22 December 2024, Sunday
KSFE Galaxy Chits Banner 2

“കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍…”

പി എ വാസുദേവൻ
കാഴ്ച
November 1, 2024 4:29 am

കാല്‍നൂറ്റാണ്ടിനപ്പുറത്ത് ഒരു ദിവസം മണ്ണേങ്ങോട്ട് നിന്ന് ഒരു കത്ത് കിട്ടി. ‘പട്ടാമ്പി കൊപ്പത്തിനടുത്ത് മണ്ണേങ്ങോട്ട് ഒരു കൂട്ടായ്മ നടക്കുന്നു വന്നോളണം.’ കത്തയച്ചത് ഞാനേറെ ആദരിക്കുന്ന ഇപി എന്ന ഇ പി ഗോപാലന്‍. നാടിന്റെ മനസറിഞ്ഞ മനുഷ്യസ്നേഹി. നടക്കാനിരിക്കുന്ന സംഗതിയാണ് തമാശ. ഇപിയുടെ വീടായ ‘അരുണ’യിലെ മാഞ്ചോട്ടില്‍ ഒരു വകക്കാരൊക്കെ വരും. മണ്ണേങ്ങോട് ഇന്റര്‍നാഷണല്‍ എന്ന് വിളിക്കാവുന്ന ഒരു കൂട്ടായ്മ. ചര്‍ച്ച, കൂട്ടംകൂടല്‍, ആശയവിനിയമം, കര്‍മ്മപരിപാടി ആസൂത്രണം ചെയ്യല്‍. എന്തുമാവാം. ആര്‍ക്കും സംസാരിക്കാം. നാനാഭാഗത്തുനിന്നും സുഹൃത്തുക്കളെ അഥവാ സമാനമനസ്കരെ വിളിച്ചിട്ടുണ്ടായിരുന്നു. ഇപിയുടെ തിട്ടൂരം കിട്ടിയാല്‍ വരാത്തവരുണ്ടാവില്ല. വീട്ടുമുറ്റത്തെ മാഞ്ചോട്ടില്‍ ഒരുപാട് പേരെത്തി. ഒരു കത്തിന്‍പുറത്ത് വന്നവരായിരുന്നു എല്ലാം. പറമ്പിലെ മരക്കൊമ്പുകളില്‍ പഴുത്ത വാഴക്കുലകള്‍ തൂക്കിയിട്ടതില്‍ നിന്ന് ലോഭമില്ലാതെ പറിച്ചുതിന്നാം. ഒരു പുതപ്പുമായി ഇപി കസേരയിലിരുന്നു. വരുന്നവരെ നീട്ടിവിളിച്ച് സ്വാഗതം. ഞാനോര്‍ക്കുന്നു എന്തൊരു വശീകരണമായിരുന്നു, ആ മെലിഞ്ഞു വെളുത്ത മനുഷ്യന്. കാര്‍ക്കശ്യം, സ്നേഹം, സ്ഥെെര്യം, അലിവ്. മനുഷ്യരില്‍ ഇന്നു കാണാന്‍ കിട്ടാത്ത ആത്മാര്‍ത്ഥത. ‘വാടോ’ എന്ന നീട്ടിവിളിയില്‍ ആരും വീഴും.
വട്ടത്തിലിരുന്ന് ചര്‍ച്ച തുടങ്ങാന്‍ അദ്ദേഹം എന്നോട് പറഞ്ഞു. വള്ളുവനാട്ടിലെയും കേരളത്തിലെയും അറിയപ്പെടുന്നവര്‍ ചുറ്റുമായിരിക്കുന്നു. വിഷയം പ്രാദേശികമായ പ്രശ്നങ്ങളില്‍ നിന്ന് ആഗോള മാനങ്ങളുള്ളവയാവണം. ആരംഭം ചെറുതാവുമ്പോഴേ, വലുതാവാന്‍ അവസരമുണ്ടാവൂ. പലരും സംസാരിക്കാന്‍ തുടങ്ങി. ഇടയ്ക്കൊക്കെ ഇപിയും കടന്നുവന്നു. ഒരു മീറ്റിങ്ങിന്റെ ഔപചാരികതയില്ല. വടിവുകളില്ല. വെെരസ്യമില്ല. ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്കുമാത്രം പ്രത്യേകതയായി തോന്നി. വിളിച്ചും കേട്ടറിഞ്ഞും വന്നവരൊക്കെ അവരുടെ ചിന്തകള്‍ക്ക് പ്രകാശനം നല്‍കി. അവര്‍ക്കൊക്കെ സ്വന്തമായ രാഷ്ട്രീയവും സെെദ്ധാന്തികവുമായ കാഴ്ചപ്പാടുകളുമുണ്ടായിരുന്നു. പക്ഷെ ഒരാള്‍ മറ്റൊരാളെ തടസപ്പെടുത്താതെ, കേട്ടും ഉള്‍ക്കൊണ്ടും ഇരുന്നു. അത്ര ആസ്വദിച്ച് അപൂര്‍വം സംഗമങ്ങളെ ഞാനറിഞ്ഞിട്ടുള്ളു. പല കെെവഴികളായി വന്ന ആശയധാരകള്‍, ഒരു വന്‍ ഒഴുക്കായി മാറുന്ന അനുഭവം. മനുഷ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം സൂക്ഷ്മതലങ്ങളില്‍ നിന്നാവണമെന്ന് ഇപി പറഞ്ഞു. മണ്ണേങ്ങോട് ക്ലബ്ബിന്റെ താല്പര്യമതാണെന്നും, ഇത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. നമുക്കു ചുറ്റും പ്രശ്നങ്ങളുണ്ട്. ചുറ്റും മനുഷ്യരും വിഭവങ്ങളുമുണ്ട്. ഇവയെ ചേര്‍ത്തുവച്ച് പരിഹാരം തേടലാണ് വേണ്ടത്. ഓരോ സൂക്ഷ്മതല പ്രശ്നവും പരിഹൃതമാവുമ്പോള്‍ സ്ഥൂലതലങ്ങളില്‍ പ്രശ്നങ്ങള്‍ താനേ പരിഹരിക്കപ്പെടും.

മനുഷ്യരെ വേര്‍തിരിച്ച് കാണരുത്. ആശയങ്ങളുടെയും സിദ്ധാന്തങ്ങളുടെയും പരിമിതികള്‍ കടന്നുവരരുത്. സകല സിദ്ധാന്തങ്ങളെക്കാളും വലുതാണ്, സങ്കീര്‍ണമാണ് മനുഷ്യന്റെ പ്രശ്നം. അതറിയുമ്പോള്‍ മനുഷ്യനെ തൊട്ടറിഞ്ഞ് പ്രശ്നങ്ങളിലെത്താം. അപ്പോള്‍ പ്രശ്നങ്ങള്‍, മനുഷ്യന് ഗുണകരമായി പരിഹരിക്കപ്പെടും. ഇതായിരുന്നു ഇപിയുടെ കമ്മ്യൂണിസം. അദ്ദേഹം കമ്മ്യൂണിസത്തെ സിദ്ധാന്തങ്ങളിലൂടെയല്ല, ചുറ്റുപാടുകളിലൂടെയാണറിഞ്ഞത്. അങ്ങനെ അദ്ദേഹം തന്റെ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകളെ കൂടുതല്‍ അഗാധവും ബൃഹത്തുമാക്കി. സിദ്ധാന്തങ്ങളുടെയും ദര്‍ശനങ്ങളുടെയും അടിസ്ഥാനം ജീവിതമാണ് എന്നറിഞ്ഞതാണ് അദ്ദേഹത്തിന്റെ വിജയം.
നാട്ടിലെ പ്രശ്നങ്ങളിലദ്ദേഹം ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് അതില്‍ ചെന്നുചാടി ജയില്‍വാസം. ഫ്യൂഡലിസം കര്‍ഷകന്റെ ജീവിതം അമര്‍ച്ച ചെയ്തപ്പോള്‍, ‘പാട്ടപ്പറ ചവിട്ടിപ്പൊട്ടി‘ക്കാന്‍ ജനമധ്യത്തില്‍. ജനപ്രതിനിധിയായി നാട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം. നാട്ടിലൊരു കോളജിനുവേണ്ടി നിരന്തര പരിശ്രമങ്ങള്‍ നടത്തി. അദ്ദേഹം ചെന്നെത്താത്ത മേഖലകളില്ലായിരുന്നു. അതിനുവേണ്ട ചിന്താധാരകള്‍ സംഭരിച്ചത് വായന, പ്രസംഗങ്ങള്‍, അനൗപചാരിക കൂട്ടായ്മകള്‍ എന്നിവയിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ സൗഹൃദവലയത്തിന് അതിരുകളില്ലായിരുന്നു. ആര്‍ക്കും കടന്നുചെന്ന് സംവാദം നടത്താം. എതിര്‍ക്കാം. സ്വന്തം ആശയങ്ങളെ സ്ഥാപിച്ചെടുക്കാം. എന്നിട്ടും അദ്ദേഹത്തിന്റെ സൗഹൃദമനുഭവിക്കാം.
അവസാന കാലങ്ങളില്‍ അദ്ദേഹം ഭാരതപ്പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളിലായിരുന്നു. ആ പുഴയില്ലെങ്കില്‍ മനുഷ്യജീവിതം നരകമാവുമെന്നദ്ദേഹമറിഞ്ഞു. അതിനായി പാര്‍ട്ടിഭേദമെന്യേ സംഘാടനം നടത്തി. അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം അതിന് തുടര്‍ച്ചകളുണ്ടായില്ല. അതിന്റെ കാരണം ഒരു ഇപിയാവാന്‍ ശേഷിയുള്ള പിന്‍മുറക്കാരില്ലായിരുന്നു എന്നതായിരുന്നു. ഇപിയോളമെത്താന്‍ ശേഷിയും പ്രതിഭയുമുള്ളവര്‍ക്കേ അതിനൊക്കെ സാധിക്കൂ. നമ്മുടെ അപരാധം, നമ്മുടെ പരിമിതമായ കാഴ്ചപ്പാടും ‘ജ്ഞാനഭാര’വും നമ്മെ ചെറിയ മനുഷ്യരാക്കി എന്നതാണ്. 

അതിനി പറഞ്ഞിട്ട് കാര്യമില്ല. ഇപിക്ക് പറയാനൊരു ഭാഷയുണ്ടായിരുന്നു. അനുഭവങ്ങളുടെ ചേരുവകള്‍ കലര്‍ന്ന തെളിമലയാളം. പരന്ന സാഹിത്യവായനയുണ്ടായിരുന്നു. കന്മഷമില്ലാത്ത നര്‍മ്മമുണ്ടായിരുന്നു. വള്ളത്തോളും ആശാനും ഉള്ളൂരുമൊക്കെ ആ വാഗ്പ്രവാഹത്തില്‍ ഒലിച്ചുവരുമായിരുന്നു. അറിവ് ഔപചാരികമല്ലെന്നും അത് ജീവിതത്തോളം ബൃഹത്താണെന്നും അറിഞ്ഞതായിരുന്നു ആ ജീവിതത്തിന്റെ വിജയം. അദ്ദേഹം എല്ലാം ആസ്വദിച്ചു. നല്ലൊരു സദ്യപ്രിയനായിരുന്നു. സദ്യകളിലെ പ്രാദേശിക വ്യത്യാസങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതും ജീവിതമാണെന്നദ്ദേഹം തിരിച്ചറിഞ്ഞതുകൊണ്ട് വേണ്ടാത്ത ഗൗരവം നടിച്ചില്ല.
നാമിന്ന് ഇവിടെ വീണ്ടും ഒത്തുചേരുകയാണ്. ഇപി നമ്മെ വിട്ടുപോയിട്ട് 23 വര്‍ഷങ്ങള്‍ കഴിഞ്ഞു. ആദ്യത്തെ മാഞ്ചോട്ടിലെ കൂട്ടംകൂടല്‍ കഴിഞ്ഞിട്ട് ഏതാണ്ട് മൂന്ന് ദശകങ്ങള്‍ കഴിഞ്ഞു. അദ്ദേഹം പോയിട്ടും നാമദ്ദേഹത്തെ കേട്ടുകൊണ്ടേയിരിക്കുന്നു. ഓര്‍ത്തുകൊണ്ടേയിരിക്കുന്നു. പ്രായമായ തലമുറയില്‍പ്പെട്ടവരായിരിക്കും ഈ ദിവസം അവിടെ എത്തുക. അതുപോര, പുതിയ തലമുറയുടെ ആഘോഷങ്ങള്‍ അവിടെ നിറയണം. കാരണം ഇപി അവസാനം വരെ യുവാവായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.