
”രക്തസാക്ഷികളാം രത്നങ്ങൾ
അക്ഷയഖനിയായ ഭൂമി.…
ലോകം ഒരു യാഗവേദിയാകുവാൻ സ്വയം
ഹോമിച്ചതാണാ പുഷ്പം”
കണിയാപുരം രാമചന്ദ്രന്റെ ഈ കാവ്യശകലം രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് അന്വർത്ഥമാണ്. ഇന്ന് ചരിത്രം തിരുത്തിയെഴുതുകയും പാഠപുസ്തകങ്ങളിൽ വർഗീയ ഫാസിസ്റ്റ് അജണ്ടകൾ ഉൾച്ചേർക്കുകയും ചെയ്യുന്ന ഫാസിസ സിദ്ധാന്തത്തിൽ അഭിരമിക്കുന്ന ഭരണകൂടത്തിന്റെ ഇരുണ്ട കാലത്താണ് നാം ജീവിക്കുന്നത്. ‘ചെറുപ്പത്തിലേ പിടികൂടുക’ എന്ന് പ്രഖ്യാപിച്ചത് ഫാസിസത്തിന്റെ സ്രഷ്ടാവായ, രക്തവിശുദ്ധിയുന്നയിച്ച്, ഗ്യാസ് ചേംബറുകളിലിട്ട് എണ്ണമില്ലാത്ത മനുഷ്യരെ കൊന്നുതള്ളിയ അഡോൾഫ് ഹിറ്റ്ലറാണ്. ഹിറ്റ്ലറായിരിക്കണം മാതൃക എന്ന് പ്രസ്താവിച്ച ആർഎസ്എസിന്റെ രണ്ടാമത്തെ സർ സംഘചാലകായ, സംഘകുടുംബത്തിന്റെ ‘ഗുരുജി’ മാധവ് സദാശിവ് ഗോൾവാൾക്കറുടെ അജണ്ടയാണ് സംഘപരിവാര ഭരണകൂടം പാഠ്യപദ്ധതിയെ വർഗീയ അജണ്ടകൾ അവതരിപ്പിച്ച് നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്.
മഹാത്മാഗാന്ധി 1948 ജനുവരി 30ന് മതഭ്രാന്തനായ നാഥുറാം വിനായക് ഗോഡ്സെയാൽ വധിക്കപ്പെട്ടു എന്നാണ് നാം പാഠപുസ്തകങ്ങളിൽ പഠിച്ചിരുന്നതെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളിൽ ചരിത്രം മാറുന്നു. 1948 ജനുവരി 30‑ന് മോഹൻദാസ് കരംചന്ദ് ഗാന്ധി അന്തരിച്ചു എന്ന് കുട്ടികളെ പഠിപ്പിച്ചുകൊണ്ട് ഗാന്ധിജിയുടെ രക്തസാക്ഷിത്വം ഇരുട്ടിലേയ്ക്ക് മറയ്ക്കുന്നൂ. കൊലയാളിയായ ഗോഡ്സെ വാഴ്ത്തപ്പെട്ടവനാവുകയും ചെയ്യുന്നൂ.
ഗോഡ്സെയ്ക്കായി അമ്പലങ്ങൾ പണിയുകയും പ്രതിമകൾ സൃഷ്ടിക്കുകയും ചെയ്യുന്നൂ. ഗാന്ധി വധത്തിന്റെ മുഖ്യസൂത്രധാരൻ ദാമോദർ സവർക്കർ, ഹിന്ദു മഹാസഭ രൂപീകരിച്ചു. പിന്നാലെ ആർഎസ്എസ് ആസൂത്രണ തന്ത്രജ്ഞനായ സവർക്കർ ആർഎസ്എസിനും ഇതര സംഘകുടുംബാംഗങ്ങൾക്കും വീർസവർക്കറായി. ‘ഹിന്ദുത്വം’ എന്ന അജണ്ടയുമായി ‘നാനാത്വത്തിൽ ഏകത്വം’ എന്ന ഇന്ത്യയുടെ മഹനീയ ആശയത്തെ ഹനിക്കുന്നവർ ഇന്ത്യയുടെ മഹാചരിത്രമഹിമയെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കുകയാണ്. ഈശ്വരന്റെ പേരിലാണ് ബിജെപിയും ആർഎസ്എസും രാഷ്ട്രീയ കുത്സിതയത്നങ്ങളിൽ ഏർപ്പെടുന്നത്. അവർ വധിച്ച ഗാന്ധിജി ‘യങ് ഇന്ത്യ’യിൽ 1924ൽ എഴുതി- ‘ഈശ്വരന്റെ സേവയും അതിലൂടെ മനുഷ്യസേവയുമാണ് എന്റെ വിശ്വാസപ്രമാണം.’ രാമനും റഹീമും ഒന്നുതന്നെയെന്ന് പറഞ്ഞ ഗാന്ധിജി ഈശ്വരൻ സത്യമാണെന്ന് കൂടി എഴുതി. രാമനെ ഉയർത്തി നടക്കുന്നവരുടെ ഈശ്വരൻ അസത്യത്തിന്റെയും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും അടയാളപത്രമാണ്.
ഗാന്ധിജി ഈ വിധമെഴുതി: ”ഈശ്വരൻ സർവോപരി സത്യമാണ്. കുറച്ചുകൂടി കടന്നു ചിന്തിക്കുകയാണെങ്കിൽ, സത്യമാണ് ഈശ്വരൻ എന്നു പറയേണ്ടിവരും. സത്യം ഈശ്വരനാണെന്ന പ്രസ്താവം നിരീശ്വരന്മാർക്കുപോലും അനിഷ്ടമാകാനിടയില്ല. ഓരോ മനുഷ്യവ്യക്തിയുടെയും ഉള്ളിലുള്ള ശബ്ദമാണ് സത്യം. അതു പലർക്കും പലമാതിരിയായി പ്രത്യക്ഷപ്പെടുന്നത്, മാനസിക വികാസത്തിന്റെ വ്യത്യാസം നിമിത്തമാണ്. മനസ് സത്യത്തിന്റെ സ്ഫുരണത്തിന് ആനുകൂലമായിത്തീരുവാൻ, ചില വ്രതങ്ങളിൽ നിഷ്ഠയുണ്ടായിരിക്കേണ്ടതാണ്. അഹിംസ, അസ്തേയം, ഇന്ദ്രിയനിഗ്രഹം മുതലായവയാണ് ആ വ്രതങ്ങൾ. ഇവയനുഷ്ഠിച്ച് ഭദ്രമായിത്തീർന്ന ആത്മാവുള്ളയാൾക്കുമാത്രമേ സത്യത്തിന്റെ ശബ്ദം കേൾക്കുവാൻ സാധിക്കുകയുള്ളു. എന്റെ രാജ്യം സ്വതന്ത്രമാകണമെന്നും അവശ്യമാണെങ്കിൽ മനുഷ്യവംശത്തിനുവേണ്ടി ഈ രാജ്യം മുഴുവനും മരിക്കണമെന്നുമുള്ളതാണ് എന്റെ ദേശീയബോധം. ” സ്വാതന്ത്യദാഹവുമായി, അഹിംസാശയത്തിലൂടെ, നിരാഹാരസമരത്തിന്റെ ശക്തി തെളിയിച്ച് പൊരുതിയ ഗാന്ധിജിയെയാണ് പാഠപുസ്തകങ്ങളിൽ നിന്ന് പുറത്താക്കുന്നത്. സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച, ബ്രിട്ടീഷുകാർക്ക് ദാസ്യപ്പണി ചെയ്തവരാണ് സംഘപരിവാരം. ബ്രിട്ടീഷ് മേധാവിത്വത്തിനും ജന്മിത്വ ഫ്യൂഡലിസത്തിനും എതിരെ പൊരുതിയ, കമ്മ്യൂണിസ്റ്റുകാരെയും ഭഗത്‌സിങ് ഉൾപ്പെടെയുള്ള ധീരരക്തസാക്ഷികളെയും ചരിത്രപാഠങ്ങളിൽ നിന്ന് തമസ്കരിക്കുന്നൂ. ‘മനുഷ്യനെ സ്വതന്ത്രനാക്കിത്തീർക്കാൻ കഴിയുന്ന ശക്തമായ ഒരു ഉപകരണമാണ് വിദ്യാഭ്യാസം. എല്ലാ മനുഷ്യരിലും നന്മയുടെ ഒരംശം നിലനിൽക്കുന്നുണ്ട്. അതിനെ ശരിയായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ പ്രകാശിപ്പിക്കാൻ കഴിയു. മനുഷ്യനെ സൽസ്വഭാവികളും നിസ്വാർത്ഥ സേവകരും ആക്കിത്തീർക്കാൻ കഴിയുന്ന വിദ്യാഭ്യാസം മാത്രമാണ് യഥാർത്ഥ വിദ്യാഭ്യാസം. എന്നാൽ അത്തരം വിദ്യാഭ്യാസം പോലും ജീവിതത്തിന്റെ മാർഗം മാത്രമാണ്. ’ ഗാന്ധിജി പറഞ്ഞ യഥാർത്ഥ വിദ്യാഭ്യാസം ഇന്ന് ഫാസിസ്റ്റ് ഭരണകൂടത്താൽ അയഥാർത്ഥ വിദ്യ — അഭ്യാസമായി പരിണമിക്കുന്നു. മതനിരപേക്ഷ പതാക ഉയർത്തിപ്പിടിച്ച, മാനവിക മൂല്യസന്ദേശം പകർന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിനെപ്പോലും സംഘപരിവാര ഭരണകൂടം നിന്ദിക്കുന്നു. പക്ഷേ കോൺഗ്രസ് നേതാക്കൾ ഗാന്ധിജിയുടെയും നെഹ്രുവിന്റെയും മൗലാന അബ്ദുൾ കലാം ആസാദിന്റെയും പാരമ്പര്യ സന്ദേശങ്ങൾ പാടേ മറന്നുപോയി എന്നത് വർത്തമാനകാല ദുരന്തമാണ്. സംഘപരിവാര ശക്തികളെ പിന്തുണയ്ക്കുന്ന കൂട്ടരായി കൈപ്പത്തിയിൽ നിന്നും താമരയിലേയ്ക്ക് മാറുന്ന, ഖദറിനെ വെറുക്കുന്ന കാവിയെ പ്രണയിക്കുന്ന കോൺഗ്രസുകാർ. മഹാത്മാവിനെ വീണ്ടും വീണ്ടും ആർഎസ്എസുകാർ വധിക്കുമ്പോൾ നിശബ്ദമാകുന്നു കോൺഗ്രസ്. രാജ്യത്തിന്റെ ചരിത്രപാഠങ്ങളെ തമസ്കരിക്കുകയാണവർ. കാലം ഇക്കൂട്ടർക്ക് മാപ്പുനൽകുകയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.