22 December 2024, Sunday
KSFE Galaxy Chits Banner 2

ദുരന്തത്തിന്റെ കണക്ക് ചോദിക്കുന്ന മോഡി

ദേവിക
വാതിൽപ്പഴുതിലൂടെ
August 13, 2024 4:15 am

വയനാട് ദുരന്തഭൂമിയില്‍ സന്ദര്‍ശനത്തിനെത്തിയ മോഡി മടങ്ങി. മെെലാഞ്ചിയണിഞ്ഞ തന്റെ കുഞ്ഞുമോളുടെ വിരലെങ്കിലും കിട്ടുമോ എന്ന് തിരയുന്ന പിതാവിനേയും അവളുടെ കാതില്‍ കിടന്ന കമ്മലെങ്കിലും കണ്ടാല്‍ മൃതദേഹം തിരിച്ചറിയാമെന്ന് വിലപിക്കുന്ന മാതാവിനെയും പച്ച നെയില്‍പോളീഷിട്ട ഭാര്യയുടെ വിരലുകള്‍ തിരക്കുന്ന ഭര്‍ത്താവിനെയും തന്റെ കെെക്കുമ്പിളില്‍ മൃതദേഹാവശിഷ്ടമെടുത്ത ര­ക്ഷാപ്രവര്‍ത്തകന്റെ വിതുമ്പലുമെല്ലാം കണ്ടുംകേട്ടുമറിഞ്ഞാണ് പ്രധാനമന്ത്രി മോഡി മടങ്ങിപ്പോയത്. ഇതൊക്കെ താന്‍ കുറേ കണ്ടതാണ്, ഗുജറാത്തിലെ പ്രകൃതിദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയയാളാണ് താന്‍. എന്നൊക്കെ ഗീര്‍വാണമടിച്ചും ആകാശനിരീക്ഷണം നടത്തിയും സ്ഥിതിഗതികള്‍ വിശകലനം ചെയ്തും മടങ്ങിയ മോഡി ഇപ്പോള്‍ പറയുന്നു, ദുരന്തത്തിന്റെ കണക്കെവിടെ! ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രളയവും ഉരുള്‍പൊട്ടലും ഭൂകമ്പവുമുണ്ടായപ്പോള്‍ ദുരന്തഭൂമികള്‍ സന്ദര്‍ശിച്ച മോഡി കൊട്ടക്കണക്കിന് കോടികളുടെ പുനരധിവാസ ധനസഹായം പ്രഖ്യാപിച്ചിരുന്നത് സന്ദര്‍ശനവേളയില്‍ത്തന്നെയായിരുന്നു. പക്ഷേ കേരളത്തില്‍ വന്നപ്പോള്‍ മാത്രം കണക്കെവിടെ എന്ന് ചോദ്യം. കണ്ടതും കേട്ടതുമൊന്നും മനസിലായില്ലെന്നുണ്ടോ മാന്യദേഹത്തിന്. ദുരന്തത്തില്‍ രാഷ്ട്രീയം വലിച്ചിഴയ്ക്കരുതെന്ന് സ്ഥിരമായി ഓരിയിടാറുള്ള മോഡിയാണ് ഇടതുഭരണമുള്ള കേരളത്തോട് ഈ കൊടിയ വിവേചനം കാട്ടുന്നത്. കല്ലിനുമുണ്ട് ഹൃദയം എന്നാണ് പറയാറുള്ളത്. മോഡിക്ക് അതുപോലും ഇല്ലാതെപോയതില്‍ കേഴുക പ്രിയനാടേ എന്ന് നമുക്ക് വിലപിക്കാം.

പാരിസ് ഒളിമ്പിക്സിന് കൊടിയിറങ്ങി. ഇന്ത്യയോളം ജനസംഖ്യയുള്ള ചെെനയും ഇന്ത്യയുടെ പത്തിലൊന്ന് ജനങ്ങളുള്ള യുഎസും തമ്മിലാണ് ഒന്നാം സ്ഥാനത്തിനായി പോരാടിയത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യ വളരുമെന്ന് ഗീര്‍വാണമടിക്കുന്ന മോഡി ഭരിക്കുന്ന ഇന്ത്യ 71-ാം സ്ഥാനം. 159 കോടി രൂപ മുതല്‍ മുടക്കിയാണ് ഇന്ത്യന്‍ ടീമിനെ പാരീസിലേക്ക് അയച്ചതെന്നാണ് അവകാശവാദം. എന്നിട്ടും നാം പാകിസ്ഥാനെക്കാള്‍ പിന്നില്‍. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സില്‍ ഒരു സ്വര്‍ണമുണ്ടായിരുന്നതും നഷ്ടമാക്കി. സ്വര്‍ണമെഡലിനരികെയെത്തിയ വനിതാ ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണവും പുറത്തുവരുന്നു. വനിതാ താരങ്ങളെ ലെെംഗികമായി പീഡിപ്പിച്ച ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി ഗുണാണ്ടറുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരെ തെരുവിലിറങ്ങി നടത്തിയ പോരാട്ടത്തിന്റെ നായികയായിരുന്നു വിനേഷ് ഫോഗട്ട്. ആ കലിപ്പ് തീര്‍ക്കാന്‍ ആ താരത്തിന് നല്‍കിയ ഭക്ഷണത്തില്‍ മറിമായം കാട്ടി ഭാരവര്‍ധനവുണ്ടാക്കി അയോഗ്യയാക്കി സ്വര്‍ണ മെഡല്‍ നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന ഗൂഢാലോചനയാണ് പുറത്തുവരുന്നത്. രാഷ്ട്രീയ വിജയത്തിനുവേണ്ടി രാജ്യത്തെ കുരുതികൊടുത്ത ബിജെപി കാലത്തോട് കണക്കുപറഞ്ഞേ മതിയാവൂ.

കേരളവും യുഎസിനെപ്പോലെ തോക്കുകള്‍ കഥ പറയുന്ന ഭൂമികയായി മാറുകയാണോ? വര്‍ഷം കഴിയുന്തോറും തോക്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ പെരുകുന്നു. കഴിഞ്ഞ ദിവസം ഒരു ആറാം ക്ലാസുകാരന്‍ സഹപാഠിയെ സ്കൂള്‍ വളപ്പില്‍വച്ച് വെടിവയ്ക്കുന്നു. 2022ല്‍ സംസ്ഥാനത്ത് 122 വെടിവയ്പ് ആക്രമണങ്ങളുണ്ടായി. കഴിഞ്ഞ വര്‍ഷം അത് 133 ആയി കുതിച്ചുയര്‍ന്നു. ഈ വര്‍ഷം നടന്ന വെടിവയ്പുകള്‍ 90 കടന്നു. മിക്കവയും ലെെസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്‍ ഉപയോഗിച്ചുള്ളവ. 7,521 പേര്‍ക്കാണ് കേരളത്തില്‍ തോക്ക് ലെെസന്‍സുള്ളത്. ഇതിന്റെ പലമടങ്ങാണ് ലെെസന്‍സ് വേണ്ടാത്ത ഓണ്‍ലെെന്‍ വഴി സ്വന്തമാക്കുന്ന എയര്‍ഗണ്‍ കെെവശമുള്ളവരുടെ സംഖ്യ. പ്രണയപ്പക തീര്‍ക്കാന്‍ വേണ്ടി ഡോ. ദീപ്തി എന്ന ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ തന്റെ മുന്‍ കാമുകന്റെ ഭാര്യയെ കൊല്ലത്തുനിന്നും തലസ്ഥാനത്തെത്തി വെടിവച്ചത് ഏതാനും ദിവസം മുമ്പാണ്. ലഹരിയില്‍ മുങ്ങുന്ന കേരളത്തില്‍ തോക്കുകള്‍ പെരുകുന്നത് ഭയാനകമായ ഒരു ഭാവിയെയല്ലേ ചൂണ്ടിക്കാട്ടുന്നത്?

ചില വാര്‍ത്തകളും പരസ്യങ്ങളും നമ്മെ ഇരുത്തി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. 45 വയസായിട്ടും കല്യാണം കഴിക്കാന്‍ പെണ്ണ് കിട്ടാത്തയാളോട് അയല്‍വാസിയായ വൃദ്ധന്‍ ചോദിച്ചുവത്രെ. കല്യാണമൊന്നുമായില്ലേ കൊച്ചനേ. വര്‍ഷങ്ങളായി നാട്ടുകാര്‍ ചോദിച്ചു കേട്ടുമടുത്ത ചോദ്യത്തിന് ഉത്തരമായി അയാള്‍ വൃദ്ധനെ തല്ലിക്കൊന്നു. ഈയിടെ ഒരു പരസ്യംകണ്ടു: ‘തന്റേതല്ലാത്ത കുറ്റംകൊണ്ട് ഭര്‍ത്താവിനെ കൊന്നതിന് ജീവപര്യന്തം തടവിലായി ജയില്‍ വിമോചിതയായി പുറത്തിറങ്ങിയ അറുപതുകാരിക്ക് ദെെവഭയമുള്ള യുവാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്നമല്ല.’ വേറൊരു പരസ്യം: ‘77 വയസുള്ള മുസ്ലിം യുവാവിന് 30 വയസിന് താഴെയുള്ള പെണ്‍കുട്ടികളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.’ ഈ മൂപ്പിലാനും മുത്തശിക്കും ഇണയെ കിട്ടിയോ എന്ന് തിട്ടമില്ല. ഇനിയൊരു പരസ്യം. ‘മാവേലിയെ ആവശ്യമുണ്ട്. ഒത്ത തടി, കുടവയര്‍, ആജാനബാഹു എന്നിവ മാനദണ്ഡം. പ്രതിഫലം പ്രതിദിനം 900 രൂപ ശമ്പളം, 100 രൂപ ദിനബത്ത. ഒരു കുപ്പി ജവാന്‍ റം, ടച്ചിങ്സ്, ബിരിയാണി.’ അപ്പോള്‍ മാവേലി വേഷവും ഒരു തൊഴില്‍ മേഖലയാവുന്നു. നമ്മുടെ നാട്ടില്‍ പൊലീസ് ഏമാന്മാര്‍ ലക്ഷങ്ങളാണ് കെെക്കൂലി വാങ്ങുന്നതെന്നാണ് പരക്കെ ആരോപണം. യുപിയില്‍ നിന്ന് വേറിട്ടൊരു വാര്‍ത്ത. ഒരു കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒരു പട്ടിണിപ്പാവം എസ്ഐ ഏമാനെ സമീപിക്കുന്നു. കോഴയായി അഞ്ച് കിലോ ഉരുളക്കിഴങ്ങ് വേണമെന്ന് പരാതിക്കാരന്‍. പട്ടിണിയാണ് സാറേ, രണ്ട് കിലോ വാങ്ങിത്തരാം. ശരി മൂന്ന് കിലോ കേസ് തീരുമ്പോള്‍ വാങ്ങിത്തരണം. കേസ് ഒത്തുതീര്‍ന്നെങ്കിലും കോഴക്കുറ്റത്തിന് ദയാലുവായ ഏമാന്‍ അകത്തായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.