23 December 2024, Monday
KSFE Galaxy Chits Banner 2

ആട്ടക്കാരും വേഷങ്ങളും ഭള്ളുകളും

അജിത് കൊളാടി
വാക്ക്
June 3, 2023 4:33 am

“ആട്ടക്കാരോരോരോ വേഷങ്ങൾ
ചമഞ്ഞോരാ
പാട്ടും പാടി നിന്നോരോ ഭാവങ്ങൾ നടിക്കു
മ്പോൾ,
കാഴ്ചക്കാർക്കതു കൊണ്ടു ഭയമുണ്ടോ,
അതുപോലെ
താഴ്ചയില്ലിനിക്കേതും നിങ്ങടെ ഭള്ളുകൾ
കാണാൻ.
സമ്പത്തു മോഹിച്ചു പൊക്കത്തിലുള്ളൊരു
കമ്പത്തിലേറിക്കളിക്കുന്നിതു ചിലർ
പാട്ടുകാരും പല മദ്ദളക്കാരും
കൂട്ടുകാരും കടക്കാരൻ പ്രധാനിയും”
മഹാനായ കുഞ്ചൻ നമ്പ്യാരുടെ ഹരിണി
സ്വയംവരത്തിലെ വരികളാണിവ.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തു കണ്ട കാഴ്ചകൾ മഹാകവി നേരത്തെ കണ്ടിരുന്നു. ഇന്ത്യൻ ജനാധിപത്യം കടന്നുപോകുന്നത് കനത്ത ഇരുട്ട് പിടിച്ച കാലത്തിലൂടെയാണ്. ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് അരങ്ങിലെത്തുന്നവർ, ജനാധിപത്യവിരുദ്ധരും, മനുഷ്യദ്രോഹികളുമായി തിമിർക്കുമ്പോൾ, മതങ്ങളുടെ പേരിൽ, ജാതിയുടെ പേരിൽ, ആചാരങ്ങളുടെ പേരിൽ മനുഷ്യർ പരസ്പരം സംഘട്ടനത്തിലേർപ്പെടുന്നു, വധിക്കപ്പെടുന്നു. മനുഷ്യർ ചാവുന്നതുകണ്ടു രസിക്കുക ഇവർക്ക് രസമാണ്. മണിപ്പൂരിൽ മനുഷ്യർ വധിക്കപ്പെടുകയായിരുന്നു. അപ്പോഴാണ് രാജാവും വിദൂഷകരും സ്ഥലജലവിഭ്രാന്തി പിടിപ്പെട്ട് ഓരോ വേഷങ്ങൾ കെട്ടി, നിലത്ത് വീണുകിടന്നുരുണ്ടത്, പാരമ്പര്യത്തെ സംരക്ഷിക്കാനാണെന്ന പേരിൽ. ഇരുട്ടിൽ തന്നെ കിടന്നു പരിചയിക്കുമ്പോൾ ഇരുട്ട് വെളിച്ചമായി തോന്നുന്നതു പോലെ, ഏറെ കാലത്തെ പരിചയമാകണം, വെളിച്ചത്തോടും ശുദ്ധവായുവിനോടും ഇവർക്ക് എന്നും അസഹനീയതയാണ്.
ജനാധിപത്യത്തിന് അനേകം മഹത്തായ ലക്ഷ്യങ്ങളും അടിസ്ഥാന മൂല്യങ്ങളും ഉണ്ട്. ഇവയിൽ വച്ച് ഏറ്റവും മൗലികമായ തത്വം, ജനതയെന്നാൽ “ഞാൻ” മാത്രമല്ല എന്ന വിചാരമാണ്. വിചാരമെന്നല്ല പറയേണ്ടത്, വിശ്വാസം എന്നാണ്. “ഞാൻ” എന്ന ഏക ഭാവം ഒഴിവാക്കണം. അതിന് ജാഗ്രത പുലർത്തണം. ഈ ജാഗരൂകത എപ്പോൾ കുറയുന്നുവോ അപ്പോൾ ജനാധിപത്യം പരാജയപ്പെടുന്നു. അപ്പോൾ സ്വേച്ഛാധിപത്യം ഉയരും. “ഞാൻ” മാത്രമാകും. അതാണ് നാം ഇവിടെ കാണുന്നത്.

 


ഇതുകൂടി വായിക്കു; ചെങ്കോല്‍ നാടകം അരങ്ങേറുമ്പോള്‍ ദില്ലി തെരുവുകളില്‍ സംഭവിച്ചത്


ഇന്നത്തെ ഭരണ നേതൃത്വവും അതിന്റെ രാഷ്ട്രീയ പരിവാരങ്ങളും യുക്തിബോധമില്ലാത്ത, അപരനെ സൃഷ്ടിക്കുന്ന ജനതയെ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. അതിനായി അവർ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളുടെ സത്ത ചോർത്തിക്കളഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങൾ രാജാവിനെ സ്തുതിക്കുന്ന വിദൂഷകന്മാരുടെയും ഔചിത്യബോധമില്ലാത്തവരുടെയും കേളി രംഗമായി. അവർ അവർക്കുവേണ്ടിയുള്ള ചരിത്രം നിർമ്മിക്കുന്നു. നുണകളാലും, അർധസത്യങ്ങളാലും സ്വാതന്ത്ര്യ സമരചരിത്രത്തിൽ നിന്നു, നെഹ്രുവിനെയും, മൗലാനാ അബ്ദുള്‍ കലാം ആസാദിനെയും പുറത്താക്കുന്നു. പട്ടേലിനെ പ്രതിയാക്കി. ഗാന്ധിയെ തങ്ങളുടെ വാർപ്പു മൂശയിൽ ന്യൂനീകരിക്കുന്നു. അംബേദ്കറിനെ എന്നോ ദൂരെ മാറ്റി നിർത്തി. നെഹ്രുവും പട്ടേലും മൗലാനാ ആസാദും അംബേദ്കറും നേതൃത്വം നൽകിയ 1947 ഓഗസ്റ്റ് 15 മുതലുള്ള ഭരണത്തിന്റെ ഏറ്റവും മികച്ച സംഭാവന അവർ, ജനാധിപത്യം, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ശിലയായി പ്രഖ്യാപിച്ചു എന്നതാണ്.
ഒരു ജനതയെന്ന നിലയിൽ ഐക്യത്തോടെ പ്രവർത്തിച്ചാൽ നമ്മുടെ പൗരജീവിതം നമുക്ക് തന്നെ മാറ്റിത്തീർത്ത് ശ്രേയസ്കരമാക്കാമെന്ന വിശ്വാസമാണ് നെഹ്രുവിന്റെ ഏറ്റവും മികച്ച സംഭാവന. ഉപനിഷത്തും, ഗീതയും, ബുദ്ധസൂക്തങ്ങളും, ബൈബിളും, ഖുറാനും, ഇന്ത്യൻ സംസ്കാരത്തിന്റെ ആത്മാംശങ്ങളായി അദ്ദേഹം സ്വീകരിച്ചു. മതത്തിനതീതമായ ധാർമ്മികതയായിരുന്നു നെഹ്രുയുഗത്തിന്റെ ആന്തരികശോഭ. അതുകൊണ്ടാണ് സങ്കുചിതമായ മത രാഷ്ട്രീയ ദേശീയതകൾക്കും വിഭാഗീയതകൾക്കും അപ്പുറം എല്ലാ ജീവനെയും സ്പർശിക്കുന്ന ബോധം അദ്ദേഹത്തിൽ ഉണർന്നു പ്രവർത്തിച്ചത്. തോട്ടിയുടെയും ദരിദ്രന്റെയും തെളിവാണ് 1960 ജൂൺ രണ്ടിന് അദ്ദേഹം ഇന്ത്യയിലെ മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്ത്. “നമ്മുടെ തൂപ്പുകാരും വീട്ടുകാരും ഉപയോഗിക്കുന്ന ചൂലുകളെപ്പറ്റിയാണ് ഞാനെഴുതുന്നത്. നമ്മുടെ സാധാരണ ചൂല് കുനിഞ്ഞുകൊണ്ടോ, ഇരുന്നുകൊണ്ടോ മാത്രമെ ഉപയോഗിക്കാനാവൂ. നീളമുള്ള ചൂല് അത് ഉപയോഗിക്കുന്ന വ്യക്തിക്ക് നിന്നുകൊണ്ട് കൈകാര്യം ചെയ്യാനാവും. ഉപയോഗിക്കുന്ന വ്യക്തിയെ അത് ക്ഷീണിപ്പിക്കുകയില്ല. കുനിഞ്ഞു നിന്ന് ചൂലുപയോഗിക്കുന്നത് ശാരീരികമായി ഏറെ അദ്ധ്വാനമുള്ളതാണ്. മാത്രവുമല്ല മനസിൽ അത് ഒരു അടിമ മനോഭാവമുണ്ടാക്കുന്നു.”

ഇന്ന് ജവഹർലാലിനെ തമസ്കരിക്കുന്നവരുടെ കൂടെ ചേരുമ്പോഴും ആ തമസ്കരണത്തിന് മൗനസമ്മതം നൽകുമ്പോഴും നാം ഓരോരുത്തരും ചെയ്യുന്നത് പഴയ ചൂലിന്റെ അടിമ മനോഭാവത്തിന് കീഴ്പ്പെടുകയാണ്. ഭയത്തിനോടുള്ള ഈ കീഴ്പ്പെടലാണ് നമ്മുടെ കാലത്തിന്റെ ദുര്യോഗം. ഇന്നത്തെ ഫാസിസ്റ്റ് ഇന്ത്യയിൽ സംഘർഷവും, വിഭാഗീയതയും, വർഗീയതയും നിറഞ്ഞാടുന്നു. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും വ്യാപരിക്കുന്നു. മതത്തിൽ പ്രകടനപരതയിലാണ് ഊന്നൽ. മതപരത കുറവും തിളക്കവും ആഡംബരവും കൂടുതലും. എത്ര മോടിപിടിപ്പിക്കാനാവുമോ അത്രയും നല്ലതാണെന്നാണ് ഫാസിസ്റ്റുകളുടെ ഭാവം. മതത്തിന്റെ ഉന്നതമൂല്യങ്ങളിൽ അവർ വിശ്വസിക്കുന്നില്ല. അവർക്കാവശ്യം മതദർശനങ്ങളല്ല, മിത്തുകളാണ്, സാങ്കല്പിക കഥകളാണ്. മാറ്റി നിർത്തുക എന്നത് ഫാസിസം ആദ്യമായും അവസാനമായും ഉറപ്പാക്കുന്ന ഒരു തത്വമാണ്. അതാണ് ഡീഹ്യൂമനൈസേഷൻ. ഒരിക്കലും ഒരു പുതിയ കാര്യവും അകത്തു കടക്കുവാൻ കഴിയാത്ത ഒരു കവചംകൊണ്ട് നമ്മുടെ ചിന്താശക്തിയെ, സ്നേഹവാത്സല്യങ്ങളെ, വികാരങ്ങളെ, കോപതാപങ്ങളെ, കവചിതമാക്കി തീർക്കുക എന്നത് ഫാസിസത്തിന്റെ മൗലിക മാർഗമാണ്. മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ അധികാരം നേടുക എന്ന രാഷ്ട്രീയ പ്രവർത്തനത്തിനു പകരം, ആചാരാനുഷ്ഠാനങ്ങളുടെ ഏകീകരണത്തിലൂടെ, സാംസ്കാരിക രംഗം വഴി അധികാരം പിടിക്കുക എന്ന തന്ത്രമാണ് മതശക്തികൾ പ്രയോഗിക്കുന്നത്. അതാണ് ഇന്ത്യയിൽ എന്നും പ്രകടമാകുന്നത്. സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി ഉയർന്നു വന്ന മധ്യവർഗത്തിന്റെ പ്രഭുവർഗ മോഹങ്ങൾ, സുഖാന്വേഷണാസക്തി, ഉപഭോഗതൃഷ്ണ, വംശീയ താല്പര്യങ്ങൾ, യുക്തിബോധത്തിനു പകരം ഭക്തിയെയും വിശ്വാസങ്ങളെയും പകരംവയ്ക്കൽ, അന്ധവിശ്വാസങ്ങളിലൂടെ ജീവിക്കുക, ചരിത്രത്തെ നിർബന്ധമായും ദുർവ്യാഖ്യാനിക്കൽ, എന്നിവ ഫാസിസത്തിന്റെ കൊടിയടയാളങ്ങളായി. പാർലമെന്റിൽ കണ്ട കോമാളിത്തങ്ങളൊക്കെ അതിന്റെ പ്രത്യക്ഷ ഫലങ്ങളാണ്. പത്രം, റേഡിയോ എന്നീ മാധ്യമങ്ങളിലൂടെ “ഏതൊരാളെയും” “ഇമേജ് മേക്കിങ്ങിലൂടെ” രാഷ്ട്രത്തലവനായി നിർമ്മിച്ചെടുക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത ആളാണ് ഗീബൽസ്. ഹിറ്റ്ലർ ജർമ്മനിയുടെ രക്ഷകനും, സമാധാന ദൂതനും ഒക്കെയാണെന്ന് ഗീബൽസ് പറഞ്ഞു.

 


ഇതുകൂടി വായിക്കു;  കാല്‍നൂറ്റാണ്ട് കഴിയട്ടെ മക്കളേ…


 

“ഹിറ്റ്ലർ മിത്ത്” ജാഥകളിലും റാലികളിലും ഉപയോഗിച്ചു. ഹിറ്റ്ലറെ ഗീബൽസ് ”സൂപ്പർമാൻ” എന്നു വിളിച്ചു. ഒരൊറ്റ ജനത, ഒരൊറ്റ രാഷ്ട്രം, ഒരൊറ്റ നേതാവ് എന്ന മുദ്രാവാക്യം നാസിറാലികളിൽ മുഴങ്ങിയിരുന്നു. ഇവിടെ “മോഡി മിത്ത്” എല്ലായിടത്തും ഉപയോഗിക്കുന്നു. അതിനനുസരിച്ച് രാജാവ് വേഷം കെട്ടുന്നു. ജാതി പ്രത്യയശാസ്ത്രം അപരത്വത്തിന്റെ ഉല്പാദന കേന്ദ്രമാണ്. സംഘ്പരിവാർ ശക്തി സംഭരിക്കുന്നത് ആ അപരത്വത്തിന്റെ ഉല്പാദന കേന്ദ്രത്തിൽ നിന്നാണ്. ആശയങ്ങളിലൂടെയല്ല, ശരിയായ ആശയസംവാദത്തെ അസാധ്യമാക്കുന്ന വികാരസ്ഫോടനങ്ങൾ വഴിയാണവർ വളർന്നുകൊണ്ടിരിക്കുന്നത്. ഭ്രാന്തമായൊരു വൈകാരികതയ്ക്ക് ഏത് തീക്ഷ്ണയുക്തിയെക്കാളും താല്ക്കാലികമായെങ്കിലും വല്ലാത്തൊരു ഊർജം ഉല്പാദിപ്പിക്കാനാവും എന്ന് നമ്മൾ ഇവിടെ കണ്ടുകൊണ്ടിരിക്കുന്നു. ഒരു പഴയ അന്ധവിശ്വാസത്തെ കുടഞ്ഞുകളഞ്ഞ് പുതിയ ഒരു അറിവിനെ ഉൾക്കൊള്ളുന്ന പ്രക്രിയയുടെ തോതനുസരിച്ചാണ് മനുഷ്യന്റെ പുരോഗതി നിർണയിക്കപ്പെടുന്നത്. സ്വാർത്ഥരും, ലാഭക്കൊതിയുള്ളവരും, ഫാസിസ്റ്റുകളും ഈ പുരോഗതിക്ക് വേഗത കുറയ്ക്കും. പ്രാകൃത ദൈവങ്ങളുടെ സ്ഥാനത്ത് അവർ ആധുനിക ദൈവങ്ങളെ സൃഷ്ടിച്ചു. എത്രയോ കാലമായി സ്വർണംകൊണ്ടും വജ്രംകൊണ്ടും ഉള്ള ആഭരണങ്ങളും ദണ്ഡുകളും, ഇരുമ്പുകൊണ്ടും വെള്ളികൊണ്ടും ഉള്ള ആയുധങ്ങളും, വിലപിടിപ്പുള്ള തിളങ്ങുന്ന പട്ടുവസ്ത്രവും ധരിച്ച ദൈവങ്ങളാക്കി. ഇനി ദൈവങ്ങളുടെ കയ്യിൽ കമ്പ്യൂട്ടറുകൾ മാത്രമല്ല, ദൈവങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ പ്രവർത്തിക്കും. ചാറ്റ് ജിപിടിയിലൂടെ സംസാരിക്കും ഭാരതീയ ദർശനങ്ങളിലും പുരാണങ്ങളിലും പറഞ്ഞ ഉജ്ജ്വല ദർശനങ്ങളോട് ഒരു നീതിയും പുലർത്താത്ത ദൈവങ്ങളെ സൃഷ്ടിക്കുന്ന ആൾദൈവങ്ങൾക്ക് വൻ ഡിമാന്റ്. അത്തരം ആൾദൈവങ്ങളെ ചാർട്ടേഡ് വിമാനത്തിൽ കൊണ്ടു നടക്കും ഫാസിസ്റ്റുകൾ.
ബ്രിട്ടന് മാപ്പെഴുതിക്കൊടുത്ത് പുറത്തിറങ്ങിയ സവർക്കർ ആണ് അവര്‍ക്ക് വീരനായകൻ. ഒരിക്കലും സവർക്കർ വീരനായിരുന്നില്ല, ഭീരു ആയിരുന്നു. സ്വയം നിഷേധിക്കുന്ന ഭീരു. താനും തന്റെ അനുയായികളും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ സേവിക്കാം എന്നു പറഞ്ഞ ആൾ വീരനല്ല.
സ്വാതന്ത്ര്യം കിട്ടിയിട്ട് പത്ത് ദിവസത്തിനു ശേഷം ഇ വി രാമസ്വാമി പെരിയാറുടെ ശിഷ്യനായ സി എൻ അണ്ണാദുരൈ, ദ്രാവിഡ നാടു എന്ന വാരികയിൽ ഒരു ലേഖനം എഴുതി. അധികാരം ഏറ്റെടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നെഹ്രുവിന് തിരുവാടുതുറൈ ആധീനത്തിന്റെ അധിപതിയായ അമ്പലവന ദേശീകറെ പ്രതിനിധീകരിച്ച് വന്നവർ ചെങ്കോൽ സമ്മാനിച്ചു. അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചായിരുന്നു ലേഖനം. ഒരു മതേതര സർക്കാരിനെ മതനേതാക്കൾ അനുഗ്രഹിക്കുന്നതിന്റെ പിന്നിലുള്ള ലക്ഷ്യമെന്തെന്ന് അണ്ണാദുരൈ ചോദിച്ചു. അവർ അതിലൂടെ പ്രകടിപ്പിക്കുന്നത് രാജ്യസ്നേഹമല്ല എന്നു പറഞ്ഞു. അവരുടെ ലക്ഷ്യം ശൈവമഠത്തിന്റെ കീഴിലുള്ള അനന്തമായ സ്വത്ത് സംരക്ഷിക്കുകയാണെന്ന് പറയുക മാത്രമല്ല, ആ സ്വത്തുക്കളെല്ലാം അവർ സമ്പാദിച്ചത്, അവരെ തീരെ സംശയിക്കാത്ത ഭക്തർ ചെയ്ത സംഭാവനകളിലൂടെയാണ് എന്നെഴുതി. ലക്ഷക്കണക്കിന് പാവപ്പെട്ട കൃഷിക്കാർ അവരുടെ വിയർപ്പൊഴുക്കി ഭൂവുടമകളുടെ ഭൂമിയിൽ പണിയെടുത്തതിന്റെ ഫലമായി സമ്പദ്സമൃദ്ധമായ ഭൂമി ഉടമകൾക്ക് ലഭിച്ചു. കൃഷിക്കാർ നിത്യദുരിതത്തിലും കഴിഞ്ഞു. അങ്ങനെ ചൂഷണത്തിലൂടെ സമ്പാദിച്ച സ്വത്തിന്റെ പ്രതീകമായ, ചെങ്കോൽ സ്വീകരിച്ചാൽ, ഭൂജന്മിത്വ വ്യവസ്ഥയുള്ള ഇന്ത്യയിലെ പ്രാകൃതമായ ജാതി, മത, രാഷ്ട്രീയശക്തികൾ ഉയർന്നുവരാൻ വഴിയൊരുക്കും എന്ന അപകടം പതിയിരിക്കുന്നുണ്ട് എന്ന് നെഹ്രുവിന് സൂചന കൊടുത്തു. കിരീടമുള്ള രാജാവിന്റെ ചുറ്റും, ജനങ്ങളെ മൃഗീയമായി ചൂഷണം ചെയ്ത് തടിച്ചുകൊഴുത്തവർ ഉണ്ടാകും എന്നും അവരെ അകറ്റി നിർത്തണമെന്നും എഴുതി. ആ ലേഖനം 2023 മേയ് 26ന് വിടുതലൈ മാസികയിൽ പുനഃപ്രസിദ്ധീകരിച്ചു. നെഹ്രു സർക്കാർ അത് മ്യൂസിയത്തിൽ വച്ചു. ഇന്ന് ചെങ്കോലും പിടിച്ച് പാർലമെന്റിൽ നടന്നുവന്ന പ്രധാനമന്ത്രി അത് സ്പീക്കറുടെ ഇരിപ്പിടത്തിനരികെ സ്ഥാപിച്ചു. ജനങ്ങളെ ചൂഷണം ചെയ്ത് സമ്പാദിച്ച സ്വത്ത് എങ്ങനെ പൈതൃകമാകും എന്ന അണ്ണാദുരൈയുടെ ചോദ്യം ഇന്നും അവശേഷിക്കുന്നു.
ഫാസിസത്തിന്റെ ആത്മീയ സ്വഭാവം അതിന്റെ സ്വേച്ഛാപരതയിൽ പ്രകടമാകുന്നു. സാമ്രാജ്യത്വ വാഴ്ചയുടെ, മൂലധന ആധിപത്യത്തിന്റെ അവസരവാദമാണ് ആത്മീയ വാദത്തിന്റെ ഈ ഭ്രാന്തമായ പ്രകടനത്തിന്റെ ഒരേയൊരു നിയമം. യഥാർത്ഥമായ ദാർശനിക സിദ്ധാന്തങ്ങളുടെയും യുക്തിഭദ്രമായ ആശയങ്ങളുടെയും ഭാരവുമായി നീങ്ങാൻ അവർ ആഗ്രഹിക്കില്ല. ഭാരതീയ ചിന്തയിലെ നല്ല ആശയങ്ങളൊന്നും അവർ സ്വീകരിക്കില്ല. അബദ്ധജടിലമായ, കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുന്ന, അന്ധവിശ്വാസം വ്യാപരിപ്പിക്കുന്ന, ചരിത്രത്തെ നിരന്തരം ദുർവ്യാഖ്യാനിക്കുന്ന ഫാസിസ്റ്റ് നയങ്ങൾക്കെതിരെ നിതാന്ത ജാഗ്രത പുലർത്തണം, ശക്തമായ പ്രതിരോധം പടുത്തുയർത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.