7 January 2025, Tuesday
KSFE Galaxy Chits Banner 2

ഇന്ത്യന്‍ കര്‍ഷകരും ഭരണകൂട വിവേചനവും

സത്യന്‍ മൊകേരി
വിശകലനം
January 6, 2025 4:26 am

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് നമ്മുടേത്. 141 കോടിയിലധികമാണ് ഇന്ത്യയിലെ ജനസംഖ്യ. ജനസംഖ്യയില്‍ 58 ശതമാനത്തിലധികം കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. അതായത് 86 കോടിയിലധികം പേര്‍. നാമമാത്ര ദരിദ്രകര്‍ഷകരും, ചെറുകിട — ഇടത്തരം കര്‍ഷകരും ധനിക കര്‍ഷകരും കുലാക്കുകളുമായ കര്‍ഷകരും അടങ്ങുന്നതാണ് അതിവിപുലമായ കാര്‍ഷിക മേഖല. ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക വിപണിയായി ഇന്ത്യന്‍ വിപണി മാറുകയാണ്. വളര്‍ന്നുവരുന്ന കാര്‍ഷിക മേഖലയും അതിന്റെ വലിയ സാധ്യതയുള്ള വിപണിയും കയ്യടക്കുവാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് ആഗോള‑ദേശീയ കോര്‍പറേറ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകരാജ്യങ്ങളുടെ മുകളില്‍ മേധാവിത്തം അടിച്ചേല്പിക്കുന്നതിനും ലോകത്തെ മുഴുവന്‍ സമ്പത്തും കയ്യടക്കുന്നതിനുമായി വലിയ ശ്രമങ്ങള്‍ നടത്തുന്ന ആഗോള‑ദേശീയ മൂലധന ശക്തികള്‍ കാര്‍ഷിക മേഖലയെയും സ്വന്തം കെെപ്പിടിയില്‍ കൊണ്ടുവരാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായി. 1990 മുതല്‍ ലോകത്ത് ശക്തിപ്പെട്ട ആഗോള സാമ്പത്തിക നയത്തിലൂടെ വിവിധ മേഖലകളെ കയ്യടക്കാനുള്ള നീക്കമാണ് മൂലധന ശക്തികള്‍ നടത്തുന്നത്. പ്രകൃതിവിഭവങ്ങളും ആയുധങ്ങളും ഊര്‍ജമേഖലയും തുറമുഖ, റെയില്‍, വിമാന മേഖലകളും വിദ്യാഭ്യാസ, ആരോഗ്യരംഗവും കയ്യടക്കി തങ്ങളുടെ ലാഭം കുന്നുകൂട്ടുന്ന ധനശക്തികള്‍, അതുകൊണ്ടുമാത്രം ലോക രാഷ്ട്രങ്ങളെ തങ്ങളുടെ കെെപ്പിടിയില്‍ കൊണ്ടുവരാന്‍ കഴിയില്ല എന്ന് മനസിലാക്കിയിട്ടുണ്ട്. അതിനായി ഭക്ഷ്യമേഖലയുടെ കുത്തക കെെവശപ്പെടുത്താനുള്ള നീക്കത്തിലാണവര്‍.
ലോകത്തെ 816 കോടിയിലധികം വരുന്ന ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യമേഖല കയ്യടക്കിയാല്‍ തങ്ങളുടെ വരുതിയിലാകും ലോകം എന്ന് അവര്‍ മനസിലാക്കിയിട്ടുണ്ട്. അതിനായി കര്‍ഷകരെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്ത് ചാടിക്കുകയാണ്. കാര്‍ഷിക മേഖലയാകെ കുത്തകവല്‍ക്കരിക്കാനുള്ള നീക്കങ്ങളാണ് ലോകത്ത് എല്ലായിടത്തും നടക്കുന്നത്. ധനമൂലധനശക്തികളുടെ താല്പര്യത്തിനായി നിലകൊള്ളുന്ന ഭരണകൂടങ്ങള്‍, അതിനാവശ്യമായ നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുകയും ചെയ്യുന്നു. അതിന്റെ ഭാഗമായാണ് നമ്മുടെ രാജ്യത്ത് കര്‍ഷക നിയമം കൊണ്ടുവന്നത്. 

കരാര്‍ കൃഷി സമ്പ്രദായത്തിലൂടെ കൃഷിഭൂമി തട്ടിയെടുക്കാന്‍ നടത്തിയ നീക്കങ്ങളെ കര്‍ഷകര്‍ ഒന്നിച്ചണിനിരന്ന് ചെറുത്തതാണ് ആദ്യം കണ്ടത്. ലോകശ്രദ്ധയില്‍ വന്ന കര്‍ഷകസമരം കര്‍ഷകരുടെ ഐക്യത്തിന്റെ വിജയമാണ്. വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ വെെരുധ്യം മാറ്റിവച്ച് കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാനായി ഒരു വര്‍ഗം എന്ന നിലയില്‍ ഒന്നിച്ച് അണിചേര്‍ന്നു. സമരം ലോകം ശ്രദ്ധിക്കുകയും ചെയ്തു. അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ രൂപീകരണം കര്‍ഷക ഐക്യത്തിന്റെ വിളംബരമായിരുന്നു. സംയുക്ത കര്‍ഷക മോര്‍ച്ച എന്ന പേരിലാണ് കര്‍ഷക ഐക്യവേദി ഇപ്പോള്‍ അറിയപ്പെടുന്നത്. അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ കോ-ഓഡിനേഷന്‍ കമ്മിറ്റിയെയും പിന്നീട് രൂപംനല്‍കിയ സംയുക്ത കര്‍ഷക മോര്‍ച്ചയെയും ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ അഖിലേന്ത്യ കിസാന്‍ സഭ (എഐകെഎസ്) പ്രധാന പങ്ക് വഹിച്ചു.
പ്രതികൂല കാലാവസ്ഥയില്‍ സമരം ചെയ്ത 700ലധികം കര്‍ഷകര്‍ സമരഭൂമിയില്‍ കൊല്ലപ്പെട്ടു. അതില്‍ 37 പേര്‍ കിസാന്‍ സഭ പ്രവര്‍ത്തകരാണ്. പൊലീസ് മര്‍ദനത്തില്‍ നിരവധി പേര്‍ക്ക് മാരകമായ പരിക്ക് പറ്റി. ലഖിംപുര്‍ ഖേരി പ്രദേശങ്ങളില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് കര്‍ഷകരെ അറസ്റ്റ് ചെയ്തു കള്ളക്കേസുകളില്‍ പ്രതികളാക്കി. ഇതിനെയെല്ലാം അതിജീവിച്ചാണ് സമരം ശക്തിപ്പെട്ടത്. ഗത്യന്തരമില്ലാതെ കര്‍ഷകവിരുദ്ധ നിയമം പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറായെങ്കിലും കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഇനിയും നടപ്പില്‍ വരുത്തിയിട്ടില്ല. അതേ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭം രാജ്യത്ത് വളര്‍ന്നുവരികയാണ്.

വളര്‍ന്നുവന്ന കര്‍ഷക ഐക്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും ബിജെപിയും കേന്ദ്രഭരണവും നടത്തുന്നുണ്ട്. സംയുക്ത കര്‍ഷക മോര്‍ച്ച (രാഷ്ട്രീയേതരം) എന്ന പേരില്‍ രംഗത്തുവന്ന സംഘടന അതിന്റെ ഭാഗമാണ്. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യത്തില്‍ പിറകോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് രാജ്യത്ത് വളര്‍ന്നുവരുന്നത്. പ്രക്ഷോഭം വിവിധ തലങ്ങളിലായി കൂടുതല്‍ ശക്തിപ്പെടുകയാണ്.
കേരളത്തിലെ കര്‍ഷകര്‍ സംസ്ഥാനത്തിന്റെ പുരോഗതിയില്‍ വലിയ പങ്കാണ് വഹിച്ചത്. രാജ്യത്തിന്റെ മാതൃകയായ ഭൂപരിഷ്കരണ നിയമം 1970 ജനുവരിയില്‍ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ കാര്‍ഷികമേഖല ഏറെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്താനുള്ള നിരവധി പദ്ധതികള്‍ക്ക് കേരളത്തില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പിലാക്കുകയുണ്ടായി. കര്‍ഷകരെ പുതിയ മനുഷ്യരായി വളര്‍ത്തിക്കൊണ്ടുവരാനും അതിന് കഴിഞ്ഞിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്‍ ഏറെ ആശ്വാസകരമാണ്. ഈ പദ്ധതികളോടൊപ്പം കര്‍ഷകര്‍ ഉയര്‍ത്തിയ ആവശ്യങ്ങളും പരിഗണിക്കേണ്ടതായിട്ടുണ്ട്.
കര്‍ഷക ക്ഷേമ നിധി ബോര്‍ഡ് സര്‍ക്കാരിന്റെ പ്രഖ്യാപനമാണെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. കടാശ്വാസ കമ്മിഷന്‍ രാജ്യത്തിന് മാതൃകയായ പദ്ധതിയാണ്. കര്‍ഷകരെ കടത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി കടാശ്വാസ കമ്മിഷന്‍ നല്‍കിയ ഉത്തരവുകളില്‍ പലതും പണം ഇല്ലാത്തതുകൊണ്ട് നടപ്പിലാകുന്നില്ല. കമ്മിഷന്‍ ഉത്തരവിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കണമെങ്കില്‍ അതിനാവശ്യമായ പണം നല്‍കണം. ഭൂമി തരംമാറ്റലിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന പണം കാര്‍ഷിക അഭിവൃദ്ധികള്‍ക്ക് വേണ്ടി ചെലവഴിക്കുന്നതിനായി മാറ്റിവയ്ക്കണം. ഹോര്‍ട്ടികോര്‍പ്പ് എന്ന മാര്‍ക്കറ്റിങ് സംവിധാനം കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നുണ്ട്. കര്‍ഷകരില്‍ നിന്നും ഉല്പന്നങ്ങള്‍ ആദായകരമായ വില നല്‍കി സംഭരിക്കുക, വിപണനത്തിലൂടെ ജനങ്ങള്‍ക്ക് നല്‍കുക എന്നതാണ് പദ്ധതി. രാജ്യത്തിന് മാതൃകയായ നല്ല ഇടപെടലാണ് പ്രസ്തുത പദ്ധതി. എന്നാല്‍ പണം ലഭ്യമാക്കാത്തതിനാല്‍ ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. എന്തുകൊണ്ട് പണം ഉറപ്പാക്കുന്നില്ല എന്ന ചോദ്യം കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്.

നെല്ല് സംഭരിച്ചാല്‍ അതിന്റെ പണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സംഭരിച്ച നെല്ലിന്റെ പണം നല്‍കാതെ കര്‍ഷകരെ ശ്വാസം മുട്ടിക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംഭരിക്കുന്ന നെല്ലിന്റെ വില കാലോചിതമായി വര്‍ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും തയ്യാറാകണം. വന്യമൃഗങ്ങള്‍ കാര്‍ഷികമേഖലയിലേക്ക് കടന്നുവരികയാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്നു. അവയുടെ ആക്രമണത്തില്‍ നിരവധി കര്‍ഷകര്‍ ഇതിനകം മരണപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ വലിയ ദുരന്തത്തിലാണ്. കാലാവസ്ഥാ വ്യതിയാനവും കാര്‍ഷികമേഖലയെ ദുരിതത്തിലാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യണം. ഭൂമിയുടെ ദുരുപയോഗവും കൃഷിയെ നശിപ്പിക്കുന്നു. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് മാത്രമേ കൃഷിയെ സംരക്ഷിക്കുവാനും വളര്‍ത്തുവാനും കഴിയൂ. പുത്തന്‍ കാര്‍ഷിക കേരളത്തിനായി കര്‍ഷകര്‍ രംഗത്തുവരണം. വയനാട്ടിലുണ്ടായ പ്രകൃതിദുരന്തം പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തതിന്റെ അനന്തരഫലമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുന്നു. പ്രകൃതിദുരന്തം ഉണ്ടാകുമ്പോള്‍ മാത്രം ഇടപെടലുണ്ടായാല്‍ പോര. പരിഹാരത്തിനായി ദീര്‍ഘവീക്ഷണത്തോടെ നടപടി ഉണ്ടാകണം. മാധവ് ഗാഡ്ഗില്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്യണം. ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കണം. ഗ്രാമസഭകളിലും മറ്റ് ജനകീയ വേദികളിലും ചര്‍ച്ച ചെയ്ത് ജനങ്ങളുടെ അഭിപ്രായം തേടുന്നതിനും നടപടികള്‍ സ്വീകരിക്കണം. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് മാത്രമേ മനുഷ്യനും ഭൂമിയും കൃഷിയും നിലനില്‍ക്കുകയുള്ളു എന്ന് മനസിലാക്കണം. 1961ലെ കേരള വനനിയമം ഭേദഗതി ചെയ്യുന്നതിൽ ആശങ്കയിലാണ് കുടിയേറ്റ കർഷകർ. വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന കർഷകരുടെ ജീവിതം വനവുമായി ബന്ധപ്പെട്ടിരിക്കുന്നു. വനത്തിൽ പ്രവേശിക്കുന്നതിനും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും കടുത്ത ശിക്ഷയാണ് ഭേദഗതിയിൽ നിർദേശിക്കുന്നത്. നിയമം പ്രാബല്യത്തിൽ വന്നാല്‍ തങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാകുമെന്ന ആശങ്ക നിലനില്‍ക്കുന്നു. രാജ്യത്ത് കാര്‍ഷികമേഖലയില്‍ മുന്‍കാലത്തൊന്നും ഇല്ലാത്ത അതീവ ഗുരുതരമായ പ്രതിസന്ധികള്‍ വളര്‍ന്നുവന്ന സന്ദര്‍ഭത്തിലാണ് എഐകെഎസ് ദേശീയ സമ്മേളനം ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് വരെ തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നടക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന സമ്മേളനം ഇന്നു മുതല്‍ എട്ട് വരെ എറണാകുളം ജില്ലയിലെ പറവൂരില്‍ നടക്കും. ‘സംരക്ഷിക്കുക മണ്ണ്, ജലം, പരിസ്ഥിതി’ എന്ന മുദ്രാവാക്യമാണ് പറവൂര്‍ സമ്മേളനത്തിലേക്ക് കിസാന്‍സഭ മുന്നോട്ടുവച്ചിട്ടുള്ളത്. അതിലൂടെ മാത്രമേ കൃഷിയെയും കര്‍ഷകനെയും രക്ഷിക്കാന്‍ കഴിയൂ.

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.