“എല്ലാരും പാടത്ത് സ്വർണം വിതച്ചു
ഏനെന്റെ പാടത്ത് സ്വപ്നം വിതച്ചു
സ്വർണം വിളഞ്ഞതും നൂറുമേനി,
സ്വപ്നം വിളഞ്ഞതും നൂറുമേനി”
— വയലാർ ദശാബ്ദങ്ങൾക്ക് മുമ്പെഴുതിയ വരികൾ.
പാടത്തു സ്വർണം വിതയ്ക്കുന്ന കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഇന്ത്യയിൽ ഇന്ന് നൂറുമേനി വിളയുന്ന സ്വപ്നങ്ങൾ പോലും ബാക്കിയായില്ല. സാമ്രാജ്യത്വ വലതുപക്ഷ സാമ്പത്തിക നയങ്ങളുമായി കുത്തക മുതലാളിമാർക്കുവേണ്ടി രാജ്യം ഭരിക്കുന്നവര്‍ കർഷകരുടെയും തൊഴിലാളികളുടെയും സ്വപ്നങ്ങളെ കർഷകവിരുദ്ധ നയങ്ങളിലൂടെ നിർദയം തല്ലിക്കെടുത്തുന്നു. പ്രതിരോധിക്കുവാനും പ്രതിഷേധിക്കുവാനും ജീവന്റെ സംരക്ഷണത്തിനുവേണ്ടി പൊരുതുവാനും നിർബന്ധിതമാകുന്ന കർഷക ജനതയെ ഭരണകൂട മർദനോപകരണങ്ങളാൽ അതിക്രൂരമായി വേട്ടയാടുകയും കാരാഗൃഹത്തിലടയ്ക്കുകയും ചെയ്യുന്നു.
യുപി — ഡൽഹി അതിർത്തിയിൽ ആദിത്യനാഥ് നിയന്ത്രിക്കുന്ന പൊലീസ് സേന സംയുക്ത കർഷക മോർച്ചയുടെ പ്രക്ഷോഭകാരികൾക്കെതിരെ ക്രൂരമായ അഴിഞ്ഞാട്ടം നടത്തുന്നത് നാം കണ്ടു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ഡൽഹി അതിർത്തിയിലെ അംബേദ്കർ പാർക്കിൽ സമാധാനപരമായി സമരം നടത്തിയിരുന്ന കർഷകർക്കു നേരെ ഇരമ്പിയാർത്ത യുപി പൊലീസ് സ്ത്രീകളടക്കമുള്ള കർഷകരെ നിർദയം വേട്ടയാടി. കര്‍ഷക വനിതകളെ തെരുവില്‍ വലിച്ചിഴച്ചു. ഇരുനൂറിലധികം കർഷകരെ കാരാഗൃഹത്തിലടച്ചു. നൂറുകണക്കിന് കർഷക നേതാക്കളെ വീട്ടുതടങ്കലിലാക്കി.
വൻകിട പദ്ധതികൾക്കായി ഏറ്റെടുത്ത കൃഷിഭൂമിക്ക് അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രണ്ടു വർഷമായി നിരന്തരം സമരം ചെയ്യുന്ന കർഷകർക്കു നേരെയുള്ള ആദിത്യനാഥ് സർക്കാരിന്റെ അതിരില്ലാത്ത ധാർഷ്ട്യത്തിന്റെ ഒടുവിലത്തെ അടയാളപത്രമാണിത്. ദേശീയപാതയിലെ പ്രക്ഷോഭം ഒഴിവാക്കണമെന്ന അഭ്യർത്ഥന മാനിച്ച് അംബേദ്കർ പാർക്കിൽ സമരം ചെയ്തവരോടാണ് ആദിത്യനാഥ് സർക്കാർ വഞ്ചനാപരമായ നിലപാട് സ്വീകരിച്ച് അഴിഞ്ഞാടിയത്. സംയുക്ത കിസാൻ മോർച്ച നേതാക്കളുമായി ചീഫ് സെക്രട്ടറി നേരിട്ടെത്തി ചർച്ച ചെയ്യുമെന്ന് ഉറപ്പുനൽകി നിമിഷങ്ങൾക്കകം പൊലീസ് വേട്ടയ്ക്ക് അരങ്ങൊരുക്കുകയായിരുന്നു സർക്കാർ.
സമാധാനപരമായി സമരം നടത്തിയവരെ മർദിച്ചവശരാക്കിയ ശേഷം അവർക്ക് ചികിത്സപോലും നിഷേധിച്ചു. പ്രതിഷേധിക്കാനുള്ള ഭരണഘടനാ അവകാശം പോലും ബിജെപി സംഘ്പരിവാർ നിയന്ത്രണത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങളാൽ അനവരതം നിഷേധിക്കപ്പെടുകയും ജനതയുടെ മൗലികാവകാശങ്ങൾ ധ്വംസിക്കപ്പെടുകയുമാണ്. കർഷക പ്രക്ഷോഭത്തെ കേന്ദ്രഭരണകൂടവും ബിജെപി നയിക്കുന്ന സംസ്ഥാന ഭരണ നേതൃത്വങ്ങളും വല്ലാതെ ഭയപ്പെടുന്നതിന്റെ ഭാഗമായാണ് അടിച്ചമർത്തൽ നയം.
ജനാധിപത്യത്തിന്റെ ഉന്നതവേദിയായ പാർലമെന്റിൽപോലും കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള ചർച്ചയെ അവർ ഭീതിയോടെ കാണുന്നു. യുപിയിലെ കർഷകർക്കു നേരെ നടന്ന അതിക്രമത്തെ മുൻനിർത്തി കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹനിലപാടുകൾ ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിനോട് രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻഖറിന്റെ പ്രതികരണമാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവം. പ്രതിപക്ഷ ആവശ്യം നിരാകരിച്ച അദ്ദേഹം പ്രതിപക്ഷത്തിന്റേത് മുതലക്കണ്ണീരാണെന്നും പ്രത്യേക ചർച്ച സാധ്യമല്ലെന്നുമാണ് പ്രതികരിച്ചത്. മോഡി സർക്കാരിന്റെ കഴിഞ്ഞ ഭരണകാലത്ത് ഐതിഹാസികമായ കർഷക പ്രക്ഷോഭം ഇന്ത്യ കണ്ടു. കോവിഡ് മഹാമാരിയുടെ കാലത്ത് മൂന്ന് കർഷക മാരണ നിയമങ്ങൾ നരേന്ദ്ര മോഡി പാർലമെന്റിൽ അപ്പം ചുട്ടെടുക്കുന്നതുപോലെ ചർച്ച കൂടാതെ പാസാക്കിയെടുത്തു. പാടവരമ്പുകളിലും പാടങ്ങളിലും കുത്തക മുതലാളിമാർക്ക് സർവാധിപത്യം ഒരുക്കുന്ന നിയമങ്ങളായിരുന്നു അത്. ഏത് വിത്ത് വിതയ്ക്കണം ഏത് വിള കൊയ്യണമെന്ന് മുതലാളിമാർ നിശ്ചയിക്കും. വിളകളാകെ അവരുടെ വമ്പൻ ഗോഡൗണുകളിൽ സൂക്ഷിക്കുകയും മാളുകളിലൂടെ വിറ്റഴിക്കുകയും ചെയ്യും. ഗ്രാമീണ ചന്തകൾ അപ്രത്യക്ഷമാകും. കർഷകർ കൂടുതൽക്കൂടുതൽ കടക്കെണിയിലാവും. ആത്മഹത്യാക്കിടങ്ങുകളിലേക്ക് തുടരെ വലിച്ചെറിയപ്പെടും. ആ കർഷകമാരണ നിയമങ്ങൾക്കെതിരായാണ് ലക്ഷോപലക്ഷം കർഷകര്‍ പതിനായിരക്കണക്കിന് ട്രാക്ടറുകളുമായി രാജ്യതലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തിൽ ഒരു വർഷത്തിലധികം നീണ്ട പ്രക്ഷോഭം നടത്തിയത്.
പ്രക്ഷോഭത്തെയും നരേന്ദ്ര മോഡിയും കൂട്ടരും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു. ‘ആ പ്രക്ഷോഭകാരികളുടെ വേഷം ശ്രദ്ധിക്കൂ; അവർ ഖലിസ്ഥാൻ വാദികളാണ്, വിഘടനവാദികളാണ്, രാജ്യദ്രോഹികളാണ് അവരെ നേരിടുക’ എന്നാണ് നരേന്ദ്ര മോഡി അഹന്തയാേടെ ഉദ്ഘോഷിച്ചത്. കൊടുംവേനലിലും കൊടുംശൈത്യത്തിലും 750ലധികം കർഷകർ ധീരമൃത്യു വരിച്ചു.
ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ സമാധാനപരമായി സമരം ചെയ്ത കർഷകരിൽ അഞ്ചുപേരെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ പുത്രൻ ആശിഷ് മിശ്ര വാഹനമിടിച്ചുകയറ്റി കൊന്നു തള്ളി. ഒരു മാധ്യമ പ്രവർത്തകനും കൊലചെയ്യപ്പെട്ടു. പിന്നീട് ആശിഷ് മിശ്രയെ സംരക്ഷിക്കുന്ന തിരക്കിലായിരുന്നു ആദിത്യനാഥും നരേന്ദ്ര മോഡിയും. അജയ് മിശ്ര ആഭ്യന്തര സഹമന്ത്രിയായി തുടരുകയും ചെയ്തു. ഇതാണ് ഇവരുടെ നികൃഷ്ട സമീപനം. ഒടുവിൽ താൻ കർഷക സമൂഹത്തോട് മാപ്പിരക്കുന്നുവെന്നും കർഷകമാരണ നിയമങ്ങൾ മരവിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തു. ആ വാഗ്ദാനം ഇന്നും പാഴ്ക്കടലാസിൽ ഉറങ്ങുകയാണ്. അതിനു പിന്നാലെയാണ് കർഷക പ്രക്ഷോഭങ്ങൾക്കു നേരെയുള്ള ഇപ്പോഴത്തെ അഴിഞ്ഞാട്ടം.
കാർഷികോല്പാദനത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ദാരിദ്ര്യത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിലാണ്. 127 രാഷ്ട്രങ്ങളുടെ പട്ടികയിൽ ദാരിദ്ര്യത്തിൽ ഇന്ത്യക്ക് പിന്നിൽ നാലിലധികം രാഷ്ട്രങ്ങളില്ല. അയൽരാഷ്ട്രങ്ങളായ പാകിസ്ഥാനും നേപ്പാളും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും മ്യാന്‍മറും പട്ടിണിയുടെ കാര്യത്തിൽ നമ്മെക്കാൾ മുന്നിലാണ്. കാർഷികോല്പാദനത്തിൽ മുന്നിലുള്ള ഇന്ത്യ പട്ടിണിയുടെ കാര്യത്തിൽ ദയനീയനിലയിലെത്തുന്നതിന് കേന്ദ്ര ഭരണകൂടത്തിന്റെ സാമ്പത്തിക നയവൈകൃതങ്ങളാണ് കാരണം.
രാജ്യത്തെ 60 ശതമാനത്തിലേറെ കർഷകർ കടുത്ത സാമ്പത്തിക ബാധ്യത അനുഭവിക്കുന്നുവെന്ന് കേന്ദ്രസർക്കാർ തന്നെ വെളിപ്പെടുത്തുന്നു. ലോക്‌സഭയിൽ കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിയാണ് അംഗങ്ങളുടെ ചോദ്യങ്ങൾക്കായി ഈ മറുപടി നൽകിയത്. 2017–18ൽ കേന്ദ്രസർക്കാർ മുഴക്കിയ ഗീർവാണം കർഷകരുടെ പ്രതിദിന വരുമാനം 2022 ഓടെ ഇരട്ടിയാക്കുമെന്നായിരുന്നു. എന്നാല്‍ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, യുപി എന്നിവിടങ്ങളില്‍ 90 ശതമാനത്തിൽപ്പരം കർഷകർ കടബാധ്യത മൂലം ദുരിതക്കയത്തിലാണ്. സാമ്പിൾ സർവേ ഓഫിസ് 2019ൽ നടത്തിയ സർവേപ്രകാരമുള്ള കണക്കുകളാണിത്. കടക്കെണിയിൽപ്പെട്ട കർഷകർ ജപ്തി ഭീഷണിയുടെ മുൾമുനയിലാണ്. അന്നദാതാക്കളായ കർഷകരെയാണ് ഭരണകൂട — മൂലധനശക്തികൾ ഇവ്വിധം വേട്ടയാടുന്നത്. അതേസമയം കുത്തക മുതലാളിയായ അഡാനിയുടെ ദശലക്ഷക്കണക്കിന് കോടിയുടെ കോഴയെ തമസ്കരിക്കുകയും ചെയ്യുന്നു.
കർഷക വേട്ടയ്ക്കൊപ്പം മതസ്പർധയും വംശവെറിയും വളർത്തുവാനും സംഘ്പരിവാറും ഭരണകൂടശക്തികളും നിരന്തരം പ്രവർത്തനം നടത്തുന്നു. രാമജന്മഭൂമിയിൽ തുടങ്ങിയ സംഘ്പരിവാറിന്റെ മതവിദ്വേഷ അജണ്ട മഥുര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കും സോമനാഥക്ഷേത്രത്തിലേക്കും വളർന്നു. ഉന്നത നീതിപീഠത്തിൽ നിന്നുപോലും അയോധ്യയിൽ അനുകൂലവിധി സമ്പാദിച്ചവർ, വിഗ്രഹപ്രതിഷ്ഠയ്ക്ക് മുഖ്യപൂജാരികളാകുന്നതും അനുകൂല വിധി പ്രഖ്യാപിച്ച മുഖ്യന്യായാധിപന് രാജ്യസഭാംഗത്വത്തിലൂടെ പ്രത്യുപകാരം നൽകുന്നതും രാഷ്ട്രം കണ്ടു. അനശ്വര പ്രണയസ്മാരകമായ താജ്മഹലിന്റെ അടിത്തറ തോണ്ടി ശിവലിംഗം കണ്ടെത്തണമെന്ന് വാദിക്കുന്നവർ ഇപ്പോൾ ഇന്ത്യയിലെ ഓരോ ഇസ്ലാം, ക്രൈസ്തവ പള്ളികളുടെ അടിത്തറ തോണ്ടി വേരുകൾ ചികയുവാൻ സർവേ നടത്തുന്ന തിരക്കിലാണ്.
യുപിയിലെ സംഭാലിൽ നാം കാണുന്നത് അതാണ്. മസ്ജിദിൽ സർവേ നടത്തുന്നു, പ്രതിഷേധം ഉയരുന്നു; അഞ്ചുപേർ വെടിവയ്പിൽ കൊലചെയ്യപ്പെടുന്നു. ആലംബഹീനരും നിസഹായരുമായ പതിനായിരങ്ങൾ. സർക്കാരും അവർ നിയന്ത്രിക്കുന്ന പൊലീസും വർഗീയ — വംശവിദ്വേഷവാദികൾക്കൊപ്പം. ബിജെപി ഭരണകൂടങ്ങൾ മതവിദ്വേഷത്തിന്റെ അധമ പാഠങ്ങൾ രചിക്കുകയും ചരിത്രവസ്തുതകളെ തമസ്കരിക്കുകയുമാണ്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് മുസ്ലിം പള്ളികളുടെ വേരുകൾ ചികയേണ്ടതില്ലെന്നു പറഞ്ഞിട്ടും ഈ ഹീനപ്രവൃത്തി തുടരുമ്പോൾ ഉയരുന്ന സംശയം, ആർഎസ്എസ് മേധാവി അപഹാസ്യകഥാപാത്രമാണോ അതോ ഏറ്റവും വലിയ കാപട്യത്തിന്റെ ആൾരൂപമാണോ എന്നാണ്. തീര്‍ച്ചയായും ആദ്യത്തേതാകാന്‍ വഴിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.