
പാത്തും പതുങ്ങിയും ലങ്കാനഗരിയാകെ പര്യവേക്ഷണം ചെയ്തുകൊണ്ടിരുന്ന ഹനുമാനെ രാക്ഷസസൈനികർ പിടികൂടി രാവണ സന്നിധിയിലെത്തിച്ചു. ലങ്കേശ ഗൃഹത്തിൽ നിന്നാണ് ഹനുമാനെ പിടികൂടിയത്. തദവസരത്തിൽ ചില രാക്ഷസസൈനികരുമായി ഹനുമാൻ ഏറ്റുമുട്ടുകയും സൈനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഒടുവിൽ രാവണപുത്രനായ ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രം കൊണ്ട് ബന്ധിച്ച ശേഷമാണ് ഭടന്മാർ ഹനുമാനെ രാവണ സന്നിധിയിൽ എത്തിക്കുന്നത്. രാവണ സമക്ഷം എത്തിയ ഹനുമാൻ, രാവണന്റെ തേജസിനെ ദേവേന്ദ്രനോടു തുല്യമായിക്കണ്ട് മിഴിച്ചിരുന്നുപോയതായി വാല്മീകി വർണിച്ചിരിക്കുന്നു. ”ഇവൻ ക്രുദ്ധനായാൽ ജഗത്തിനെ ഒന്നടങ്കമൊരു പ്രളയക്കടലാക്കി തീർക്കാൻ പോന്നവനാണ്” (സുന്ദരകാണ്ഡം; സർഗം 49; ശ്ലോകം 20) എന്നാണ് രാവണനെപ്പറ്റി ഹനുമാൻ ചിന്തിക്കുന്നത്. രാവണൻ ഹനുമാനെ നോക്കി ‘ഇവനാര് എന്തിന് വന്നു’ എന്നൊക്കെ ചോദിച്ചറിയാൻ സൈനികരോട് കല്പിക്കുന്നു. തദവസരത്തിൽ ഹനുമാൻ പറയുന്നത് ‘ഞാൻ ബ്രഹ്മാസ്ത്രത്താൽ ബന്ധിതനെന്ന തോന്നലുളവാക്കി ഇവിടേക്ക് വന്നെത്തിയത് രാജാവിനെ കണ്ട് ചില കാര്യങ്ങൾ ധരിപ്പിക്കാനാണ്’ എന്നാണ്. ബ്രഹ്മാസ്ത്രം തൊടുക്കാനോ തടുക്കാനോ അറിവും കഴിവുമുള്ള മഹാരഥന്മാർ പോലും ദുർലഭമാണ്. ബ്രഹ്മാസ്ത്രമേറ്റാൽ മിക്കവരും മരിക്കും. ഇവിടെയാണ് ഹനുമാന്റെ ശക്തി. ഹനുമാന് ബ്രഹ്മാസ്ത്രമേറ്റാൽ മയക്കം പോലമുണ്ടാവില്ല. ഇന്ദ്രജിത്ത് തൊടുത്ത ബ്രഹ്മാസ്ത്രം ബാധിച്ച് ഹനുമാൻ മയക്കം നടിച്ചു വീണത് രാക്ഷസ സൈനികർ അദ്ദേഹത്തെ പിടികൂടി രാജസവിധത്തിൽ എത്തിക്കാൻ വേണ്ടി മാത്രമായിരുന്നെന്നു ചുരുക്കം.
രാവണസമക്ഷം ഹനുമാൻ ചെയ്യുന്ന ഹിതോപദേശം മനസിലാക്കി പെരുമാറിയിരുന്നെങ്കിൽ ലങ്കാദഹനമോ രാമരാവണയുദ്ധമോ രാവണകുല നാശമോ ഉണ്ടാവുമായിരുന്നില്ല. ഹനുമാൻ പറയുന്നു; ‘അങ്ങ് ചെയ്ത ധർമ്മത്തിനും തപസിനുമുള്ള ഫലം അങ്ങ് അനുഭവിച്ചുകഴിഞ്ഞു. ഇനി അങ്ങ് ചെയ്ത അധർമ്മത്തിന്റെ ഫലം — പരദാരങ്ങളെ ബലാൽ പിടിച്ചുകൊണ്ടുവന്ന് സ്വഗൃഹത്തിൽ പാർപ്പിച്ച് ഭോഗിക്കാൻ ശ്രമിക്കുക എന്ന നീചമായ അധർമ്മത്തിന്റെ ഫലം — അങ്ങ് അനുഭവിക്കാതിരിക്കണമെങ്കിൽ സീതയെ രാമന് വിട്ടുനൽകുക. അങ്ങ് ദേവന്മാരാലോ യക്ഷകിന്നര ഗന്ധർവന്മാരാലോ അസുരന്മാരാലോ അവധ്യനാണെന്ന വരമേ നേടിയിട്ടുള്ളൂ. രാമനും സുഗ്രീവനും അങ്ങ് വധ്യനാകില്ല എന്ന് വരം നേടിയ ഗണത്തിൽ ഉൾപ്പെടാത്തവരാണ്. ബാലിയെ ഒറ്റയമ്പുകൊണ്ട് തീർത്ത രാമന് ബാലിയോട് മുമ്പൊരിക്കൽ തോറ്റ അങ്ങയെ തീർക്കാൻ നിഷ്പ്രയാസം കഴിയും.’ പക്ഷേ ഈ ഹിതോപദേശത്തിനൊന്നും രാവണൻ ചെവികൊടുത്തില്ല. ഹനുമാനെ വധിക്കാൻ കല്പന പുറപ്പെടുവിക്കുകയും ചെയ്തു. ആരെയും കൊല്ലുന്ന ബ്രഹ്മാസ്ത്രത്തിന് മയക്കാൻ പോലും കഴിയാത്ത ഹനുമാനെ ഏതായുധം കൊണ്ട് കൊല്ലും എന്ന് രാവണന് ചിന്ത ഉണ്ടായതുമില്ല. കഷ്ടകാലം എന്നത് വേണ്ടവിധം ചിന്തയുണ്ടാവാത്ത നില കൂടിയാണല്ലോ! എന്തായാലും രാവണ കല്പന കേട്ട വിഭീഷണൻ ഇടപെട്ടു. ‘ദൂതരെ കൊല്ലുന്നത് ഒരു പ്രകാരത്തിലും ധർമ്മമല്ലെന്നും യശസിനും വീര്യത്തിനും കളങ്കമാണെന്നും’ രാവണനെ ഉപദേശിക്കുന്നു. ഉപദേശം രാവണൻ ചെവികൊള്ളുകയും ഹനുമാനെ തീകൊളുത്തി അംഗ വൈരൂപ്യം വരുത്തുക എന്ന് ശിക്ഷാവിധി മയപ്പെടുത്തുകയും ചെയ്യുന്നു. തീ പിടിച്ച ശരീരഭാഗവുമായി ഹനുമാൻ ലങ്കാപുരിയാകെ ഓടിച്ചാടി നടന്ന് ലങ്കാദഹനം തന്നെ ചെയ്തു. ലങ്കേശൻ ഹനുമാന് വിധിച്ച ശിക്ഷയുടെ തീ ലങ്കയെത്തന്നെ ദഹിപ്പിച്ചുകളഞ്ഞു.
സുന്ദര കാണ്ഡത്തിലെ ഈ വൃത്താന്തം വായിക്കുമ്പോൾ യഥേഷ്ടം വലുതാവാനും ചെറുതാവാനും ഏതു വേഷവും കൊള്ളാനും കഴിയുന്ന മാന്ത്രിക പ്രഭാവമുള്ള ഒരു വിചിത്ര വാനരനാണ് ഹനുമാൻ എന്നു തോന്നും. ഈ തോന്നലിന്റെ കുട്ടിക്കൗതുകം വാർത്തെടുത്ത ബാലകഥാ വീരനാണ് വാൽ നീട്ടാനും ചുരുക്കാനും കഴിയുന്ന കപീഷ് എന്ന കുരങ്ങുകുട്ടി വീരൻ. പക്ഷേ ഈ കൗതുകത്തിനപ്പുറം ലങ്കാദഹനം ചെയ്ത ഹനുമാനിൽ നിന്ന് ചിലത് പഠിക്കാനുണ്ട്. അതിലേക്കൊന്നു കണ്ണോടിക്കാം.
രാമ സുഗ്രീവന്മാർ എന്ന ഹനുമാന്റെ യജമാനസ്ഥാനർക്ക് സപരിവാര സമേതം കടൽകടക്കുവാൻ വലിയ പരിശ്രമം ചെയ്ത് ചിറകെട്ടേണ്ടി വന്നു. എന്നാൽ ഹനുമാന് കടൽ തരണം ചെയ്യാൻ സ്വന്തം ശരീരബലവും മനോബലവും ബുദ്ധിബലവും മാത്രം ഉപയോഗപ്പെടുത്തി സാധിച്ചു. മുഴുവൻ രാക്ഷസ സൈന്യത്തെയും ഇന്ദ്രജിത്ത് ഉൾപ്പെടെയുള്ള രാവണ പുത്രന്റെ യുദ്ധപാടവത്തെയും ഒറ്റയ്ക്ക് പൊരുതി നിഷ്പ്രഭമാക്കി രാവണലങ്കയെ ഭസ്മമാക്കാനും ഹനുമാന് സാധിച്ചു. ഇങ്ങനെ ഏതു പ്രകാരത്തിൽ നോക്കിയാലും യജമാനരെക്കാൾ ശക്തിബോധസിദ്ധി പ്രഭാവങ്ങൾ ഹനുമാനുണ്ടെന്ന് വാല്മീകിയുടെ വരികൾ തന്നെ നമ്മളോടു പറയുന്നുണ്ട്. എന്നിട്ടും ദാസൻ എന്ന ഭാവം വെടിഞ്ഞ് യജമാനഭാവം കൊള്ളാൻ ഹനുമാൻ തയ്യാറാകാത്തത് എന്തുകൊണ്ടാവാം? ഈ ചോദ്യത്തിന് ഉത്തരം തേടിയാൽ വിനയം എന്ന ഗുണത്തിന്റെ അടിത്തറയിലേക്ക് നാം ചെന്നെത്തും.
കഴിവില്ലായ്മയാൽ കുനിഞ്ഞ ചുമലല്ല വിനയത്തിന്റെ ഇരിപ്പിടം. കഴിവ് കൂടുതലിനാൽ നിവർന്നുനിൽക്കാൻ സർവത്ര ശേഷിയുള്ള ശിരസാണെങ്കിലും ലോക സേവനാർത്ഥം എപ്പോഴും കുനിക്കാനാകുന്നതാണെങ്കിൽ അത്തരം ശിരസിലാണ് വിനയം കുടിയിരിക്കുക. ഈ വിനയം ഹനുമാനിൽ നിന്നുള്ളത്രയും മറ്റാരിൽ നിന്നും പഠിക്കാനാവില്ല. ഹനുമൽശക്തി കണ്ട രാവണൻ, ദൂതനിത്ര ശക്തിയെങ്കിൽ യജമാനന്റെ ശക്തി താങ്ങാൻ ലങ്കയ്ക്കാകുമോ എന്ന് ഒരുമാത്ര ചിന്തിച്ചിരുന്നെങ്കിൽ, ഒരു മഹായുദ്ധവും തന്റെ മരണവും ഒഴിവാക്കാനാകുമായിരുന്നു. സ്വപ്രഭാവം കൊണ്ട് കടൽ കടന്ന ഹനുമാനെപ്പോലെ മറ്റാരും രാമായണത്തിൽ ഇല്ല. രാവണൻ പുഷ്പക വിമാനം എന്ന ആകാശ സങ്കേതവും രാമൻ പാലം എന്ന ഭൗമ സങ്കേതവും ഉപയോഗിച്ചാണ് കടൽ കടന്നത്. രാമന്റെ മഹത്വം ഹനുമൽ സ്വാമി അഥവാ ഹനുമാന്റെ യജമാനൻ ആകാനായി എന്നതാണെന്ന് സുന്ദരകാണ്ഡം സശ്രദ്ധം പഠിച്ചാൽ പറയേണ്ടിവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.