
സ്വയംഭരണ കോളജുകള്‍, സ്വാശ്രയകോളജുകള്‍ എന്നിവയില്‍ നിന്ന് സ്വയംഭരണ സര്‍വകലാശാലകളിലേക്ക് നാം പിന്നോട്ടു നടന്നു. ഇന്ന് സ്വകാര്യ സര്‍വകലാശാലകള്‍ക്കും വിദേശ സര്‍വകലാശാലകള്‍ക്കും വേണ്ടി ഉച്ചത്തില്‍ ശബ്ദിക്കുന്നു. വിദ്യയുടെ മാനദണ്ഡം ജാതിയായി നിര്‍വചിച്ച് മഹാ ഭൂരിപക്ഷത്തിന് അക്ഷര വെളിച്ചം നിഷേധിച്ച പ്രാകൃത വ്യവസ്ഥയില്‍ നിന്ന് വിദ്യക്ക് പണം മാനദണ്ഡമാകുന്ന വിദ്യാഭ്യാസ ചൂഷണ വ്യവസ്ഥിതി സംജാതമാക്കപ്പെടുമ്പോള്‍ വിദ്യാഭ്യാസ സാര്‍വത്രികതയ്ക്കും സൗജന്യത്തിനും വേണ്ടി ശബ്ദിക്കുകയും പോരാട്ടങ്ങള്‍ നയിക്കുകയും അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തവരുടെ അനുഗാമികള്‍ ആ ചരിത്ര പാഠങ്ങളെ വിസ്മരിക്കരുത്. സാമ്പത്തിക രംഗത്തെന്ന പോലെ വിദ്യാഭ്യാസരംഗത്തും ബൂര്‍ഷ്വാസിയുടെ വര്‍ഗതാല്പര്യങ്ങള്‍ ഭീഷണിയായി തീര്‍ന്നിരിക്കുന്നുവെന്ന് ഇഎംഎസ് ദശാബ്ദങ്ങള്‍ക്കുമുമ്പ് ‘സ്വാതന്ത്ര്യത്തിനുശേഷം വിദ്യാഭ്യാസ നിലയിലുണ്ടായ പുരോഗതി’ എന്ന ലേഖനത്തില്‍ എഴുതിയത് ഇക്കാലത്തും പ്രസക്തമാണ്. സംഘപരിവാരശക്തികളുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളില്‍, കലാശാലയങ്ങളില്‍ എത്രയോ ദശാബ്ദങ്ങളായി അവരുടെ വിഷലിപ്ത അജണ്ടകള്‍ പുതുതലമുറയുടെ മാനസങ്ങളിലേക്ക് തന്ത്രപൂര്‍വമായും അതിഗൂഢതയോടെയും സന്നിവേശിപ്പിക്കുന്നു. വിദ്യാഭ്യാസത്തെ ധനാഗമനത്തിനുള്ള ‘തന്ത്ര’മായി മാത്രം കാണുന്ന അത്തരക്കാര്‍ പൊറുക്കാനാവാത്ത പാപമാണ് ചെയ്യുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപങ്ങളിലെയും കരിക്കുലവും പാഠ്യപദ്ധതിയും പൊളിച്ചെഴുതി ശരിയായ ചരിത്രവും സത്യസന്ധമായ ചരിത്ര യാഥാര്‍ത്ഥ്യസത്യങ്ങളും ദയാവധത്തിന് വിധേയമാക്കപ്പെട്ടിരിക്കുന്നു.
ഇന്നലെവരെ ‘രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, നാഥൂറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തനാല്‍ വധിക്കപ്പെട്ടു’ എന്നാണ് പഠിച്ചതെങ്കില്‍ ഇന്ന് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി 1948 ജനുവരി 30ന് മരിച്ചു എന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പഠിപ്പിക്കുന്നു. ഗോഡ്‌സെ വാഴ്ത്തപ്പെടുകയും ഗാന്ധിജി ഇകഴ്ത്തപ്പെടുകയും ചെയ്യുന്ന ജീര്‍ണിച്ച ഈ കാലത്ത് ഗോഡ്‌സെ എന്ന പേരും മതഭ്രാന്തന്‍ എന്ന വാക്കും അപ്രത്യക്ഷമാകുന്നു. ഇന്ത്യയിലെവിടെയും ഇങ്ങനെ പഠിപ്പിക്കണമെന്ന് ബിജെപി ഭരണകൂടം ശാഠ്യം പിടിക്കുന്നു. അതിനായി പുതുവിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ആ വിദ്യാഭ്യാസ പദ്ധതിയില്‍ ജവഹര്‍ലാല്‍ നെഹ്രു വികസന വിരുദ്ധനും പിന്തിരിപ്പനുമാകുന്നു. സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ആര്‍എസ്എസ് സ്വാതന്ത്ര്യ സമ്പാദന ചരിത്രത്തിലെ മുഖ്യ ചാലക ശക്തിയായിരുന്നുവെന്ന് പഠിപ്പിക്കുന്നു. മതന്യൂനപക്ഷങ്ങള്‍ രാജ്യദ്രോഹികളും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നവരും കമ്മ്യൂണിസ്റ്റുകാര്‍ കലാപകാരികളും ഉന്മൂലനം ചെയ്യപ്പെടേണ്ടവരുമാകുന്നു. മുസ്ലിം നാമത്തോട് സാമ്യമുള്ള സ്ഥലനാമങ്ങളെല്ലാം നൂറ്റാണ്ടുകളുടെ പഴമയെ തഴഞ്ഞ് ഹിന്ദുത്വ നാമവല്‍ക്കരണ പ്രക്രിയ അതിവേഗതയില്‍ പുരോഗമിക്കുന്നു. യഥാര്‍ത്ഥ ചരിത്ര പുസ്തകങ്ങളെ പാഠ്യപദ്ധതിയില്‍ നിന്ന് പുറംതള്ളുകയും അനിഷ്ട പുസ്തകങ്ങളെ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. വസ്തുതാപരമായ ചരിത്രത്തെ ഗളഹസ്തം ചെയ്യുന്നവര്‍ മുഗള സാമ്രാജ്യ ചരിത്രത്തെ പാഠപുസ്തകങ്ങളില്‍ നിന്ന് തിരസ്‌കരിക്കുന്നു.
എ ബി വാജ്‌പേയ് പ്രധാനമന്ത്രിയും മുരളിമനോഹര്‍ ജോഷി മാനവവിഭവശേഷി മന്ത്രിയുമായിരിക്കുമ്പോള്‍ ജ്യോതിശാസ്ത്രത്തെ പുറന്തള്ളി ജ്യോതിഷം സര്‍വകലാശാലകളില്‍ പഠന വിഷയമാക്കാന്‍ ശ്രമിച്ചതിനെ ഇടതുപക്ഷവും ശാസ്ത്രബോധമുള്ളവരും മതനിരപേക്ഷ ചിന്തയുള്ളവരും ശക്തമായി എതിര്‍ത്തിരുന്നു. അതിനും എത്രയോ മുമ്പ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കലാശാലകളില്‍ ജ്യോതിഷം പഠിപ്പിക്കുവാന്‍ തുടങ്ങിയിരുന്നു. 1981 ജനുവരി 30ന് ജ്യോതിഷം പഠനവിഷയമാക്കിയത് ശരിയാണോ എന്ന ചോദ്യത്തിന് ഉത്തരമായി ഇഎംഎസ് എഴുതി; ”മതവിശ്വാസം പ്രചരിപ്പിക്കാനും ആചാരാനുഷ്ഠാനങ്ങള്‍ സംഘടിപ്പിക്കുവാനും വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നത് ഒരു പാര്‍ട്ടി മെമ്പര്‍ക്ക് യോജിച്ചതല്ല. ചോദ്യത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ജ്യോതിഷ പഠനത്തിന്റെ കാര്യത്തില്‍ ഏതെങ്കിലും പാര്‍ട്ടി മെമ്പര്‍ മുന്‍കൈ എടുക്കുകയോ മറ്റുള്ളവര്‍ മുന്‍കൈ എടുത്തപ്പോള്‍ അതിനെ പിന്താങ്ങുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒരു പാര്‍ട്ടി മെമ്പര്‍ക്ക് യോജിച്ചതല്ല”. ഇഎംഎസ് ഇങ്ങനെയെഴുതി നാലര പതിറ്റാണ്ടാകുമ്പോഴും ആര്‍എസ്എസിന്റെ വികല പാഠ്യപദ്ധതിയെ ഇടതുപക്ഷം ഓര്‍മ്മത്താളുകളില്‍ നിന്ന് ഒളിച്ചുകടത്തിക്കളയരുത്.
വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാര്‍ അല്ലെന്നും പുഷ്പക വിമാനം കണ്ടുപിടിച്ചത് രാവണന്‍ ആണെന്നും രാമന്റെ പേരില്‍ വോട്ടുകള്‍ തേടുന്നവര്‍ പറയുമ്പോള്‍, ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടന്നത് ഇന്ത്യയിലാണെന്നും ഉദാഹരണമാണ് ഗണപതിയെന്നും സംഘകുടുംബം വാദിക്കുമ്പോള്‍, ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി അത് ആവര്‍ത്തിക്കുമ്പോള്‍ ഹര്‍ഷാരവം മുഴക്കുന്ന ശാസ്ത്രജ്ഞദാസരും അനുചരന്മാരും വിഹരിക്കുന്ന ദുരിതകാലത്ത് ശാസ്ത്രവും അജ്ഞതയുടെ അഗാധതയിലേക്ക് ചവിട്ടിത്താഴ്തപ്പെടുകയാണ്. ഫ്രെയര്‍ പൗലോ ഇത് മുന്‍കൂട്ടി ദര്‍ശിച്ചിരുന്നു. അദ്ദേഹം എഴുതുന്നു; ”ശാസ്ത്രത്തിന്റെ നിഷ്പക്ഷത എന്നാല്‍ ഭരണവര്‍ഗത്തിന്റെ മിത്ത് എന്നതിനപ്പുറം മറ്റൊന്നുമില്ല. നിഷ്പക്ഷത മിത്തിനോട് കൂട്ടിക്കുഴയ്ക്കരുത്. വിദ്യാര്‍ത്ഥിക്ക് വേണ്ടത് യാഥാര്‍ത്ഥ്യത്തെ അടിയറവയ്ക്കുകയല്ല. യാഥാര്‍ത്ഥ്യത്തിന്റെ വ്യാജവല്‍ക്കരണത്തോട് ആകര്‍ഷിക്കപ്പെടുന്ന മുഹൂര്‍ത്തത്തില്‍ നമ്മുടെ വിമര്‍ശന ബുദ്ധി ഇല്ലാതാകും.” ബിജെപി ഭരണത്തില്‍ ശാസ്ത്രത്തിന്റെ നിഷ്പക്ഷത ഇല്ലായ്മ ചെയ്യപ്പെടുകയും വ്യാജവല്‍ക്കരണം ത്വരിതപ്പെടുത്തി അതിന് അടിമകളാക്കി, വിമര്‍ശനബുദ്ധി ഇല്ലാത്തവരാക്കി മാറ്റുകയും ചെയ്യുന്നു.
ആദിമസംസ്‌കാരത്തിന്റെ ഉത്ഭവകാലത്തുതന്നെ, ദ്രാവിഡ സംസ്‌കൃതിയുടെ ഭാഗമായി ചിത്രലിപിയും ഇരുപതോളം ചിഹ്നങ്ങളും ഇടത്തുനിന്ന് വലത്തോട്ടെഴുതുന്ന ലിപികളും ഉണ്ടായിരുന്നുവെന്ന് മോഹന്‍ജദാരോ ഹാരപ്പാ സംസ്‌കാരത്തെ മുന്‍നിര്‍ത്തി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സിന്ധു സംസ്കാരത്തിന്റെ ഭാഗമായുള്ള മുദ്രകള്‍, വിഗ്രഹങ്ങള്‍, ദന്തശില്പങ്ങള്‍, കളിമണ്‍ പ്രതിമകള്‍, മനുഷ്യരുടെ ചെറുപ്രതിമകള്‍, നര്‍ത്തകിയുടെ ഓട്ടുപ്രതിമ, വിവിധങ്ങളായ കലാശില്പങ്ങള്‍ എന്നിവയെല്ലാം ദ്രാവിഡ ജനതയുടെ സാംസ്‌കാരിക വളര്‍ച്ചയുടെ നിദര്‍ശനങ്ങളാണ്. ആര്യാധിനിവേശം ആ സാംസ്‌കാരിക മഹിമയില്‍ പലതും തകര്‍ത്തുവെന്ന് ദാമോദര്‍ ധര്‍മ്മാനന്ദ കൊസാംബിയെ പോലുള്ള ചരിത്രകാരന്മാര്‍ വസ്തുതാ പിന്‍ബലത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഗുപ്ത ചക്രവര്‍ത്തിമാരുടെ കാലം സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സുവര്‍ണകാലമായി രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്‌കൃതഭാഷ പരിപുഷ്ടപ്പെട്ടു. മഹായാനക്കാരും ആശയപ്രചാരണത്തിന് സംസ്‌കൃതത്തെ ഉപയോഗപ്പെടുത്തി. വിക്രമാദിത്യ സദസിലെ ‘നവരത്‌ന’ങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന കവികളില്‍ പ്രഗത്ഭനായിരുന്നു കാളിദാസന്‍. ‘ശാകുന്തളം’, ‘രഘുവംശം’, ‘മാളവികാഗ്നിമിത്രം’, ‘വിക്രമോര്‍വശീയം’, ‘കുമാരസംഭവം’, ‘മേഘദൂതം’ മുതലായ ഉത്കൃഷ്ട കൃതികള്‍ ഇന്ത്യക്കകത്തും പുറത്തും പ്രചാരം നേടി. ‘മുദ്രാരാക്ഷസം’, ‘ദേവീ ചന്ദ്രഗുപ്തം’ എന്നീ നാടകങ്ങളുടെ രചയിതാവായ വിശാഖദത്തന്‍, ‘മൃച്ഛകടികം’ എഴുതിയ ശൂദ്രകന്‍, ‘അമരകോശം’ എന്ന നിഘണ്ടു രചിച്ച അമരസിംഹന്‍ ഇവരെല്ലാം ഗുപ്തകാലത്തെ മഹാപ്രതിഭകളായിരുന്നു. യാഞ്ജവല്‍ക്യന്റെ ധര്‍മ്മശാസ്ത്രങ്ങളും ചാണക്യന്റെ രാഷ്ട്രതന്ത്രങ്ങളും പിറവിയെടുത്തത് ഈ മണ്ണിലാണ്.ആ സാംസ്‌കാരിക മഹിമയെയും ധര്‍മ്മശാസനങ്ങളെയും നീതിശാസ്ത്രങ്ങളെയും ഭൗതിക ശാസ്ത്രീയചിന്തകളെയും ഷഡ്ദര്‍ശനങ്ങളെയും തമസ്‌കരിച്ച് മനുവിന്റെ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയെയും ബ്രാഹ്മണ പൗരോഹിത്യത്തെയും രക്തവിശുദ്ധി മാഹാത്മ്യത്തെയും വിദ്യാഭ്യാസമണ്ഡലങ്ങളില്‍ സംഘകുടുംബം അരിയിട്ടുവാഴിക്കുമ്പോള്‍ സമഭാവനയുടെയും മാനവികതയുടെയും ഭൗതിക ശാസ്ത്രീയ ചിന്തയുടെയും പുത്തന്‍ അന്വേഷണങ്ങളുടെയും വക്താക്കളും പ്രയോക്താക്കളുമാവേണ്ടവരാണ് ഇടതുപക്ഷവും മതനിരപേക്ഷ ജനാധിപത്യവിശ്വാസികളും.
വിദ്യാഭ്യാസത്തിലെ നവീനങ്ങളും മതനിരപേക്ഷതയില്‍ അധിഷ്ഠിതവുമായ അധ്യായങ്ങള്‍ ശിരച്ഛേദം ചെയ്യപ്പെടുമ്പോള്‍ തന്ത്രമാര്‍ഗങ്ങളല്ല, വിദ്യാ തത്വശാസ്ത്രത്തിന്റെ മഹനീയതയെയാണ് ഇടതുപക്ഷം സ്വീകരിക്കേണ്ടത്. ‘വിദ്യാധനം സര്‍വധനാല്‍ പ്രധാനം’ എന്ന ആപ്തവാക്യത്തെ കൈവിടാതെ കാത്തുസൂക്ഷിക്കേണ്ടത് ഇടതുപക്ഷത്തിനെ കാലമേല്പിച്ച കടമയാണ്. വിദ്യാഭ്യാസ പണ്ഡിതന്‍ ബര്‍ട്രാഡ് റസല്‍ പറഞ്ഞത്: ”വിദ്യാഭ്യാസത്തിലൂടെ നേടേണ്ടത്, നാം സ്വാഭാവികമായും ആഗ്രഹിക്കുന്നതരത്തിലുമുള്ള വ്യക്തിനിര്‍മ്മിതിയും സമൂഹനിര്‍മ്മിതിയുമാണെ”ന്നാണ്. അങ്ങനെയെങ്കില്‍ വിദ്യാഭ്യാസത്തിലെ വിഷലിപ്ത അജണ്ടകള്‍ക്കെതിരെ ഇടതുപക്ഷം ഉറങ്ങാതെ കാവല്‍ നില്‍ക്കണം.
(അവസാനിക്കുന്നു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.