22 December 2024, Sunday
KSFE Galaxy Chits Banner 2

മാംസക്കെണി തിരിച്ചറിഞ്ഞ ശിവന്‍കുട്ടി!

ദേവിക
വാതിൽപ്പഴുതിലൂടെ
November 20, 2023 4:45 am

‘കെണികള്‍ പലവിധമുലകില്‍ സുലഭം’ എന്നാണല്ലോ ചൊല്ല്. തേന്‍കെണി മുതല്‍ എലിക്കെണിവരെ. ദം ബിരിയാണിയിലെ കോഴിത്തലക്കെണി, സമോസയിലെ ചത്തപല്ലിക്കെണി, മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞുങ്ങള്‍ മരിക്കുന്ന പാല്‍ക്കെണി അങ്ങനെ കാക്കത്തൊള്ളായിരം കെണികള്‍. മാംസഭക്ഷണം തന്നെ ഒരു കെണിയാണെന്ന് നമുക്കെത്ര പേര്‍ക്കറിയാം. പക്ഷേ എന്തിനുമേതിനും സമൂഹമാധ്യമങ്ങളിലൂടെ ട്രോളി വശംകെടുത്തലിന്നിരയായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അപാര പ്രായോഗിക ബുദ്ധിയുള്ളവനാണെന്ന് തെളിയിച്ചിരിക്കുന്നു. പാറശാല സെല്‍വന്‍ പറഞ്ഞതുപോലെ ‘അങ്ങനെ നമ്മളെ പറ്റിക്കേം മറ്റും വേണ്ട’ എന്നു പറയുന്നു ശിവന്‍കുട്ടി മന്ത്രി. സ്കൂള്‍ യുവജനോത്സവങ്ങള്‍ സ്ഥിരം വിളമ്പുന്നത് സസ്യഭക്ഷണമാണ്. പഴയിടം മോഹനന്‍ നമ്പൂതിരി എന്ന വെള്ളം ചേരാത്ത മലയാളി ബ്രാഹ്മണന്‍ ഒരുക്കുന്ന സദ്യകള്‍. ഇതിനിടെ ചിലര്‍ക്ക് ഒരു പൂതി. രണ്ടെണ്ണം വിട്ടിട്ടുവന്ന് തൊണ്ടയടപ്പന്‍ പരിപ്പും നെടുങ്കന്‍ സാമ്പാറും കൂട്ടി ഉണ്ണുന്നതെങ്ങനെ! യുവജനോത്സവത്തില്‍ മാംസഭക്ഷണവും വിളമ്പണമെന്ന ആവശ്യം ശക്തിപ്രാപിച്ചത് അങ്ങനെയായിരുന്നു.

ആവശ്യം രോഷവും പ്രതിഷേധവുമൊക്കെയായി വളര്‍ന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം മന്ത്രി ശിവന്‍കുട്ടി പ്രഖ്യാപിച്ചു; അടുത്ത വര്‍ഷം ഉറപ്പായും മാംസഭക്ഷണവും വിളമ്പിയിരിക്കും. വര്‍ഷമൊന്നായി. അടുത്ത സ്കൂള്‍ യുവജനോത്സവം ഇങ്ങെത്താറായി. താന്‍ വാക്കുപാലിച്ചാലുള്ള തൊന്തരവുകളെക്കുറിച്ച് മന്ത്രിക്ക് ബോധ്യമായത് അപ്പോഴാണ്. മാംസഭക്ഷണം വിളമ്പിയാല്‍ യുവജനോത്സവപ്പന്തല്‍ മാത്രമല്ല കേരളം മുഴുവന്‍ കലാപഭൂമിയാകും. ആട്ടിറച്ചി വിളമ്പിയാലും ഒരു കൂട്ടര്‍ പറയും അതു തങ്ങള്‍ക്ക് ഹറാമായ പന്നിയിറച്ചിയാണെന്ന്. സംഘി തീവ്രവാദികള്‍ പറയും അത് തങ്ങളുടെ ഗോമാതാവിനെ വെട്ടിയരിഞ്ഞ് കറിവച്ചതാണെന്ന്. മാംസഭക്ഷണമെന്ന പേരില്‍ വിളമ്പിയത് ഫാമുകളില്‍ വിറ്റാമിന്‍ കുത്തിവച്ച് വളര്‍ത്തിയ കോഴികളുടെ വിരിയാത്ത സസ്യമുട്ടകളാണെന്ന് വേറൊരു കൂട്ടര്‍ ആരോപിക്കും! പിന്നെ കലോത്സവപ്പന്തലില്‍ അടിയുത്സവമായിരിക്കും! കലാപത്തിനും വര്‍ഗീയ കലാപത്തിനുമായി ആയിരക്കണക്കിനു കേസുകള്‍ ഫയല്‍ ചെയ്യേണ്ടിവരും. മാംസത്തില്‍ തട്ടി കേരളമാകെ സ്തംഭിക്കും. ഈ പൊല്ലാപ്പുകളൊന്നും വേണ്ട. ഈ വര്‍ഷവും യുവജനോത്സവത്തിന് സസ്യഭക്ഷണം മതി. പ്രായോഗികബുദ്ധിയില്‍ കേരളത്തെ രക്ഷിച്ച മന്ത്രി ശിവന്‍കുട്ടിക്ക് സഹസ്ര കോടി ചുവപ്പന്‍ അഭിവാദ്യങ്ങള്‍!

വിശ്വഗുരു നരേന്ദ്രമോഡിയുടെ ആചാര്യപദവിയുടെ അകാലചരമത്തിന്റെ സഞ്ചയന കര്‍മ്മമായിരുന്നു ഇന്നലെ. പതിനാറടിയന്തിരത്തിന് ആചാര്യന്റെ അസ്ഥികള്‍ വാരാണസിയിലെ പുണ്യഗംഗയിലൊഴുക്കും! മണിപ്പൂര്‍ കലാപം കത്തിനിന്ന ബഹളത്തിനിടെ ഗുരു രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാലയുടെ ആചാര്യന്‍ അഥവാ ചാന്‍സലര്‍ ആയി മോഡി സ്വയം അവരോധിതനായി. ഒരുഗ്രന്‍ ഫലകവും തയ്യാറായി. അതില്‍ ടാഗോറിന്റെ പേരുപോലുമില്ല. ചരിത്രത്തിന്റെ ഒരു നാറിയ അപനിര്‍മ്മിതി. വീരശൂരപരാക്രമികളായ വംഗജനതയുണ്ടോ വിട്ടുകൊടുക്കുന്നു. വിശ്വഗുരു സ്ഥാപിച്ച വിശ്വഭാരതിയില്‍ ഈ വിലകെട്ട പേരെഴുതിവയ്ക്കരുതെന്ന് ഇന്ത്യന്‍ ജനത ഒന്നടങ്കം ആവശ്യപ്പെട്ടു. കുറേ കഴിയുമ്പോള്‍ ജനം ഇതൊക്കെ മറക്കുമെന്നാണ് മോഡി കരുതിയത്. എവിടെ കെട്ടടങ്ങാന്‍! പ്രക്ഷോഭം ശക്തമായി. മോഡിയുടെ ആചാര്യനാമ ലിഖിതമായ ശില അപ്രത്യക്ഷമായിരിക്കുന്നു. ടാഗോറിന്റെ പേരെഴുതിയ പുതിയ സ്മാരകശില നിര്‍മ്മിക്കാന്‍ മോഡി തന്നെ നിര്‍ദേശിച്ചിരിക്കുന്നു. മോഡി ശിലയുടെ സഞ്ചയന കര്‍മ്മവും കഴിഞ്ഞു. ചിലര്‍ അങ്ങനെയൊക്കെയാണ്. നാണംകെട്ട് തലയില്‍ മുണ്ടിട്ടശേഷമേ മാപ്പു പറയൂ!

ങ്ങളുടെ നാട്ടില്‍ ഒരു സുരന്‍ ഉണ്ട്. മുഴുവന്‍ പേര് സുരേന്ദ്രന്‍ നായര്‍. കൃശഗാത്രന്‍. പല്ലുകള്‍ തെല്ലുന്തിയ അല്പമൊരു വിരൂപന്‍, മഹാ തമാശക്കാരന്‍. രണ്ടെണ്ണം പൂശിയാല്‍ സാഹിത്യഭംഗിയുള്ള തമാശകള്‍ പൊട്ടിക്കും. പറമ്പുപണിയില്‍ മിടുക്കന്‍. മരം കയറാന്‍ മിടുമിടുക്കന്‍. പക്ഷേ പണിക്കെത്തുന്നത് ഒരു കുപ്പി വാട്ടീസുമായായിരിക്കും. കുഞ്ഞുങ്ങള്‍ പാല്‍ കുടിക്കുന്നതുപോല ഇടയ്ക്കിടെ ഓരോ പെഗ് വീശും. ഉച്ചയാകുമ്പോഴേക്ക് ‘ഒരു കുപ്പി തീര്‍ന്നിരിക്കും. ഉച്ചയൂണിനു മുമ്പ് അരക്കുപ്പി വീണ്ടും റെഡി. അഞ്ച് മണിക്കു തീരേണ്ട പണി മൂന്നു മണിക്കുതന്നെ ഭംഗിയായി തീര്‍ന്നിരിക്കും. കയ്യില്‍ കുപ്പിയും ഗ്ലാസുമായി ജനിച്ചവന്‍ എന്ന് തോന്നിപ്പിക്കുന്ന ജന്മം! ഈയിടെയായി സുരന്‍ മദ്യപിക്കാറേയില്ല. എങ്കിലും പഴയതുപോലെ തന്നെ സദാ ലഹരിയുടെ ലോകത്താണ്. എന്തുപറ്റി സുരാ എന്ന് ചോദിച്ചാല്‍ സുരന്‍ പറയും എന്തിന് കുടിയനെന്ന് പേരുകേള്‍പ്പിക്കുന്നു. ലൈസര്‍ജിക് ആസിഡ് ഡൈ ഈതലമൈഡ് (എല്‍എസ്ഡി), എംഡിഎംഎ തുടങ്ങി സ്വയമ്പന്‍ സാധനങ്ങളുള്ളപ്പോള്‍! അങ്ങനെ സുരനും ലഹരിയുടെ ലോകത്തെ ട്രെന്റായിരിക്കുന്നു. ഈ മാറ്റം നമ്മുടെ ബിവറേജസ് കോര്‍പറേഷനിലെ മദ്യവില്പനയെപ്പോലും ബാധിച്ചിരിക്കുന്നു. മദ്യവില്പനയില്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ മാത്രമുണ്ടായത് 1321 കോടി രൂപയുടെ കുറവ്. കഴിഞ്ഞ ഏപ്രിലില്‍ മാത്രമുണ്ടായ കുറവ് 1456 കോടി. ബിയറാണെങ്കില്‍ ആര്‍ക്കും വേണ്ടാത്ത സ്ഥിതി. പ്രതിമാസം ബിയര്‍ വില്പനയില്‍ 66 കോടിയോളം രൂപയുടെ കുറവ്. മദ്യത്തിനു വില കൂടിയതോടെ വില്പനയില്‍ വന്‍ ഇടിവ്. പാറശാല സെല്‍വനെപ്പോലെ സുരനും പറയുന്നു- അങ്ങനെ ഞങ്ങളെ പറ്റിക്കേം മറ്റും വേണ്ട; രാസലഹരിയുള്ളപ്പോള്‍ മദ്യം വേറിട്ടുകരുതേണ്ടതില്ലല്ലോ.

യനാടന്‍ കാടുകളില്‍ തിരക്കിട്ട മാവോയിസ്റ്റ് വേട്ട നടക്കുന്നു. ഉണ്ണിമായ, ചന്ദ്രു എന്നീ നേതാക്കള്‍ തണ്ടര്‍ബോള്‍ട്ട് എന്ന ഭീകരവിരുദ്ധ സേനയുടെ പിടിയിലായി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സുന്ദരി, ലത എന്നീ പോരാളികള്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും സംഭവസ്ഥലത്ത് രക്തം തളംകെട്ടിക്കിടക്കുന്നുവെന്നും മൃതദഹങ്ങളുമായി മറ്റുള്ളവര്‍ കാട്ടിനുള്ളിലേക്ക് രക്ഷപ്പെട്ടുവെന്നും എഡിജിപി അജിത് കുമാര്‍ പറയുന്നു. പിറ്റേന്നു തന്നെ പൊലീസ് പറയുന്നു ലതയും സുന്ദരിയും കണ്ണൂരിലേക്ക് കടന്നിരിക്കുന്നുവെന്ന്. എന്നിട്ട് മരിച്ചവര്‍ക്കുവേണ്ടി ലുക്കൗട്ട് നോട്ടീസും. പകലന്തിയോളമുള്ള മാവോയിസ്റ്റ് വേട്ടയ്ക്കുശേഷം തണ്ടര്‍ബോള്‍ട്ട് സേന തമ്പിനകത്തിരുന്നു ചര്‍ച്ച നടത്തുകയാവാം. ആരാണ് മാവോയിസ്റ്റ്-നക്സല്‍ബാരി പ്രസ്ഥാനത്തിന്റെ പിതാക്കള്‍. ഇന്ത്യയില്‍ വിപ്ലവത്തിന്റെ ഇടിമുഴക്കമെന്ന് പ്രലോഭിപ്പിച്ച് മൂന്നു തലമുറകളെ കബളിപ്പിച്ചവരല്ലേ ഇതിനുത്തരവാദികളെന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.