14 January 2026, Wednesday

അവഗണിക്കപ്പെടുന്ന കേരളം

കെ ദിലീപ്
നമുക്ക് ചുറ്റും
January 2, 2024 4:23 am

ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലത്ത് 50കളില്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ വിഭജിച്ചു കിടന്നിരുന്ന ഇന്നത്തെ കേരള സംസ്ഥാനം അന്നത്തെ ഇന്ത്യയിലെ സെന്‍ട്രല്‍ പ്രോവിഡന്റുകള്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്രയുടെ ഭാഗങ്ങള്‍ ഒക്കെ ഉള്‍പ്പെട്ടിരുന്ന പ്രദേശംപോലെ തന്നെ അതിദരിദ്രമായ അവസ്ഥയിലായിരുന്നു. 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമായ ശേഷം തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യ സിപിഐ സര്‍ക്കാര്‍ തുടങ്ങിവച്ച ഭൂപരിഷ്കരണ നടപടികള്‍, വിദ്യാഭ്യാസ‑പൊതു ആരോഗ്യ സംരക്ഷണ മേഖലകളില്‍ നടത്തിയ വലിയ നിക്ഷേപം, സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരായ നിരന്തരമായ ഇടപെടലുകള്‍ എന്നിവ‍ ഈ രംഗങ്ങളില്‍ വലിയ ഉണര്‍വുണ്ടാക്കി. 1970ലെ സി അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് 57ലെ സിപിഐ സര്‍ക്കാര്‍ തുടങ്ങിവച്ച ഭൂപരിഷ്കരണം അടക്കമുള്ള വിവിധ സാമൂഹ്യ പരിഷ്കരണ നയങ്ങള്‍ക്ക് പൂര്‍ത്തീകരണമുണ്ടായി. ഇതെല്ലാം ഒത്തുചേര്‍ന്ന് ‘കേരള മോഡല്‍’ എന്ന, ഇന്നത്തെ സുസ്ഥിരവികസനത്തിന്റെ മാതൃകയുണ്ടായി. കേരളം മറ്റു പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെയും അവസ്ഥയില്‍ നിന്നും ബഹുദൂരം മുന്നോട്ടുപോയി. സാമൂഹ്യ സമത്വവും വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ഉറപ്പുനല്‍കി. വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച മലയാളിയെ വിദേശ രാജ്യങ്ങളില്‍ ജോലി നേടാന്‍ പര്യാപ്തനാക്കി. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന സംസ്ഥാനമായി കേരളം മാറി. പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പമുള്ള അടിസ്ഥാനസൗകര്യ വളര്‍ച്ചയും ഉയര്‍ന്ന ജീവിതനിലവാരവും നേടിയത് അശാസ്ത്രീയമായ നികുതി വിഭജന ഘടന കാരണം കേരളത്തിന് വലിയ തോതില്‍ കേന്ദ്ര നികുതി വിഹിതം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് സംജാതമാക്കിയത്.

 


ഇതുകൂടി വായിക്കൂ; ജാതിപ്പിശാചുക്കളുടെ ഉയിർത്തെഴുന്നേല്‍പ്പ്


2018ല്‍ ആ വര്‍ഷം ലോകം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ അഭിമുഖീകരിക്കുന്നതിന് തൊട്ടുമുമ്പുള്ള സംസ്ഥാനത്തെ കാര്‍ഷിക, വ്യാവസായിക മേഖലകളുടെ അവസ്ഥ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. പ‍ഞ്ചാബിനൊപ്പം ക്ഷീര ഉല്പന്നങ്ങളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടുകയും കന്നുകാലി വളര്‍ത്തല്‍ തികച്ചും ശാസ്ത്രീയമായി നടത്തുന്ന അനേകം ഫാമുകള്‍, മറ്റു മാംസ ഉല്പന്ന സംസ്കരണ ശാലകള്‍, ജൈവകൃഷിയില്‍ പുതിയ സംരംഭങ്ങള്‍, മത്സ്യ‑പച്ചക്കറിക്കൃഷിയില്‍ സ്വയം പര്യാപ്തതക്കായുള്ള തീവ്രശ്രമം ഇവയെല്ലാം ചേര്‍ന്ന് തനതായ ഒരു കാര്‍ഷിക സംസ്കാരം രൂപപ്പെട്ടു വരുമ്പോഴാണ് എല്ലാം തകര്‍ത്തുകൊണ്ട് പേമാരിയും പ്രളയവും വന്നത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖല പൂര്‍ണമായും തകര്‍ന്നു. കാര്‍ഷിക, മൃഗസംരക്ഷണ, ചെറുകിട വ്യവസായ മേഖല തരിപ്പണമായി. 40,000 കോടിയിലധികം നഷ്ടം സംഭവിച്ചു. ഏതാണ്ട് 15 വര്‍ഷത്തോളം നല്‍കിയ വാക്സിനേഷന്റെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ വാങ്ങുമ്പോള്‍ കര്‍ശനമായി പരിശോധനകള്‍ നടത്തിയതിന്റെയും ഫലമായി കുളമ്പുരോഗം ഏതാണ്ട് പൂര്‍ണമായി നിര്‍മ്മാര്‍ജനം ചെയ്തിരിക്കുകയായിരുന്നു. പക്ഷെ 2018ലെ പ്രളയത്തില്‍ ബഹുഭൂരിപക്ഷം ഫാമുകളും തകര്‍ന്നു. ആയിരക്കണക്കിന് കന്നുകാലികള്‍ നഷ്ടപ്പെട്ടു. ഈ മേഖലയില്‍ കൈവരിച്ച സ്വയംപര്യാപ്തത തിരികെ നേടുവാന്‍ വര്‍ഷങ്ങള്‍ വേണം.
ഇത്തരത്തില്‍ വലിയ പ്രകൃതി ദുരന്തം കേരളം നേരിട്ടപ്പോള്‍ അത് ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള മര്യാദപോലും കേന്ദ്ര സര്‍ക്കാര്‍ കാണിച്ചില്ല. 2001ല്‍ ഗുജറാത്തിലെ ഭുജില്‍ ഭൂകമ്പമുണ്ടായപ്പോള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും സഹായം സ്വീകരിച്ച അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രിയായിരിക്കെ കേരളത്തിന് ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന മലയാളി പ്രവാസി സമൂഹവും ലോകരാജ്യങ്ങളും സഹായം നല്‍കാനായി മുന്നോട്ടു വന്നപ്പോള്‍ നിര്‍ദയം അനുവദിക്കാതിരിക്കുകയാണ് ചെയ്തത്. കൂട്ടത്തില്‍ പറയട്ടെ, ഇ കെ നായനാര്‍ എന്ന കേരള മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നല്‍കിയ 10 ലക്ഷം രൂപയും അതിന്റെ പലിശയും ചേര്‍ത്താണ് 2008ല്‍ ഭുജിലെ ഐടിഐ പുനര്‍നിര്‍മ്മിച്ചത്. പ്രളയദുതത്തിന് വിശേഷിച്ചൊരു സഹായവും കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായില്ലെന്ന് മാത്രമല്ല, ദുരിതാശ്വാസത്തിനായി വന്ന എന്‍ഡിആര്‍എഫിന്റെ ചെലവ് കൂടി സംസ്ഥാനം വഹിക്കേണ്ടിവരികയും ചെയ്തു. കേന്ദ്രം നിശ്ചയിച്ചിട്ടുള്ള പ്രകൃതിദുരന്ത നഷ്ട പരിഹാര മാനദണ്ഡങ്ങള്‍ കേരളത്തില്‍ തികച്ചും അപര്യാപ്തമാണ്. ‘പക്കാവീട്’ നഷ്ടപ്പെട്ടാല്‍ 25,000 രൂപയും ‘കച്ചാവീടി‘ന് 15,000 രൂപയും നഷ്ടപരിഹാരം ലഭിച്ചിട്ട് കേരളത്തില്‍ ഒരു മാസം വാടകവീടെടുത്ത് താമസിക്കാനേ കഴിയൂ.

പ്രളയദുരന്തത്തില്‍ നിന്നും കരകയറുന്നതിന് മുമ്പുതന്നെ കോവിഡ് മഹാമാരിയുടെ കാലമായി. കോവിഡിനെ സംസ്ഥാനം നേരിട്ട മാതൃക ലോകതലത്തില്‍ തന്നെ പ്രശംസിക്കപ്പെട്ടു. രോഗികള്‍ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും പ്രത്യേക താമസസൗകര്യവും കേരളം ഉറപ്പാക്കി. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ആയിരക്കണക്കിന് മൈല്‍ അകലെയുള്ള സ്വന്തം ഗ്രാമങ്ങളിലേക്ക് പൊള്ളുന്ന വെയിലത്ത് ഹൈവേകളിലൂടെ നടന്നുനീങ്ങിയ പാവപ്പെട്ട അന്യദേശ തൊഴിലാളികളെ കേരളീയര്‍ ടിവിയിലൂടെ കണ്ടു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെയത്തിയവരുടെ ക്യാമ്പുകളില്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യ ഭക്ഷണവും ചികിത്സയും നല്‍കി. കേരളത്തിലെ എല്ലാ വീടുകളിലും അരിയും ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തി ഓരോ രോഗിക്കും ചികിത്സ ഉറപ്പു വരുത്തി.
ലോകത്ത് തന്നെ ഏറ്റവും കാര്യക്ഷമമായി കോവിഡ് മഹാമാരിയെ നേരിട്ട പ്രദേശമായി കേരളം പ്രശംസിക്കപ്പെട്ടു. എന്നാല്‍ പ്രകൃതിദുരന്തവും മഹാമാരിയും തുടര്‍ച്ചയായി നേരിടേണ്ടിവന്ന സംസ്ഥാനത്തിന്റെ 2018 മുതല്‍ 21 വരെയുള്ള നികുതി വരുമാനവും സംസ്ഥാന ഖജനാവില്‍ നിന്ന് പ്രകൃതിദുരന്തത്തെയും മഹാമാരിയെയും നേരിടാനായി ചെലവഴിക്കേണ്ടിവന്ന തുകയും തമ്മില്‍ ഒരു താരതമ്യം നടത്തുന്ന ഏതൊരാള്‍ക്കും അയാള്‍ അരിയാഹാരം കഴിക്കുന്നവരാണെങ്കില്‍, കേരളം ഈ ദുരന്തങ്ങള്‍ക്ക് വെറും രണ്ടു വര്‍ഷമിപ്പുറം അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം മനസിലാവും. കേന്ദ്ര നികുതിയിനത്തില്‍ കേരളത്തില്‍ നിന്നും പിരിക്കുന്ന തുകയില്‍ നമുക്ക് തിരികെ ലഭിക്കുന്നത് ഒരു രൂപയില്‍ 25 പൈസയാണ്. കര്‍ണാടകയ്ക്ക് 47 പൈസ, തമിഴ്‌നാടിന് 40, യുപി 79 പൈസ. കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക സഹായ പദ്ധതി പ്രകാരം കഴിഞ്ഞ നാലു വര്‍ഷം അനുവദിച്ച തുകയായ 1,67518.6 കോടിയില്‍ 22,857.9 കോടി, മൊത്തം തുകയുടെ 14 ശതമാനം ലഭിച്ചത് ഉത്തര്‍പ്രദേശിനാണ്. ഈ വര്‍ഷം യുപിക്ക് അനുവദിച്ച 18,936 കോടിയില്‍ 12458.43 കോടി ഇപ്പോള്‍ തന്നെ ചെലവഴിച്ചു കഴിഞ്ഞു എന്നും വാര്‍ത്തകളില്‍ കാണുന്നു. ഏറ്റവും കുറഞ്ഞ തുക കിട്ടിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കോവിഡ് മഹാമാരി, ലോകത്തിനു മാതൃകയായ വിധം നേരിട്ട കേരളം. ഈ വര്‍ഷം ഒരു തുകയും കിട്ടിയിട്ടുമില്ല. ഉത്തര്‍പ്രദേശിനു തൊട്ടുപിറകില്‍ 16,680.9 കോടി നേടി ബിഹാറും മധ്യപ്രദേശുമുണ്ട്.
മേല്‍പ്പറഞ്ഞ കണക്കുകളില്‍ നിന്നും ഒരു കാര്യം സുവ്യക്തമാണ്. കേരളം പ്രളയകാലത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളോ കോവിഡ് കാലത്ത് നടത്തിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളോ ഭക്ഷ്യഭദ്രതാ പ്രവര്‍ത്തനങ്ങളോ അതിനൊക്കെ മുമ്പുതന്നെ നേടിയ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ സ്വയം പര്യാപ്തതയോ ഒന്നും ‘പ്രത്യേക സഹായ പദ്ധതി‘കള്‍ കേന്ദ്രത്തില്‍ നിന്നും നേടിയെടുക്കാന്‍ പര്യാപ്തമല്ല എന്നതാണ്. പ്രത്യേക സഹായം ലഭിച്ചില്ലെങ്കിലും പ്രളയകാലത്തെ യഥാര്‍ത്ഥ നഷ്ടം കണക്കാക്കി അത് നല്‍കുവാനും കോവിഡ് കാലത്തെ പ്രവര്‍ത്തനം വിലയിരുത്തി ആ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന ചെലവുകള്‍ അനുവദിക്കുവാനുമുള്ള നിലപാടുകള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇനിയെങ്കിലുമുണ്ടാവണം.

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.