18 December 2025, Thursday

സാങ്കല്പിക മുഖ്യമന്ത്രിയാകാൻ മത്സരം; പിസിസി അധ്യക്ഷനാകാന്‍ അതിക്രമം

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
February 28, 2025 4:33 am

തെരഞ്ഞെടുപ്പിൽ വിജയിക്കില്ല എന്നുറപ്പായ യുഡിഎഫില്‍ മുഖ്യമന്ത്രി കസേരയ്ക്ക് മത്സരിക്കുന്ന പരിഹാസപൂർണമായ രംഗങ്ങൾക്കാണ് മലയാളികൾ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. എഐസിസി വർക്കിങ് കമ്മിറ്റി അംഗമായ ശശി തരൂർ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കണമെന്ന് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെ ലേഖനത്തിലൂടെയും തുടർന്ന് അഭിമുഖത്തിലൂടെയും ആവർത്തിച്ച് പറഞ്ഞുറപ്പിച്ചു. കോൺഗ്രസിതര വോട്ടുകൾ സ്വാധീനിക്കാൻ കഴിയുന്ന നേതാവ് താനാണെന്നും കേരളത്തിൽ പാര്‍ട്ടിയെ നയിക്കാൻ ഒരു നേതാവില്ലെന്നും അതിന് കഴിയുക തനിക്ക് മാത്രമാണെന്നും ശശി തരൂർ പ്രഖ്യാപിച്ചു. കോൺഗ്രസിൽ തനിക്ക് പ്രാധാന്യം നൽകുന്നില്ലെന്നും തന്റെ കഴിവുകളെ പരിഗണിക്കുന്നില്ലെന്നും അവഗണന മാത്രമാണ് ലഭ്യമാകുന്നതെന്നും ശശി തരൂർ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. പാർലമെന്റിൽ തന്റെ പ്രാഗത്ഭ്യം വിനിയോഗിക്കുവാൻ കോൺഗ്രസ് അനുവദിച്ചില്ലെന്നും ശശി തരൂർ പരസ്യമായിപ്പറഞ്ഞു. പാര്‍ട്ടി ഇനിയും അവഗണിച്ചാൽ താൻ വേറെ വഴി നോക്കുമെന്നും അഭിമുഖത്തിൽ പറഞ്ഞു. 

അദ്ദേഹത്തിന്റെ സഞ്ചാരം ബിജെപിയിലേക്കാണോ എന്ന് സമൂഹം സംശയിച്ചു. പക്ഷേ ഇപ്പോൾ താൻ ബിജെപിയിലേക്കില്ലെന്ന് തരൂർ വെളിപ്പെടുത്തിയിരിക്കുന്നു. താൻ സ്വതന്ത്രനായി നില്‍ക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് പാരമ്പര്യമുള്ള ആളായിരുന്നില്ല ശശി തരൂർ. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥനായിരുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയായി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ പൊടുന്നനെ അവതരിക്കുകയായിരുന്നു. വിശ്വപൗരൻ എന്ന് കുറച്ചുപേർ വ്യാഖ്യാനിച്ചെങ്കിലും കെപിസിസി ആസ്ഥാനത്തിനുമുന്നിൽ അദ്ദേഹത്തിന്റെ കോലം കത്തിക്കുന്നതും കേരളം കണ്ടു. സാമുദായിക ശക്തികളുടെ പിന്തുണയോടെ ശശി തരൂരിന് അന്ന് വിജയിക്കുവാനായി. കേന്ദ്ര സഹമന്ത്രിയായെങ്കിലും പിന്നീട് രാജിവച്ച് പുറത്തുപോകേണ്ടി വന്നു. മൂന്നാമത്തെ ഭാര്യ സുനന്ദ പുഷ്കറിന്റെ ആകസ്മിക മരണത്തെത്തുടർന്ന് ദുരൂഹതയിൽ പെട്ട വ്യക്തിത്വമാണ് ശശി തരൂർ. 

എഐസിസി പ്രസിഡന്റാകാൻ മത്സരിച്ച ശശി തരൂർ, മല്ലികാർജുൻ ഖാർഗെയോട് പരാജയപ്പെട്ടു. ഇപ്പോൾ കെപിസിസി അധ്യക്ഷ പദവിയും കേരള മുഖ്യമന്ത്രി സ്ഥാനവും പ്രതീക്ഷിച്ച് വിലപിക്കുകയാണ്. മുഖ്യമന്ത്രി പദത്തിലേക്ക് മത്സരയോട്ടമാണ് കോൺഗ്രസിൽ. വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സുധാകരനും മുൻനിരയിൽ നിൽക്കുമ്പോൾ അവരെ മറികടക്കാനാണ് തരൂർ ശ്രമിക്കുന്നത്. ഭൂരിപക്ഷം കിട്ടിയാലേ മന്ത്രിസഭയും മുഖ്യമന്ത്രി പദവിയും ഉണ്ടാകൂ. ശശി തരൂർ തന്നെ പറയുന്നു, ഈ നിലയിലാണ് കോൺഗ്രസിന്റെ പോക്കെങ്കിൽ യുഡിഎഫ് വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ സാദിക് അലി ശിഹാബ് തങ്ങൾ ഉൾപ്പെടെ ശശി തരൂരിന് പിന്തുണ പ്രഖ്യാപിക്കുമ്പോൾ യുഡിഎഫിലെ പ്രതിസന്ധി രൂക്ഷമാവുകയാണ്. 

ശശി തരൂർ ഉയർത്തിയ വിവാദങ്ങൾക്ക് പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനവും തുലാസിലാവുകയാണ്. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചതിനു പിന്നാലെ കെ സുധാകരൻ പരസ്യ പ്രസ്താവന നടത്തിയത് ഞാൻ കോൺഗ്രസിനു വേണ്ടി ആത്മസമർപ്പണം ചെയ്തയാളാണ്, അങ്ങനെ ഒരാളെ ആർക്ക് മാറ്റാൻ കഴിയും എന്നാണ്. അധ്യക്ഷ പദവിയിലേക്ക് പുതുകാമുകന്മാർ കാത്തിരിക്കുന്നു. ബെന്നി ബെഹന്നാനും അടൂർ പ്രകാശും ആ പട്ടികയിലുണ്ട്. തന്നെ പിന്തുണച്ച കെ സുധാകരനെ നന്ദിപൂർവം ശശി തരൂരും പിന്തുണയ്ക്കുന്നു. കെ സുധാകരൻ തന്നെ കെപിസിസി അധ്യക്ഷനായി തുടരണമെന്ന് തരൂർ വാദിക്കുന്നു. ഉപകാരസ്മരണ ഇങ്ങനെയാവണം.
‘തനിയെ നടന്നു നീ പോവുക
തളർന്നാലുമരുതേ പരാശ്രയവുമിളവും
അനുഗാമിയില്ലാത്ത പഥിക,
തുടർന്നാലുമിടറാതെ നിൻ ധീരഗാനം’
(മധുസൂദനന്‍ നായര്‍)
ഗാന്ധിയുടെ ധീരഗാനങ്ങളെ തമസ്കരിക്കുകയാണ് തമ്മിലടിക്കുന്ന നവയുഗ കോൺഗ്രസുകാർ. 

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.