രാജ്യത്ത് ശതകോടീശ്വരന്മാരുടെ എണ്ണം വർധിച്ചു എന്ന് സർക്കാർ തന്നെ പറയുന്നു. ഭക്ഷ്യവസ്തുക്കളുടെ മേലുള്ള പണപ്പെരുപ്പം വളരെ കൂടുതലാണ്. എല്ലാം സ്വകാര്യ മേഖല പിടിച്ചടക്കുന്നു. തൊഴിലില്ലായ്മ പെരുകുന്നു. സാമൂഹിക അസമത്വം ക്രമാതീതമായി വർധിച്ചു. വർഗീയത പെരുകുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ പറയാൻ പാടില്ല. ഇതൊക്കെ രാജ്യത്ത് ജനങ്ങളുടെ മുഖത്ത് തുറിച്ചു നോക്കുന്ന വസ്തുതകളാണ്. ഇമ്മാനുവൽ കാന്റ് വിശേഷിപ്പിച്ചതു പോലെ വളഞ്ഞ തടി എന്നാണ് വിളിക്കേണ്ടത്. കാരണം വളഞ്ഞ തടിയിൽ നിന്നും നേരെയുള്ള ഒന്നുമുണ്ടാവില്ല. സമൂഹത്തിൽ ആഴത്തിൽ വർഗീയ വിഷം പടർന്നു. അത് ഇല്ലാതാക്കാൻ എളുപ്പമാവില്ല. വിദ്യാസമ്പന്നരായ മധ്യവർത്തി സമൂഹത്തിന്റെ മനസിൽ കയറിക്കൂടിയിട്ടുള്ള വിഷം ഇറക്കികളയുക എളുപ്പമല്ല. അയോധ്യയിലെ ക്ഷേത്രനിർമ്മാണത്തിന് പ്രാധാന്യം കൊടുത്ത സമൂഹമാണ്. കേരള സ്റ്റോറി എന്ന സിനിമ നിർമ്മിച്ച് അവാസ്തകൾ വ്യാപകമായി പ്രചരിപ്പിച്ച സമൂഹമാണിത്. അന്ന് അതിനെ പലരും എതിർത്തപ്പോൾ അത് സിനിമയല്ലെ എന്നാണ് സംഘ്പരിവാർ ചോദിച്ചത്. നുണ മാത്രം പറയുക എന്നതാണ് ഫാസിസം എപ്പോഴും ചെയ്യുക. ഇന്ത്യയിലെ ദരിദ്രർ എങ്ങനെ ജീവിക്കുന്നു എന്നതിനെ കുറിച്ച് ഇവർക്ക് ആശങ്കയില്ല. ഇന്ത്യൻ പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കലായിരുന്നു ഇവരുടെ പ്രധാന വിഷയം.
സനാതന ധർമ്മമാണ് ഹിന്ദുത്വം ഉയർത്തിപ്പിടിക്കുന്നത്. ദളിതരെ പുറത്തു നിർത്തുന്ന സംഹിതയാണത്. ചാതുർ വർണ്യത്തിൽ ദളിതരില്ല. അവർ അതിന് പുറത്താണ്. വലിയൊരു വിഭാഗം ജനങ്ങളെ പടിയടച്ച് പുറത്തു് നിർത്തുന്ന ഒരു സംഹിതയെ പുൽകുന്നവരാണ് സഹിഷ്ണുതയുടെ വക്താക്കൾ എന്ന് സ്വയം വിളിക്കുന്നത്. ഇത് തനി കാപട്യമല്ലാതെ മറ്റെന്താണ്? ഗുജറാത്തിൽ കലാപകാലത്ത് എന്തു നടന്നു എന്ന് ഏവർക്കും അറിയാം. ആരാണ് അവിടെ ഭരിച്ചിരുന്നത് എന്നും അറിയാം. പരക്കെ നടന്ന അക്രമങ്ങളിൽ ആർക്കാണ് നേതൃത്വപരമായ പങ്കെന്ന് മനസിലാക്കണം. അന്നത്തെ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടായിരുന്നു എന്നത് നഗ്നമായ ഒരു സത്യമാണ്. തെളിവുകൾ ഉള്ളതാണ്. ആ കലാപം കൃത്യമായി സംഘ്പരിവാറുമായി ബന്ധപ്പെട്ട കാര്യമാണ്. അന്നത്തെ സംസ്ഥാന ഭരണകൂടവുമായി മാത്രമല്ല. അത് സംഘ്പരിവാറിന്റെ അജണ്ടയായിരുന്നു, അതാണ് അന്നത്തെ ഭരണാധിപനിലൂടെ നമ്മൾ കണ്ടത്. എപ്പോഴും അഗ്രസീവ് സ്വഭാവമാണ് സംഘ്പരിവാറിനുള്ളത് . ഭൂരിഭാഗം ജനങ്ങളും അന്തസു കെട്ട ജീവിതം നയിക്കുന്ന ഇന്ത്യയാണിത്. ജീവിതത്തിന്റെ ആത്മാഭിമാനം നഷ്ടപ്പെടുത്തുന്ന ചേരികളാണ് പലയിടത്തും. നമ്മുടെ ജീവിതങ്ങളെ പൊതിഞ്ഞിരിക്കുന്ന ഭയങ്ങളെക്കുറിച്ച് സംസാരിക്കാനും, മനഷ്യാവകാശലംഘനങ്ങളെക്കുറിച്ചും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ കുറിച്ചു സംസാരിക്കാനും രാജ്യത്ത് സ്വാതന്ത്ര്യമുണ്ടോ? വെറുപ്പിന്റെ വെടിയുണ്ടകളും നായാട്ടും ജനങ്ങളെ പലയിടങ്ങളിലും നിശബ്ദരാക്കുന്നു. അധികാരത്തിന് മുമ്പിൽ തൊഴുതു നിന്നും, സ്വാതന്ത്ര്യം അടിയറവു വച്ചും, മനുഷ്യാവകാശം അടിയറ വച്ചും, അടിമകളെ പോലെ ജനങ്ങൾ നിൽക്കേണ്ട അവസ്ഥയാണ് അധികാരവർഗം ഇഷ്ടപ്പെടുന്നത്. സത്യത്തിനെ എങ്ങനെ മറ്റൊരു രീതിയിൽ ഫ്രെയിം ചെയ്യാം എന്നതാണ് ഈ കാലത്ത് “ക്രിയേറ്റിവിറ്റി” ആയി അറിയപ്പെടുന്നത്. ഇവിടെ യഥാർത്ഥ പകർച്ചവ്യാധി ഭയമാണ്. ഭയചകിതരായവരുടെ റിപ്പബ്ലിക്കിലെ ജനതയാണ് നമ്മൾ. തോളിൽ കയ്യിട്ടു നടക്കുന്ന സുഹൃത്തുക്കൾ പോലും നമ്മെ തെറ്റിദ്ധരിക്കുമെന്ന ഭയത്തിലാണ് നാം. നമ്മുടെ വാക്കുകൾ തിരിഞ്ഞു നമുക്ക് നേരെ വിരൽ ചൂണ്ടുമെന്ന ഭയത്തിലാണ് ജനം.
നമ്മൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം നമുക്കുണ്ട്. ഉത്തരം പറയാനുള്ള ബാധ്യത അവർക്കും. ഇവിടെ അതൊക്കെ നടക്കുന്നുണ്ടോ? ഇവിടെ നടക്കുന്നത് ഫാസിസമാണ്. ഇവിടെ ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്നു. മണിപ്പൂർ കലാപം നടന്നു. പള്ളി പൊളിക്കൽ പ്രവർത്തനം നടക്കുന്നു. ഭരണകൂടത്തിന്റെ അന്യായ ചെയ്തികളെ ഉന്മൂലനം ചെയ്യുന്നു അല്ലെങ്കിൽ തുറുങ്കിലടയ്ക്കുന്നു. ചോദ്യം ചോദിക്കുമ്പോൾ അവർ അർത്ഥഗർഭമായ മൗനം പാലിക്കുന്നു. ഭീരുത്വത്തിന്റെ ചിഹ്നമാണ് ഇവിടെ ആയുധം. തോക്കുയർത്തുന്നതുവഴി അവർ അവരുടെ നിലപാട് വ്യക്തമാക്കുന്നു. സംസാരത്തിനോ സംവാദത്തിനോ ഞങ്ങൾ തയ്യാറല്ല. ഞങ്ങൾ പറയുന്നതും ചെയ്യുന്നതും മാത്രമാണ് സത്യം എന്ന് ആവർത്തിച്ച് അട്ടഹസിക്കുന്നു. കലാ സാഹിത്യ രംഗത്തും അവർ പറയുന്നത് മാത്രമാണ് സത്യം എന്ന് അവർ പറയുന്നു. ഈയിടെ ഇറങ്ങിയ എമ്പുരാൻ സിനിമയിൽ ഗുജറാത്ത് കലാപത്തിന്റെ ഭീകരത ആവിഷ്കരിച്ചപ്പോഴും അതിന് നേതൃത്വം കൊടുത്ത ബജ്റംഗിയുടെ ക്രൂരത കാണിച്ചപ്പോഴും സംഘ്പരിവാറിന് അത് സഹിക്കുന്നില്ല. അവർ അവർക്കെതിരായ അഭിപ്രായങ്ങൾ ഉണ്ടായാൽ അതിനെതിരെ ശക്തമായി പ്രതികരിക്കും. അവരുടെ മുഖപത്രത്തിൽ അതിനെതിരെ ലേഖനമെഴുതും. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം അവർ ഒരിക്കലും അംഗീകരിക്കില്ല. നിശബ്ദമാക്കലാണ് അവരുടെ രീതി. അതാണ് അവരുടെ സ്റ്റേറ്റ്മെന്റ്. പക്ഷെ ചിന്തിക്കേണ്ടവർ ചോദിക്കേണ്ടത് ചോദിക്കാതെ എന്തിനാണ് നിശബ്ദരാകുന്നത്. ഭയം അത്ര മാത്രം പിടി മുറുക്കി. ഒരു മുസ്ലിം ആയ കാലാകാരന്റെ പേരിൽ ഹിന്ദുവായ കലാകാരൻ വഴിപാടു നടത്തിയാൽ മുസ്ലിം ഫണ്ടമെന്റലിസ്റ്റുകൾ പറയുന്നു അത് മതവിരുദ്ധമാണ്. എത്ര മാത്രം മതാന്ധതയാണ് ഈ സമൂഹത്തിൽ. കലാകാരൻ ഏവരുടെയും സ്വത്താണ്. എത്ര ഹിന്ദുക്കൾ മുസ്ലിം പള്ളികളിലും, എത്രയെത്ര മുസ്ലിം പള്ളികളിലും വഴിപാടുകൾ നടത്തുന്നു. ക്രൈസ്തവ ദേവാലയങ്ങളിൽ മറ്റു മതസ്ഥർ വഴിപാടുകൾ നടത്തുന്നു. എത്ര കാലമായി ഇതെല്ലാം നടക്കുന്നു ഈ കേരളത്തിൽ. മത സഹിഷ്ണുത പാടില്ല എന്ന നിർബന്ധമാണ് ഏതു മതത്തിലെയും തീവ്രവാദികൾക്ക് ജനങ്ങൾ തമ്മിലുള്ള സാഹോദര്യവും സഹിഷ്ണുതയും സ്വീകാര്യമല്ല. എത്ര സങ്കുചിതമാണ് ഭൂരിഭാഗത്തിന്റെയും മനസുകൾ. മനുഷ്യ മനസുകളെ തീരെ സങ്കുചിതമാക്കുന്ന ഫാസിസ്റ്റുകളുടെ പ്രവൃത്തിയിലൂടെ ആക്രോശങ്ങളിലൂടെ അവരുടെ നിറവും പുറത്തു വന്നു കൊണ്ടിരിക്കും.
ഏതു മതത്തിലുള്ള മൗലിക വാദവും അത്യന്തം ആപൽക്കരമാണ്. മതത്തിന്റെ കർക്കശ നിലപാടുകളും വർഗീയ കലാപങ്ങളും അരങ്ങു തകർക്കുന്നതിലൂടെ ശാസ്ത്രീയവും പുരോഗമനപരവുമായ പല ആശയങ്ങളും പൂർണമായി വിസ്മൃതമായി. എല്ലാ മതങ്ങളും നാഗരികതകളും സംസ്കാരങ്ങളും അതിന്റെ സുവർണകാലഘട്ടങ്ങളിലൂടെ കടന്നു പോയത് അതാതു കാലഘട്ടങ്ങളിലെ ചിന്തകർ ദാർശനികവും ശാസ്ത്രീയവുമായ വഴികൾ പിന്തുടർന്നപ്പോഴാണ്. യുക്തി വിചാരവും ചോദ്യം ചെയ്യലും വിവേചന ശക്തിയും സഹിഷ്ണുതയുമാണ് സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന വഴികൾ. സാംസ്കാരികവും ഭാഷാപരവുമായ എല്ലാ വിഭാഗങ്ങളെയും ഒന്നായി ചേർക്കുക എന്നതായിരിക്കണം എല്ലാ മതങ്ങളുടെയും സർക്കാരുകളുടെയും ലക്ഷ്യം. അസംതൃപ്തിയുടെ മൂല കാരണം ദാരിദ്യവും നിരക്ഷരതയുമാണ്. വരും തലമുറയുടെ ശോഭനമായ ഭാവി നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ വല്ലാതെയങ്ങ് മൃദുലമാകാൻ കഴിയുകയില്ല. നമ്മുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി പോരാടിയവരെ നാം പ്രകീർത്തിക്കുന്നുണ്ടെങ്കിൽ നമ്മില്‍ വലിയൊരു ഉത്തരവാദിത്ത്വമുണ്ട്. നമ്മുടെ ഭയമാണ് അവരുടെ ശക്തി. അതുകൊണ്ടു തന്നെ നിർഭയരായിരുന്നു കൊണ്ട് നമ്മുടെ രാജ്യത്തിന്റെ ഭാവി പുനർവിഭാവനം ചെയ്യേണ്ടതുണ്ട്…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.