26 December 2024, Thursday
KSFE Galaxy Chits Banner 2

അരിവാളരയിൽ തിരുകിയിറങ്ങിയ ചെറുമിപ്പെണ്ണാളേ

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
May 23, 2024 4:38 am

പി എം ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം ഒരു മലയാളിയെയും കാണിക്കരുതെന്ന നിർബന്ധബുദ്ധിയോടെ ക്രൈസ്തവ തീവ്രവാദികൾ തെരുവിലിറങ്ങിയ കാലം. ആ നാടകം കണ്ടിട്ടില്ലാത്ത പുരോഹിതന്മാരും കന്യാസ്ത്രീകളും വിദ്യാർത്ഥിസമൂഹമടങ്ങുന്ന പാവം വിശ്വാസികളുമായി തെരുവ് നിറഞ്ഞാടി. നാടകകൃത്തും നടീനടന്മാരും കയ്യിൽ വിലങ്ങണിഞ്ഞ് ആലപ്പുഴ നഗരത്തിലൂടെ, നാടകം കളിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി പ്രതിഷേധയാത്ര നടത്തി. ആവിഷ്കാര സ്വാതന്ത്ര്യം ഒരു വിഷയമായി കേരളത്തിലെവിടെയും ചര്‍ച്ച ചെയ്യപ്പെട്ടു. തെലുങ്ക് വിപ്ലവകവി ഗദ്ദർ അടക്കമുള്ളവർ പങ്കെടുത്ത വലിയ സമ്മേളനങ്ങൾ. അക്കൂട്ടത്തിൽ കോട്ടയത്തു നടന്ന ഒരു സമ്മേളനത്തിൽ വച്ചാണ് കരുമാടി നൃത്തം എന്ന കവിത ഞാനാദ്യം കേട്ടത്. കൊടുമ്പാറ പിളർക്കുന്ന കടമ്മനിട്ടക്കുരലല്ല, സൂചിപോലെ മസൃണവും തുളഞ്ഞു കയറുന്നതുമായ വയൽപ്പാട്ടിന്റെ നാദം. ഉള്ളിൽ കത്തിപ്പടരുന്ന പോരാട്ടവീര്യം. അരിവാളരയിൽ തിരുകിയിറങ്ങിയ ചെറുമിപ്പെണ്ണാളേ.… കാളിക്കലി കൊണ്ടാടി വാ… കറുത്ത കുട്ടികളേ കരിമ്പുലികളേ ചെമ്പുലികളേ സിംഹക്കുട്ടികളേ ഏങ്ങടെ ചോരയ്ക്ക് നിങ്ങടെ ചോര എന്ന് അലറിവിളിച്ചു വാ… എന്നായിരുന്നു ആഹ്വാനം.
കെ കെ എസ് ദാസ് കവിത ചൊല്ലി നിറയുമ്പോൾ ആവേശത്തിന്റെ വൻകടൽ തിരയടിച്ചുയരുമായിരുന്നു. ചാത്തൻതറ എന്ന ഗ്രാമം ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകാലത്തുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെൽ ഭരണം എന്ന പേരിൽ വിമോചനസമരക്കാരും പിന്നീടുവന്ന വലതുപക്ഷഭരണക്കാരും ഹിറ്റ്ലിസ്റ്റിൽ പെടുത്തിയിരുന്ന ഗ്രാമം. അവിടെയാണ് കെ കെ എസ് ദാസ് ജനിച്ചു വളർന്നത്. മാർക്സിസമായിരുന്നു ആദ്യം സിരകളിലോടിയത്. ആ പ്രചോദനം അവസാനകാലം വരെ തുടർന്നു. കമ്മ്യൂണിസത്തിൽ നിലയുറപ്പിച്ചുകൊണ്ട് സന്ധിയില്ലാത്ത യുക്തിവാദത്തിലേക്കും അംബേദ്കറിസത്തിലേക്കും അദ്ദേഹം സഞ്ചരിച്ചു. ചരിത്രത്തിലെ ഇരുണ്ട ഇടനാഴികളിൽ നിന്നും പണിയെടുക്കുന്നവരുടെ നിലവിളികൾ അദ്ദേഹം ഒപ്പിയെടുത്തു. യുക്തിബോധത്തിന്റെ പടവുകൾ കയറിയ കെ കെ എസ് ദാസ് കേരളയുക്തിവാദി സംഘത്തിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായി നേതൃത്വം നൽകി. നൈനാൻകോണം ഭൂസമരത്തിന് വെളിച്ചം നല്‍കിയ ദാസ്, കഴുത്തിൽ കുരുക്കിട്ട് മണ്ണെണ്ണപ്പാട്ടയുമായി മരത്തിൽ കയറിയിരുന്ന ചെങ്ങറ സമരക്കാരോട്, ഇതൊന്നുമല്ല സമരമുറ എന്നുപറഞ്ഞ് വിയോജിച്ചു. 

പൊരുത്തക്കേടുകളുമായി ഏറ്റുമുട്ടിയപ്പോഴെല്ലാം ദാസിലെ വിപ്ലവകാരി പന്തംകൊളുത്തി സഞ്ചരിക്കുകയായിരുന്നു. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അംബേദ്കർ കൃതികൾ പുറത്തിറക്കാൻ സഹായിച്ച ദാസ്, ആ വഴിയിലൂടെ ബഹുദൂരം സഞ്ചരിച്ചു. സീഡിയൻ സർവീസ് സൊസൈറ്റിയിലൂടെ വർഗസമരവും ദളിത് ചിന്തയും യോജിപ്പിക്കേണ്ടതെങ്ങനെയെന്ന് ചൂണ്ടിക്കാണിച്ചു. വിയോജിപ്പുകളോടായിരുന്നു ദാസിന്റെ എല്ലാ സംവാദങ്ങളും. ജാതിവിരുദ്ധ മതേതര വേദിയിലൂടെ തന്റെ തനി മനുഷ്യസമൂഹം എന്ന ആശയത്തെ ആവിഷ്കരിക്കാൻ ശ്രമിച്ചു. മലനാടിന്റെ മാറ്റൊലി, അംബേദ്കർ, വില്ലുവണ്ടി തുടങ്ങിയ കാവ്യപരിശ്രമങ്ങൾ സമൂഹനന്മയെ ലക്ഷ്യമിട്ടു.
വ്യക്തിചിന്ത ദാസിന് അപരിചിതമായിരുന്നു. ദേശീയ ദളിത് വിമോചന മുന്നണിയിലും ഭൂസമര മുന്നണിയിലും ജനകീയ സാംസ്കാരിക വേദിയിലുമെല്ലാം ദാസ് തന്റെ ചിന്തകൾ അവതരിപ്പിച്ചു. കരുമാടി നൃത്തം പെൻഗ്വിൻ പ്രസിദ്ധീകരിക്കുകയും ഓക്സ്ഫോഡ് സർവകലാശാല സിലബസിൽ പെടുകയും ചെയ്തിട്ടുണ്ട്. ദാസിനു കിട്ടിയ പുരസ്കാരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് കാഞ്ഞിരപ്പള്ളിയിലെ പുരോഗമന ചിന്താഗതിക്കാർ നൽകിയ കാരവൻ അവാര്‍ഡ് ആണെന്ന് തോന്നുന്നു. പുരസ്കാരങ്ങളിൽ തീരെ ആകൃഷ്ടനായിരുന്നില്ല ആ യഥാർത്ഥ സാംസ്കാരിക പ്രവർത്തകൻ. നിരവധി രാഷ്ട്രീയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ദാസ്, മാർക്സിയൻ ദർശനങ്ങളിൽ നിന്നും ഒട്ടും വ്യതിചലിക്കാതെതന്നെ കീഴാളജനതയുടെ മോചനസ്വപ്നങ്ങൾ അവതരിപ്പിച്ചു. 10 വർഷത്തിലധികമായി പേസ്‌മേക്കറിന്റെ സഹായത്തിൽ മുന്നോട്ടുപോയ ദാസ്, അവസാനദിവസവും അർധരാത്രിവരെ എഴുതിക്കൊണ്ടിരുന്നു. ഉറക്കത്തിൽ ആ ഹൃദയം നിലച്ചു. കേരളം വേണ്ടരീതിയിൽ ശ്രദ്ധിക്കാതെ പോയ ഒരു പ്രതിഭയായി കെ കെ എസ് ദാസ് ചെറുപുഞ്ചിരിയോടെ വായനക്കാരുടെ മനസിൽ നിലനിൽക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.