സാഹിത്യ, സിനിമാ, രാഷ്ട്രീയ രംഗങ്ങളില്‍ നാഴിക്കല്ലുകളായിരുന്ന മൂന്നുപേര്‍ ഡിസംബര്‍ മാസത്തില്‍ വിട പറഞ്ഞു. ഡിസംബര്‍ 23ന് ശ്യാം ബെനഗല്‍, ഒരു ദിവസം കഴിഞ്ഞ് 25ന് എംടി, തൊട്ടടുത്ത ദിവസം 26ന് ഡോ. മന്‍മോഹന്‍സിങ്. വ്യാപരിച്ച മേഖലകളിലെല്ലാം തന്നെ അദ്വിതീയരായിരുന്നവര്‍. ഇവരില്‍ ആദ്യം നമ്മെ വിട്ടുപിരിഞ്ഞത് ശ്യാം ബെനഗലാണ്. 1934 ഡിസംബര്‍ 24ന് ഹെെദരാബാദില്‍ ജനിച്ച ശ്യാം ബെനഗല്‍ ഇന്ത്യയില്‍ നവസിനിമയ്ക്ക് ഊര്‍ജം നല്‍കി. വളരെ ചെറിയ പ്രായത്തില്‍ത്തന്നെ ബെനഗല്‍ സിനിമയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അദ്ദേഹത്തിന്റെ അച്ഛന്‍ പ്രശസ്ത ഛായാഗ്രാഹകനായിരുന്ന ശ്രീധര്‍ ബെനഗല്‍ സമ്മാനിച്ച കാമറ ഉപയോഗിച്ച് തന്റെ 12-ാം വയസില്‍ ഒരു ചലച്ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് ശ്യാം ബെനഗല്‍ തന്റെ ദീര്‍ഘമായ സിനിമാജീവിതം ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഒരു ഫീച്ചര്‍ ചിത്രം സ്വന്തമായി സംവിധാനം ചെയ്യാന്‍ അദ്ദേഹം തീരുമാനിക്കുന്നത് 1973ലാണ്.
1959ല്‍ ബിരുദപഠനം കഴിഞ്ഞ് ബോംബെയില്‍ ലിന്‍ഡായ് എന്ന പരസ്യ ഏജന്‍സിയില്‍ കോപ്പിറെെറ്ററായി ജോലിയില്‍ പ്രവേശിച്ച ബെനഗല്‍ ‘അങ്കുര്‍’ എന്ന തന്റെ ആദ്യ ഫീച്ചര്‍ ചിത്രം സംവിധാനം ചെയ്യുന്നതിന് മുമ്പ് 900ത്തോളം ഡോക്യുമെന്ററികളും പരസ്യ ചിത്രങ്ങളും ചെയ്തിരുന്നു. 1966 മുതല്‍ 1973 വരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായും രണ്ടുതവണ ഡയറക്ടറായും ജോലി ചെയ്തു. ന്യൂയോര്‍ക്കില്‍ ചില്‍ഡ്രന്‍ ടെലിവിഷല്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തു. അനേക വര്‍ഷത്തെ പ്രായോഗിക ജ്ഞാനം ആര്‍ജിച്ച ശേഷമാണ് ആദ്യ ചലച്ചിത്രം സംവിധാനം ചെയ്യുന്നത്.
‘അങ്കുര്‍’ ഗ്രാമങ്ങളില്‍ അധഃസ്ഥിതരായ കര്‍ഷകത്തൊഴിലാളികള്‍ നേരിടുന്ന സാമ്പത്തിക, ലെെംഗിക ചൂഷണത്തിന്റെ കഥ പറഞ്ഞു. ആന്ധ്രയിലെ കര്‍ഷകത്തൊഴിലാളികള്‍ അനുഭവിക്കുന്ന കൊടിയ ചൂഷണങ്ങള്‍ക്കും ഇന്ത്യയിലെ ഇതര ഇടങ്ങളിലെ സമാനമായ ചൂഷണങ്ങള്‍ക്കും എതിരെ സമൂഹ മനഃസാക്ഷിയുടെ ശ്രദ്ധ തിരിക്കുന്നതില്‍ അങ്കുര്‍ എന്ന ചലച്ചിത്രം വലിയ പങ്കുവഹിച്ചു. ശബ്നാ ആസ്മി, അനന്തനാഗ് എന്നീ പ്രഗത്ഭരായ അഭിനേതാക്കളെ പരിചയപ്പെടുത്തിയത് ഈ ചിത്രമാണ്. 1975ല്‍ ‘നിഷാന്ത്’ എന്ന ചിത്രത്തിലൂടെ വീണ്ടും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ഫ്യൂഡല്‍ വാഴ്ചയില്‍ ദുര്‍ബലര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന ക്രൂരമായ അതിക്രമങ്ങളുടെ കഥ പറഞ്ഞു. 1976ല്‍ ‘മന്‍ഥന്‍’ എന്ന ചിത്രത്തിലൂടെ അമുല്‍ എന്ന, ഗ്രാമീണ ക്ഷീരകര്‍ഷകരുടെ സഹകരണ സംഘത്തിന്റെ അഭൂതപൂര്‍വമായ വിജയഗാഥ ലോകത്തിന് മുന്നിലെത്തിച്ചു. 1977ല്‍ ഹന്‍ഡവഡേക്കര്‍ എന്ന മറാത്തി അഭിനേത്രിയുടെ ജീവിതകഥ പറഞ്ഞ ‘ഭൂമിക’ എന്ന ചിത്രത്തിലൂടെ തൊഴില്‍രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ തുറന്നുകാട്ടി. പിന്നീട് വലിയ താരങ്ങളായിത്തീര്‍ന്ന നസറുദീന്‍ ഷാ, ഓംപുരി, അമരീഷ് പുരി, സ്മിതാ പാട്ടീല്‍ എന്നിവരെയെല്ലാം അവതരിപ്പിച്ചത് ബെനഗലാണ്.
80കളില്‍ അദ്ദേഹം ധാരാളം ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചു. 1980 മുതല്‍ 86 വരെ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്റെ ഡയറക്ടറായിരുന്ന കാലത്ത് ധാരാളം പ്രതിഭകള്‍ക്ക് ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ അദ്ദേഹം അവസരമൊരുക്കി. 1978ല്‍ 1857ലെ ആദ്യ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ കാലഘട്ടം ആസ്പദമാക്കി ജുനൂണ്‍ എന്ന ചിത്രവും 1981ല്‍ കലിയുഗ്, തെരുവില്‍ ജീവിക്കുന്ന സ്ത്രീകളുടെ ജീവിതം പശ്ചാത്തലമാക്കി 1983ല്‍ മണ്ഡി, 1985ല്‍ ത്രികാല്‍ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. 1986ല്‍ ഇന്ത്യന്‍ റെയില്‍വേക്കുവേണ്ടി ‘യാത്ര’ എന്ന ഡോക്യുമെന്ററി നിര്‍മ്മിച്ചു. 1988ല്‍ നെഹ്രുവിന്റെ ഡിസ്കവറി ഓഫ് ഇന്ത്യയെ ആസ്പദമാക്കി ചെയ്ത ഭാരത് എക്‌ഖോജ് എന്ന ഇന്ത്യാ ചരിത്രത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി വലിയ ശ്രദ്ധ നേടി.
ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെ ആസ്പദമാക്കി മാമ്മോ (1995), സര്‍ദാരി ബീഗം (1996), സുബെെദ (2001) എന്നീ ചിത്രങ്ങള്‍ ചെയ്തു. 1992ല്‍ ‘സൂരജ് കസത്‌വന്‍ ശോഭ’, 96ല്‍ ‘ദ മേക്കിങ് ഓഫ് മഹാത്മ’, 2005ല്‍ ‘നേതാജി സുഭാഷ് ചന്ദ്രബോസ് ദ ഫൊര്‍ഗോട്ടണ്‍ ഹീറോ’, 2010ല്‍ ‘വെല്‍ഡണ്‍ അബു’ എന്ന ചലച്ചിത്രവും ചെയ്തു. 2008ല്‍ ബെനഗല്‍ ചെയ്ത ‘വെല്‍ക്കം ടു സജ്ജന്‍പൂര്‍’ എന്ന ചിത്രം ആക്ഷേപഹാസ്യത്തിന് പുതിയ മാനങ്ങള്‍ രചിച്ചു.
ഏഴുതവണ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം 17 തവണ ബെനഗല്‍ ദേശീയ പുരസ്കാരങ്ങള്‍ നേടി. 1976ല്‍ പത്മശ്രീയും, 1989ല്‍ സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡും 1991ല്‍ പത്മവിഭൂഷണ്‍ പുരസ്കാരവും 2006ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും ബെനഗലിനെ തേടിയെത്തി. ബെനഗല്‍ ഓര്‍മ്മയായെങ്കിലും അദ്ദേഹം ഇന്ത്യയിലെ നവസിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കാലങ്ങളോളം നിലനില്‍ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.