
പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് ബ്രിട്ടന്‍ നടത്തിയ പ്രഖ്യാപനം, ഗാസയില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ വംശഹത്യ ഇസ്രയേല്‍ തുടരുന്ന സാഹചര്യത്തില്‍ അങ്ങേയറ്റം പ്രാധാന്യമുള്ളതാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ അവരുടെ ഏറ്റവും അടുത്ത സഖ്യരാജ്യങ്ങളായ കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നിവരോടൊപ്പമാണ് പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത്. സ്വതന്ത്ര പലസ്തീന്‍ എന്ന ആവശ്യം രക്തച്ചൊരിച്ചിലിലൂടെ അടിച്ചമര്‍ത്താന്‍ ഇസ്രയേലും യുഎസും ചേര്‍ന്ന് നടത്തുന്ന വംശഹത്യ ഗാസയില്‍ ഇന്ന് ജീവനോടെ കഴിയുന്ന ആറ് ലക്ഷം ജനങ്ങളെ പൂര്‍ണമായി ഉന്മൂലനത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. പൂര്‍ണ രാഷ്ട്ര പദവിയോടെയുള്ള പലസ്തീന്‍ രാഷ്ട്രം എന്നത് മാത്രമാണ് പലസ്തീന്‍ പ്രദേശങ്ങളിലേക്ക് കടന്നുകയറിയുള്ള ഇസ്രയേലിന്റെ അധിനിവേശം അവസാനിപ്പിക്കാനുള്ള ഏക പരിഹാരം. പലസ്തീന്‍ അതോറിട്ടിയുടെ പ്രസിഡന്റ് അബ്ബാസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ അംഗീകരിക്കുവാനും ഇപ്പോള്‍ നല്‍കിവരുന്ന സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ പലസ്തീന്‍ അതോറിട്ടിക്ക് തുടര്‍ന്നും നല്‍കുവാനുമാണ് ബ്രിട്ടന്റെ തീരുമാനം.
1947ല്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ലോക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുവാനായി പലസ്തീന്‍ പ്രദേശത്തെ അറബ്, ജൂത രാഷ്ട്രങ്ങളായി വിഭജിച്ച് രണ്ട് രാഷ്ട്രങ്ങള്‍ — ഇസ്രയേലും പലസ്തീനും — സ്ഥാപിക്കുവാന്‍ തീരുമാനിച്ചുകൊണ്ട് വിഭജനപദ്ധതി എന്നറിയപ്പെടുന്ന 181-ാം നമ്പര്‍ പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കി. 1948 മേയ് 14ന് ഇസ്രയേല്‍ എന്ന ജൂത രാഷ്ട്രം സൃഷ്ടിക്കപ്പെട്ടു. ഏഴരലക്ഷം പലസ്തീനികളെ നാടുകടത്തിയാണ് ഇസ്രയേല്‍ സൃഷ്ടിക്കപ്പെട്ടത്. തുടര്‍ന്ന് അറബ് — ഇസ്രയേല്‍ യുദ്ധങ്ങളുടെ കാലമായിരുന്നു. ഇസ്രയേല്‍ എന്ന ജൂത രാഷ്ട്രം സ്ഥാപിതമായെങ്കിലും പലസ്തീന്‍ എന്ന പലസ്തീനിയന്‍ ജനങ്ങളുടെ രാജ്യം സ്ഥാപിതമായില്ല. ഇസ്രയേലില്‍ ഉള്‍പ്പെടാത്ത സീനായ് ഉപദ്വീപ്, ഗാസ മുനമ്പ്, വെസ്റ്റ് ബാങ്ക് തുടങ്ങിയ പ്രദേശങ്ങള്‍ നിരന്തരമായ ഇസ്രയേല്‍ അധിനിവേശങ്ങള്‍ക്ക് വിധേയമായി. 1979ല്‍ ക്യാമ്പ് ഡേവിഡ് കരാര്‍ ഒപ്പുവച്ചപ്പോള്‍ ഇസ്രയേലും ഈജിപ്തും തമ്മില്‍ സമാധാനം സ്ഥാപിക്കപ്പെട്ടെങ്കിലും പലസ്തീന്‍ ജനതയ്ക്ക് സ്വതന്ത്ര പരമാധികാര രാഷ്ട്രം ലഭിച്ചില്ല. 1993ലെ ഓസ്ലോ ഉടമ്പടി പ്രകാരം വെസ്റ്റ് ബാങ്കിലും ഗാസയിലും പലസ്തീന്‍ അതോറിട്ടിയുടെ ഭരണം നിലവില്‍ വന്നു. എന്നാല്‍ അത് അധികകാലം നിലനിന്നില്ല. ദീര്‍ഘകാലം പലസ്തീനികളുടെ രാഷ്ട്രീയ നിലപാടുകള്‍ നിയന്ത്രിച്ച ഫതാ പാര്‍ട്ടിയില്‍ നിന്ന് 2006ല്‍ മുസ്ലിം തീവ്രവാദ സംഘടനയായ ഹമാസ്, ഗാസ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ഫതാ പാര്‍ട്ടിയും ഹമാസും തമ്മില്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചു. 2014ല്‍ ഫതായും ഹമാസും തമ്മില്‍ സന്ധിയായി ഒരു ഐക്യസര്‍ക്കാര്‍ രൂപീകരിച്ചു.
യാസര്‍ അറാഫത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെയും ഫതാ പാര്‍ട്ടിയെയും ഇല്ലാതാക്കാന്‍ ഇസ്രയേല്‍ തന്നെ വളര്‍ത്തിയ തീവ്രവാദി സംഘമായിരുന്നു ഹമാസ് എന്ന് അക്കാലത്തെ ഇസ്രയേല്‍ വിദേശകാര്യ വിദഗ്ധര്‍ തന്നെ പറഞ്ഞിട്ടുണ്ട്. താലിബാനെ യുഎസ് പാലൂട്ടി വളര്‍ത്തിയ അതേ വികലമായ നയതന്ത്രമാണ് ഇസ്രയേലും സ്വീകരിച്ചത്. 2014ല്‍ ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തില്‍ 2,251 പലസ്തീനികളും 73 ഇസ്രയേലികളും കൊല്ലപ്പെട്ടു. 2018 മാര്‍ച്ചില്‍ ഒരു പ്രകടനത്തിനിടെ കല്ലെറിഞ്ഞു എന്ന കാരണത്താല്‍ ഇസ്രയേല്‍ സൈന്യം 183 പലസ്തീനികളെ വെടിവച്ച് കൊല്ലുകയും 6,000ത്തിലധികം പേരെ പരിക്കേല്പിക്കുകയും ചെയ്തു. 2021 മേയ് മാസത്തില്‍ ജറുസലേമില്‍ നിന്ന് നിരവധി പലസ്തീന്‍ കുടുംബങ്ങളെ ഒഴിപ്പിക്കുവാനുള്ള കോടതി ഉത്തരവിനെതിരെ തുടങ്ങിയ കലാപം ഇസ്രയേലിലേക്ക് ഹമാസ് റോക്കറ്റുകള്‍ അയയ്ക്കുന്നതിലും 250ലധികം പലസ്തീനികളും 13 ഇസ്രയേലികളും കൊല്ലപ്പെടുന്നതിനും ഇടയാക്കി. 2,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 72,000 പലസ്തീനികള്‍ നാടുകടത്തപ്പെടുകയും ചെയ്തു.
ഇസ്രയേല്‍ ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ സര്‍ക്കാര്‍ 2022ല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നതോടെ പലസ്തീന്‍ പ്രദേശങ്ങളിലേക്കുള്ള അധിനിവേശ ശ്രമങ്ങള്‍ക്ക് ആക്കം കൂടി. 2023 ഒക്ടോബര്‍ ആദ്യം ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ അയയ്ക്കുകയും അപ്രതീക്ഷിത ആക്രമണത്തിലൂടെ 1,300ലധികം ഇസ്രയേലികള്‍ കൊല്ലപ്പെടുകയും 3,300ലധികം പേര്‍ക്ക് പരിക്കുപറ്റുകയും നൂറുകണക്കിന് പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തു.
ഒക്ടോബര്‍ 27ന് ഇസ്രയേല്‍ ആരംഭിച്ച പ്രത്യാക്രമണം, അന്ന് യുഎസ് ഭരിച്ചിരുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ എതിര്‍പ്പുമൂലം വലിയ തോതില്‍ രക്തരൂക്ഷിതമായില്ല. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ, നെതന്യാഹുവിന്റെ പലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്യുവാനുള്ള പദ്ധതി എല്ലാ അതിരുകളും ലംഘിച്ച് ചരിത്രത്തിലെ ഏറ്റവും ഭീകരമായ മനുഷ്യക്കുരുതിയിലേക്ക് അടുക്കുകയാണ്. ഒരു ലക്ഷത്തോളം മനുഷ്യര്‍, ഭൂരിപക്ഷവും സ്ത്രീകളും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു. ഏഴ് ലക്ഷത്തോളം മനുഷ്യര്‍ ഭക്ഷണവും കുടിവെള്ളവും കിട്ടാതെ മരണത്തോടടുക്കുന്നു. ഐക്യരാഷ്ട്ര സഭയുടെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും പ്രതിഷേധങ്ങള്‍ വനരോദനമായി മാറുന്നു. ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളില്‍ 156 അംഗങ്ങളും അംഗീകരിച്ചിട്ടും പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ യുഎസിന്റെ രക്ഷാസമിതിയിലെ എതിര്‍പ്പു കാരണം സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ജി ഏഴ് രാജ്യങ്ങളായ ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ എന്നിവ സ്വതന്ത്ര പലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചുവെന്നത് ഗാസയിലെ അത്യന്തം ഭയാനകമായ സാമൂഹ്യ സാഹചര്യത്തില്‍ പ്രതീക്ഷയുടെ മെഴുകുതിരി വെട്ടമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.