
നമ്മുടെ സ്വന്തം മലയാള ഭാഷയിലെ പഴഞ്ചൊല്ലുകള്‍ എത്ര അന്വര്‍ത്ഥമാണെന്ന് തെളിയിക്കുന്നതായിരുന്നു ഓഗസ്റ്റ് 17 ഞായറാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ പത്രസമ്മേളനം.
ഓഗസ്റ്റ് ഏഴാം തീയതി ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ബംഗളൂരു സെന്‍ട്രല്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന മഹാദേവപുര എന്ന നിയമസഭ മണ്ഡലത്തില്‍ നടന്ന 1,00,029 വോട്ടുകളുടെ തിരിമറിയെ കുറിച്ച് വിശദമായ രേഖകളുടെ അടിസ്ഥാനത്തില്‍ ആരോപണമുന്നയിച്ച് പത്തുദിവസത്തിനുശേഷമാണ്, ബിഹാറിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിലെ അപാകതകള്‍ക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷമൊട്ടാകെ പ്രക്ഷോഭം ആരംഭിക്കുന്ന ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പത്രസമ്മേളനം നടത്തിയത്. ഓഗസ്റ്റ് ഏഴിന് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടിക തിരിമറിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ ഇവയാണ്. മഹാദേവപുര മണ്ഡലത്തില്‍ ഇരട്ടവോട്ട് 11,965, വ്യാജ മേല്‍വിലാസം 40,009, ഒരു വിലാസത്തില്‍ അനേകം വോട്ടുകള്‍ 10,452, പുതിയ വോട്ടുകള്‍ ചേര്‍ക്കുന്നതില്‍ ഫോം ആറ് ദുരുപയോഗം ചെയ്ത് 33,692, അതായത് 80, 90 വയസായ കന്നിവോട്ടര്‍മാര്‍, ഫോട്ടോ ഇല്ലാത്തതും തെളിയാത്തതും 4,132. ആകെ 1,00,029 വ്യാജ വോട്ടുകള്‍. ഇത്രയുമാണ് ഏഴടി പൊക്കത്തിലുള്ള പ്രിന്റ് ചെയ്ത വോട്ടര്‍ പട്ടിക ആറുമാസം പരിശോധിച്ച് പ്രതിപക്ഷ നേതാവ് ചുമതലപ്പെടുത്തിയ സംഘം കണ്ടുപിടിച്ചത്. ഡിജിറ്റല്‍ വോട്ടര്‍ പട്ടിക ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.
ബിഹാറിനെ സംബന്ധിച്ചിടത്തോളം 65 ലക്ഷം പേരെ ഒഴിവാക്കി. അതില്‍ 22 ലക്ഷം മരിച്ചുപോയവരും 35 ലക്ഷം നാട്ടിലില്ലാത്തവരും ആണത്രേ. എന്നാല്‍ ഈ 65 ലക്ഷം എന്ന ഒരു കൊട്ടക്കണക്ക് പറയുന്നതല്ലാതെ അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കമ്മിഷന്‍ ഒരുക്കമല്ല. അത് വോട്ടര്‍മാരുടെ സ്വകാര്യതയെ ബാധിക്കും എന്നാണ് ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ വാദം. ശരി, എന്നാല്‍ മരിച്ചുപോയ 22 ലക്ഷം പേരുകള്‍ പുറത്തുവിടുന്നത് ആരുടെ സ്വകാര്യതയെയാണ് ബാധിക്കുക? ആ മരിച്ചുപോയവരില്‍ ചിലര്‍ ദില്ലിയില്‍ പ്രതിപക്ഷ നേതാവിനും യോഗേന്ദ്രയാദവിനുമൊപ്പം സുപ്രീം കോടതി കാന്റീനിലും കഴിഞ്ഞ ദിവസം ചായ കുടിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇനിയും മരിച്ചിട്ടില്ല നമ്മള്‍ എന്നും പറഞ്ഞ്. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറയുന്നത് 45 ദിവസം കഴിഞ്ഞ് ഒരു പരാതിയും സ്വീകരിക്കില്ല എന്നാണ്. തെരഞ്ഞെടുപ്പ് കമ്മിഷനു മുമ്പില്‍ സത്യവാങ്മൂലം നല്‍കി തെളിവ് ഹാജരാക്കണം എന്നാണ്. കുറെക്കാലം വോട്ട് ചെയ്ത പൗരന്മാര്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കൈവശമുള്ള അതേ രേഖകളാണ് ബംഗളൂരുവില്‍ രാഹുല്‍ ഗാന്ധിയും തൃശൂരില്‍ വി എസ് സുനില്‍ കുമാറും പൊതുജനങ്ങള്‍ക്ക് മുമ്പാകെ ഉയര്‍ത്തിക്കാട്ടിയത്. ബംഗളൂരുവില്‍ കാണിച്ച വോട്ടര്‍ പട്ടികയിലെ കചടതപ പിതാവിന് ജനിച്ച പൂജ്യം, പൂജ്യം, പൂജ്യം വീട്ടുനമ്പറുള്ള വോട്ടറുടെ നിജസ്ഥിതി പറയേണ്ടത് രാഹുല്‍ ഗാന്ധിയോ മറ്റ് പ്രതിപക്ഷ നേതാക്കളോ അല്ല; ഈ പട്ടിക തയാറാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷനാണ് എന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം, ഗോതമ്പുകഞ്ഞി കഴിക്കുന്നവനാണെങ്കിലും.
വോട്ടര്‍ പട്ടികയിലെ പിഴവുകളല്ല ചൂണ്ടിക്കാണിക്കപ്പെട്ടത്. അതിലെ വ്യാജ എന്‍ട്രികളാണ്. ആയിരം രൂപ കടം വാങ്ങി തിരിച്ചുതന്നില്ല എന്നല്ല പരാതി. ആയിരം രൂപ കടം ചോദിച്ചവന് കള്ളനോട്ട് കൊടുത്തു എന്നാണ്. രണ്ടും രണ്ടാണ്. ആദ്യത്തേത് ഒരു സിവില്‍ കേസ്, പണം കൊടുത്തവന്‍ തെളിയിക്കണം, രണ്ടാമത്തേത് ക്രിമിനല്‍ കേസ് കള്ളനോട്ട് കൊടുത്തവന്‍ ജയിലില്‍ പോകണം. വോട്ട് ചോരി ആരോപണത്തില്‍ വ്യാജ വോട്ടുകള്‍ വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നതാണ് ആരോപണം. ആ ആരോപണം വിരല്‍ചൂണ്ടുന്നത് ഒരു ക്രിമിനല്‍കുറ്റത്തിലേക്കാണ്. ഒരു ക്രിമിനല്‍കുറ്റം പിടിക്കപ്പെടുമ്പോഴാണ് അന്വേഷണം നടക്കുന്നത്. അതിന് സമയപരിധി ഇല്ല. ഒരു കൊലപാതകം നടന്ന് ആറുമാസം വരെ പിടിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ കേസില്ല എന്ന് പറയുന്നത് പോലെയുള്ള ഒരു വിഡ്ഢിത്തമാണ് വോട്ടര്‍പട്ടികയില്‍ നടന്ന തിരിമറി 45 ദിവസം കഴിഞ്ഞാല്‍ പിന്നെ അന്വേഷിക്കാനാവില്ല എന്ന് പറയുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പത്രസമ്മേളനത്തോടെ ഒരു കാര്യം വ്യക്തമാവുന്നു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മിഷന്‍ തയ്യാറല്ല. അപ്പോള്‍ വിചാരണ നടക്കേണ്ടത് ജനങ്ങളുടെ കോടതിയിലാണ്. ആ ജനകീയ കോടതിയിലെ നടപടിക്രമങ്ങള്‍ ബിഹാറിലെ സസ്റാമില്‍ നിന്ന് ഇന്ത്യ സഖ്യം ആരംഭിക്കുന്ന വോട്ട് അധികാര്‍ യാത്രയോടെ തുടക്കമായിക്കഴിഞ്ഞു. ജനങ്ങളുടെയും ഭരണഘടനയുടെയും പരമാധികാരം സംരക്ഷിക്കുവാന്‍ ആരംഭിക്കുന്ന ഈ യാത്രയില്‍ ഇന്ത്യ സഖ്യത്തിലെ എല്ലാ ഘടകകക്ഷികളുടെയും നേതാക്കള്‍ പങ്കുചേരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.