താനൂരിലുണ്ടായ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതാണ്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഉല്ലാസയാത്രയ്ക്ക് ബോട്ട് ഉപയോഗിച്ചതെന്ന് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മനുഷ്യജീവന് ഒരു പ്രാധാന്യവും നല്‍കാതെ പണത്തോടുള്ള അത്യാര്‍ത്തിയാണ് ഈ ദുരന്തത്തിന് കാരണമായത്. നിലവിലുള്ള നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ ബാധ്യതപ്പെട്ടവര്‍ കാഴ്ചക്കാരായി നില്‍ക്കുകയും ചെയ്യുന്നു. നിയമം നടപ്പാക്കുവാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല? ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കേണ്ടവര്‍ നല്കിയേ മതിയാകൂ. ഒരു മരണം ഉണ്ടാകുമ്പോള്‍ അതുമായി ബന്ധപ്പെട്ട ഒട്ടേറെ ചര്‍ച്ചകളും കോലാഹലങ്ങളും ഉണ്ടാകും. പഠനങ്ങള്‍ നടത്തും. റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കും. ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് നല്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുറച്ച് പണവും നല്കും. അതോടെ വിഷയം അവസാനിക്കുന്നു. മനുഷ്യജീവന് സുരക്ഷ നല്കാന്‍ ബാധ്യതപ്പെട്ടവര്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കണം. അല്ലാത്തവരെ കണ്ടെത്തി ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരണം. അതിനുള്ള നടപടികള്‍ സ്വീകരിക്കണം. ദുരന്തവിവരം അറിഞ്ഞയുടനെ മുഖ്യമന്ത്രിയും റവന്യുമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും താനൂരില്‍ ഓടിയെത്തി ജനങ്ങളെ ആശ്വസിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തികസഹായം പ്രഖ്യാപിച്ചു. പരിക്കുപറ്റിയവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചു. ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ നടപടികളാണിത്. ആളുകളെ സഹായിക്കാന്‍ സര്‍ക്കാരുണ്ട് എന്നത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായി, എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധത ഇക്കാര്യത്തിലും പ്രകടമായി. ആപത്ത് വന്നപ്പോള്‍ ജനങ്ങളോടൊപ്പം നില്‍ക്കാന്‍ കഴിഞ്ഞത് അഭിനന്ദനീയമാണ്. സര്‍ക്കാര്‍ ഇതിനകം തന്നെ അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചിട്ടുണ്ട്.
നല്ല നടപടിയാണിത്. അപകടത്തിന്റെ കാരണങ്ങള്‍ പുറത്തുവരുമല്ലോ. വെെകാതെ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി അപകടകാരണം ജനങ്ങളെ അറിയിക്കണം. അപകടങ്ങള്‍ വരാതിരിക്കാന്‍ ജാഗ്രതയോടെ നടപടികളും സ്വീകരിക്കണം. ജനങ്ങളുടെ പിന്തുണ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് തീര്‍ച്ചയായും ഉണ്ടാകും. ബോട്ടപകടം ആദ്യമായല്ല കേരളത്തിലുണ്ടാകുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് രാജാക്കന്മാര്‍ വാണിരുന്ന 1924ലാണ് പല്ലനയാറ്റില്‍ ബോട്ടപകടമുണ്ടായത്. മഹാകവി കുമാരനാശാനടക്കം 24 പേര്‍ ആഴക്കയത്തില്‍ മരണപ്പെട്ടു. അന്നും അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ജസ്റ്റിസ് പി ചെറിയാന്‍ ആയിരുന്നു അന്വേഷണം നടത്തിയത്. അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബോട്ടില്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായതാണ് അപകട കാരണം എന്ന് ചൂണ്ടിക്കാണിച്ചു. പരിഹരിക്കാന്‍ നിര്‍ദേശം മുന്നോട്ടുവച്ചു. നിര്‍ദേശങ്ങള്‍ ഒന്നും ആരും വകവച്ചില്ല. നാളുകള്‍ കഴിഞ്ഞപ്പോള്‍ മഹാകവി ഉള്‍പ്പെടെയുള്ളവര്‍ മരണപ്പെടുന്നതിന് കാരണമായ ബോട്ടപകടവും വിസ്മൃതിയിലായി. ജസ്റ്റിസ് ചെറിയാന്‍ റിപ്പോര്‍ട്ടില്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്? പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. 2002ല്‍ കുമരകത്തുണ്ടായ ബോട്ടപകടം 29 ജീവന്‍ കവര്‍ന്നു. ജസ്റ്റിസ് നാരായണക്കുറുപ്പിനെ അന്വേഷണ കമ്മിഷനായി നിയോഗിച്ചു. ബോട്ടിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം യാത്രക്കാര്‍ കയറിയതാണ് അപകടകാരണം എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഉള്‍നാടന്‍ ജലഗതാഗതത്തില്‍ നിയമനിര്‍മ്മാണം നടത്തണം എന്നുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. ആ റിപ്പോര്‍ട്ടും വിസ്മൃതിയിലായി. അഞ്ച് മണിക്ക് ശേഷം ബോട്ട് യാത്രയ്ക്ക് വിലക്ക് പ്രഖ്യാപിക്കണം എന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് ശുപാര്‍ശ ചെയ്തു. സര്‍ക്കാര്‍ അത് സ്വീകരിച്ച് പ്രഖ്യാപനങ്ങള്‍ നടത്തി.
ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും അഞ്ച് മണിക്ക് ശേഷം ബോട്ട് യാത്രക്കാരുണ്ട്. താനൂര്‍ ബോട്ടപകടം സംഭവിച്ചത് വെെകുന്നേരം ഏഴ് മണിക്ക് ശേഷമാണ്. നിയമങ്ങളും ഉത്തരവുകളും നടപ്പിലാക്കേണ്ടവര്‍ ബോട്ട് മുതലാളിമാരുടെ ദാസന്മാരായി നോക്കിനില്‍ക്കുന്നതാണ് ഇതിനാെക്കെ കാരണം. ശമ്പളത്തെക്കാള്‍ ‘കിമ്പള’ത്തില്‍ ആഹ്ലാദിക്കുന്ന ഇവര്‍ എല്ലാ നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നു. 2009ല്‍ തേക്കടിയില്‍ ഉണ്ടായ ബോട്ടപകടത്തില്‍ 45 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. അന്വേഷണ കമ്മിഷന്‍ നിയമനവും റിപ്പോര്‍ട്ടുകളും അന്നുമുണ്ടായി. 2009ലെ ബോട്ടപകടത്തില്‍ ആരാണ് ഉത്തരവാദികള്‍ എന്ന് പരിശോധിക്കുകയോ നടപടികള്‍ എടുക്കുകയോ ചെയ്തിട്ടുണ്ടോ?. 1924 പല്ലനയാറില്‍ സംഭവിച്ചതുപോലെ അപകടങ്ങള്‍ തുടര്‍ച്ചയായി കേരളത്തില്‍ സംഭവിക്കുന്നു. താനൂരില്‍ അപകടം ഉണ്ടായതിനു കാരണം ബോട്ടില്‍ താങ്ങാവുന്നതില്‍ കൂടുതല്‍ സഞ്ചാരികളെ കയറ്റിയതാണ്. ബോട്ടുടമയുടെ സ്വാധീനത്തിനു വഴങ്ങി നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥന്‍ നിയമം ലംഘിച്ച് ബോട്ട് സവാരി നടത്തി പണം ഉണ്ടാക്കുവാന്‍ സൗകര്യം ചെയ്തുകൊടുത്തു. അതില്‍ നിന്ന് തുടര്‍ച്ചയായി നല്ല വിഹിതം ബന്ധപ്പെട്ടവര്‍ കൈപ്പറ്റിയിരിക്കണം. മേയ് ഒമ്പതിന് രാവിലെ മുതല്‍ ബോട്ടപകത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം പറയുന്നത് ബോട്ടുടമയുടെ നിയമലംഘനത്തിന് ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നു എന്നാണ്. മരണം ഉണ്ടാകാന്‍ കാരണം എന്താണ്? നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥന്‍ ആരാണ്? എന്ന് കണ്ടെത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അന്വേഷണ കമ്മിഷനിലൂടെ അതിന് കഴിയുമെന്ന് കരുതാം. മലപ്പുറം ജില്ലാ വികസന സമിതി യോഗത്തില്‍ ലൈസന്‍സ് ഇല്ലാതെ ഉല്ലാസ ബോട്ടുയാത്ര നടത്തുന്നതു സംബന്ധമായി എംഎല്‍എ പരാതി ഉന്നയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ജില്ലയിലെ ജനപ്രതിനിധികള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന യോഗത്തിലുന്നയിക്കപ്പെടുന്ന ഇത്തരം ഗൗരവതരമായ വിഷയങ്ങള്‍ എന്തുകൊണ്ടാണ് ശ്രദ്ധിക്കാതെ പോകുന്നത്. ലൈസന്‍സില്ലാതെ ബോട്ട് യാത്ര നടത്തുന്നില്ല എന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വിശദീകരണം നല്കിയത് എന്നതും പത്രവാര്‍ത്തയാണ്. അന്വേഷണ കമ്മിഷനും സര്‍ക്കാരും ഗൗരവമായി ഇത്തരം കാര്യങ്ങള്‍ പരിശോധിക്കണം. താനൂര്‍ ദുരന്തത്തിന് കാരണമായ ബോട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലൈസന്‍സ് ഇല്ലാത്ത ബോട്ട് എങ്ങനെ ഉല്ലാസയാത്ര നടത്തി? ലൈസന്‍സ് ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയുടെ ഫയല്‍ നമ്പര്‍, ബോട്ടിന്റെ രജിസ്ട്രേഷന്‍ നമ്പറായി കാണിക്കുകയായിരുന്നു ഉടമ. ഇതൊന്നും മനസിലാക്കാന്‍ കഴിയാത്തവരാണോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍? ജനങ്ങള്‍ നല്കുന്ന നികുതിപ്പണം ശമ്പളമായി വാങ്ങുന്നവര്‍ ജനങ്ങള്‍ക്കും നാടിനും ദ്രോഹമാണ് ചെയ്യുന്നത്. അവരുടെ ചെയ്തികള്‍ പുറത്തു കൊണ്ടുവരികതന്നെ ചെയ്യണം. ബോട്ട് അപകടത്തില്‍പ്പെട്ട് കുന്നുമ്മേല്‍ കുടുംബത്തില്‍ 11 പേരാണ് മരിച്ചത്. എട്ട് മാസം പ്രായമായ ഒരു കുഞ്ഞും ഉള്‍പ്പെടുന്നു. 11 പേരെയും അടുത്തടുത്തായാണ് അരയന്‍ കടപ്പുറം വലിയ ജുമാമസ്ജിദില്‍ അടക്കം ചെയ്തത്. ജുമാമസ്ജിദിന്റെ മുന്നിലെ ഖബര്‍ സ്ഥാനത്ത് എത്തിയപ്പോള്‍ എന്തെന്നില്ലാത്ത വേദന. ബോട്ടപകടത്തില്‍ 15 കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. കുട്ടികള്‍ക്ക് സുരക്ഷയെക്കുറിച്ചൊന്നും അറിയില്ല. സന്തോഷത്തില്‍ തുള്ളിക്കളിച്ച് ആറാടി നടന്നിരുന്ന കുഞ്ഞുങ്ങളുടെ മരണകാരണം അനാസ്ഥയാണ്. അനാസ്ഥ മൂലം മരണങ്ങള്‍ ഉണ്ടായാല്‍ നരഹത്യക്ക് കൂട്ടുനിന്നവരും ഉത്തരവാദികള്‍ തന്നെയാണ്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുവാന്‍ കേരള സര്‍ക്കാര്‍ ഇതിനകം തന്നെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മനുഷ്യ ജീവന് സുരക്ഷയൊരുക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്തം തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.