18 December 2024, Wednesday
KSFE Galaxy Chits Banner 2

ജനാധിപത്യത്തിന്റെ പ്രതിസന്ധി

Janayugom Webdesk
October 19, 2024 4:18 am

ഗാന്ധിജിയുടെ പ്രസിദ്ധമായ ഒരു ഉദാഹരണമാണ് യുക്ലിഡിന്റെ വരയുടെ നിർവചനം. ഒരാദർശം തത്വത്തിൽ നിന്ന് പ്രയോഗത്തിലേക്ക് എത്തുമ്പോൾ അതിന് വന്നുചേരുന്ന വ്യത്യാസത്തിന് ഉദാഹരണമായിട്ടാണ് അദ്ദേഹം പലപ്പോഴും അത് ചൂണ്ടിക്കാണിച്ചത്. യൂക്ലിഡ് പ്രസിദ്ധനായ ഗ്രീക്ക് ഗണിത ശാസ്ത്രജ്ഞനാണ്. ജ്യോമട്രിയുടെ പിതാവ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. യൂക്ലിഡ് എന്ന ഗണിത ശാസ്ത്രജ്ഞൻ നിർവചിച്ച വരയ്ക്ക് വീതിയില്ലെങ്കിലും വീതിയില്ലാത്ത ഒരു വര വരയ്ക്കാൻ നമുക്ക് ഒരിക്കലും സാധ്യമല്ലെന്നത് ഒരു വസ്തുതയാണ്. മനുഷ്യൻ സ്വന്തം ഉയിർ കൊടുത്ത് സാക്ഷാൽക്കരിച്ച ആദർശമായാലും ശരി, പ്രയോഗത്തിൽ അതിന്റെ രൂപം മൗലികമായ രൂപത്തിൽ നിന്ന് വളരെ ഭിന്നമായിരിക്കും. മനുഷ്യജീവിതത്തിലെ മഹാദുഃഖത്തിൽ ഒന്നാണ് ഈ തത്വപ്രയോഗ വ്യതിരേകം. ജനാധിപത്യവും ഈ ദുഃഖസത്യത്തിന് ഉദാഹരണമാകുന്നു. തത്വത്തിൽ ജനാധിപത്യത്തെക്കാൾ കവിഞ്ഞൊരു മാനുഷിക ബന്ധമില്ല. മനുഷ്യന്റെ ഏറ്റവും കവിഞ്ഞ യുക്തിബോധവും ആദർശ പ്രതിപത്തിയും, പരിവർത്തനവാഞ്ഛയും ജനാധിപത്യത്തിൽ കൃതാർത്ഥമാക്കപ്പെട്ടിരിക്കുന്നു. യുക്തിബോധവും ചിന്താശക്തിയുമുള്ള മനുഷ്യന് ആരും യജമാനനാകില്ല. അയാൾ തനിക്കു താൻ പോന്നവനാണ്. യുക്തിബോധമുറച്ച ഒരു പക്വമായ സമുദായത്തിന് ചേർന്നതല്ല സ്വേച്ഛാധിപത്യം. അതിന് ചേർന്നത് മനുഷ്യന്റെ സ്വാപ്രത്യയ മഹത്വത്തിൽ അടിയുറച്ച ജനാധിപത്യം തന്നെയാണ്. താത്വിക ആചാര്യർ പലരും പറഞ്ഞിട്ടുണ്ട് സമത്വ സിദ്ധാന്തത്തെ‌ക്കുറിച്ച്. ഈ ജീവിതവീക്ഷണത്തെ ജീവിത രീതിയാക്കിയാലെ ജനാധിപത്യത്തിന് ചാരിതാർത്ഥ്യമുള്ളു. ആധുനിക മനുഷ്യന്റെ സമസ്ത വികാരവും ജനാധിപത്യത്തിന്റെ അന്തരീക്ഷത്തിൽ മാത്രമെ സഫലമാവുകയുള്ളു എന്ന് ലോകത്തിന് അറിയാം. ജനാധിപത്യത്തിന്റെ ശത്രു സ്വേച്ഛാധിപത്യം തന്നെ.
ഭരണകൂടത്തെ ജനാധിപത്യപരമാക്കുന്നത് സിവിൽ സമൂഹത്തിന് കൂടുതൽ പങ്കാളിത്തം ലഭിക്കുമ്പോഴാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രവണതകളോടുള്ള ചെറുത്തുനില്പ്, മതത്തിനും വിപണിക്കും ഭരണകൂടത്തിനുമേൽ ഉണ്ടാവുന്ന അമിതമായ സ്വാധീനത്തിനോടുള്ള വിസമ്മതം, മനുഷ്യാവകാശത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും ഊന്നിയുള്ള നിയമനിർമ്മാണങ്ങൾക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടം എന്നിവ പൊതുമണ്ഡലത്തിൽ സജീവമാകുന്നത് സിവിൽ സമൂഹത്തിന്റെ തലത്തിലാണ്. ജനാധിപത്യം സംരക്ഷിക്കാൻ വലിയ ബഹുജനസമരങ്ങൾ അവശ്യം ആവശ്യമാണ്.
ബിജെപി 2014ൽ അധികാരത്തിൽ വന്നതുമുതൽ രാഷ്ട്രത്തിന്റെ ജനാധിപത്യ പാരമ്പര്യത്തോട് ചെയ്യുന്ന കടുത്ത അനീതികൾ അതിനുള്ളിലെ തന്നെ ഓരോ വ്യക്തിയേയും എത്രമാത്രം കൂടുതൽ മലീമസപ്പെടുത്തിയിരിക്കുന്നു എന്നു തെളിയിക്കുന്നതാണ് കർഷക സമരത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധത്തിന്റെ ഇടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകൻ തന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയ സംഭവം. ഒരു ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ നിന്ന് ഇന്ത്യക്ക് സംഭവിച്ച വലിയ പതനത്തിന്റെ ഏറ്റവും ഭീതിദമായ ഉദാഹരണമാണത്.
ഇന്ത്യൻ ജനാധിപത്യം വളരെ ദുർബ്ബലമായി. ഇന്ത്യ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമഗ്രാധിപത്യത്തിലാണ് ഇന്ന്. തങ്ങളുടെ മൃത്യുരാഷ്ട്രീയത്തിനുള്ള മറയായി ജനാധിപത്യത്തെ ഫാസിസവും സ്വേച്ഛാധിപതികളും ഉപയോഗിക്കുന്നു എന്നത് സമകാലിക ലോക രാഷ്ട്രീയത്തിൽ പ്രകടമായ ഒരു വൈരുധ്യമാണ്. ജനാധിപത്യത്തിലെ ഏറ്റവും വലിയ അപകടം അത് ഏകാധിപതികൾക്കോ സമഗ്രാധിപത്യ സ്വഭാവമുള്ള രാഷ്ട്രീയ പാർട്ടികൾക്കോ ജനകീയ ഭൂരിപക്ഷത്തെ ഒപ്പം നിർത്താൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കുന്നു എന്നതാണ്.
ജനാധിപത്യം ദുർബ്ബലമാകുന്നതിന് സാഹചര്യം സൃഷ്ടിക്കുന്നതിന് മറ്റൊരു ഘടകമായി വർത്തിക്കുന്നത് രാഷ്ട്രീയപ്പാർട്ടികൾ അകത്തും പുറത്തും അധികാരത്തിനു മാത്രമായി മുൻതൂക്കം കൊടുക്കുന്നതുമൂലമാണ്. അധികാരലഭ്യതയുടെ ലിറ്റ്മസ് ടെസ്റ്റ് ആകട്ടെ നേതൃത്വത്തോടുള്ള കൂറും. ഈ കൂറു സംസ്കാരം പാർട്ടി അംഗങ്ങളുടെ പ്രവർത്തനക്ഷമതയുടെ അടയാളം സാമൂഹികപ്രശ്നങ്ങളിൽ ഇടപെട്ട് ജനങ്ങളെ സംഘടിപ്പിക്കുന്നതിനു പകരം നേതാക്കൾക്ക് സ്തുതിഗീതം പാടുക എന്നതായി മാറ്റി.
വർത്തമാനകാല ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പോരായ്മ ഭരണാധികാരികൾ അവരുടെ അധികാരം ദുരുപയോഗം ചെയ്യുന്നു എന്നതിനെക്കാൾ ഭരിക്കപ്പെടുന്നവർ അവരുടെ ശക്തി തിരിച്ചറിഞ്ഞ് പെരുമാറുന്നില്ല എന്നതാണ്. കഴിഞ്ഞ ദശകത്തിൽ ജനാധിപത്യം കൂടുതൽ ദരിദ്രമായി. 1947 ലെ ഇന്ത്യാ വിഭജനം ഇപ്പോൾ ഇന്ത്യാക്കാരുടെ വിഭജനമായി മാറിയിരിക്കുന്നു. സ്വഭാവ രൂപീകരണവും രാഷ്ട്ര നിർമ്മാണവും അവയുടെ അഭാവംകൊണ്ട് ശ്രദ്ധിക്കപ്പെടുന്നു. രാഷ്ട്രീയം വിഗ്രഹവൽക്കരിക്കപ്പെടുന്നു. എന്നാൽ വിഗ്രഹങ്ങൾക്ക് എല്ലാ ജനതയേയും ഒരുപോലെ കാണാൻ കഴിയുന്നുമില്ല. അധികാരം എല്ലാവിധ പ്രത്യയശാസ്ത്രങ്ങളും മാറ്റിവച്ച് രാഷ്ട്രീയത്തിൽ പ്രച്ഛന്നവേഷങ്ങൾ അണിഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു.
ഇന്നു നിലനിൽക്കുന്ന ജനാധിപത്യത്തിൽ ലിംഗാതിക്രമത്തിന്റെ പുറത്ത് ഓരോ വർഷവും നൂറുകണക്കിനു സ്ത്രീകൾ കൊല്ലപ്പെടുന്നു. സ്ത്രീധനത്തിന്റെ, അനുസരണ കാണിക്കുന്നില്ലെന്നതിന്റെ എല്ലാം പേരിൽ സ്ത്രീകളുടെ മുഖം വികൃതമാക്കപ്പെടുന്നു. മർദിക്കപ്പെടുന്നു. വർഗീയവും ജാതീയവുമായ വിദ്വേഷത്തിന്റെ പുറത്ത് ഓരോ വർഷവും ആയിരക്കണക്കിനു ദളിതർ കൊല്ലപ്പെടുകയും അസംഖ്യം ദളിത് സ്ത്രീകൾ ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്യുന്നു. സ്വതന്ത്ര ഇന്ത്യയിൽ ന്യൂനപക്ഷ മതവിഭാഗങ്ങളേക്കാൾ എത്രയോ അധികം ദളിതർ കൊല ചെയ്യപ്പെടുന്നു. പരിതാപകരമാണ് ജനാധിപത്യത്തിന്റെ സ്ഥിതി.
ജനങ്ങൾക്കിടയിൽ മുസ്ലിങ്ങൾക്കെതിരായ വികാരം സൃഷ്ടിക്കേണ്ടത് ആർഎസ്എസിന്റെ ആവശ്യമാണ്. അങ്ങിനെ ചെയ്യുന്നപക്ഷം മതന്യൂനപക്ഷങ്ങളുടെ തുല്യാവകാശങ്ങൾക്കായി വാദിക്കുന്ന ഹിന്ദുക്കളായ ഇടതുപക്ഷക്കാരെയും ലിബറലുകളെയും ദേശവിരുദ്ധരും ഹിന്ദു വിരുദ്ധരുമായി ചിത്രീകരിക്കാൻ അവർക്കാകും. ഇതിലെല്ലാം സിയോണിസമാണ് ആർഎസ്എസിന്റെ യഥാർത്ഥ മാതൃക.
“റിപ്പബ്ലിക്” എന്ന സങ്കല്പത്തിന്റെ അടിത്തറ തന്നെ ജനങ്ങളാണ് ആത്യന്തികമായി തീരുമാനമെടുക്കേണ്ടതെന്നതാണ്. കഴിഞ്ഞ ഒരു ദശകമായി തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന സർക്കാർ ജനങ്ങളുടെ പണമെടുത്തു കുത്തകകളെ രക്ഷിക്കുന്നു. പൊതുമേഖല സ്വകാര്യവൽക്കരിക്കുന്നു. അഴിമതിക്ക് സർക്കാർ പ്രത്യക്ഷാംഗീകാരം നൽകുന്നു. ഇലക്ടറൽ ബോണ്ടിലൂടെ രാജ്യം അതു കണ്ടതാണ്. ചരിത്രത്തെ പൂർണമായും വികൃതമാക്കി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി, സാമൂഹ്യ സാമ്പത്തിക അസമത്വം ക്രമാതീതമായി വർധിപ്പിച്ച്, രഹസ്യ ഏജൻസികളെ കക്ഷിതാല്പര്യങ്ങൾക്കായി ഉപയോഗിച്ച്, മാധ്യമങ്ങളെ വിലയ്ക്കെടുത്ത്, പ്രലോഭിപ്പിച്ച്, ഭീഷണിപ്പെടുത്തി സർക്കാരുകളെ മറിച്ചിട്ട്, അസഹിഷുണത വളർത്തി ജനാധിപത്യത്തെ പൂർണമായും ഇല്ലായ്മ ചെയ്യുന്നു.
ഇവിടെ ഓർക്കേണ്ടത് ജനാധിപത്യം ഒരു തെരഞ്ഞെടുപ്പല്ല എന്നതാണ്. എത്രയോ സംവത്സരങ്ങളായി മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പല കാലങ്ങളിൽ രൂപപ്പെടുത്തി കൊണ്ടുവന്ന മൂല്യങ്ങളുടെ ഉല്പന്നമാണത്. നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ ദർശനങ്ങളാണ് ആ മൂല്യങ്ങളെ രൂപപ്പെടുത്തിയ ചാലകശക്തി.
ഇന്നത്തെ ജനാധിപത്യ ക്രമത്തിൽ ജനങ്ങൾ നിഷ്ക്രിയരായി മാറിനിൽക്കുന്നു. മുകളിൽ ഭരിക്കുന്നവരിൽ അധികാരം കേന്ദ്രീകരിക്കപ്പെടുമ്പോൾ ജനങ്ങൾ അവരുടെ പ്രതിനിധികളെ തെരഞ്ഞടുത്തു പ്രതിനിധാനം ചെയ്യപ്പെടുന്ന (റെപ്രസന്റഡ്) നിഷ്ക്രിയ ഘടകമായി മാറി നിൽക്കുകയാണ്. അപ്പോൾ അവിടെ ഭരണകൂടത്തിന്റെ അഥവാ ഭരിക്കുന്നവരുടെ അധികാരം മാത്രമാണ് നടപ്പാക്കുന്നത്. ഭരിക്കപ്പെടുന്നവരുടെ, ജനങ്ങളുടെ അധികാരം അകറ്റി നിർത്തപ്പെടുന്നു.
കിരാത നിയമങ്ങൾ മനുഷ്യർക്കെതിരെ പ്രയോഗിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയ ശക്തികൾക്കെതിരെ ജനമുന്നേറ്റം നിരന്തരം വേണം. സംഘപരിവാർ പ്രത്യയശാസ്ത്രത്തെ നേരിടാൻ പരമ്പരാഗത ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇനിയും വർധിച്ച ശക്തിയോടെ രംഗത്തിറങ്ങണം. സാമ്പ്രദായിക സമരങ്ങൾകൊണ്ട് ഫാസിസത്തെ പരാജയപ്പെടുത്താൻ സാധിക്കില്ല. കാരണം ഫാസിസ്റ്റ് രാഷ്ട്രീയം പ്രവർത്തിക്കുന്നത് പരമ്പരാഗത രാഷ്ട്രീയ പൊതുമണ്ഡലത്തിൽ മാത്രമല്ല. ഫാസിസം മനുഷ്യരുടെ സ്വകാര്യ ജൈവ ജീവിതത്തിന്റെ മണ്ഡലത്തിലേക്ക് കടന്നുകയറി ജീവിതങ്ങളെ കീഴടക്കാൻ ശ്രമിക്കുന്ന ഒരു സൂക്ഷ്മ രാഷ്ട്രീയമാണ്. അത് മനുഷ്യരെ അടിയിൽ നിന്നാണ് പിടികൂടുന്നത്. വെറുപ്പിന്റെയും പകയുടെയും വികാരം ആളിപ്പടർത്താനാണ് ശ്രമിക്കുന്നത്. ഇതിനെ നേരിടാൻ സ്നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ജൈവരാഷ്ട്രീയത്തിന്റെ പ്രകാശനമായ ജനസഞ്ചയ ജനാധിപത്യത്തിനു മാത്രമേ കഴിയൂ. പഴയ രാഷ്ട്രത്തിലെപോലെ നേതാവും അണികളും തമ്മിലുള്ള ബന്ധം പുതിയ സമരങ്ങളിലില്ല. പുതിയ സമരങ്ങളിൽ മുന്നണി ഭേദമില്ല. (കർഷക സമരം) ഇത് പുതിയ സമര രൂപമാണ്. പഴയ പ്രതിനിധാന രാഷ്ട്രീയ രൂപങ്ങൾ കൈവിട്ട് അവർ നേരിട്ട് രാഷ്ട്രീയം കയ്യിലെടുത്ത് അധികാരിവർഗത്തിനോട് ഏറ്റുമുട്ടുന്നു. അത് കീഴാള ജനാധിപത്യത്തിന്റെ പോരാട്ടമാണ്. കീഴാള രാഷ്ട്രീയം ജനകീയാധികാരത്തിന്റേതാണ്. ജനാധിപത്യം വീണ്ടെടുക്കാൻ, ഫാസിസത്തെ പരാജയപ്പെടുത്താൻ കർഷകരും ദളിതരും സ്ത്രീകളും വിദ്യാർത്ഥികളും ഒന്നിച്ച് രംഗത്തിറങ്ങണം. കീഴാള രാഷ്ട്രീയത്തിന്റെ ശക്തി ഇന്നും ഇന്ത്യയുടെ അടിത്തട്ടിൽ സജീവമാണ്. അത് കെട്ടുപോവില്ല. ഇന്ത്യ ഭരിക്കുന്ന ആഗോള മുതലാളിത്തത്തിന്റെ നടത്തിപ്പുകാർക്കെതിരെ ഇന്ത്യയുടെ ആ ശക്തി ഉയർത്തെഴുന്നേൽക്കും. അതിനു വേണ്ടി നിശ്ചയദാർഢ്യത്തോടെ ആശയദൃഢതയോടെ അസന്ദിഗ്ധ പോരാട്ടം നടത്തുകയാണ് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.