5 December 2025, Friday

സീതാപതിയായ രാമന്റെ സങ്കടങ്ങൾ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
നരോത്തമായനം രാമായണം ഭാഗം ‑11
July 28, 2025 4:20 am

രാമൻ അയോധ്യാപതി ആയില്ലെങ്കിൽ ഭരതന്റെ ആത്മാഹൂതിയ്ക്കു കാരണഭൂതനാകും. ഭരതൻ ആത്മാഹൂതി ചെയ്യുക എന്നാൽ ശത്രുഘ്നനും ഇല്ലാതാവും. ലക്ഷ്മണൻ പതിനാലു വർഷത്തിനുശേഷം രാമൻ രാജ്യഭാരം ഏറ്റെടുത്തു അയോധ്യാപതിയാകാതെ സീതാപതിമാത്രമാകുന്നതിനോടു പൂർണമനസോടെ യോജിക്കും എന്നും കരുതാനാവില്ല. ഭരതപത്നിയായ മാണ്ഡവിക്കും ശത്രുഘ്നപത്നിയായ ശ്രുതകീർത്തിക്കും ലക്ഷ്മണപത്നിയായ ഊർമ്മിളക്കും ഭർത്താക്കന്മാരൊടൊത്ത് സ്വസ്ഥമായി ജീവിക്കാനുള്ള സകല സാഹചര്യങ്ങളും ഇല്ലാതാക്കി സീതാപതിയായി സ്വസ്ഥതയോടെ വാഴാൻ കാട്ടിലോ നാട്ടിലോ ശ്രീരാമനു കഴിയുകയും ഇല്ല. അതിനാൽ സീതാപതി എന്നതിൽ നിന്നു അയോധ്യാപതി എന്നതിലേക്ക് രാവണവധാനന്തരം സീതയെ വീണ്ടെടുത്ത ശ്രീരാമനു മാറിയേപ്പറ്റുമായിരുന്നുള്ളൂ. ഈ വൈകാരിക ധാർമ്മിക രാഷ്ട്രീയ പ്രശ്നങ്ങളൊന്നും പരിഗണിക്കാതെയാണ് അയോധ്യാപതിയായ രാമൻ അധികാര ദുർമ്മോഹിയാണെന്നൊക്കെ പലരും ആവേശവാണി മുഴക്കുന്നത്. രാമൻ അയോധ്യാപതിയാകാൻ നിശ്ചയം ചെയ്തു. രാവണവധാനന്തരം സീതയെ കണ്ടപ്പോൾ രാമൻ പറയുന്നത് ”നഹി ത്വാം രാവണോ ദൃഷ്ട്വാ ദിവ്യ രൂപാം മ നോരമാംമർഷ യതേ ചിരം സീതേ സ്വഗൃഹേ പര്യവസ്ഥിതാം” [യുദ്ധകാണ്ഡം; സർഗ്ഗം 115; ശ്ലോകം 24] എന്നാണ്. ‘തന്റെ ഗൃഹത്തിൽ ഏറെ നാൾ പാർത്ത ദിവ്യരൂപയും മനോരമയുമായ നിന്നെ കണ്ടിട്ട് രാവണൻ ഏറെക്കാലം യാതൊന്നും ചെയ്യാതെ ക്ഷമിച്ചിരുന്നതായി കരുതാൻ വയ്യ’ എന്നതാണ് രാമോക്തിയുടെ താല്പര്യം. വളരെ ക്രൂരമായ ഈ ചാരിത്ര്യശങ്കാവാക്യം രാമൻ സീതയോട് എന്തിനുപറഞ്ഞു എന്നു ചിന്തിച്ചാൽ ഭരണാധികാരി ലോകരേയും ബോധ്യപ്പെടുത്തിവേണം ജീവിക്കാൻ എന്നതാണെന്നു മനസ്സിലാക്കാം. രാക്ഷസരും വാനരന്മാരും അടങ്ങുന്ന ആൾക്കൂട്ടത്തിനു നടുവിൽ ലക്ഷ്മണൻ ഒരുക്കിയ അഗ്നികുണ്ഠത്തിലിറങ്ങി ചാരിത്ര്യ കളങ്കം ഇല്ല തനിക്കെന്നു തെളിയിച്ചു പുറത്തേക്കുവന്ന സീതാദേവിയോടു രാമൻ പറയുന്നതു ” അനന്യാ ഹി മയാ സീതാ ഭാസ്കരസ്യ പ്രഭാ യഥാ= സൂര്യനിൽ നിന്നു പ്രഭ വേർപ്പെടാത്തപോലെ സീതയെ എന്നിൽ നിന്നും വേർപ്പെടുത്താനാവില്ല ”(യുദ്ധകാണ്ഡം ; സർഗ്ഗം 118 ; ശ്ലോകം 19) എന്നാണ്. സീതയുടെ സ്വഭാവശുദ്ധി തനിക്കു വേണ്ടിയല്ല, ലോകത്തിനു വേണ്ടിയാണ് രാമൻ തെളിയിച്ചത്. ഭരണാധികാരിയാകാൻ പോകുന്ന ആൾ ഇങ്ങിനെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ലോകസമക്ഷം തെളിയിച്ചു കാട്ടി ബോധ്യപ്പെടുത്താൻ ബാധ്യസ്ഥനാണ്. സ്വന്തം വിദ്യാഭ്യാസയോഗ്യതയെപ്പറ്റി ജനങ്ങൾ സംശയിക്കുമ്പോൾ ആ സംശയം തീർക്കാൻ മതിയായ തെളിവുകളോടെ ജനങ്ങളോടു സംസാരിക്കേണ്ടത് ഭരണാധികാരിയുടെ പ്രാഥമികമായ കടമയാണ്. അതുപോലെ മകനോ മകളോ അവിഹിതധനം കൈപ്പറ്റി എന്ന ആരോപണം ഉയരുമ്പോഴും മതിയായ വിശദീകരണം നൽകേണ്ടതും ഭരണാധികാരിയുടെ ചുമതലയാണ്. തന്റേയും തന്നോട് ഏറ്റവും അടുത്തു നിൽക്കുന്നവരുടേയും വ്യക്തിത്വം സംശുദ്ധമാണെന്നു തെളിയിക്കാൻ മടിക്കുന്ന ഒരാൾ കാലമേതായാലും നല്ല ഭരണാധികാരിയല്ല. രാമൻ നല്ല ഭരണാധികാരിയാവാൻ ശ്രമിച്ചു. അതുകൊണ്ടു തന്നെ ലോകത്തെ ബോധ്യപ്പെടുത്താൻ സീതയെ അഗ്നിപരീക്ഷണത്തിനു വിധേയമാക്കി. സീതയുടെ അഗ്നിപരീക്ഷണ മുഹൂർത്തം മുതൽ ശ്രീരാമൻ സീതാപതി എന്നതിൽ നിന്ന് അയോധ്യാപതി എന്ന ഭാവത്തിലേക്കുള്ള സ്വഭാവയാത്ര ആരംഭിക്കുന്നതായും പറയാം. 

സീതാപതിയായ രാമനും ദുഃഖം ഒഴിവാക്കി ജീവിക്കാനാകുന്നില്ല. അയോധ്യാപതിയായ രാമനും ദുഃഖം ഒഴിവായ ജീവിതം സാദ്ധ്യമാവുന്നില്ല. കാട്ടിലായാലും കൊട്ടാരത്തിലായാലും കടലിലായാലും കണ്ണീരൊഴിയാത്ത ജീവിതമാണ് ശ്രീരാമന്റേത്. സീതാദുഃഖം കണ്ടത്ര രാമദുഃഖം കാണുവാൻ ആധുനിക കലാ സാഹിത്യപ്രതിഭകൾക്ക് കഴിഞ്ഞിട്ടില്ല. കരഞ്ഞു കരഞ്ഞു ശ്രീരാമൻ സ്വന്തം കണ്ണീരോടു കൂടി സരയൂ നദിയിലേക്കിറങ്ങി അങ്ങ് എങ്ങോ പോയ്മറഞ്ഞു. മടങ്ങി വരാത്ത പോയ്‌മറയലാണത്. ഭൂമി പിളർന്നു പോയ്‌മറഞ്ഞ സീതയും അവരുടെ ദുഃഖങ്ങളും ആശയഗംഭീരന്മാരായ ആശാന്മാരാൽ ആഘോഷിക്കപ്പെട്ട പോലെ, സരയൂനദിയിൽ ആത്മാഹൂതി ചെയ്ത ദുഃഖിരാമനെ ആരും കൊണ്ടാടിയില്ല‑ഒരുപക്ഷേ ഇതിനൊരപവാദം മഹാകവി പുതുക്കാട് കൃഷ്ണകുമാറിന്റെ രാമഹൃദയം എന്ന ഖണ്ഡകാവ്യം മാത്രമാണെന്നു തോന്നുന്നു!
കരയുന്ന രാമനെ മാളോരുടെ കണ്ണീരൊപ്പുന്ന ആത്മദൈവമാക്കി രൂപാന്തരപ്പെടുത്തിയ തുഞ്ചനും തുളസിയും ഉൾപ്പെടെയുള്ള ഭക്തകവികളും, രാവണനോടു പോരടിക്കുന്ന പോർക്കള വീരനാക്കി മാത്രം ചിത്രീകരിച്ചു രാമനെ ജീവിതത്തിന്റെ കണ്ണീർക്കടലുകളിൽ നിന്നെല്ലാം തീർത്തും അടർത്തിമാറ്റിയ ഹിന്ദുത്വ രാഷ്ട്രീയവും, പച്ചയായ ജീവിതത്തിൽ സങ്കടക്കടലുകളേറെ തരണം ചെയ്ത മനുഷ്യനായ രാമനെ കണ്ടെത്താനുള്ള സഹൃദയാന്വേഷണങ്ങൾക്ക് തടസം ഉണ്ടാക്കി; ഇപ്പോഴും തടസം ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ഇവിടെയാണ് രാമന്റെ കരയുന്ന ഹൃദയം തേടി ഒരു രാമായണ സാഹിത്യയാത്ര നടത്താൻ പ്രൊഫ. പുതുക്കാട് കൃഷ്ണകുമാർ രാമഹൃദയം എന്ന ഖണ്ഡകാവ്യത്തിലൂടെ ചെയ്ത പരിശ്രമം സഫലമാവുന്നതും സവിശേഷം പഠനീയമാവുന്നതും.
‘വിധിതന്ന വിഷാദ ഭാരവും
തലയിൽത്താങ്ങി വിയോഗഭൂമിയിൽ
ഇനിയെന്തിനു ഞാനിരിക്കണം
വിന തിന്നിങ്ങനെ വിശ്വസാക്ഷിയായ്. എന്നു ചോദിക്കുന്ന രാമനെ കണ്ടെത്താൻ രാമഹൃദയം വായിക്കണം. രാമന്റെ കണ്ണീരുപ്പു കലർന്ന മഷികൊണ്ടെഴുതിയതാണ് ഈ കാവ്യം. കവികൾ ‘രുദിതാനുസാരി‘കളാണല്ലോ. കരയുന്നവർക്കൊപ്പം ആയിരിക്കുന്നവരാണ് കവികൾ എന്നർത്ഥം. ക്രൗഞ്ച പക്ഷികളിലൊന്നിന്റെ മരണവും ഇണപക്ഷിയുടെ കാതരമായ കരച്ചിലും അനുസന്ധാനം ചെയ്തുണ്ടായ ചിത്തശോകമാണല്ലോ വാല്മീകിയിലും രാമായണ ശ്ലോകമായി ഉയിർത്തത്. കരയുന്നവർക്കൊപ്പം നിൽക്കുന്ന കാരുണികരായ കവികൾ സീതയുടെ കരച്ചിൽ മാത്രമല്ല രാമന്റെ കരച്ചിലും കാണുകയും കേൾക്കുകയും വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.