27 April 2024, Saturday

ജാതിപ്പിശാചുക്കളുടെ ഉയിർത്തെഴുന്നേല്‍പ്പ്

ടി കെ പ്രഭാകരകുമാര്‍
December 31, 2023 4:30 am

സിനിമാനടൻ കൃഷ്ണകുമാർ പഴങ്കഞ്ഞിയെ ജാത്യാഭിമാനവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയെന്ന് മാത്രമല്ല ശക്തമായ നിയമനടപടികൾ ക്ഷണിച്ചുവരുത്തുകയും ചെയ്തിരിക്കുന്നു. പട്ടികജാതി-പട്ടികവർഗ കമ്മിഷൻ കൃഷ്ണകുമാറിനെതിരെ കേസെടുത്തതോടെ കേരളം എന്നേ പുറന്തള്ളിയ അയിത്തവ്യവസ്ഥിതി മനസിൽ ഇന്നും കൊണ്ടുനടക്കുന്നവരുടെ ഉള്ളിലിരിപ്പുകൾക്കെതിരെ ധാർമ്മികരോഷം പ്രകടിപ്പിച്ചുകൊണ്ട് വിവിധ ദളിത് സംഘടനകളും സാംസ്കാരിക പ്രവർത്തകരും രംഗത്തുവന്നിരിക്കുകയാണ്. കൃഷ്ണകുമാറിന്റെ അഭിപ്രായത്തെ എതിർത്തുകൊണ്ടും പിന്തണച്ചുകൊണ്ടുമുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. മാളത്തിൽ ഒളിച്ചിരുന്ന സകലമാന ജാതിവാദികളും വല്ലാത്ത ആവേശത്തോടെ കൃഷ്ണകുമാറിന്റെ അയിത്തവാദത്തെ പുകഴ്ത്തിപ്പറയാനും എതിർപ്പ് പ്രകടിപ്പിക്കുന്നവരെ പുലഭ്യം പറയാനും മത്സരിക്കുന്നു.
അക്ഷരാർത്ഥത്തിൽ കൃഷ്ണകുമാറിന്റെ അഭിപ്രായം ജാതീയവേർതിരിവുകൾക്ക് അതീതമായ പൊതുകൂട്ടായ്മ ശക്തമായ സാഹചര്യത്തിൽ വീണ്ടും വിഭാഗീയത സൃഷ്ടിച്ച് മനുഷ്യമനസുകളിൽ അസ്വസ്ഥത പടർത്താനാണ് ഇടവരുത്തിയിരിക്കുന്നത്. തന്റെ അച്ഛൻ പണിക്കാർക്ക് കുഴികുത്തി പഴങ്കഞ്ഞി കൊടുക്കുന്നത് കണ്ട് താൻ കൊതിയോടെ നോക്കിനിന്നുവെന്ന് കൃഷ്ണകുമാർ പറഞ്ഞത് ആത്മരതി നിറഞ്ഞ വരേണ്യബോധത്തോടെ തന്നെയാണ്. ഈ അഭിപ്രായപ്രകടനത്തെ ഒട്ടും നിഷ്കളങ്കമായി കാണാൻ സാധിക്കില്ലെന്ന് മാത്രമല്ല, പട്ടികജാതി-വർഗവിഭാഗങ്ങൾ അടക്കമുള്ള പിന്നാക്കവിഭാഗങ്ങളെ അവജ്ഞയോടെയും പുച്ഛത്തോടെയും കാണുന്ന സവർണ മാടമ്പി സ്വഭാവസവിശേഷതകളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന നിലയ്ക്ക് അങ്ങേയറ്റം അപകടകരം കൂടിയാണ്.


ഇതുകൂടി വായിക്കൂ: 2024: ദളിത് വോട്ടർമാര്‍ ആരോടൊപ്പം!


താനും തന്റെ കുടുംബവും ജാതീയപ്രമാണിത്തത്തിന്റെയും തറവാടിത്തത്തിന്റെയും പ്രിവിലേജുകൾ അനുഭവിക്കുന്നവരാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്നതിനൊപ്പം താഴ്ന്ന ജാതിക്കാർക്ക് കുഴിയിൽ പഴങ്കഞ്ഞി കുടിക്കാനുള്ള യോഗ്യത മാത്രമേ ഉള്ളൂവെന്ന് സ്ഥാപിക്കാനും കൃഷ്ണകുമാറിലെ സവർണബോധം ശ്രമം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൽ നിന്നും എന്നന്നേക്കുമായി തൂത്തെറിയേണ്ട അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സാംസ്കാരികപ്രതിരോധവും ജാഗ്രതയും ബോധവൽക്കരണവും ശക്തമാക്കേണ്ടത്, ജീർണിച്ച വ്യവസ്ഥിതികളുടെ വക്താക്കളായ കൃഷ്ണകുമാറിനെപ്പോലുള്ളവരുടെ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ കാലത്തിന്റെ ഗൗരവതരമായ ഉത്തരവാദിത്തമായി മാറുകയാണ്.
അന്നത്തെ കാലഘട്ടത്തെക്കുറിച്ച് സ്വാഭാവികമായി പറഞ്ഞുപോയതാണെന്നും അതിന് ഇത്രയൊന്നും കോലാഹലമുണ്ടാക്കേണ്ട കാര്യമില്ലെന്നുമാണ് അഭിപ്രായത്തെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ കുഴികുത്തി പഴങ്കഞ്ഞി കുടിപ്പിക്കുന്നത് ഒരു തെറ്റായ ആചാരമാണെന്ന് കൃഷ്ണകുമാർ പറയുന്നില്ല. അത് കൗതുകകരമായ പ്രവൃത്തിയായാണ് അദ്ദേഹത്തിന് തോന്നിയത്. പഴങ്കഞ്ഞിയുടെ ഗുണമേന്മയെ പുകഴ്ത്തുന്നതിനാണ് പണ്ടുകാലത്തെ അയിത്തോച്ചാടനത്തെ കൃഷ്ണകുമാർ കൂട്ടുപിടിച്ചതെന്ന വാദഗതിയും നിഷ്കളങ്കമല്ല. അയിത്താചരണത്തെ ന്യായീകരിക്കാൻ പഴങ്കഞ്ഞിയെ കൃഷ്ണകുമാർ കൂട്ടുപിടിച്ചതുപോലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തെ അനുകൂലിക്കുന്നവരും മനസിലാക്കിയത്. എന്റപ്പൂപ്പന് ആനേണ്ടാർന്നു എന്നൊക്കെ പറയുന്നതുപോലെ തികച്ചും ലാഘവത്തോടെയാണ് അവർണവിഭാഗങ്ങൾ നേരിട്ട അക്കാലത്തെ ജാതിവെറിയെ കൃഷ്ണകുമാർ കാണുന്നത്. ജാതിയിൽ താഴ്ന്നവരെ കുഴിയിൽ പഴങ്കഞ്ഞി കുടിപ്പിച്ച അച്ഛന്റെ കുലമഹിമ വ്യക്തമാക്കാൻ ഈ അവസരം കൃഷ്ണകുമാർ വിനിയോഗിക്കുന്നുവെന്നതാണ് ഏറ്റവും അശ്ലീലം നിറഞ്ഞ കാര്യം. വീട്ടിൽ നല്ല ഭക്ഷണമുണ്ടായിട്ടും പണിക്കാർ കുഴിയിൽ ഇലയിട്ട് പഴങ്കഞ്ഞി കുടിക്കുന്നത് കണ്ടപ്പോൾ കൊതി തോന്നിയെന്ന പരാമർശത്തിൽ, അതൊരു ശരിയായ കാര്യമാണെന്ന ധ്വനിയാണ് അടങ്ങിയിരിക്കുന്നത്. ഇപ്പോൾ അങ്ങനെയുള്ള പണിക്കാർ ഇല്ലാത്തതിന്റെ കൊതിക്കെറുവ് കൂടി നടന്റെ വാക്കുകളിൽ പ്രകടമാണ്.


ഇതുകൂടി വായിക്കൂ: ജാതീയതയില്‍ കരിന്തിരിയാവുന്ന ആട്ടവിളക്കുകള്‍


കൃഷ്ണകുമാറിന്റെ പഴങ്കഞ്ഞിപ്രയോഗം ആദിവാസി-ദളിത് വിഭാഗങ്ങളിൽ ഉണ്ടാക്കിയിരിക്കുന്ന വേദനയുടെ ആഴം വളരെ വലുതാണ്. ജാതിപ്രമാണിമാരുടെ പീഡനങ്ങൾക്കും അയിത്ത വ്യവസ്ഥക്കും ജാതീയ ഉച്ചനീചത്വങ്ങൾക്കുമെതിരെ നിരന്തരമായി പോരാട്ടം നടത്തിയതിന്റെ ഫലമായാണ് കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ജീവിതസാഹചര്യത്തിന് ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചത്. ജാതിപ്പിശാചുക്കളിൽ നിന്നും കേരളത്തെ മോചിപ്പിക്കാൻ നടത്തിയ നവോത്ഥാന പോരാട്ടങ്ങളിൽ ദളിത് വിഭാഗം മാത്രമല്ല, ജാതിവിവേചനങ്ങളെ അംഗീകരിക്കാത്ത ബ്രാഹ്മണര്‍ അടക്കമുള്ള സവർണവിഭാഗങ്ങളും പങ്കാളികളായിട്ടുണ്ട്. മനുഷ്യനെ മനുഷ്യനായി കാണുകയോ അംഗീകരിക്കുകയോ ചെയ്യാത്ത പല ദുരാചാരങ്ങളും നിർമ്മാർജനം ചെയ്യാനും ജാതി-മത ചിന്തകൾക്ക് അതീതമായ ഉയർന്ന സാംസ്കാരിക ബോധമുള്ള ജനതയുടെ നാടായി കേരളത്തെ മാറ്റിയെടുക്കാനും ഇത്തരം പോരാട്ടങ്ങൾക്ക് സാധിച്ചു. ജാതീയ ദുരാചാരങ്ങൾ പോരാട്ടങ്ങളിലൂടെയും നിയമപരമായ മാർഗങ്ങളിലൂടെയും ചെറുത്തുനില്പുകളിലൂടെയും പല ഘട്ടങ്ങളിലായി തുടച്ചുനീക്കിയെങ്കിലും ദുരാചാരങ്ങളെ മനസിൽ താലോലിച്ച് മറുവിഭാഗങ്ങളോട് വിവേചനപരമായ മനോഭാവം വച്ചുപുലർത്തുന്നവർ ഈ കാലഘട്ടത്തിലും ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് കൃഷ്ണകുമാറിനെ പോലുള്ളവർ നൽകിക്കൊണ്ടിരിക്കുന്നത്. ഇത്തരക്കാർ സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിഹരിക്കുമ്പോൾ ഇവരാൽ നയിക്കപ്പെടുന്ന സമൂഹം പരിഷ്കൃതലോകത്തിന് നിരക്കാത്ത ജീർണിച്ച ആചാരങ്ങളുടെ വക്താക്കളായി മാറാനും തയ്യാറാകുമെന്നതിനാൽ കൃഷ്ണകുമാറിന്റെ ജാതിസ്പർധ നിറഞ്ഞ വാദം അങ്ങേയറ്റം വിഷലിപ്തവും ആപൽക്കരവുമാണെന്ന് തന്നെ വിലയിരുത്തണം.


ഇതുകൂടി വായിക്കൂ: കേരള യാത്രയും വിവേകാനന്ദന് നേരിട്ട ജാതീയ അവഗണനയും


അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്നും തന്ത്രിയായി പുനർജനിക്കണമെന്നുമൊക്കെ പറയുന്നവരും കൃഷ്ണകുമാറിന്റെ ജാതീയമനോഘടനയിൽ അഭിരമിക്കുന്നവർ തന്നെയാണ്. കുഴികുത്തി പഴങ്കഞ്ഞി കുടിക്കുന്നവർ മാത്രമല്ല, ഉയർന്ന ജാതിക്കാരെ കാണുമ്പോൾ വഴിമാറി ഓച്ഛാനിച്ച് നിൽക്കുന്നവരും ഭാര്യയെ പ്രാപിക്കാനെത്തുന്ന ജന്മിക്ക് കിടപ്പറ തുറന്നുകൊടുക്കുന്നവരും ഇവിടെയുണ്ടാകണമെന്നും തമ്പ്രാൻ‑അടിയൻ അലയൊലികൾ സാമുദായികാന്തരീക്ഷത്തിൽ മുഴങ്ങണമെന്നും ആഗ്രഹിക്കുന്നവരുടെ ആശയങ്ങൾക്ക് സ്വീകാര്യതയുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുമ്പോൾ പുരോഗമന-നവോത്ഥാന ചിന്തകൾക്ക് മൂർച്ചകൂട്ടി ആശയപരമായ പ്രതിരോധം സൃഷ്ടിക്കേണ്ടത് ഏറ്റവും ഉദാത്തമായ സാമൂഹിക ദൗത്യമായി മാറുകയാണ്. ആ ദൗത്യം ഏറ്റെടുക്കാൻ ഉത്തരവാദപ്പെട്ടവരെല്ലാം ഉറക്കം വിട്ട് എഴുന്നേൽക്കേണ്ടിയിരിക്കുന്നു. കുഴിച്ചുമൂടപ്പെട്ട ജാതീയ ദുരാചാരങ്ങൾ ഉയിർത്തെഴുന്നേൽക്കാതിരിക്കാൻ ഉറക്കമില്ലാതെ തന്നെ പ്രവർത്തിക്കണമെന്നാണ് കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.