5 December 2025, Friday

ഹനുമാന്റെ ധർമ്മശങ്കയും കര്‍ണാടകയിലെ ധർമ്മസ്ഥലയും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
നരോത്തമായനം രാമായണം ഭാഗം 26
August 13, 2025 4:09 am

സുന്ദരകാണ്ഡത്തിലാണ് ഹനുമാന്റെ ദൃഷ്ടിയിലൂടെ രാവണലങ്കയുടെയും രാവണ രാജധാനിയുടെ പ്രതാപത്തിന്റെയും വർണന വാല്മീകി രാമായണത്തിൽ വരഞ്ഞിടപ്പെട്ടിരിക്കുന്നത്. ധർമ്മാധിഷ്ഠിതമായ ധനധാന്യസമൃദ്ധിയുടെ ഐശ്വര്യം ജ്വലിക്കുന്ന നഗരമായ അയോധ്യയും കാമാധിഷ്ഠിതമായ ഭോഗജീവിതത്തിന്റെ കൊതിതീരാത്ത കിഷ്കിന്ധാനഗരിയും കാമത്തിന്റെയും ബലത്തിന്റെയും പ്രഭാവങ്ങളാൽ വെട്ടിവിളങ്ങുന്ന രാവണലങ്കയുടെ ഭോഗസമൃദ്ധിയും ഒക്കെ വിവരിക്കപ്പെടുന്ന രാമായണം വികസനത്തിന്റെ മാതൃകാനഗരി ഏതെന്ന് നിർണയിക്കാനുള്ള താരതമ്യപഠനത്തിനും അവസരം നൽകുന്നുണ്ട്.
ഹനുമാൻ, കിഷ്കിന്ധയും ലങ്കയും ശേഷം അയോധ്യയും അനുഭവിച്ചറിയുന്ന ധീമാനായ രാജ്യസേവകനാണ്. അതിനാൽ മൂന്നിലേത് നഗരിയാണ് മാതൃകാപരം എന്ന് വിലയിരുത്തിപ്പറയാനുള്ള യോഗ്യത തീർത്തും ശ്രീഹനുമാനുണ്ട്. പക്ഷേ അങ്ങനെയൊരു നഗര വിശകലനം വാല്മീകി ഹനുമാനെക്കൊണ്ട് ചെയ്യിക്കുന്നുവെന്ന് തീർത്തും പറയുക സാധ്യമല്ല. പക്ഷേ നല്ല നഗരം ധനധാന്യപ്രഭകളെ ധർമ്മപ്രഭ കൊണ്ട് വെല്ലുന്ന അയോധ്യ തന്നെയാണെന്ന് ഭംഗ്യന്തരേണ വാല്മീകി ധ്വനിപ്പിക്കുന്നുണ്ട്. ധ്വനന വചസുകളാൽ മുഴക്കമേറുന്ന ഭാഷയാണല്ലോ യഥാർത്ഥ കവിഭാഷ.
ഹനുമാൻ ലങ്കയിൽ എത്തിയത് സീതയെ തെരഞ്ഞാണല്ലോ. അതുകൊണ്ടുതന്നെ ഉറങ്ങുന്ന ലങ്കയിൽ സ്ത്രീ സാന്നിധ്യം കാണുന്നേടത്തെല്ലാം ഹനുമാന് തറഞ്ഞു നോക്കേണ്ടി വരുന്നു. ഉറക്കറകളിലെ സ്ത്രീകളെ മറഞ്ഞിരുന്നു തറഞ്ഞു നോക്കുന്നത് ഒരു ലൈംഗിക മനോരോഗ ലക്ഷണവും പൊതുശല്യം ഉണ്ടാക്കുന്ന കുറ്റകൃത്യവുമാണ് ഇക്കാലത്തും. പകൽ വെളിച്ചത്തിലാണെങ്കിൽപ്പോലും സ്ത്രീകളെ തറഞ്ഞു നോക്കുന്നതും തുറിച്ചു നോക്കുന്നതും പരാതിപ്പെട്ടാൽ കേസെടുക്കാവുന്ന കുറ്റകൃത്യമാണ്. രാമായണ കാലത്തും സ്ത്രീകളെ തറഞ്ഞു നോക്കുന്നത് കുറ്റകൃത്യമായിരുന്നു. ആ കുറ്റം താൻ ചെയ്യുന്നല്ലോ എന്ന തോന്നലോടൊപ്പം ഹനുമാന് മറ്റൊരു ധർമ്മശങ്കയും തന്റെ പ്രവൃത്തിയെപ്രതി ഉണ്ടാവുന്നുണ്ട്. ഹനുമാന്റെ ആ ധർമ്മശങ്ക എന്താണെന്നുള്ളത് അല്പം വിശദമായി പറയേണ്ടതുണ്ട്.
‘അഷ്ടവിധ മൈഥുനം വർജയേദ് — എട്ടുതരം സ്ത്രീ സംസർഗം ഒഴിവാക്കലാണ് ’ ബ്രഹ്മചര്യം എന്നൊരു കഠിനവ്രത തത്വമുണ്ട്. അത് ആവുന്നത്ര പരിപാലിച്ച് ജീവിച്ചുവരുന്ന ബ്രഹ്മചാരിയാണ് ഹനുമാൻ. ബ്രഹ്മ ശബ്ദത്തിന് വേദം എന്ന അർത്ഥമുണ്ട്. ഈ നിലയിൽ ബ്രഹ്മചര്യത്തിന് പഠനമനന സംവാദങ്ങളിലൂടെ വേദത്തോടൊപ്പം എപ്പോഴും ആയിരിക്കുന്ന മനോനില എന്നാണ് അർത്ഥം. ഇത്തരത്തിലൊരു ബ്രഹ്മചാരിയാണ് ഹനുമാൻ എന്ന് അദ്ദേഹത്തിന്റെ വേദപടുത്വം തെളിയിക്കുന്നുണ്ട്. അതിനാൽ സ്ത്രീകളെ ഇങ്ങനെ ഉറ്റുനോക്കി ലങ്കയിലൂടെ സഞ്ചരിക്കുന്നതുവഴി നയന മൈഥുനം എന്ന ബ്രഹ്മചര്യവിരുദ്ധ ഗതി തനിക്ക് സംഭവിക്കുന്നുണ്ടോ എന്നതാണ് ഹനുമാനിൽ ഉയർന്ന ധർമ്മശങ്ക. ഇത്തരം ധർമ്മശങ്ക കര്‍ണടക ധർമ്മസ്ഥലയിലെ മാടമ്പിമാർക്കുണ്ടായിരുന്നെങ്കിൽ ധർമ്മസ്ഥല അസ്ഥിസ്ഥലയാകില്ലായിരുന്നു. 

ഹനുമാന്റെ ധർമ്മശങ്കയും അതു ദൂരീകരിക്കുന്നതിനുതകുന്ന യുക്തിചിന്തയും സുന്ദരകാണ്ഡത്തിലെ 11-ാം സർഗത്തിൽ വാല്മീകി എഴുതുന്നുണ്ട്. “മനോഹി ഹേതുഃ സർവേഷാമിന്ദ്രിയാണാം പ്രവർത്തനേ/ ശുഭാശുഭാസ്വവസ്ഥാസു തച്ച മേ സുവ്യവസ്ഥിതാം = നേത്രാദി ഇന്ദ്രിയങ്ങളുടെ പ്രവൃത്തി മനസിന്റെ പോക്കനുസരിച്ചാണ് നല്ലതോ ചീത്തയോ ആകുന്നത്. എന്റെ മനസ് സുവ്യവസ്ഥിതമായതിനാൽ തെറ്റായ ഗതിയിൽ ഇന്ദ്രിയങ്ങളെ പ്രവർത്തിപ്പിക്കുന്നില്ല” (ശ്ലോകം — 42) എന്നാണ് ഹനുമാൻ തന്റെ ധർമ്മശങ്കയ്ക്ക് സമാധാനം കണ്ടെത്തുന്നത്.
ഭോഗതാല്പര്യം നിറഞ്ഞ മനസോടെയല്ല പെണ്ണുങ്ങളെ താൻ നോക്കുന്നത് എന്നതിനാൽ തനിക്ക് നയനമൈഥുനം സംഭവിച്ചിട്ടില്ല എന്നു ഹനുമാൻ ഉറപ്പിക്കുന്നു. ഒരു ഭിഷഗ്വരൻ സ്ത്രീയുടെ അവയവങ്ങളെ സൂക്ഷ്മപരിശോധന ചെയ്യുന്നത് ഭോഗതാല്പര്യമില്ലാത്ത രോഗനിർണയ മനോഭാവത്തോടെയാണല്ലോ. ഈ ഭിഷഗ്വരവൃത്തി ഒരു തരത്തിലുള്ള ലൈംഗിക പീഡനവും ആവാതെ പോകുന്നത് ഭിഷഗ്വരന്റെ മനോഗതി കാമകുത്സിതമല്ല എന്നതിനാലാണെന്ന് സാരം. ഇതിൽ നിന്ന് രാമായണം നൽകുന്ന പാഠം ബ്രഹ്മചര്യനിഷ്ഠ നിർണയിക്കേണ്ടത് ശരീരം എവിടെ ആയിരിക്കുന്നു എന്നു നോക്കിയല്ല മനസെവിടെ ആയിരിക്കുന്നു എന്നു നോക്കിയാണെന്നാണ്. ‘മനസെവിടെ അവിടെയാണ് മനുഷ്യൻ’ എന്ന് മഹർഷി കൃഷ്ണകുമാറും എഴുതിയിട്ടുണ്ട്.
ഇത്രയും സൂക്ഷ്മാവബോധമുള്ള ബ്രഹ്മചര്യനിഷ്ഠനായ ഹനുമാന് ബ്രഹ്മതത്വോപദേശം ചെയ്യാനാണ് അധ്യാത്മ രാമായണത്തിൽ യൗവനയുക്തയായ സീതാദേവിയെ ശ്രീരാമദേവൻ നിയോഗിക്കുന്നത്. ഇത് വായിക്കുന്ന ഒരു ഭക്തജനത്തിനും ബ്രഹ്മചര്യനിഷ്ഠയുള്ളിടത്ത് യുവതീ സാന്നിധ്യം പാടില്ല എന്ന വിലക്കിന്റെ ഭാഷ പറഞ്ഞ് ശബരിമല അയ്യപ്പനെന്ന ബ്രഹ്മചാരിയായ യോഗിയുടെ സന്നിധിയിലേക്കുള്ള യുവതീപ്രവേശനം തടയാനാവില്ല. ഭക്തജനങ്ങളല്ല ദൈവനാമത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന മാരീചപ്രകൃതരാണ് ശബരിമല പ്രക്ഷോഭം നടത്തിയത് എന്നതിനാൽ അവർ രാമായണങ്ങളും ഭക്തിതത്വങ്ങളും അനുസരിച്ച് പെരുമാറും എന്നു പ്രതീക്ഷിച്ചും കൂടാ. മാരീചപ്രകൃതർക്ക് മനസിലാകുന്ന ഭാഷ എവിടെയും എപ്പോഴും രാമബാണഭാഷയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.