്റെ മകുടോദാഹരണങ്ങളാണ്.
1959ലെ ആസാദ് സ്മാരക പ്രഭാഷണത്തിൽ നെഹ്രു പറഞ്ഞത്, “ഞാൻ ജീവിക്കുന്ന ചരിത്രമുഹൂർത്തം ഒരു വലിയ ആശയ കുഴപ്പത്തിന്റേതാണ്. മനുഷ്യൻ ഒരേസമയം രണ്ട് ദിക്കിലേക്ക് കണ്ണുംനട്ട് നിൽക്കുന്നു. ഭാവിയിലേക്കും ചരിത്രത്തിലേക്കും. ഭൂതവും ഭാവിയും വർത്തമാനകാല ജീവിതത്തെ വിരുദ്ധദിശകളിലേക്ക് വലിച്ചടുപ്പിക്കാൻ ശ്രമിക്കുന്നു“വെന്നാണ്. അദ്ദേഹം ഗതകാലത്തെ ഉൾക്കൊണ്ടുകൊണ്ട് ഭാവി ഇന്ത്യയെ നിർമ്മിക്കുവാൻ വർത്തമാനകാലത്തിൽ ക്രിയ ചെയ്തു. പാരമ്പര്യവും ആധുനികതയും ചരിത്രവും രാഷ്ട്രീയവും യഥാവിധി വിളക്കിച്ചേർത്തു. അത് ശക്തമായ ഫാസിസ്റ്റ് പ്രതിരോധമായിരുന്നു. രാജ്യത്തെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കുന്നവർ മനസിലാക്കേണ്ടതാണിത്.
തെരഞ്ഞെടുപ്പിൽ വിഷലിപ്തമായ ആശയങ്ങൾ പ്രചരിപ്പിച്ച്, മനുഷ്യരെ കൂടുതൽ വിഭാഗീയവൽക്കരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ രാജ്യത്തിന്റെ ഉജ്വല ചരിത്രം നിർമ്മിച്ച മഹത്തുക്കളെ ഓർക്കുന്നത് നല്ലതാണ്. സങ്കുചിതത്തിന്റെ മാളങ്ങളിൽ സ്വയം ഒളിച്ച് മറ്റുള്ളവരെ അതിലൊളിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാനമന്ത്രിക്ക് അധികാരം മാത്രമാണ് ലക്ഷ്യം. മറ്റ് മത വിഭാഗങ്ങളെ നിന്ദിക്കുന്ന പ്രസംഗങ്ങൾ, പ്രവൃത്തികൾ ഇതാണ് കഴിഞ്ഞ ദശകത്തിൽ കണ്ടത്. മതത്തിന്റെ ആത്മീയവും ധാർമ്മികവുമായ അന്തർധാരകളിൽ നിന്ന് ഏറെ ദൂരെയാണ് ഇദ്ദേഹം. അതല്ല ഈ നാടിന്റെ പൈതൃകം. അല്ലെങ്കിലും മഹാത്മാഗാന്ധിയെ ലോകം അറിയുന്നത് റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി സിനിമ കണ്ടിട്ടാണ് എന്നു പറയുന്നവരുടെ മനസിന്റെ ശുദ്ധി നമുക്ക് ഊഹിക്കാവുന്നതേയുള്ളു.
ഗാന്ധിയുടെ സത്യം എന്നത് ശുദ്ധീകരിച്ച മനസിന്റെ അവബോധമാണ്. ആ അവബോധത്തിന്റെ പ്രേരണ സത്യമാകുന്നത് തത്വചിന്തയിൽ ധാർമ്മികത പൂരിതമാകുമ്പോൾ മാത്രമാണ്. ഈ സത്യത്തെയാണ് ഗാന്ധി ദൈവം എന്നു പറഞ്ഞത്. അദ്ദേഹം ഈശ്വരൻ എന്നു പറഞ്ഞിരുന്നത് ധാർമ്മികതയിൽ ശുദ്ധീകരിച്ച മനസിൽ നിന്നുയരുന്ന അവബോധത്തെയാണ്. അതാണ് ധ്യാനം; അല്ലാതെ വിവേകാനന്ദപ്പാറയിൽ ഇരുന്നു ധ്യാനിക്കലല്ല. സ്വാമി വിവേകാനന്ദൻ ഇന്ത്യ ലോകത്തിനു നൽകിയ സൂര്യതേജസാണ്. മനസിലെ അശുദ്ധിയെ അഗ്നിക്കിരയാക്കലാണ് പരിശുദ്ധ ധ്യാനം എന്ന് വിവേകാനന്ദന്‍ പറഞ്ഞു. “ഏറ്റവും ഉന്നതമായ ധ്യാനം എന്നത് ഒന്നിനെക്കുറിച്ചും ചിന്തിക്കാതിരിക്കുക എന്നതാണ്”- എന്നും പറഞ്ഞു. ഇവിടെ എങ്ങനെ അധികാരം ലഭിക്കും എന്നതിനെക്കുറിച്ച് ചിന്തിച്ചുള്ള ധ്യാനമാണ്.
“ഞാൻ മുസൽമാന്റെ പള്ളിയിൽ പോകും, ക്രിസ്ത്യൻ പള്ളിയിൽ പോയി കുരിശുരൂപത്തിനു മുന്നിൽ മുട്ടുകുത്തും, ബുദ്ധക്ഷേത്രങ്ങളിൽ പോകും, അവിടെ ഞാൻ ബുദ്ധനിൽ അഭയം പ്രാപിക്കും. ഞാൻ കാട്ടിൽപ്പോയി ഹിന്ദുവിനൊപ്പം ധ്യാനിക്കും, എല്ലാ ജീവജാലങ്ങളുടെയും ഹൃദയത്തെ പ്രകാശിപ്പിക്കുന്ന വെളിച്ചത്തെ അന്വേഷിക്കുന്നവനാണ്”. ഇതും വിവേകാനന്ദന്റെ വചനമാണ്. ആ മഹാസൂര്യതേജസ് ലോകത്തെ ഒന്നായി കണ്ടവനാണ്. വിവേകത്തിൽ ആനന്ദം കണ്ടെത്തിയവൻ. കൂപ മണ്ഡൂകത്തിന്റെ കഥ ലോകമെമ്പാടും പറഞ്ഞതും സ്വാമിജിയാണെന്ന് ധ്യാനിക്കുന്നവർ ഓർക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.