22 December 2024, Sunday
KSFE Galaxy Chits Banner 2

പന്ന്യന്‍ പറഞ്ഞ കോടീശ്വരസഭ…

ദേവിക
വാതിൽപ്പഴുതിലൂടെ
June 10, 2024 4:15 am

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പരാജിതനായ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത് രണ്ട് കോടീശ്വരന്മാരോടാണ് ഏറ്റുമുട്ടി താന്‍ പരാജയപ്പെട്ടതെന്നായിരുന്നു. ശരിയാണ്. ജയിച്ച ശശി തരൂരും പന്ന്യനോടൊപ്പം തോറ്റ രാജീവ് ചന്ദ്രശേഖറും മഹാകോടീശ്വരന്മാരാണ്. ജനാധിപത്യത്തെ പണാധിപത്യം വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന മഹാദുരന്തവും ആപത്തും ഓര്‍മ്മിപ്പിക്കുന്നവയായിരുന്നു പന്ന്യന്റെ വാക്കുകള്‍. എന്നാല്‍ പണംകൊണ്ട് ഭരണവും ചെങ്കോലും കിരീടവും നേടാമെന്ന ദുരവസ്ഥയുണ്ടാകുന്നത് ജനാധിപത്യ ധ്വംസനത്തിലേക്ക് വഴിതെളിക്കുന്നതെന്ന് നാമാരും കാണാതെ പോകരുത്. കാശുണ്ടെങ്കില്‍ തങ്ങളെ വിലയ്ക്കെടുത്തോളു എന്ന് ജനവും നിന്നുകൊടുക്കുന്ന നിന്ദിതകാലം. തന്റെ കാശുവേണ്ട, ഞങ്ങള്‍ക്ക് തോന്നിയവര്‍ക്ക് വോട്ട് ചെയ്യും എന്ന് പറയാനുള്ള ധെെര്യം നമ്മുടെ ജനതയ്ക്ക് ചോര്‍ന്നുപോയിരിക്കുന്നുവോ? ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തുവന്ന രണ്ട് വീഡിയോ ദൃശ്യങ്ങള്‍ ജനാധിപത്യ സമൂഹത്തെ വിഹ്വലരാക്കുന്നു. ഒരു കുടുംബത്തിലെ എട്ടോ പത്തോ വോട്ടുകള്‍ വാങ്ങാന്‍ ഒരു കോഴിയും അരക്കുപ്പി വിലകുറഞ്ഞ റമ്മും നൂറുരൂപയും പരസ്യമായി നല്കുന്നതായിരുന്നു ഒരു ദൃശ്യം. അത് തെലങ്കാനയിലെ കാര്യം. മഹാരാഷ്ട്രയില്‍ ഒരു കിലോ അരിയും പത്ത് കിലോ പലവ്യഞ്ജനങ്ങളും ഒരു സാരിയും നല്കി വോട്ട് പിടിക്കുന്നതായിരുന്നു മറ്റൊരു വീഡിയോ. സാരിയുടെ ഗുണമേന്മ കുറഞ്ഞുവെന്ന് പറഞ്ഞ് വലിച്ചെറിയുന്ന സ്ത്രീകളുടെ പ്രതിഷേധവും അതിലുണ്ടായിരുന്നു. പട്ടുസാരിയായിരുന്നെങ്കില്‍ വോട്ട് ചെയ്യാമായിരുന്നുവെന്ന് പറയുന്ന ദരിദ്ര സ്ത്രീകള്‍. ജനാധിപത്യത്തെ നാണംകെടുത്തുന്ന ദൃശ്യങ്ങളായിരുന്നു അവ. തിരുവനന്തപുരം മണ്ഡലത്തില്‍ പട്ടിണിപ്പാവങ്ങളായ തീരദേശവാസികളുടെ വോട്ടുകള്‍ വിലയ്ക്ക് വാങ്ങാന്‍ ശശിതരൂരും രാജീവ് ചന്ദ്രശേഖറും കോടികളാണ് വലിച്ചെറിഞ്ഞതെന്ന് ഇടതുപക്ഷം ആരോപിച്ചപ്പോള്‍ മൗനം വിദ്വാനുഭൂഷണമെന്ന മട്ടില്‍ ഇരുവര്‍ക്കും നാണംകെട്ട നിശബ്ദതയായിരുന്നു. എന്നാല്‍ ആലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പറഞ്ഞത് മണ്ഡലത്തില്‍ തീരദേശത്തെ ഹിന്ദു മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങാന്‍ ബിജെപി സ്ഥാനാര്‍തംഥി ‘അനഭലഷണീയമായ ഇടപെടലുകള്‍’ നടത്തിയെന്നായിരുന്നു. വോട്ട് കച്ചവടത്തിന് അങ്ങനെയും കിട്ടി ഒരു പുതിയ പ്രയോഗം.

എന്തേ ഇങ്ങനെയൊക്കെ? നമ്മുടെ ഭരണനിര്‍മ്മാണസഭകള്‍, അത് നിയമസഭയായാലും ലോക്‌സഭയായാലും കോടീശ്വരന്മാരുടെ കെെവെള്ളയിലൊതുങ്ങുന്നത് നമ്മെ പേടിപ്പെടുത്തുന്നു. പരമോന്നത നിയമനിര്‍മ്മാണസഭയായ ലോക്‌സഭയില്‍ 2009ല്‍ 58 ശതമാനം കോടീശ്വരന്മാരാണുണ്ടായിരുന്നത്. 2014ല്‍ അത് 88 ശതമാനമായി കുതിച്ചുയര്‍ന്നു. പുതിയ ലോക്‌സഭയില്‍ അത് 93 ശതമാനമായി പിന്നെയും ആരോഹണം. മോഡി അധികാരമേറ്റ ശേഷം വന്ന പണാധിപത്യ അപചയത്തില്‍ മൂലധന ശക്തികളുടെ കുബേരസഭകളായി ലോക്‌സഭ മാറുന്ന അപചയ ജനാധിപത്യം. ഇത്തവണത്തെ ലോക്‌സഭയില്‍ ആകെയുള്ളത് മൂന്നോ നാലോ അത്തപ്പാടികള്‍ മാത്രം. അവരുടെ സ്വത്താകട്ടെ കേവലം പത്ത് ലക്ഷത്തിന് താഴെയും.
ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രമന്ത്രിസഭയില്‍ കോടീശ്വരന്മാരും നാമമാത്രമായി ചില ലക്ഷാധിപതികളും മാത്രമേയുള്ളു. ജനങ്ങളെ ആണയിട്ട് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത തെലുഗുദേശം പാര്‍ട്ടിയിലെ പെമ്മനേനി ചന്ദ്രശേഖര്‍ പാവമൊരു ദരിദ്രവാസി. ആകെ സ്വത്ത് 5,598 കോടി. നൂറോളം കമ്പനിയുടെ ഉടമ. ലോക്‌സഭയിലെ ഒന്നാമത്തെ കോടീശ്വരന്‍. 543 ലോക്‌സഭാംഗങ്ങളില്‍ 504 പേരും ബഹുകോടീശ്വരന്മാര്‍. രണ്ടാമനായ ബിജെപിയിലെ കൊണ്ടവിഗ്വേശര റെഡ്ഡി ഒരു പട്ടിണിപ്പാവം. ആകെ സ്വത്ത് 4,568 കോടി. ഇഡി പിന്നാലെ കൂടിയപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചാടി ഹരിയാനയിലെ കുരുക്ഷേത്രത്തില്‍ സീറ്റ് ഒപ്പിച്ചെടുത്ത് ജയിച്ച വ്യവസായ ഭീമന്‍ നവീന്‍ ജിന്‍ഡാലിന്റെ ആകെ സ്വത്ത് 1741 കോടി. ബിജെപിയുടെ 240 ലോക്‌സഭാംഗങ്ങളുടെ ശരാശരി സ്വത്ത് 50.4 കോടി. കോണ്‍ഗ്രസിന്റെ 101 അംഗങ്ങളുടെ ശരാശരി 29.91 കോടി. സമാജ്‌വാദി പാര്‍ട്ടിയുടെ ശരാശരി 22.93 കോടി. 16 അംഗങ്ങള്‍ മാത്രമുള്ള ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയുടെ ശരാശരി സ്വത്ത് 44.2 കോടി. ചന്ദ്രബാബു നായിഡുവിന്റെ ആകെ സമ്പാദ്യം 668 കോടി. മഹാകോടീശ്വരിയായ ഭാര്യ എക്സിറ്റ് പോളുകളുടെ മറവില്‍ നടന്ന ഓഹരി കുംഭകോണത്തിലൂടെ ഒറ്റ ദിവസംകൊണ്ട് സമ്പാദിച്ചത് 643 കോടി. ഇവരൊക്കെയാണ് നമ്മെ ഭരിക്കുന്നത്. പണം മുടക്കി പഠിച്ചത് പണമുണ്ടാക്കാനാണ് എന്ന വെെക്കം ചന്ദ്രശേഖരന്‍ നായരുടെ ‘ഡോക്ടര്‍’ നാടകത്തില്‍ പറഞ്ഞപോലെ കാശുമുടക്കി എംപിയും മന്ത്രിയുമായത് കാശുണ്ടാക്കാനാണെന്ന് പറഞ്ഞപോലെ തഴച്ചുവളരുന്ന ജനാധിപത്യത്തില്‍ സമ്മതിദായക കോടികള്‍ അപ്രസക്തരാകുന്ന കാലം. തങ്ങളെ വിലയ്ക്കെടുത്തോളു എന്ന ബോര്‍ഡും തൂക്കി ജനം സര്‍വ‍സന്നദ്ധരായി നില്ക്കുമ്പോള്‍ ജനാധിപത്യം എങ്ങോട്ടാണ്.

നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത് എന്തിന്റെ കേടാണ്. ഇന്നലെ സുരേഷ് ഗോപി കാട്ടിക്കൂട്ടിയ ഹാസ്യനാടകത്തിന്റെ കര്‍ട്ടന്‍ വലിക്കാനായി മലയാളമാധ്യമങ്ങളും അണനിരന്ന നാണം കെടുത്തുന്ന ദൃശ്യങ്ങള്‍. എന്തായാലും സുരേഷ്ഗോപി കേന്ദ്രമന്ത്രിയാകുമെന്ന സാദാ പൊലീസുകാരനുമറിയാം. എന്നാല്‍ ഡല്‍ഹിയില്‍ പോയ അയാള്‍ പൊടുന്നനെ തിരുവനന്തപുരത്തെത്തുന്നതോടെ നാടകത്തിന്റെ തിരശീല ഉയരുകയായി. വീട്ടില്‍ അച്ചിട്ട മുറിയിലിരിക്കുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകാന്‍ വിസമ്മതിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നാല് സിനിമകള്‍ക്ക് ഷെഡ്യൂള്‍ നല്‍കിയതിനാല്‍ മന്ത്രിസ്ഥാനം വേണ്ട മെഗാസ്റ്റാര്‍ പദവി മതിയെന്ന് ഗോപിയോടടുത്ത വൃത്തങ്ങള്‍ പറയുന്നുവെന്ന വാര്‍ത്ത വരുമ്പോള്‍ അയാള്‍ മന്ത്രിക്കുപ്പായം അടുക്കിവയ്ക്കുന്ന തിരക്കിലായിരുന്നു അകത്ത്. അല്പം കഴിഞ്ഞ് മേല്പടിയാന്‍ പുറത്തേക്ക് വരുന്നു. വെെകിട്ട് ചായ കുടിക്കാന്‍ മോഡിജി ക്ഷണിച്ചിട്ടുണ്ടെന്ന് അറിയിപ്പ്. ‘ഉച്ചയ്ക്ക് ഒരു ചായ കുടിയുണ്ട്. വേണമെങ്കില്‍ വന്ന് നക്കീട്ടുപോ’ എന്ന് മോഡിയുടെ വാല്യക്കാരന്‍ വിളിച്ചുപറഞ്ഞതിനെ മോഡിയുടെ ക്ഷണമെന്ന് സുരേഷിന്റെ വെളിപ്പെടുത്തല്‍. അപ്പോള്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നില്ലേ. ഞാനൊരു മഹാസംഭവമല്ലേ, മന്ത്രിപദം എനിക്ക് ദേ ഇത് എന്ന പഴയ തൃശൂര്‍ സ്റ്റെെലില്‍ ഒരാംഗ്യഭാഷ. മാധ്യമങ്ങള്‍ അതും ബ്രേക്കിങ് ന്യൂസാക്കി പാവം ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. പിന്നെയും കക്ഷി അകത്തേക്ക്. സുരേഷ് ഗോപി മന്ത്രിയാകില്ലെന്ന് ഏതാണ്ടുറപ്പായി എന്ന കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് അടുത്ത തല്‍സമയ വീരന്മാര്‍. അരമണിക്കൂര്‍ കഴിഞ്ഞ് പിന്നെയും ഗോപി പുറത്തേക്ക്. ചാനലുകാര്‍ കാതുകൂര്‍പ്പിക്കുന്നു, കണ്ണ് തള്ളുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി എന്നെ വിളിച്ചിരുന്നു. ‘താന്‍ മന്ത്രിയായില്ലെങ്കില്‍ അദ്ദേഹവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് വാശിപിടിക്കുന്നു. എന്തൊരു കഷ്ടമാണ്. ശരി ഞാനൊന്ന് ആലോചിക്കട്ടെ.’ അകത്തേക്ക് പോകുന്ന ഗോപി പിന്നെ ആലോചനാമഗ്നനാവുന്നുവെന്ന് മാധ്യമപ്പട. അഞ്ച് മിനിറ്റ് ആലോചിച്ച ശേഷം ഗോപി പിന്നെയും പുറത്തുവരുന്നു, ‘മോഡിജിയുടെ തീരുമാനമല്ലേ ഞാനത് എങ്ങനെ അനുസരിക്കാതിരിക്കും എന്ന് മൊഴിമുത്ത്. കൂടും കുടുക്കയും കുടുംബവുമൊത്ത് പുറത്തിറങ്ങി അയാള്‍ പറയുന്നു, ഞാന്‍ ബംഗളൂരുവില്‍ നിന്നും പ്രധാനമന്ത്രി അയച്ച വിമാനത്തിലാണ് സത്യപ്രതിജ്ഞയ്ക്ക് പോകുന്നത്. വിമാനം പൊങ്ങുമ്പോള്‍ മാധ്യമങ്ങള്‍ വീണ്ടും തത്സമയം; ‘ഇതാ സുരേഷ് ഗോപിയെയും വഹിക്കുന്ന വിമാനം ആകാശനീലിമയില്‍ മേഘപാളികള്‍ക്കിടയിലൂടെ ഇന്ദ്രപ്രസ്ഥത്തിലേക്ക് പറക്കുന്നു. ഇതെല്ലാം ടെലിവിഷനില്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു ശിങ്കിടി മുങ്കന്‍ ചോദിക്കുന്നു; ഇതെന്ത് റിപ്പോര്‍ട്ടിങ്ങെഡെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.