ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിട്ട് ജനങ്ങളെ വരുതിയില്‍ നിര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രണ്ടാംതവണ അധികാരത്തില്‍ വന്നതോടുകൂടി പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിമാറ്റി. ഭരണകൂട മര്‍ദന സംവിധാനങ്ങളുപയോഗിച്ച് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ മര്‍ദിച്ചും ജയിലിലടച്ചും ഒതുക്കുന്ന നടപടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്നത്. തനിച്ച് ഭൂരിപക്ഷമില്ലാതെയാണെങ്കിലും മൂന്നാമതും അധികാരം നേടിയതോടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് ശരിയായരീതിയില്‍ കൂച്ചുവിലങ്ങിടുകയാണ് മോഡി ഭരണകൂടം. ഭരണസംവിധാനത്തിന് ഇഷ്ടപ്പെടാത്ത അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവരെയും സാമൂഹ്യപ്രവര്‍ത്തകരെയും കലാകാരന്മാരെയും എഴുത്തുകാരെയും ചിന്തകരെയും വേറിട്ട അഭിപ്രായങ്ങള്‍ പറയുന്നതിന്റെ പേരില്‍ കല്‍ത്തുറുങ്കിലടയ്ക്കുന്നു. അഭിപ്രായസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രാജ്യത്തെ ഭരണഘടനയിലെ 19 (1) അനുച്ഛേദവും പൗരന്മാര്‍ക്ക് അന്തസ് ഉയര്‍ത്തിപ്പിടിച്ചും മാന്യമായും ജീവിക്കുവാനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുന്ന 21-ാം അനുച്ഛേദവും നഗ്നമായി ലംഘിക്കുന്ന ഭരണകൂട ഭീകരതകളുടെ കഥകകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജനാധിപത്യഭരണ സംവിധാനത്തിന്റെ നാല് സ്തംഭങ്ങളെയും — ലെജിസ്ലേച്ചര്‍, ജുഡീഷ്യറി, എക്സിക്യൂട്ടീവ്, മാധ്യമം- കൈപ്പിടിയില്‍ ഒതുക്കിക്കൊണ്ടാണ് ജനങ്ങള്‍ക്ക് ലഭിക്കേണ്ട മൗലികമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത്. അതിനെതിരായി രാജ്യത്തങ്ങോളമിങ്ങോളം ജനാധിപത്യവിശ്വാസികളും ഭരണഘടനയെ അംഗീകരിക്കുകയും അതിന് ഒരു പോറല്‍പോലും ഏല്‍ക്കരുതെന്ന് ആഗ്രഹിക്കുന്ന പൗരബോധമുള്ള വിഭാഗങ്ങളും രംഗത്തുവരുന്നുണ്ട്. നിരവധി വര്‍ഷക്കാലമായി രാജ്യത്തുണ്ടായ ബൗദ്ധിക ഇടപെടലുകളുടെയും ശക്തമായ ജനകീയ പോരാട്ടങ്ങളുടെയും ഭാഗമായാണ് രാജ്യത്തിന് അഭിമാനിക്കാന്‍ കഴിയുന്ന ഭരണഘടനയും ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന നിയമനിര്‍മ്മാണ സഭയും, നീതിന്യായ വ്യവസ്ഥയും, ഭരണനിര്‍വഹണ സംവിധാനവും ഉയര്‍ന്നുവന്നത്. നിരവധി വര്‍ഷങ്ങളായി ഉയര്‍ന്നുവന്ന ജനങ്ങളുടെ ഇടപെടലുകളുടെ സൃഷ്ടിയാണ് ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യ ഭരണസംവിധാനങ്ങളും. അതിനെയെല്ലാം തകര്‍ത്ത്, തങ്ങളാഗ്രഹിക്കുന്ന ഫാസിസ്റ്റ് ഭരണസംവിധാനം സ്ഥാപിക്കുവാനുള്ള ശ്രമമാണ് മോഡി സര്‍ക്കാര്‍ നടത്തുന്നത്.
ഭിന്നാഭിപ്രായങ്ങളെ ഇല്ലാതാക്കുക, അവരെ ഉന്മൂലനം ചെയ്യുക എന്നത് മോഡിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സര്‍ക്കാരിന്റെ പ്രവര്‍ത്തന ലക്ഷ്യമായി മാറിക്കഴിഞ്ഞു. ധാതുസമ്പത്തുള്ള വനപ്രദേശങ്ങള്‍ കയ്യടക്കണമെങ്കില്‍ കാടുകളില്‍ താമസിക്കുന്ന ജനതയെ അവിടെനിന്നും പുറത്താക്കണം. ദേശീയ – അന്തര്‍ദേശീയ കോര്‍പറേറ്റുകള്‍ ഇന്ത്യയിലെ വനപ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് ഡോളര്‍ മതിപ്പ് വില കണക്കാക്കുന്ന ധാതുസമ്പത്ത് കൈക്കലാക്കാനുള്ള ശ്രമങ്ങളിലാണ്. വനങ്ങളെയും അവിടെ ജീവിക്കുന്ന ജനങ്ങളെയും ധാതുസമ്പത്തുകളും സംരക്ഷിക്കുന്നതിനായി ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന വനാവകാശ സംരക്ഷണ നിയമം പിച്ചിച്ചീന്തിയത് വനഭൂമി കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നതിനാണ്. 2026 ആകുമ്പോഴേക്കും മാവോയിസ്റ്റുകളെ പൂര്‍ണമായും ഉന്മൂലനം ചെയ്യുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. വനത്തിലെ ധാതുസമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നതിനാണ് ഈ നടപടികള്‍. മാവോയിസ്റ്റുകളെന്ന പേരില്‍ വനവാസികളെ ഉന്മൂലനം ചെയ്യാനാണ് ലക്ഷ്യമെന്ന് വ്യക്തമാണ്. മണിപ്പൂരിലെ കൂക്കികളെ വംശീയ കുടിപ്പകയിലൂടെ ഇല്ലാതാക്കാനാണ് ഭരണകൂടം കാഴ്ചക്കാരായത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
കോര്‍പറേറ്റ് താല്പര്യം സംരക്ഷിക്കുന്നതിനായി ഭരണകൂടത്തെ കൊണ്ടുമാത്രം കഴിയില്ല എന്ന തിരിച്ചറിവിലാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍, രാജ്യത്തെ ജനങ്ങളെ മത‑ജാതി, ഗോത്ര, വംശീയ, ഭാഷ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമം നടത്തുന്നത്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വം ആരംഭിച്ച വിഭജിക്കല്‍ നയം ശക്തമായി നടപ്പിലാക്കുകയാണ് ചങ്ങാത്തമുതലാളിത്ത സര്‍ക്കാര്‍. വളര്‍ന്നുവരുന്ന പ്രതിരോധങ്ങളെ ഭരണകൂട മര്‍ദനോപകരണങ്ങള്‍ കൊണ്ട് മാത്രം നേരിടുക എളുപ്പമല്ലെന്ന തിരിച്ചറിവിലാണ് വിഭജന രാഷ്ട്രീയം പയറ്റുന്നത്. ദേശീയ – അന്തര്‍ദേശീയ കോര്‍പറേറ്റുകളുടെ പിന്തുണയും അതിനുണ്ട്. രാജ്യവും സാംസ്കാരിക ലോകവും ചര്‍ച്ച ചെയ്യുന്ന എമ്പുരാന്‍ സിനിമയ്ക്കെതിരെ ഫാസിസ്റ്റുകളുടെ ഭീഷണി തെളിയിക്കുന്നത് ഭിന്നാഭിപ്രായങ്ങള്‍ ഒരിടത്തും അനുവദിക്കുകയില്ല എന്നാണ്. നാടകവും സിനിമയും കലാ — സംസ്കാരികാവിഷ്കാരങ്ങളാണ്. ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന അവകാശമാണ്. ആ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്ത് സാംസ്കാരിക ഫാസിസമാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. കലാകാരന്മാരെയും അവരുടെ കുടുംബങ്ങളെയും ഭയത്തിലാഴ്ത്തുകയാണ് ലക്ഷ്യം. കേരളത്തിന്റെ അഭിമാനമായ പൃഥ്വിരാജിന്റെയും ഭാര്യയുടെയും നേര്‍ക്ക് നടത്തുന്ന വിദ്വേഷ പ്രചരണങ്ങള്‍ അതാണ് കാണിക്കുന്നത്. സുപ്രിയയെ അര്‍ബന്‍ നക്സലെറ്റാണ് എന്ന് പരിഹസിച്ചത് ഈ ലക്ഷ്യം വച്ചുകൊണ്ടുതന്നെയാണ്.
എമ്പുരാനില്‍ ഹിന്ദുക്കളെ ഭീകരരായും മുസ്ലിങ്ങളെ ഇരകളായും ചിത്രീകരിച്ചിരിക്കുന്നുവെന്ന നട്ടാല്‍ക്കുരുക്കാത്ത നുണയാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്ന പ്രചരണം. കേരള സ്റ്റോറി, കശ്മീര്‍ ഫയല്‍സ് തുടങ്ങി സംഘ്പരിവാര്‍ സ്പോണ്‍സര്‍ ചെയ്ത സിനിമകള്‍ മുസ്ലിം ജനതയെ ഭീകരതയുടെ പ്രതിരൂപങ്ങളാക്കിയ വര്‍ഗീയ പ്രചരണങ്ങളായിരുന്നുവെന്നത് സാംസ്കാരിക ലോകം തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടുതന്നെ പൊതുസമൂഹം ആ സിനിമകളെ അവഗണിക്കുകയും ചെയ്തു. അതേസമയം പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രദര്‍ശനം മാത്രമല്ല, ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയിളവ് നല്‍കുകവരെയുണ്ടായി എന്നതും മറക്കാവുന്നതല്ല.
ഒരു കവിതയുടെ ഏതാനും ഭാഗം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഇമ്രാന്‍ പ്രതാപ് ഗര്‍ഹി എന്ന കോണ്‍ഗ്രസ് നേതാവിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു. കീഴ്‌ക്കോടതിയില്‍ നീതി ലഭിക്കാത്തതിനാല്‍ ഇമ്രാന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കേസില്‍ ഇടപെടാന്‍ ഹൈക്കോടതി തയ്യാറായില്ല. തുടര്‍ന്ന് ഇമ്രാന്‍ സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസ് അഭയ് ഓകയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് കേസില്‍ നിന്നും ഇമ്രാന് വിടുതല്‍ നല്‍കി. സംസാരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം എപ്പോഴും സംരക്ഷിക്കപ്പെടണമെന്ന് അഭിപ്രായപ്പെട്ട സുപ്രീം കോടതി, ഹെെക്കോടതിയെയും വിമര്‍ശിച്ചു. കേസില്‍ നിന്നും ഒഴിവാക്കിയതിനുശേഷവും ഇമ്രാന്റെ പിറകെയാണ് പൊലീസ്. ഒറ്റപ്പെട്ട സംഭവമല്ല ഇമ്രാന്റെ അനുഭവം. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഭരണകൂടം. ഫാസിസ്റ്റ് ശക്തികള്‍ എപ്പോഴും ഇത്തരം ഇടപെടലുകളാണ് നടത്തുക.
കുറച്ചുമുമ്പ് ബംഗളൂരുവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത രാജ്യത്ത് ചര്‍ച്ചാവിഷയമായിരുന്നു. അമൂല്യ എന്ന വിദ്യാര്‍ത്ഥിനി, ഒരു പരിപാടി നടക്കുമ്പോള്‍ സ്റ്റേജില്‍ കയറി മുദ്രാവാക്യം വിളിച്ചു. രാജ്യത്ത് നടക്കുന്ന അനീതിക്കെതിരെയുള്ള തന്റെ പ്രതിഷേധം എന്നനിലയ്ക്കായിരുന്നു മുദ്രാവാക്യം വിളി. പൊലീസ് രാജ്യദ്രോഹക്കുറ്റമാണ് ആ പെണ്‍കുട്ടിയുടെ പേരില്‍ ചുമത്തിയത്. അവളെ ജയിലിലടച്ചു. പ്രതിഷേധം രേഖപ്പെടുത്തുന്ന എത്രപേരെയാണ് കല്‍ത്തുറുങ്കിലടയ്ക്കുക?എതിര്‍ ശബ്ദങ്ങള്‍ എവിടെയും ഉണ്ടാകരുത്; ഫാസിസം ആഗ്രഹിക്കുന്നത് അതാണ്. ലോകത്ത് എല്ലായിടത്തും എതിര്‍ ശബ്ദങ്ങളെ ദുര്‍ബലപ്പെടുത്തിക്കൊണ്ടാണ് അവര്‍ രംഗത്തുവരുന്നത്. ഇന്ത്യന്‍ ഫാസിസം ഹിന്ദുത്വ ദേശീയതയുടെ പുറംതോല്‍ അണിഞ്ഞാണ് ജനങ്ങളെ സമീപിക്കുന്നത്. ജാതി-മത‑സ്വത്വ‑ഭാഷാ-ഗോത്ര ബോധങ്ങള്‍ ഉല്പാദിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ് ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ ലക്ഷ്യം. ദേശീയ – അന്തര്‍ദേശീയ ധനമൂലധന ശക്തികള്‍ അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു. ധനമൂലധനത്തിന്റെ ഏകാധിപത്യമാണ് ഫാസിസം. ആ ശക്തികളുടെ ഏകാധിപത്യം രാജ്യത്ത് നടപ്പിലാക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. അതിനെ നേരിടുകയെന്നതാണ് മതേതര – ജനാധിപത്യ – ദേശാഭിമാന ശക്തികളുടെ പ്രധാന കടമ. ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും അതില്‍ പ്രധാന പങ്ക് വഹിക്കാനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.