
‘പോകല്ലേ.., പോകല്ലേ…! പൈങ്കിളീ പൈതലേ..!’ എന്ന് പാടി പാടി വിയർക്കുകയും തളര്‍ന്നു തരിപ്പണമാവുകയുമാണ് നവഭാരത, നവകേരള സൃഷ്ടിക്കായി ഗ്രൂപ്പ് രഹിത ‘സെമി കേഡര്‍’ പാര്‍ട്ടി സൃഷ്ടിക്കുവാന്‍ ശ്രമിച്ച കോൺഗ്രസുകാർ. പറയാൻ പലതുണ്ട് കോണ്‍ഗ്രസിന് കഴിഞ്ഞകാല സവിശേഷ വിശേഷതകള്‍. ‘പറഞ്ഞാൽ അതുകൊണ്ട് ഫലം എന്തിനീ, ഇപ്പോൾ വരുവാൻ വഴി ഞാനും കേട്ടറിഞ്ഞത് പോലെ’ എന്ന നിലയില്‍ “അഗാധ ഗർത്തങ്ങളിൽ കിടന്നു പുളയുകയാണ് ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോൺഗ്രസ് എന്ന രാഷ്ട്രീയപാർട്ടി. ഒരു തദ്ദേശസ്വയഭരണ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോള്‍ കോൺഗ്രസിന്റെ ഒരു എംഎല്‍എ കാണാമറയത്തു പുളയുന്നൂ. മാമ്പൂകണ്ടു മതിക്കല്ലേ, മക്കളെ കണ്ടു കൊതിക്കരുതെ എന്ന് ഉരുവിട്ട് ആപൽ ഘട്ടത്തിൽ ശബ്ദമില്ലായ്മയുടെ ഇരുണ്ട ലോകത്ത് വിഭ്രാന്തി പൂണ്ട് കഴിയാൻ വിധിക്കപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും അവരുൾപ്പടെ ചെന്നിത്തലയും കെ സുധാകരനും അവർക്കും മേൽ നിന്ന് കോൺഗ്രസിനെ നയിച്ചു പരുവപ്പെടുത്തിയ കെ സി വേണുഗോപാലും സ്ഥലജല വിഭ്രാന്തിയാൽ അടിപതറി ഉഴലുന്നതിന് നിര്‍ബന്ധിതമാക്കുവാൻ രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും കഴിഞ്ഞു.
കല്യാണ മോഹം പ്രകടിപ്പിക്കൽ, ഗർഭിണിയാക്കൽ, ഗർഭചിദ്രത്തെ ആയുധമാക്കൽ, ഗർഭച്ചിദ്രത്തിനായുള്ള മരുന്ന് കൂട്ടുകാർക്കൊപ്പം ചേർന്ന് നിർബന്ധമായി നൽകൽ… ഭീകരകഥാ പരമ്പരകൾ അവസാനിക്കുന്നില്ല. കദന കഥകൾ പുറത്തു പറഞ്ഞാൽ കൊന്നു തള്ളുമെന്ന ഭീഷണിയും. തന്തൂരി അടുപ്പിൽ ഇട്ട് സ്വന്തം സഹപ്രവർത്തകയെ കൊന്നുതള്ളിയ അതിഭയാനക ചരിത്രം സൃഷ്ടിച്ച യൂത്ത് കോൺഗ്രസിന്റെ മുന്‍കാല പിന്‍ഗാമികളായ നവകാല മാങ്കൂട്ടത്തിൽമാർ കൂട്ടബലാൽസംഗങ്ങളുടെയും ഗർഭം ധരിപ്പിക്കലിന്റെയും അശാസ്ത്രീയ ഗർഭ ഛിദ്രങ്ങളുടെയും കറുത്ത ചിത്രങ്ങൾ സൃഷ്ടിച്ച്, ഒളിയാമറയത്ത് പാഞ്ഞു നടക്കുമ്പോൾ കോൺഗ്രസ് പാർട്ടിയും അതിന്റെ നേതാക്കളും ചില വേളകളിൽ നിഷ്ക്രിയമായി പ്രതികരിക്കുകയും മറ്റു ചില വേളകളിൽ പത്രസമ്മേളനങ്ങളിലൂടെ ന്യായീകരണ സിദ്ധാന്തവാദങ്ങൾ ഉയർത്തുകയും ചെയ്യുന്നു. ആദ്യ പരാതി ഉയർന്നു കേട്ടപ്പോൾ രേഖാമൂലം ഉള്ള പരാതി അല്ലാതിരുന്നിട്ട് പോലും തങ്ങൾ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി എന്നും കോൺഗ്രസ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു എന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽനിന്ന് മാറ്റിനിർത്തി എന്നും പറഞ്ഞ് കപട നാടകമാടിയ, കോൺഗ്രസ് നേതാക്കൾ രാഹുല്‍ മാങ്കൂട്ടത്തില്‍ ജില്ലകളും സംസ്ഥാനങ്ങളും മാറി മാറി ഒളിവ് വേഷധാരിയായി സഞ്ചരിക്കുമ്പോൾ പ്രതികരിക്കുവാൻ സന്നദ്ധമാകുന്നില്ല എന്നത് ആശ്ചര്യകര്യം തന്നെ.! കോൺഗ്രസ് പാർട്ടിയിലെ സസ്പെൻഷന്‍ ഏറ്റുവാങ്ങിയ മാങ്കൂട്ടത്തിലിനെതിരെ, ഏറ്റവും ഒടുവിലത്തെ പീഡിതയായ വനിതയുടെ വ്യക്തമായ മൊഴികൾ കെപിസിസി അധ്യക്ഷനും ഡിജിപി ക്കും ലഭിച്ചതിനുശേഷം പുറത്താക്കലിന്റെ വഴി തുറക്കാൻ കോൺഗ്രസ് നേതൃത്വം സന്നദ്ധമാവുന്നില്ല എന്നത് മാങ്കൂട്ടത്തിൽമാരോടൊപ്പം മാമ്പഴം രസിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്ന് കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നത് എന്നതിന്റെ തെളിവാണ്. യുഡിഎഫ് കൺവീനറും പ്രതിപക്ഷ നേതാവും കെ പി സി സി അധ്യക്ഷനും മൂന്നാമത്തെ പെൺകുട്ടിയുടെ മൃഗീയ ക്രൂര പീഡനാനുഭവങ്ങളും വെളിച്ചത്ത് വന്നപ്പോഴും നിശബ്ദതയുടെ, നിസ്സംഗതയുടെ ഇരുണ്ട താഴ്വരയിലാണ് കഴിഞ്ഞുകൂടുന്നത്. അധികാര സ്ഥാനങ്ങളാൽ പീഡിപ്പിക്കപ്പെടുന്ന പെൺപക്ഷത്തിന്റെ ഭാഗത്ത് അല്ല ഇന്നത്തെ കോൺഗ്രസ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മലയാള വനിതാസമൂഹത്തോട് മാങ്കൂട്ടത്തിൽമാരുടെ നികൃഷ്ട ക്രൂരതയോട് യു ഡി എഫ് നേതൃത്വം എങ്ങനെയാണ് പ്രതികരിക്കുക.? സദാചാരത്തിന്റെയും സദ്സ്വഭാവത്തിന്റെയും മഹനീയമായ ചരിത്ര പാരമ്പര്യം ഉണ്ടായിരുന്നു കോൺഗ്രസിന്. ആ കാലം കോൺഗ്രസ് കേരളത്തിലും രാജ്യത്തും എന്നേ കൈ വെടിഞ്ഞൂ.
സി കേശവനെ പോലെ മഹാന്മാരായ നേതാക്കൾ നയിച്ച പാർട്ടിയായിരുന്നു ഒരുകാലത്ത് കോൺഗ്രസ്. ആ കാലം ഇന്ന് അടയാളപ്പെടുത്താൻ ആവാത്ത വിധം അപ്രത്യക്ഷമായിരിക്കുന്നു. ആർഎസ്|പി നേതാവായിരുന്ന, കൗമുദി പത്രാധിപരായിരുന്ന, ആധുനിക എഴുത്തിന്റെ പുതിയ സ്രഷ്ടാക്കളെ സംഭാവന ചെയ്ത കെ ബാലകൃഷ്ണൻ എന്ന ‘കൗമുദി ബാലകൃഷ്ണൻ’ ‘നനഞ്ഞു പോയി എങ്കിലും ജ്വാല’ എന്ന പൂർത്തീകരിക്കപ്പെടാത്ത ആത്മകഥാ പുസ്തകത്തിൽ ‘ഞാൻ പൊട്ടിക്കരഞ്ഞുപോയി ഒരു ദിവസം’ എന്ന ലേഖനത്തിൽ എഴുതി; ആ വൈകാരികമായ കുറിപ്പ് കണ്ണു നനയിക്കുന്ന ഒന്നായിരുന്നു. സ്വന്തം അച്ഛൻ സി കേശവൻ മയ്യനാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കാലത്ത് എതിരായി പ്രസംഗിക്കാൻ നിയോഗിക്കപ്പെട്ടത് അദ്ദേഹത്തിന്റെ പുത്രനായ സാക്ഷാല്‍ കെ ബാലകൃഷ്ണൻ ആയിരുന്നു. സ്വന്തം നാടായ മയ്യനാട്, അച്ഛനായ സി കേശവനെതിരെ അദ്ദേഹം രണ്ടുമണിക്കൂറിലേറെ നീണ്ട പ്രസംഗം നടത്തി. ആ കാലത്തെകുറിച്ച് അദ്ദേഹം ആ ലേഖനത്തിൽ എഴുതുന്നു: ഞാൻ പ്രസംഗിച്ചു. രണ്ടു മണിക്കൂറിൽ അധികം എന്റെ അമ്മ ആ പ്രസംഗം കേട്ടു, എന്റെ അച്ഛനും. എന്റെ അമ്മയും കരഞ്ഞു. എന്റെ അച്ഛൻ നിശബ്ദനും വികാരാധീനനുമായിരുന്നു.
പ്രസംഗം തുടങ്ങിയ വാചകം ഞാൻ ഓർമ്മിക്കുന്നു. “എനിക്ക് വിശ്വാസമില്ല ദൈവത്തിൽ എനിക്ക് വിശ്വാസമില്ല. അന്ധമായ വിശ്വാസത്തിന്റെ പ്രതീകമാണ് ദൈവം എങ്കിൽ അത് എന്റെ ദൈവം ആണ് ” ഒരു നിമിഷനേരം ഞാൻ നിശബ്ദനായി നിന്നു. ഞാൻ തുടർന്നു; “എന്റെ അച്ഛനെ, എന്റെ അച്ഛൻ വിശ്വസിക്കുന്നതിനെതിരായ എല്ലാ വിഴുപ്പ് കെട്ടുകളും ചുമക്കാൻ ചിലരൊക്കെ പ്രേരിപ്പിക്കുന്നുണ്ട്”. ഞാൻ വീണ്ടും തുടർന്നു “എന്റെ അച്ഛനെ തുലയ്ക്കരുതേ, തുലയ്ക്കരുത് എന്ന പ്രാർത്ഥനയ്ക്ക് ഫലം ഉണ്ടെങ്കിൽ ഞാൻ അനന്തതയോട് പ്രാർത്ഥിക്കുന്നു ഞാൻ കരയുകയായിരുന്നു. “എന്റെ അച്ഛനെ ഈ കോൺഗ്രസിൽ നിന്ന് രക്ഷിക്കുക എന്നു മാത്രമേ എനിക്ക് അഭ്യർത്ഥിക്കുവാൻ ഉള്ളൂ” കെ ബാലകൃഷ്ണൻ പ്രസംഗം നിർത്തി നിശബ്ദനായിരുന്നു. സദസാകെ നിശബ്ദമായിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അദ്ദേഹം കസേരയിലേക്ക് ഇരുന്നത്. അദ്ദേഹത്തിന് വീടിന്റെ തൊട്ടരികിൽ ഉള്ള വേദിയിൽനിന്ന് അമ്മയെ കാണാൻ പോകാൻ വിഷമം തോന്നി. പക്ഷേ അദ്ദേഹം സങ്കടക്കടലിനിടയിലും വീട്ടിലേക്ക് പോയി. ആ നിമിഷം മുഖ്യമന്ത്രി പിതാവായ സി കേശവൻ വീട്ടിലുണ്ട്.
“മുൻവശത്തെ പടികൾ കയറുമ്പോൾ എന്റെ അമ്മ അച്ഛനോട് പറയുകയാണ്.” “പ്രസംഗിക്കുന്നെങ്കിൽ അവൻ പ്രസംഗിക്കുന്നത് പോലെ പ്രസംഗിക്കണം”.
‘അച്ഛൻ കരഞ്ഞു, അമ്മ കരഞ്ഞു, ഞാൻ പൊട്ടിക്കരഞ്ഞു-’
അങ്ങനെ ഒരു സി കേശവന്റെ കാലം കോൺഗ്രസിന് ഉണ്ടായിരുന്നു. തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവന് എതിരെ സ്വന്തം മകൻ അച്ചനെ കോൺഗ്രസിൽ നിന്ന് എന്നന്നേക്കുമായി രക്ഷിക്കണേ എന്ന് അനന്തതയോട് പ്രാർത്ഥിച്ച് പൊട്ടിക്കരഞ്ഞ കാലം. വീട്ടിലേക്ക് കടന്നുവരുമ്പോൾ പ്രസംഗിക്കുമ്പോൾ അവനെപ്പോലെ പ്രസംഗിക്കണം എന്ന് പറഞ്ഞ അമ്മയുടെ കാലം.
കോൺഗ്രസിന്റെ നന്മയുടെയും വിശുദ്ധ രാഷ്ട്രീയത്തിന്റെയും കാലം ഇന്ന് അസ്തമിച്ചിരിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിൽമാരും ഷാഫി പറമ്പിൽമാരും മാമ്പഴം രുചിച്ച രസിക്കുന്ന കാലമാണിത്. രാഷ്ട്രീയ സംവാദങ്ങളുടെയും വിശുദ്ധ ഗാന്ധിജിയെയും നെഹ്രുവിനെയും മൗലാനാ അബ്ദുള്‍ കലാം ആസാദിനെയും അറിയുന്ന കാലം അസ്തമിച്ചു, ഖദറിനെ വെറുക്കാത്ത കാവിയെ പണസഞ്ചികളാല്‍ പ്രണയിക്കാത്ത കോണ്‍ഗ്രസുകാരന്റെ വാഗ്ദത്ത എതിരഭിപ്രായങ്ങളുടെയും കാലമസ്തമിച്ചു എന്ന് സി കേശവന്റെയും ഇടതുപക്ഷക്കാരനായ അദ്ദേഹത്തിന്റെ പുത്രന്‍ കെ ബാലകൃഷ്ണന്റെയും കാലം ഓർമ്മിപ്പിക്കുന്നു. ഇന്ന് പൊട്ടിക്കരയുന്നത്, കോൺഗ്രസിനെ സ്നേഹിച്ചിരുന്ന, പാവം ജനങ്ങളാണ്. മാങ്കൂട്ടത്തില്‍മാരും പറമ്പില്‍മാരും കോണ്‍ഗ്രസ് അടക്കിവാഴുമ്പോള്‍ കസ്തൂര്‍ബായെയും ഗാന്ധിജിയെയും ഓര്‍ക്കാന്‍ ആരുണ്ട് കോണ്‍ഗ്രസിലിന്ന്. കോണ്‍ഗ്രസിന്റെ സംസ്ഥാന – ദേശീയ നേതൃപക്ഷം ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാരന്റെ കൂട്ടവേട്ടയാടലിന്റെ പക്ഷമാണെന്ന് ജനത തിരിച്ചറിയുന്നുണ്ട്.
പിന്‍കുറിപ്പ്
പാവം പാവം വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദിയായവര്‍ക്ക് പൊട്ടിക്കരയാനാവുന്നില്ല. തേങ്ങിക്കരയുവാന്‍ മാത്രമേ ആവുന്നുള്ളു. പൊട്ടിത്തെറിക്കുന്ന കെ മുരളീധരനെ കോണ്‍ഗ്രസ് പരിഗണിക്കുന്നുമില്ല. ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെടുമ്പോഴും ‘ആദര്‍ശ ധീരനില്‍ ധീരനായ’ ഏ കെ ആന്റണി മൗനത്തിന്റെ മഹാവാല്‍മീകത്തിലാണ്. അതാണ് ഇന്നത്തെ അപചയകാലത്തെ കോണ്‍ഗ്രസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.