22 June 2024, Saturday

തോല്‍വിയും വോട്ട് ചോര്‍ച്ചയും പരിശോധിക്കപ്പെടണം

സത്യന്‍ മൊകേരി
വിശകലനം
June 6, 2024 4:45 am

മൂന്നാംവട്ടം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവരുമെന്ന ഹുങ്കോടെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തുവന്ന നരേന്ദ്ര മോഡിക്ക് കനത്ത തിരിച്ചടിയാണ് ജനം നല്‍കിയത്. 543 സീറ്റില്‍ 400 നേടി അധികാരത്തില്‍ തിരിച്ചെത്തുക എന്ന തന്റെ ലക്ഷ്യം കടപുഴകി വീഴുന്നതാണ് രാജ്യം കണ്ടത്. ‘ചാര്‍ സൗ പാര്‍’ (നാന്നൂറിലധികം) സീറ്റ് എന്നതായിരുന്നു മോഡിയുടെ ജനങ്ങളോടുള്ള അഭ്യര്‍ത്ഥന. 400 സീറ്റ് നേടിയാല്‍ രാജ്യത്തിന്റെ ഭരണഘടന ഭേദഗതി ചെയ്ത് ഭൂരിപക്ഷത്തിന്റെ (ഹിന്ദുത്വം) താല്പര്യങ്ങള്‍ക്കനുസരിച്ച് രാജ്യം ഭരിക്കുമെന്ന് പ്രസംഗിക്കുവാനും നരേന്ദ്ര മോഡിയുടെ കൂട്ടാളികള്‍ തയ്യാറായി. രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് ഹിന്ദു ഏകീകരണത്തിലൂടെ കൂടുതല്‍ സീറ്റ് നേടുക എന്ന ലക്ഷ്യത്തിലൂടെയാണ് പ്രധാനമന്ത്രിയും അമിത് ഷായും തെരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞിരുന്നത്. അതിനെല്ലാമുള്ള കനത്ത തിരിച്ചടിയാണ് ജനവിധി. 2014ല്‍ ജനകീയ വിഷയങ്ങള്‍ ഉന്നയിച്ചാണ് മോഡി വോട്ട് ചോദിച്ചിരുന്നത്. 2019ലും വിവിധ വാഗ്ദാനങ്ങള്‍ നരേന്ദ്ര മോഡി നല്‍കിയിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ മറവില്‍ രാജ്യസ്നേഹം ഉയര്‍ത്തിക്കാട്ടുകയും ചെയ്തതോടെ ബിജെപിക്ക് മികച്ച ഭൂരിപക്ഷം കിട്ടി. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ജനങ്ങളുടെ വിഷയങ്ങള്‍ ഒന്നും അവര്‍ ഉന്നയിച്ചില്ല. മോഡി ഗ്യാരന്റി പ്രഖ്യാപനത്തിലൂടെ തന്റെ വ്യക്തിപ്രഭാവം സ്വയം ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു പ്രധാനമന്ത്രി. താന്‍തന്നെ ഗ്യാരന്റി എന്ന് വിളിച്ചുപറയുന്നത് ജനങ്ങള്‍ പുച്ഛത്തോടെയാണ് കണ്ടതെന്നാണ് തെരഞ്ഞെടുപ്പ് വിധി വ്യക്തമാക്കുന്നത്. 

രണ്ടു ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പിലാക്കിയില്ല. കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കും, ഓരോ വര്‍ഷവും രണ്ടുകോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, കുടിവെള്ളം ഉറപ്പാക്കും, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും, കള്ളപ്പണം രാജ്യത്ത് തിരിച്ചെത്തിക്കും, ഗ്രാമീണ ആരോഗ്യമേഖല ശക്തമാക്കും എന്നീ വാഗ്ദാനങ്ങള്‍ എന്തേ നടപ്പിലായില്ല എന്ന ജനങ്ങളുടെ ചോദ്യത്തിന് മുമ്പില്‍ നരേന്ദ്ര മോഡി പതറിപ്പോയി. ജനങ്ങളുടെ ചോദ്യം ശക്തമായി ഉയര്‍ന്നപ്പോഴാണ് ശ്രദ്ധ തിരിച്ചുവിടാന്‍ ഹിന്ദുത്വ വികാരം ഉണര്‍ത്താന്‍ വലിയ പരിശ്രമം നടത്തിയത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിലൂടെ യുപിയിലും ഹിന്ദി മേഖലയിലുമുള്ള മുഴുവന്‍ പാര്‍ലമെന്റ് സീറ്റും കൈവശപ്പെടുത്താമെന്ന് മോഹിച്ചു. പൂജാരിവേഷമണിഞ്ഞ് രാമവിഗ്രഹം പ്രതിഷ്ഠിച്ച പ്രധാനമന്ത്രിയോട് അയോധ്യയിലെ ജനങ്ങള്‍ക്കുപോലും പുച്ഛമായിരുന്നു. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ സീറ്റില്‍ ബിജെപിയുടെ പരാജയം അതാണ് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അയോധ്യയില്‍ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോ ജനങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. വാരാണസിയില്‍ നരേന്ദ്ര മോഡി വെള്ളം കുടിക്കുകയായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍‍ മോഡി പിറകിലായത് രാജ്യത്തും ലോകത്തും ചര്‍ച്ചയായി ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. ഇതെല്ലാം വ്യക്തമാക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യ – മതേതര ചിന്ത ശക്തമാണെന്നാണ്. 400ലധികം സീറ്റ് നേടി വീണ്ടും അധികാരത്തില്‍ വരുമെന്ന നരേന്ദ്ര മോഡിയുടെ വിശ്വാസം തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് ഏതുവിധേനയും ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ മറ്റു പാര്‍ട്ടികളുടെ പിറകെ നില്‍ക്കേണ്ട ഗതികേടിലാണ് പ്രധാനമന്ത്രി. ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിന്റെയും ബിഹാറിലെ നിതീഷ് കുമാറിന്റെയും പിന്നാലെ നടക്കുന്ന നരേന്ദ്ര മോഡിയെയാണ് ഇപ്പോള്‍ രാജ്യം കാണുന്നത്. 

2014ല്‍ നരേന്ദ്ര മോഡി അധികാരത്തില്‍ വന്ന സന്ദര്‍ഭത്തില്‍ തന്നെ രാജ്യത്തെ അധികാര മാറ്റത്തെക്കുറിച്ച് സിപിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫാസിസ്റ്റ് ശക്തികള്‍ക്ക് ഇടപെടാന്‍ കഴിയുന്ന സര്‍ക്കാരാണ് അധികാരത്തില്‍ വന്നിരിക്കുന്നത്. ഇതിനെതിരെ മതേതര – ജനാധിപത്യ ഇടതുപക്ഷ ശക്തികള്‍ ഒന്നിച്ച് മുന്നോട്ടുവരണമെന്ന് സിപിഐ പോണ്ടിച്ചേരി പാര്‍ട്ടി കോണ്‍ഗ്രസില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കൊല്ലം, വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസുകളും ഇതേ രാഷ്ട്രീയ സമീപനം ഉയര്‍ത്തി.
എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചതിനാല്‍ അധികാരം നിലനിര്‍ത്താന്‍ എല്ലാ വിധത്തിലുള്ള വഴിവിട്ട പ്രവര്‍ത്തനങ്ങളും മോഡിയും കൂട്ടരും നടത്തുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരിച്ചടി നല്‍കിയതുകൊണ്ട് പിന്നോട്ടുപോകുമെന്ന് കരുതിക്കൂടാ. തനിനിറം കുറച്ചുകാലത്തേക്ക് മറച്ചുവച്ച്, ജനങ്ങളെ വഞ്ചിച്ച് വീണ്ടും രംഗത്തുവരാന്‍ ശ്രമം നടത്തുമെന്ന് ഉറപ്പാണ്. ഫാസിസ്റ്റ് ശക്തികള്‍ എല്ലാ രാജ്യത്തും എല്ലാക്കാലത്തും ജനങ്ങളെ പറ്റിക്കാന്‍ മിടുക്കന്മാരാണ് എന്ന് തെളിയിച്ചിട്ടുള്ളതാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്തുക എന്നത് ഫാസിസ്റ്റ് ശക്തികളുടെ തന്ത്രമാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരായ മതേതര–ജനാധിപത്യ–ഇടതുപക്ഷ ശക്തികള്‍ ജാഗ്രത കാണിക്കണം.
ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോയിരുന്നെങ്കില്‍ ഇതിലും മെച്ചപ്പെട്ട തെരഞ്ഞെടുപ്പ് വിധി ഉണ്ടാകുമായിരുന്നു. അതില്‍ പ്രധാന പങ്കുവഹിക്കേണ്ട കോണ്‍ഗ്രസ് അതിന്റെ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയത് വിമര്‍ശന വിധേയമായതാണ്. ഫാസിസ്റ്റ് ശക്തികള്‍ക്ക് തിരിച്ചടി ഉണ്ടായെങ്കിലും വീണ്ടും ശക്തിയോടെ മുന്നോട്ടുവരാന്‍ അവര്‍ പദ്ധതികള്‍ തയ്യാറാക്കും. ഇതിനെതിരെ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതായുണ്ട്. രാജ്യത്തെ ജനങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയോടും ജനാധിപത്യ സംവിധാനങ്ങളോടും കൂറുള്ളവരാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകള്‍ക്ക് ഒരു പോറലും ഏല്പിക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് വിധി. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ തിരിച്ചടിയാണ് എല്‍ഡിഎഫിന് ഉണ്ടായത്. അതിന്റെ കാരണങ്ങള്‍ ആഴത്തില്‍ പരിശോധിക്കേണ്ടതാണ്. നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വ്യത്യസ്തമായ ജനവിധി കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായി കരുതിയിരുന്ന നിരവധി നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അത്തരം തിരിച്ചടി ഉണ്ടായത് എന്നതാണ് പരിശോധിക്കേണ്ടത്. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കേണ്ട ജനവിഭാഗങ്ങള്‍ വോട്ട് മാറ്റി ചെയ്തതിന്റെ കാരണം കണ്ടെത്തി, തിരുത്തി മുന്നോട്ടുപോകണം. 

തൃശൂരില്‍ ബിജെപിക്കുണ്ടായ വിജയവും വിവിധ മണ്ഡലങ്ങളില്‍ അവരുടെ ശക്തമായ സാന്നിധ്യവും ഗൗരവമുള്ള രാഷ്ട്രീയ കാര്യങ്ങളാണ്. എന്തുകൊണ്ടാണ് ബിജെപിക്ക് വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ കഴിയുന്നതെന്ന ആഴത്തിലുള്ള പരിശോധന ആവശ്യമാണ്. തൃശൂരിലെ തെരഞ്ഞെടുപ്പ് ഫലം പ്രാഥമികമായി പരിശോധിക്കുമ്പോള്‍, എല്‍ഡിഎഫിന്റെ വോട്ടില്‍ കുറവ് വന്നിട്ടില്ല. കോണ്‍ഗ്രസിന്റെ വോട്ടില്‍ ഒരു ലക്ഷത്തോളം കുറവ് വന്നതായും കാണുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ കാലങ്ങളായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊണ്ടവരാണ്. അവരുടെ പോരാട്ടത്തിലൂടെയാണ് ശക്തമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കേരളത്തില്‍ ഉയര്‍ന്നുവന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്യേണ്ട ജനങ്ങള്‍ എല്‍‍ഡിഎഫിന് വോട്ട് ചെയ്തിട്ടില്ല എന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നുണ്ട്. അതിനുള്ള കാരണങ്ങള്‍ വിശദമായി മനസിലാക്കണം. പോരായ്മകള്‍ കണ്ടെത്തി, തിരുത്തലുകള്‍ വരുത്തേണ്ടിടത്ത് വരുത്തിത്തന്നെ മുന്നോട്ടുപോകണം. എല്‍ഡിഎഫിനെ സ്നേഹിക്കുന്ന ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിധി വന്നതിനുശേഷം സിപിഐ, സിപിഐ(എം) സംസ്ഥാന സെക്രട്ടറിമാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പരാജയം പരിശോധിക്കുമെന്നും തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം സിപിഐ ആഴത്തില്‍ പരിശോധിക്കും. പോരായ്മകള്‍ തിരുത്തി മുന്നോട്ടുപോകുന്നതിനായി അതിന്റെ കടമകള്‍ നിര്‍വഹിക്കുകയും ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.