22 December 2024, Sunday
KSFE Galaxy Chits Banner 2

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തുന്നു

കെ ദിലീപ്
നമുക്ക് ചുറ്റും
April 16, 2024 4:23 am

ഒരു ദിവസംകൊണ്ട് ഒരു ധനികനും ദരിദ്രനാവാറില്ല. മുന്‍തലമുറകള്‍ ആര്‍ജിച്ച സമ്പാദ്യം മുഴുവന്‍ ധൂര്‍ത്തടിച്ച് കഴിയുമ്പോഴാണ്, വാങ്ങാവുന്ന കടം മുഴുവന്‍ വാങ്ങി ഗതിയില്ലാതാവുമ്പോഴാണ് ഒരാള്‍ പാപ്പരാവുന്നത്. വ്യക്തികളെ സംബന്ധിച്ച് മാത്രമല്ല, രാഷ്ട്രങ്ങളെ സംബന്ധിച്ചും ഇതുതന്നെയാണ് സത്യം. വ്യക്തിയായാലും രാഷ്ട്രമായാലും സമ്പത്തിന്റെ വിവേകപൂര്‍വമായ ഉപയോഗത്തിലൂടെ, അവയില്‍ നിന്ന് സുസ്ഥിരമായ വരുമാനവും വരുമാനത്തിന്റെ ബുദ്ധിപൂര്‍വമായ നിക്ഷേപവും ഉറപ്പുവരുത്തിയാല്‍ മാത്രമേ പുരോഗതി ഉണ്ടാവുകയുള്ളു. ഇന്ന് നമ്മുടെ രാജ്യത്ത് വിവിധ ഏജന്‍സികളുടെ സാമ്പത്തിക സര്‍വേകളില്‍ തെളിയുന്ന ചിത്രം ഒട്ടും ആശാവഹമല്ല. ഇന്ത്യ, യുഎസിനും ചൈനയ്ക്കും പിറകെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുന്നു എന്നും മറ്റുമുള്ള വീമ്പുപറച്ചിലിനിടയില്‍ രാജ്യത്ത് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണ് എന്ന് ഈ ഏജന്‍സികളുടെ സര്‍വേയില്‍ തെളിയുന്നത് കാണാതെ പോവുന്നത് രാജ്യം അതിദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നതില്‍ ചെന്നവസാനിക്കും. ഒന്നാമത്തെ സര്‍വേ നടത്തിയിരിക്കുന്നത് മറ്റാരുമല്ല റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ഗാര്‍ഹിക കടം ജിഡിപിയുടെ 40ശതമാനമായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കടനിരക്കാണ്. 2023 ഡിസംബറിലെ ഈ കണക്ക് ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ (ആ രേഖ വളരെ താഴ്ത്തി വരച്ചതാണെങ്കില്‍ക്കൂടി) ആണെന്ന് രേഖപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ സാമ്പത്തികാവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു. ഈ കാര്യത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം പറഞ്ഞത് ആളുകള്‍ വീടും കാറുമൊക്കെ മേടിച്ചതുകൊണ്ട് വരുന്ന കടമാണ് എന്നാണ്. ഇപ്പറഞ്ഞതില്‍ ഒരു വസ്തുതയുമില്ല എന്നത് റിപ്പോര്‍ട്ടിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വ്യക്തമാണ്. ആളുകള്‍ വീടും കാറും മറ്റും മേടിച്ചുണ്ടായ കടമാണെങ്കില്‍ തീര്‍ച്ചയായും ഈ വീടും കാറുമൊക്കെ അവരുടെ സമ്പാദ്യത്തില്‍ കണക്കാക്കപ്പെടണം. സ്വാഭാവികമായും സമ്പാദ്യം ഉയരണം. എന്നാല്‍ 2022–23കാലത്തെ ഇന്ത്യയിലെ ജനങ്ങളുടെ സാമ്പത്തിക മിച്ചം ജിഡിപിയുടെ വെറും 5.1 ശതമാനം മാത്രമാണ്. ഇത് കഴിഞ്ഞ 47വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മിച്ചമാണ്. 40ശതമാനം എന്ന സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കൂടിയ ഗാര്‍ഹിക കടം 2023ല്‍ രേഖപ്പെടുത്തിയപ്പോള്‍, അതേ വര്‍ഷം ജനങ്ങളുടെ സാമ്പത്തിക മിച്ചം 47വര്‍ഷത്തെ ഏറ്റവും കുറഞ്ഞ 5.1ശതമാനം രേഖപ്പെടുത്തിയതോടെ ധനകാര്യമന്ത്രാലയത്തിന്റെ അവകാശവാദം പൂര്‍ണമായും തകര്‍ന്നു. രാജ്യത്തെ ജനങ്ങള്‍ അവരുടെ ദൈനംദിനാവശ്യങ്ങള്‍ക്ക് പണമില്ലാതെയാണ് കടം വാങ്ങേണ്ടിവരുന്നത് എന്ന് വ്യക്തം. 2011-12 കാലഘട്ടത്തില്‍ 7.6ശതമാനം സാമ്പത്തിക മിച്ചം രേഖപ്പെടുത്തിയിരുന്നു എന്നുകൂടി നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. അപ്പോള്‍ വിരലിലെണ്ണാവുന്ന ഏതാനും ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ മാത്രം പതിനായിരം മടങ്ങ് വര്‍ധനയുണ്ടാവുകയും ബാക്കി 99.9 ശതമാനം ജനങ്ങളുടെയും കടം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോതില്‍ ഉയരുകയും സാമ്പത്തിക മിച്ചം കഴിഞ്ഞ 47വര്‍ഷങ്ങളില്‍ ഏറ്റവും കുറഞ്ഞതായി മാറുകയും ചെയ്യുന്നതിന്റെ കാരണമന്വേഷിച്ച് പാഴൂര്‍ പടിക്കല്‍ വരെ പോവേണ്ട കാര്യമില്ല. ഒരു സാധാരണ വ്യക്തിക്ക് അവന്റെ ദൈനംദിനാവശ്യങ്ങള്‍ക്ക് കടം വാങ്ങേണ്ടിവരുന്നത് അവന്റെ വരുമാനമാര്‍ഗം നഷ്ടപ്പെടുമ്പോഴാണ്. അപ്പോള്‍ വര്‍ഷത്തില്‍ രണ്ടു കോടി പുതിയ തൊഴില്‍ അവസരം എന്ന് വലിയ വായില്‍ പ്രസംഗിച്ച് 2014ല്‍ അധികാരത്തില്‍ വന്ന നരേന്ദ്രദാസ് ദാമോദര്‍ ദാസ് മോഡിയുടെ നാളിതുവരെയുള്ള ഭരണകാലത്ത് ഇന്ത്യയിലെ തൊഴില്‍ മേഖലയില്‍ എന്തു സംഭവിച്ചു എന്നുകൂടി പരിശോധിക്കേണ്ടിവരും.

 


ഇതുകൂടി വായിക്കൂ: പൊതുമേഖലയുടെ വില്പന, ദാരിദ്യ്രവും തൊഴിലില്ലായ്മയും വർധിച്ചു


ഇക്കാര്യത്തിലും വിശ്വാസയോഗ്യതയുള്ള ഏജന്‍സികള്‍ പഠനം നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ ഏറിവരുന്നതിനാലാവണം, പല യൂണിവേഴ്സിറ്റികളിലും ചാണകത്തിന്റെ ഔഷധമൂല്യം, പശു പുറത്തുവിടുന്ന ഓക്സിജന്റെ അളവ് തുടങ്ങിയ ശാസ്ത്രീയ വിഷയങ്ങളില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ഏതായാലും ഇത്തരം ഗവേഷണങ്ങള്‍ ഇതുവരെ തുടങ്ങാത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ബിറ്റ്സ് പിലാനി, കൂടാതെ കേന്ദ്ര കാര്‍ഷിക മന്ത്രാലയവും നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ അവിദഗ്ധ തൊഴിലാളിയും അഭ്യസ്തവിദ്യനായ തൊഴിലന്വേഷകനും ഒരുപോലെ നേരിടുന്ന അതിരൂക്ഷമായ തൊഴിലില്ലായ്മയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തന്നെ നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനം നടത്തിയിരിക്കുന്നത്. 1987–88കാലം മുതല്‍ 2004-05 കാലഘട്ടം വരെ തൊഴില്‍രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടായി. എന്നാല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2018–19 കാലഘട്ടമാവുമ്പോഴേക്കു തന്നെ രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കപ്പെട്ടുവെന്നും ഇത് സാമ്പത്തിക രംഗത്തുണ്ടായ തകര്‍ച്ചയുടെ ഫലമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക തകര്‍ച്ചയുടെ കാരണങ്ങള്‍ അന്വേഷിച്ചുപോയാല്‍ അധികം പിറകിലേക്ക് പോവേണ്ടിവരില്ല. 2016നവംബര്‍ എട്ട് രാത്രി എട്ടു മണിക്ക് നരേന്ദ്ര മോഡി ടെലിവിഷനിലൂടെ പ്രഖ്യാപിച്ച നോട്ട് നിരോധനമാണ് ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥ പെട്ടെന്ന് തകരാനുണ്ടായ കാരണമെന്ന് അമര്‍ത്യാ സെന്‍ എന്ന നൊബേല്‍ ജേതാവ് മാത്രമല്ല, കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഭര്‍ത്താവ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ധനകാര്യ വിദഗ്ധന്‍ ഡോ. പരകാല പ്രഭാകര്‍ ഉള്‍പ്പെടെ പറഞ്ഞിട്ടുണ്ട്. ഇന്ന് ഇക്കാര്യത്തില്‍ വല്ല സംശയവും ആര്‍ക്കും ഉണ്ടാവാന്‍ സാധ്യതയില്ല. റിപ്പോര്‍ട്ടില്‍ തുടര്‍ന്നു പറയുന്നത് മോഡി സര്‍ക്കാര്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിറകോട്ടുപോയി എന്നും സ്ത്രീ-പുരുഷ അനുപാതത്തില്‍ വലിയ അന്തരമുണ്ടാവുന്നു എന്നുമാണ്. ഗ്രാമീണ നഗരമേഖലകളില്‍ ഒരുപോലെ തൊഴില്‍ ലഭ്യത കുറയുന്നു. അസംഘടിത മേഖലയില്‍ ലോകത്ത് ഏറ്റവും കുറഞ്ഞ വേതനം ഇന്ത്യയിലാണ്. വിദ്യാഭ്യാസ നിലവാരം ഉയരുന്നതിനൊപ്പം തൊഴില്‍ സാധ്യത മെച്ചപ്പെടുന്നുമില്ല. 20 മുതല്‍ 24 വയസുവരെയുള്ള ചെറുപ്പക്കാരില്‍ 44.49ശതമാനത്തിനും തൊഴിലില്ല എന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി പറയുന്നത്. രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക നിലയും തൊഴിലവസരങ്ങളും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും മോശമായിരിക്കുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ നിന്നും ശ്രദ്ധ തിരിക്കുവാനായിട്ടാണ് പുരാതനമായ പശുക്കൊഴുപ്പിന്റെയും പന്നിക്കൊഴുപ്പിന്റെയും രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാക്കുവാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നതും, ഇല്ലാത്ത നേട്ടങ്ങളെപ്പറ്റിയുള്ള കള്ളക്കഥകള്‍ പറഞ്ഞുപരത്തുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.