22 December 2024, Sunday
KSFE Galaxy Chits Banner 2

ഡോ. ഷഹനയുടെ ആത്മബലി

രമേശ് ബാബു
മാറ്റൊലി
December 14, 2023 4:12 am

‘അവരുടെ സ്ത്രീധനമോഹം എന്റെ ജീവിതം അവസാനിപ്പിച്ചു; അവർക്ക് എന്തിനാണ് ഇത്രയും സ്വത്ത്? മനുഷ്യനും സ്നേഹത്തിനും വിലയില്ലേ…?’
നോവിന്റെ ഈ കുറിപ്പെഴുതിവച്ച് ഡോ. ഷഹനയെന്ന പെൺകുട്ടി സ്വയം ഒടുങ്ങി. അവൾ ഈ ചോദ്യങ്ങൾ ഉന്നയിച്ചത് നവോത്ഥാന കേരളത്തോടാണ്. കേരളം ഒരു പരിഷ്കൃത സമൂഹമായി പരിണമിക്കുന്നതുവരെ ഓരോ വീട്ടകങ്ങളുടെ ചുവരുകളിലും ഈ വാക്യങ്ങൾ പതിപ്പിക്കേണ്ടതാണ്; നമുക്കൊരുത്തരം നൽകാൻ ആകുന്നതുവരെയെങ്കിലും. ഡോ. ഷഹന എന്ന മിടുക്കിപ്പെൺകുട്ടി എംബിബിഎസ് ബിരുദം നേടിയത് ചൈനയിലോ ഉക്രെയ്നിൽ നിന്നോ ഒന്നുമല്ല, കേരളത്തിലെ ഏതൊരു വൈദ്യശാസ്ത്ര വിദ്യാർത്ഥിയും സ്വപ്നം കാണുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ്. സർജറിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നതിനിടയിലാണ് അവൾ മനസു തകർന്ന് ആത്മഹൂതി നടത്തിയിരിക്കുന്നത്. അകാലത്തിൽ അവളുടെ ബാപ്പ മരിച്ച വേദനകൾക്കിടയിൽ കഴിയുമ്പോഴാണ് ഡോ. ഇ എ റുവൈസെന്ന സഹപാഠിയുടെ വീട്ടുകാർ വിവാഹാലോചനയുമായി അവളുടെ വീട്ടിലേക്കെത്തുന്നത്. ആത്മാർത്ഥമായി ഷഹന പ്രണയിച്ചവൻ, താങ്ങുംകരുതലും നൽകുമെന്ന് പ്രതീക്ഷിച്ചിരുന്ന അവൾക്ക് അവന്റെയും അവന്റെ രക്ഷിതാക്കളുടെയും യഥാർത്ഥമുഖം വെളിപ്പെട്ടുകണ്ടപ്പോൾ താങ്ങാനായില്ല. അവളുടെ പഠനസാമർത്ഥ്യവും ധിഷണയുമെല്ലാം ഒരു കപടനാട്യക്കാരന്റെ കള്ളപ്രണയത്തിനു മുന്നിൽ തകർന്നുപോയി.

 


ഇതുകൂടി വായിക്കൂ; ബജറ്ററി കമ്മിയും മൂലധനനിക്ഷേപ വര്‍ധനവും


വിവാഹം കഴിക്കണമെങ്കിൽ 150 പവനും പതിനഞ്ചേക്കറും ബിഎംഡബ്ല്യു കാറും ഒന്നരക്കോടി രൂപയുമാണ് റുവൈസും അവന്റെ വീട്ടുകാരും ആവശ്യപ്പെട്ടത്. 50 ലക്ഷവും 50 പവനും നല്‍കാൻ ഷഹനയുടെ കുടുംബം തയ്യാറായെങ്കിലും പറ്റില്ലെന്ന് പറഞ്ഞ് റുവൈസും വീട്ടുകാരും പിന്മാറുകയായിരുന്നു. ഡോ. വന്ദന ദാസിന്റെ കൊലപാതകം നടന്നപ്പോൾ അതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിലെ മുന്നണിപ്പോരാളിയും ഡോക്ടർമാർക്ക് കേരളത്തിൽ സുരക്ഷയില്ലെന്നാരോപിച്ച് സർക്കാരിനെയും ആരോഗ്യമന്ത്രിയെയും പ്രതിക്കൂട്ടിൽ നിർത്തിയ വീറുറ്റ പ്രാസംഗികനും പിജി അസോസിയേഷൻ നേതാവുമായൊക്കെ സ്വയം അവതരിപ്പിച്ചവനാണ് റുവൈസ്. തന്റെ പ്രണയബിംബം നാറുന്ന ചേറ് മാത്രമാണെന്ന തിരിച്ചറിവിലാകണം ആശയറ്റ് ഷഹന സ്വയം ഇല്ലാതായത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ഭിഷഗ്വരയായ ആ പെൺകുട്ടിക്ക് ആരെക്കാളും നന്നായി അറിയാം. പക്ഷേ അവൾ എന്തിന് സ്വയം ആത്മബലിയായെന്ന് ചോദിച്ചാൽ ഈ സമൂഹത്തെ തിരുത്താൻ സ്വയം ഹോമിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് അവൾ ചിന്തിച്ചിരിക്കാം.
റുവൈസും വീട്ടുകാരും ചോദിച്ച സ്ത്രീധനം കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഷഹനയ്ക്ക് പ്രായോഗിക ബുദ്ധിയോടെ, തിരഞ്ഞെടുപ്പിന്റെ അതിവിശാല ലോകം തന്റെ മുന്നിലുണ്ടെന്ന് കരുതി പ്രണയത്തെ വലിച്ചെറിഞ്ഞ് പിന്മാറാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ റുവൈസും കുടുംബവും മറ്റൊരു കുടുംബത്തിൽ പോയി 200 പവനും 20 ഏക്കറും റോൾസ് റോയ്സ് കാറും ചോദിച്ചേനെ. ഈ ചെന്നായ്‌ക്കൂട്ടങ്ങൾ സമൂഹത്തിൽ ആട്ടിൻതോലണിഞ്ഞ് വിപ്ലവാശയങ്ങൾ പറഞ്ഞ് വാണേനെ. കച്ചവടത്തിന് ഇരയാകുന്ന വേറൊരു പെൺകുട്ടിയുടെ ഗർഭപാത്രത്തിൽ വിഷവിത്തുക്കൾ വിതറി അവൻ കുറെ അണലി സന്താനങ്ങളെ ഉല്പാദിപ്പിച്ചേനെ. ഈ സാമൂഹ്യവിരുദ്ധരുടെ മുഖംമൂടികളെ ഷഹന സ്വജീവൻകൊണ്ട് വലിച്ചുകീറിയിരിക്കുകയാണ്, നിയമത്തിന് മുന്നിൽ എത്തിച്ചിരിക്കുകയാണ്. റുവൈസിനെ ജയിലിലാക്കുകയും അവന്റെ മാതാപിതാക്കളെ കൂട്ടുപ്രതികളാക്കി മാറ്റിയിരിക്കുകയുമാണ്. പെണ്ണിന്റെ ശക്തി നമ്മൾ കാണാതെ പോകരുത്.

 


ഇതുകൂടി വായിക്കൂ; മങ്ങലേല്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്ര പ്രതിച്ഛായ


റുവൈസ് എന്ന ഈ ക്രിമിനലിന്റെ യഥാർത്ഥ മുഖം തിരിച്ചറിയപ്പെടാതെ പോയിരുന്നെങ്കിൽ സമൂഹത്തിന് വലിയ വില കൊടുക്കേണ്ടിവരുമായിരുന്നു. ഡോ. ഷഹന ആത്മഹത്യ ചെയ്യും മുമ്പ് റുവൈസിന് ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദേശമയച്ചുവെങ്കിലും അയാൾ പ്രതികരിച്ചിട്ടേയില്ലെന്ന് പൊലീസ് പറയുന്നു. മരണസന്ദേശം ഷഹന വാട്സ്ആപ്പിൽ അയച്ചത് വായിച്ച റുവൈസ് അത് ഡിലീറ്റ് ചെയ്യുകയും ഷഹനയുടെ സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യുകയുമായിരുന്നു. ഒരു ജീവൻ രക്ഷിക്കുക എന്ന ഒരു ഡോക്ടറുടെ അടിസ്ഥാന ധർമ്മം അയാൾ പാലിച്ചില്ലെന്നതുപോകട്ടെ, ജീവനൊടുക്കാൻ പോകുന്നത് തന്റെ കാമുകിയായിരുന്നവളും പണമുണ്ടായിരുന്നെങ്കിൽ തന്റെ ജീവിതത്തിലേക്ക് എത്തേണ്ടിയിരുന്നവളുമായിരുന്നെന്ന കാര്യവും ഈ ക്രൂരൻ മറന്നുകള‍ഞ്ഞു. ഇയാൾ നാളെ ആതുരശുശ്രൂഷ രംഗത്തേക്കിറങ്ങിയാൽ നമ്മുടെ ആരോഗ്യ മേഖലയുടെ സ്ഥിതിയെന്താകും? ഇത്തരം വിപത്തിനെക്കൂടി ചെറുക്കുകയായിരുന്നു ഷഹന.
ഷഹനയുടെ ആത്മഹത്യയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ റുവൈസിനെ രക്ഷിക്കാൻ ശ്രമം നടത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. വാർത്ത ശരിയാണെങ്കിൽ ഇയാളെ സർവീസിൽ നിന്ന് പുറത്താക്കുകയാണ് വേണ്ടത്.
കൊല്ലത്തുകാരിയായ ബിഎഎംഎസ് വിദ്യാർത്ഥിനി ഡോ. വിസ്മയ സ്ത്രീധന പീഡനത്തിന്റെ പേരിൽ ജീവനൊടുക്കിയ സംഭവത്തിനു പിന്നാലെയാണ് ഉത്ര എന്ന മറ്റൊരു പെൺകുട്ടിയെ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത്. ഇപ്പോൾ ഷഹനയും. 2021ൽ മാത്രം 66 സ്ത്രീധനപീഡനമരണങ്ങളാണ് കേരളത്തിലുണ്ടായത്. ഏഴു വർഷത്തിനിടെ 92 യുവതികളും ഇതേ കാരണത്തിൽ ജീവനൊടുക്കി. 15,143 കേസുകളാണ് സ്ത്രീധന പീഡനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. സ്ത്രീധനനിരോധന നിയമം 1969ൽ നിലവിൽ വന്നെങ്കിലും സ്ത്രീധനം നാട്ടുനടപ്പായി അനുസ്യൂതം തുടരുന്നു. നിയമം എത്ര തന്നെ കർക്കശമാക്കിയാലും സമൂഹം ഒരു കുറ്റകൃത്യത്തെ സാധുവാക്കിയാൽ അത് തുടരുകതന്നെ ചെയ്യുമെന്ന് സാമൂഹ്യ നിരീക്ഷകരും വിലയിരുത്തുന്നു. ഇന്ത്യയിൽ ദിനംപ്രതി 18 സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്നത്. അർധനാരീശ്വര സങ്കല്പമൊക്കെ പുരാണങ്ങളിൽ കിടക്കുകയേ ഉള്ളു. ഏട്ടിൽ അപ്പടിയും പയറ്റിൽ ഇപ്പടിയുമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇത്രകാലം കഴിഞ്ഞിട്ടും സ്ത്രീകളുടെ ദുരിതങ്ങൾക്ക് അറുതിയില്ലാത്തത് സമൂഹത്തിൽ അവർക്ക് തുല്യസ്ഥാനം ലഭിക്കാത്തതിനാലാണ്. ധൈഷണിക, സാങ്കേതിക, വിദ്യാഭ്യാസ, കലാസാഹിത്യ മേഖലകളിലെല്ലാം വനിതകൾ പുരുഷന്മാരെക്കാൾ ഉയർന്നു നിൽക്കുമ്പോഴും അവരെ ഭാവശുദ്ധിയിൽ തളയ്ക്കാനാണ് ശ്രമം.
ക്രാന്തദർശിയായ ശ്രീനാരായണഗുരു നൂറ്റാണ്ടിന് മുമ്പേ പറഞ്ഞതാണ് വിവാഹം ലളിതമായിരിക്കണമെന്ന്. ഇന്ത്യൻ ഭരണാധികാരികളിൽ മൊറാർജി ദേശായ് മാത്രമേ പിന്നീട് ഈ ദിശയിൽ ചിന്തിക്കുകയും സ്വർണഭ്രമത്തിനും ആഡംബരത്തിനുമെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തിട്ടുള്ളു. ആഡംബര വിവാഹങ്ങൾ നടത്തുന്നവർക്ക് കനത്ത നികുതി ചുമത്തുകയും സർക്കാർ ആനുകൂല്യങ്ങളിൽ നിന്ന് അവരെ ഒഴിവാക്കുകയും വേണം. കെട്ടുകാഴ്ചയാകാനും ഭോഗവസ്തുവാകാനും ചന്തയിലെ വില്പനച്ചരക്കാവാനുമുള്ളതല്ല സ്വന്തം ജീവിതമെന്ന് സ്വന്തം കാലിൽ നിന്ന് വനിതകള്‍ തെളിയിച്ചുകൊടുക്കണം. സഹജീവികൾ മാനസികമായി ഉദാത്തമാനങ്ങളിലേക്കുയരുംവരെ കാത്തിരിക്കുവാനുള്ളതല്ല സ്ത്രീ ജീവിതം.

മാറ്റൊലി
“എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്. ഇത്രയും നാൾ സ്നേഹിച്ച വ്യക്തി എന്നെ കൈവിട്ടു. ആരെയും ബുദ്ധിമുട്ടിക്കാനില്ല…”
- ഡോ. ഷഹന

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.