22 December 2024, Sunday
KSFE Galaxy Chits Banner 2

ഭഗവാന്‍ മരണശയ്യയില്‍!

ദേവിക
വാതിൽപ്പഴുതിലൂടെ
July 15, 2024 4:11 am

‘അല്ല ഭഗവാന്‍ മരിക്കുമോ?’ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി മാലോകര്‍ മൂക്കത്തു വിരല്‍വച്ചു ചോദിക്കുന്ന ചോദ്യമാണിത്. മരിക്കും, കയ്യിലിരിപ്പും നാക്കിലിരിപ്പും മോശമായാല്‍ മനുഷ്യനല്ല ഭഗവാനും പടമാകും! ചോദ്യങ്ങളിലെയും ഉത്തരങ്ങളിലെയും ഭഗവാന്‍ സാക്ഷാല്‍ മോഡി തന്നെയാണ്. ദൈവത്തിന്റെ തിരുഅവതാരമാണ് താനെന്ന് സ്വയം പ്രഖ്യാപിച്ചത് മോഡി തന്നെയാണ്. തന്നെ തോല്പിക്കാന്‍ ഒരു മനുഷ്യനുമാവില്ല. ലോകം തന്നെയാണ് ഉറ്റുനോക്കുന്നതെന്ന് മോസ്കോയില്‍ ചെന്നുപോലും ഭഗവാന്‍ മൈക്കുവച്ച് വിളിച്ചുപറഞ്ഞത് കഴിഞ്ഞദിവസമാണ്. മോസ്കോയില്‍ നിന്നും നാട്ടിലെത്തിയപ്പോള്‍ ഇതാ ഭഗവാന്‍ ഉടുവസ്ത്രമഴിഞ്ഞു കിടക്കുന്നു! ഇനിയും ഒരമ്പതുകൊല്ലക്കാലം താനും ബിജെപിയും നാടുഭരിക്കുമെന്ന് വീമ്പിളക്കിയ മോഡി ഏഴു സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ തോറ്റു മണ്ണുകപ്പിയാണ് മരണക്കിടക്കയിലായത്. ആകെ 13 സീറ്റില്‍ ജയിച്ചത് വെറും രണ്ടു സീറ്റില്‍. ഈ തെരഞ്ഞെടുപ്പ് മോഡിയുടെ നാറുന്ന ‘ഓപ്പറേഷന്‍ താമര’ എന്ന കുതിരക്കച്ചവട തന്ത്രത്തെയാണ് വാരാണസിയിലെ ഗംഗയിലെറിഞ്ഞത്. ജയിക്കുന്ന എതിരാളികളെ മൊത്തമായും ചില്ലറയായും വിലയ്ക്കുവാങ്ങി തോറ്റവരുടെ മന്ത്രിസഭ രൂപീകരിക്കുന്ന കെട്ടകാലത്തിനും വിരാമമായി. കാലുമാറിവന്ന എട്ട് പേരില്‍ ഒരാളൊഴികെ എല്ലാപേരെയും ജനം തോല്പിച്ച് കയ്യില്‍ കൊടുത്തു. മരണക്കിടക്കയില്‍ കിടക്കുന്ന മോഡി ദൈവത്തോട് രാഷ്ട്രീയ ചരമശയ്യയ്ക്കരികിലിരുന്നു തന്ത്രമര്‍മ്മാണിയായ അമിത് ഷാ പറയുന്നു’ ‘എന്റെ ആവനാഴി ശൂന്യമായി ഭഗവാനേ, അങ്ങ് മനഃസമാധാനത്തോടെ യാത്രയാകുക!’

ല്ലാ മനുഷ്യരെയും കുറേക്കാലത്തേക്ക് പറ്റിച്ച് ശാപ്പാടടിക്കാം. പക്ഷെ എല്ലാ മനുഷ്യരെയും എല്ലാക്കാലത്തേക്കും കബളിപ്പിച്ച് കഞ്ഞികുടിക്കാമെന്നു കരുതരുത്. എന്തിന് മോഡിക്ക് വോട്ടുചെയ്യണമെന്ന് കബളിപ്പിക്കപ്പെട്ട ജനം ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്നതിന്റെ സൂചനയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ദിവസം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും മോഡി ഏറ്റുവാങ്ങിയ വ­മ്പന്‍ പരാജയങ്ങള്‍. വികസിത സമ്പദ്‌വ്യവസ്ഥയെന്ന് മോഡി ഊറ്റംകൊള്ളുന്ന രാജ്യം ദരിദ്രരുടെ ലോകതലസ്ഥാനമായിരിക്കുന്നു. മോഡിഭരണത്തിന്‍കീഴില്‍ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടവരുടെ സംഖ്യ 16 കോടിയാണെന്ന കണക്കുകള്‍ ഇന്നലെ പുറത്തുവന്നിരിക്കുന്നു. ഇത് പ്രതിപക്ഷം ചമച്ചെടുത്ത കണക്കല്ല, കേന്ദ്രത്തിന്റെ സ്ഥിതിവിവരക്കണക്കു മന്ത്രാലയം പുറത്തുവിട്ട യഥാര്‍ത്ഥ കണക്ക്. ഈ പട്ടിണിക്കോലങ്ങളിലും തൊഴിലില്ലാത്തവരിലും ഹിന്ദുക്കളാണ് മഹാഭൂരിപക്ഷം. കഴിഞ്ഞ ദിവസം ഇരുപത്തേഴുകാരനായ ഒരു യുവാവിനെ കോഴിയെ മോഷ്ടിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. ചോദ്യം ചെയ്തപ്പോഴാണ് അറിയുന്നത് അയാള്‍ രണ്ടു ദിവസമായി പട്ടിണിയിലാണെന്ന്. ഇതിനിടെ ആകെ കഴിച്ചത് ഒരു കട്ടന്‍ ചായയും പൈപ്പുവെള്ളവും. ‘വിശന്നിട്ടാണ് സാറേ കോഴിയെ മോഷ്ടിച്ചത്. കോഴിയെ വിറ്റ് ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചു വിശപ്പടക്കാമെന്നു കരുതി മോഷണം നടത്തിയതാണ്.’ കഥ കേട്ട് കരളലിഞ്ഞ പൊലീസുകാര്‍ വിദ്യാസമ്പന്നനായ ആ യുവാവിന് തങ്ങളുടെ പങ്ക് ഭക്ഷണവും നല്‍കി പൊലീസ് ജീപ്പില്‍ കയറ്റി വീട്ടില്‍ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു. മോഡിയുടെ ഇപ്പോഴത്തെ ഈ പതനം ഒരു നാന്ദി മാത്രം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ മോഡിയെ ജനം തമോഗര്‍ത്തത്തിലേക്ക് തള്ളിയിടുന്ന മനോഹരമുഹൂര്‍ത്തം കാണാന്‍ നാം കാത്തിരിക്കുക.

മയിഴഞ്ചാന്‍ തോടിനും മുല്ലപ്പെരിയാറിനും ഇപ്പോള്‍ എന്തു പ്രസക്തി എന്ന് ചോദിക്കുന്നവരുണ്ടാകാം. പരിഗണനാ വിഷയങ്ങളില്‍ നമുക്കുണ്ടാകുന്ന നിര്‍ഭാഗ്യകരമായ പാളിച്ചകളെക്കുറിച്ച് കൊച്ചി നെടുമ്പാശേരി വിമാനത്താവള കമ്പനിയുടെ മേധാവിയായി 20 വര്‍ഷത്തിലധികം സേവനമനുഷ്ഠിച്ച വി ജെ കുര്യന്‍ ഐഎഎസ് ഒരു ദേശീയ ഇംഗ്ലീഷ് മാധ്യമവുമായി നടത്തിയ സംവാദം തന്നെ കേള്‍ക്കുക. കൊച്ചിയിലും തിരുവനന്തപുരത്തും വിമാനത്താവളങ്ങളുള്ളപ്പോള്‍ എന്തിനാണ് ശബരിമല വിമാനത്താവളമെന്ന് കുര്യന്‍ ചോദിക്കുന്നു. വന്‍സാധ്യതകളുള്ള കണ്ണൂര്‍ വിമാനത്താവളം വന്‍നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെല്ലാമിടയില്‍ എരുമേലിയിലെ ശബരിമല വിമാനത്താവളത്തിനു പരിഗണന നല്‍കുന്നത് വന്‍ വീഴ്ചയാകും എന്നാണദ്ദേഹം പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയിലും തെലങ്കാനയിലും മഹാരാഷ്ട്രയിലുമൊക്കെ നിന്ന് ശബരിമല ദര്‍ശനത്തിനെത്തുന്നത് സാധാരണക്കാരായ പാവങ്ങളാണ്. അവര്‍ക്ക് എരുമേലിവരെ വിമാനത്തില്‍ വന്നിറങ്ങി കലിയുഗവരദനോട് സലാം പറയാനുള്ള സാമ്പത്തികമായ പാങ്ങുമില്ല. വിമാനത്താവളം തുറന്ന് ഒരു മാസം കഴിയുമ്പോള്‍ നഷ്ടക്കണക്കുകള്‍ നിരത്താന്‍ തുടങ്ങും. നമ്മുടെ പരിഗണന അമ്പേ പാളിയെന്നും വരും.

പരിഗണനാപാളിച്ചകള്‍ക്കിടയിലാണ് ആമയിഴഞ്ചാന്‍ തോടും മുല്ലപ്പെരിയാറും നമ്മുടെ മുന്നിലെ ചില പരിഗണനാ വിഷയങ്ങളായി എഴുന്നുനില്ക്കുന്നത്. കരാറുകാര്‍ക്ക് കാശുവാരാനുള്ള ഏറെ എളുപ്പമേഖലകള്‍ കേരളത്തിലുണ്ട്. കടലില്‍ കല്ലിടുക, ആദിവാസി ക്ഷേമപദ്ധതികള്‍, മാലിന്യ നിര്‍മ്മാര്‍ജനം തുടങ്ങിയ പദ്ധതികള്‍. 10കോടിയില്‍പ്പരം രൂപ ചെലവഴിച്ച് തലസ്ഥാനത്തെ ആമയിഴഞ്ചാന്‍ തോട്ടിലെ ചപ്പുചവറുകളും മാലിന്യങ്ങളും നീക്കം ചെയ്തുവെന്ന പ്രഖ്യാപനമുണ്ടായത് അടുത്തിടെയാണ്. ആ തോട്ടിലാണ് വീണ്ടും മാലിന്യനിര്‍മ്മാര്‍ജനത്തിനിറങ്ങിയ ദരിദ്ര തൊഴിലാളി ജോയി അപ്രത്യക്ഷനായത്. രണ്ടു ദിവസത്തോളമായി നൂറുകണക്കിനു സേവനസന്നദ്ധരായ രക്ഷാപ്രവര്‍ത്തകര്‍ കക്കൂസ് മാലിന്യങ്ങള്‍ ഒഴുകുന്ന തോട്ടില്‍ ജോയിക്കുവേണ്ടി തിരച്ചില്‍ നടത്തുന്നു. ആമയിഴഞ്ചാന്‍ തോടിലെ അജ്ഞാത തുരങ്കങ്ങള്‍ പോലും ഇപ്പോഴാണ് കണ്ടെത്തുന്നത്. നദീതട മാനേജ്മെന്റിലെ വീഴ്ചകള്‍ക്ക് ഉത്തമോദാഹരണമാവുന്നു ആമയിഴഞ്ചാന്‍ തോട്. തോടിന്റെ ഒഴുക്കുതടസപ്പെടുത്തി ഇപ്പോഴുമവിടെ കെട്ടിക്കിടക്കുന്നത് ലോഡുകണക്കിന് ചപ്പുചവറുകളും മദ്യക്കുപ്പികളും പഴഞ്ചാക്കുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും. എല്ലാം ജനത്തിന്റെ ബോധമില്ലായ്മയുടെ സംഭാവനകള്‍. ആമയിഴഞ്ചാന്‍ തോടിലെ രക്ഷാപ്രവര്‍ത്തനം ഇങ്ങനെ നീണ്ടുപോകുന്നതിനു കാരണം കാലാകാലങ്ങളിലുള്ള സുരക്ഷാ വിലയിരുത്തലുകളുടെ അഭാവമല്ലാതെ മറ്റെന്താണ്. ചെറിയ ആമയിഴഞ്ചാന്‍ തോടിനു മുന്നില്‍ അടിയന്തര ഘട്ടത്തില്‍ നാം പകച്ചുനില്‍ക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ എന്ന ജലബോംബ് സ്ഫോടനമുണ്ടായാല്‍ എന്തു ചെയ്യും?

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.