27 June 2024, Thursday
KSFE Galaxy Chits

പ്രണയവസന്തത്തിന്റെ ശത്രുക്കൾ

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
June 20, 2024 4:20 am

പ്രണയവസന്തങ്ങളുടെ നിതാന്തശത്രു മതങ്ങളാണ്. ഇന്ത്യൻ പ്രണയങ്ങളുടെ ശത്രുപക്ഷത്ത് നിൽക്കുന്നത് മതത്തെക്കാള്‍ മുന്നിൽ ജാതിപ്പിശാചാണ്. ദൈവം പോലെ, നേരിൽ കാണാൻ കഴിയാത്ത ആ ദുഷ്ടജീവി കൊന്നൊടുക്കിയ മനുഷ്യ ജന്മങ്ങൾക്ക് കണക്കില്ല. മതജാതി ജന്തുക്കളുടെ ആക്രമണത്തിലൊഴുകിയ കണ്ണുനീരാണ് എല്ലാ കടലുകളും. എങ്കിലും പ്രണയപ്പോരാളികൾ സിംഹാസനം ത്യജിച്ചും വജ്രശോഭയുള്ള പ്രതിരോധങ്ങൾ സൃഷ്ടിച്ചും അതിജീവിച്ചിട്ടുണ്ട്. ആ കുടുംബങ്ങളിലാണ് മനുഷ്യജീവിത സുഗന്ധം പ്രസരിക്കുന്നത്.
നിയമങ്ങൾ വ്യാഖ്യാനിക്കപ്പെടുന്നത് വ്യാഖ്യാതാക്കളുടെ താല്പര്യമനുസരിച്ചാണ്. ഒരേ നിയമപുസ്തകം മുന്നിൽ വച്ചുകൊണ്ട് പ്രണയികൾക്ക് സുരക്ഷയുടെ കവചമോ അരക്ഷിതാവസ്ഥയുടെ കയമോ നൽകാൻ കോടതിക്ക് കഴിഞ്ഞിട്ടുണ്ട്. മെഡിക്കൽ കോളജുകളിലെ അനാട്ടമി വകുപ്പിന്റെ ചുമതലയുള്ളവർ അമിത ഭക്തിയുള്ളവരാണെങ്കിൽ മൃതശരീരങ്ങൾ സ്വീകരിക്കാൻ മടിക്കും. മതഭക്തി അവർക്ക് നൽകുന്നത് മരണാനന്തര രതിയും മധുപാനവുമൊക്കെയാണല്ലോ. അതുപോലെ തന്നെയാണ് നിയമവ്യാഖ്യാതാക്കളുടെയും കഥ.
ഭരണകൂടം മതാധിഷ്ഠിതവും കോടതിയുടെ ചുമതലയുള്ളവർ അതിനെ അനുസരിക്കാൻ മതപരമായ ബാധ്യതയുള്ളവരും ആണെങ്കിൽ പ്രണയികൾ അടക്കമുള്ള ആർക്കും നീതി ലഭിക്കുമെന്ന് കരുതാൻ വയ്യ. മതം എന്നും പ്രണയത്തിനെതിരാണ്. മതം മുന്നോട്ടുവയ്ക്കുകയും ആരാധിക്കാൻ അനുയായികളെ നിർബന്ധിക്കുകയും ചെയ്യുന്ന കെട്ടുകഥകളിലെ നായികാനായകൻമാർ മെഗാപ്രണയത്തിന്റെ മുദ്രകളാണെങ്കിലും മനുഷ്യജീവിതത്തിൽ അതൊന്നും പാടില്ലെന്ന് പൗരോഹിത്യം വിധിക്കും. ആ പൗരോഹിത്യത്തിന്റെ ഹിതം അനുസരിക്കുന്ന ഭരണകൂടം സ്വാഭാവികമായും പ്രണയവിരുദ്ധമാകും. ന്യായാധിപർ മുതൽ പാവം തൂപ്പുകാർ വരെയുള്ള കോടതി ജീവനക്കാരുടെ കുടുംബജീവിതം മുൻനിർത്തി ഒരു സിനിമയെടുത്താൽ ജാതിയും മതവും ജാതകവും താലിയും തീചുറ്റലും വിഭവസമൃദ്ധമായ ഭക്ഷണവും എല്ലാം ചിത്രീകരിക്കേണ്ടിവരും. ഡോക്ടർമാരെല്ലാം സ്വന്തം ശരീരം പുതുതലമുറയിലെ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകം ആക്കാറില്ലല്ലോ. സമൂഹം അങ്ങനെയാണ് നീതി നിർവഹണരംഗത്തും ആരോഗ്യസംരക്ഷണരംഗത്തും പ്രവർത്തിക്കുന്നവരെ പഠിപ്പിച്ചിട്ടുള്ളത്. ഈ സാമൂഹ്യ പഴമ്പുരാണങ്ങളെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും ചൂലുപയോഗിച്ച് വൃത്തിയാക്കേണ്ടതുണ്ട്. 

മധ്യപ്രദേശ് ഹൈക്കോടതിയുടെ മുന്നിൽ വന്ന ഒരു ആവശ്യം അടുത്തകാലത്ത് ശ്രദ്ധേയമായി. പ്രണയികൾ ഇസ്ലാം മതത്തിലും ഹിന്ദു മതത്തിലും പെട്ടവർ. മുസ്ലിം വ്യക്തിനിയമം അനുസരിച്ച് പുരുഷന് മുസ്ലിം സ്ത്രീകളെ കൂടാതെ വിഗ്രഹാരാധനയില്ലാത്തവരെ വിവാഹം കഴിക്കാം. മുസ്ലിം സ്ത്രീക്ക് മുസ്ലിം പുരുഷനെ മാത്രമേ സ്വീകരിക്കാൻ അനുവാദമുള്ളൂ. അതിനാൽ ഈ കേസിൽ പെണ്‍കുട്ടി ഹിന്ദുമതക്കാരിയായതിനാൽ വിവാഹത്തിന് നിയമസാധുത ഉണ്ടാവില്ല. വരന്റെയും വധുവിന്റെയും ബന്ധുക്കൾ ഈ വിവാഹത്തെ അനുകൂലിക്കുന്നുമില്ല. അവരിരുവരും മതം മാറാൻ തയ്യാറുമല്ല. ഇങ്ങനെയുള്ള മതാതീത മനുഷ്യത്വവാദികളെ പുഞ്ചിരിയോടെ സ്വീകരിക്കാൻ ഇന്ത്യയിൽ സ്പെഷ്യൽ മാരേജ് ആക്ടുമുണ്ട്. ആ നിയമമനുസരിച്ച് വിവാഹിതരാകാൻ പൊലീസ് സംരക്ഷണം വേണമെന്നായിരുന്നു പ്രണയികളുടെ ആവശ്യം. ശാന്തമായ ഉപദേശങ്ങളുടെ മറവിൽ കത്തിക്കു മൂർച്ചകൂട്ടുകയാണല്ലോ മതങ്ങൾ ചെയ്യുന്നത്. അതിനാലാണ് സംരക്ഷണം ആവശ്യമായി വരുന്നത്. ഇവരുടെ ഹർജിയിൽ ഇടപെടുന്നില്ലെന്ന് പറഞ്ഞ്, കോടതി കൈമലർത്തി. ഭരണകൂടവും നിയമവ്യവസ്ഥയും യാഥാസ്ഥിതികരായ ബന്ധുക്കളും അനുകൂലിക്കാത്ത സാഹചര്യത്തിൽ പ്രണയികൾ എന്തുചെയ്യും? മറ്റൊരു പരീക്കുട്ടിയും കറുത്തമ്മയും ഉണ്ടായാൽ അതിനുത്തരവാദി ആരായിരിക്കും? 

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.