4 October 2024, Friday
KSFE Galaxy Chits Banner 2

ദുരവസ്ഥയിലെ മതനിന്ദ

കുരീപ്പുഴ ശ്രീകുമാർ
വര്‍ത്തമാനം
August 2, 2024 4:12 am

കൊല്ലത്തുനിന്നും അഷ്ടമുടിക്കായലിലൂടെ യാത്രയാരംഭിച്ച ‘രക്ഷകൻ’ എന്ന ബോട്ട് പല്ലന വളവിൽ വച്ച് മറിയുകയും അതിലുണ്ടായിരുന്ന മഹാകവി കുമാരനാശാൻ മുങ്ങിമരിക്കുകയും ചെയ്തിട്ടിപ്പോൾ നൂറു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അന്നുയരാത്ത കുറെ ഭാവനാകുസുമങ്ങൾ വർഗീയതയുടെ ദുർഗന്ധവുമായി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വിടർന്നിട്ടുണ്ട്. മതാധിഷ്ഠിത രാഷ്ട്രീയക്കഞ്ചാവിന്റെ അടിമകളായിപ്പോയ കുറെ പാവങ്ങൾ ആ വിഷസസ്യത്തിന്റെ മുൾപ്പഴങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങിയിട്ടുമുണ്ട്. തീയില്ലാതെ പുകവരുമോ എന്ന ന്യായത്തിൽ സംശയരോഗികളായും കുറേയാളുകൾ മാറിയിട്ടുണ്ട്. ഹിന്ദുമത തീവ്രവാദികളാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്.
ആശാന്റെ ദുരവസ്ഥയിൽ ഇസ്ലാം മതത്തെ ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്നും അതിൽ നിരപരാധികളായ മുസ്ലിങ്ങൾക്കുവരെ വിഷമമുണ്ടായിയെന്നും ആലപ്പുഴ ജമാഅത്ത് ഒരു കത്തിലൂടെ ആശാനെ പ്രതിഷേധം അറിയിച്ചിട്ടും മഹാകവി, മുസ്ലിങ്ങളെല്ലാം ക്രൂരന്മാരാണെന്ന അഭിപ്രായത്തിൽ ഉറച്ചുനിന്നതിനാൽ ദുരവസ്ഥയിലെ പ്രയോഗങ്ങൾ പിൻവലിച്ചില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പടര്‍ന്ന വിഷവിത്ത്. ദുരവസ്ഥ ഇസ്ലാംമത നിന്ദയാണെന്നുവരെ മുതലക്കണ്ണീർപ്പുഴ ഒഴുക്കിയിട്ടുണ്ട്. മഹാകവി ദുരവസ്ഥയെഴുതിയത് മലബാർ കലാപത്തെ രേഖപ്പെടുത്താനല്ല. ഹിന്ദുമതത്തിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതിവ്യവസ്ഥ എന്ന വിപത്തിനെ മിശ്രവിവാഹം കൊണ്ട് പൊളിച്ചെഴുതുകയെന്ന ലക്ഷ്യമായിരുന്നു നാരായണഗുരുവിന്റെ അനുയായിയായ ആശാനുണ്ടായിരുന്നത്. അതിനുള്ള പശ്ചാത്തലം എന്ന നിലയിലാണ് മഹാകവി മലബാർ സമരത്തെ സ്വീകരിച്ചിട്ടുള്ളത്.
ദുരവസ്ഥയിൽ ഹിന്ദുമതത്തിലെ ഉന്നതസരണിയിൽ പെട്ട ബ്രാഹ്മണജാതിയിലെ ഒരു യുവതി, കലാപത്തിൽ ബന്ധുക്കൾ നഷ്ടപ്പെട്ടപ്പോൾ ആത്മഹത്യ ചെയ്യുന്നതിന് പകരം ഹിന്ദുമതത്തിലെ ഏറ്റവും താഴ്ന്ന ശ്രേണിയായ ശൂദ്രരിൽ പോലും പെടാത്ത, മതത്തട്ടുകൾക്ക് വളരെയകലെ നിൽക്കുന്ന പുലയസമൂഹത്തിൽ പെട്ട ഒരു കര്‍ഷകത്തൊഴിലാളിയുമായി ജീവിക്കാൻ തീരുമാനിക്കുകയാണല്ലോ. ആ കര്‍ഷകത്തൊഴിലാളിയാകട്ടെ സൂരി നമ്പൂതിരിപ്പാടിന്റെയോ സംബന്ധക്കൊതിയന്മാരുടെയോ പെണ്ണുടൽ പ്രേമമൊന്നുമില്ലാത്ത സംസ്കാരസമ്പന്നനായ ഒരു മനുഷ്യനായിരുന്നു. ഹിന്ദുമതത്തിന്റെ ആത്മാവും പരമാത്മാവുമൊക്കെയായ ജാതിവ്യവസ്ഥയെയാണ് ഈ കൃതിയിലൂടെ ആശാൻ നിന്ദിക്കുന്നത്. ദുരവസ്ഥയിൽ ഇസ്ലാംമത നിന്ദയല്ല, ഹിന്ദുമത നിന്ദയാണുള്ളത്.
പൂർവാചാര നിരതമായ മനസുകളിൽ ദുരവസ്ഥയിലെ പ്രമേയം അരുചിയും അനൗചിത്യ ബുദ്ധിയും ജനിപ്പിക്കുമെന്ന് മഹാകവി കൃതിയുടെ മുഖവുരയിൽ പറഞ്ഞിട്ടുമുണ്ട്. പൂർവാചാരനിരതർ അവരുടെ അരുചി ഇപ്പോൾ പുറത്തെടുത്തുവെന്നേയുള്ളു. ഫോസിലുകളിൽ നിന്നും ദിനോസറുകൾ പുനർജനിക്കുന്ന ജുറാസിക് പാർക്കാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ആലപ്പുഴ ജമാഅത്തിന്റെ കത്തിന് മഹാകവി കുമാരനാശാൻ എഴുതിയ മറുപടി ശ്രദ്ധിക്കേണ്ടതാണ്. ‘അക്രമ പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുള്ള ചില ഇസ്ലാംമത അനുയായികളെ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ’ എന്ന് അദ്ദേഹം ആ മറുപടിക്കത്തിൽ പറഞ്ഞിട്ടുണ്ട്. ഇസ്ലാം മതത്തോട് ബഹുമാനമുണ്ടെന്നും അതിൽ അദ്ദേഹത്തിന് നിരവധി മാന്യസ്നേഹിതരുണ്ടെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.
ദുരവസ്ഥയിൽതന്നെ ഒരുഭാഗത്ത് കലാപകാരണം കവി സൂചിപ്പിക്കുന്നുണ്ടല്ലോ. വെള്ളക്കാരെ ചുട്ടെരിക്കണമെന്നും ജന്മിമാരുടെ ഇല്ലമിടിച്ചു കുളം കുഴിക്കണമെന്നും കവിതയിലുണ്ട്. കലാപപ്രദേശത്ത് പിൽക്കാലത്തുണ്ടായ, കവി കമ്പളത്ത് ഗോവിന്ദൻ നായർ ഈ ആശയം ഒരു കവിതയിൽ വിശദീകരിക്കുന്നുമുണ്ട്. നമ്മളുണ്ടാക്കുന്ന നെല്ല് ജന്മിമാരെ തീറ്റുവാൻ സമ്മതിക്കില്ല, നമ്മുടെ കാശുവാങ്ങി ഇംഗ്ലണ്ടിൽ അയയ്ക്കുവാൻ സമ്മതിക്കില്ല എന്ന ജനകീയ നിലപാടായിരുന്നു ഏറ്റുമുട്ടലിന്റെ ഹേതുവെന്ന് കമ്പളത്ത് പാടുന്നുണ്ട്. ഈ വിഷയം ഇ വി കൃഷ്ണപിള്ള, സി കേശവൻ തുടങ്ങിയവരും ആശാനുമായി സംസാരിച്ചു വിശദീകരിച്ചിട്ടുണ്ട്. അപ്പോൾ ക്രൂരമുഹമ്മദർ എന്നുപറഞ്ഞത് അവസാനഘട്ടത്തിലൊക്കെ വഴിതെറ്റിപ്പോകുന്ന മലബാർ കലാപത്തിൽ അത്തരം പ്രവൃത്തി ചെയ്തവരെപ്പറ്റിയാണ്. അല്ലാതെ മൊയ്തു മൗലവിയെ പോലെയോ വക്കം മൗലവിയെപ്പോലെയോ കേരളത്തിലെ നല്ലവരായ ആയിരക്കണക്കിന് ഇസ്ലാം മതവിശ്വാസികളെപോലെയോ ഉള്ളവരെയല്ല.
ക്രൂരഹിന്ദുക്കൾ എന്നുപറഞ്ഞാൽ മഹാത്മാഗാന്ധിയുടെ ഘാതകർ, ബാബറിപ്പള്ളി പൊളിച്ച് ചരിത്രപരമായ തെറ്റ് ചെയ്തവർ എന്നൊക്കെയാണ് അർത്ഥം. അതിൽ പൂന്താനമോ ഗുരുവായൂരമ്പലനടയിൽ പൽപ്പൊടി വിറ്റുനടന്ന പോതായൻ നമ്പൂതിരിയോ പെടുന്നില്ല. ക്രൂരസിഖുകാർ എന്നുപറഞ്ഞാൽ ഖുഷ്‌വന്ത് സിങ്ങിനെയോ ഫുട്ബാേൾ കളിക്കാരൻ ജർണയിൽ സിങ്ങിനെയോ പോലുള്ള സിഖ് മതക്കാരല്ല; ഇന്ദിരാ ഗാന്ധിയെ വെടിവച്ചു കൊന്നവരും അതിനു പ്രേരണയായവരും എന്നാണർത്ഥം.
നൂറു വര്‍ഷം മുമ്പ് പല്ലനയിലുണ്ടായ ബോട്ടപകടം മുസ്ലിം തീവ്രവാദികളുടെ ആസൂത്രിതശ്രമമായിരുന്നു എന്ന വാദം അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയേണ്ടതുണ്ട്. അതോടൊപ്പം ദുരവസ്ഥയിലെ ഹിന്ദുമതവിമർശനം ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.