12 January 2026, Monday

രഹസ്യബാന്ധവവും അവിഹിതവും തമ്മിലുള്ള വ്യത്യാസം

പ്രിയ
പന്തികേട്
June 30, 2025 4:24 am

പേറെടുക്കുവാൻ പോയയാൾ ഇരട്ട പെറ്റെന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് ഉത്തരാഖണ്ഡിലെ ബിജെപി മുൻ എംഎൽഎയുടെ കാര്യം. എംഎൽഎ രണ്ടാം കെട്ട് കെട്ടിയതാണ് വിവാദമായിരിക്കുന്നത്. പറഞ്ഞുവന്നപ്പോൾ പക്ഷേ അത് അവിഹിതകഥ കൂടിയായി. മുൻഎംഎൽഎ സുരേഷ് റാത്തോഡാണ് കഥാനായകൻ. നിലവിലെ ഭാര്യയെ മൊഴി ചൊല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കുകയായിരുന്നു ജ്വാലാപൂരിൽ നിന്നുള്ള മുൻ എംഎൽഎ. ഇവരാണെങ്കിൽ ദീർഘകാല പങ്കാളിയാണെന്നും റാത്തോഡ് പറഞ്ഞിട്ടുണ്ട്. എന്തിലെല്ലാമായിരുന്നു പങ്കാളിത്തം എന്ന് വ്യക്തമാക്കിയിട്ടില്ല. ബഹുഭാര്യാത്വം അനുവദിക്കപ്പെട്ടതിനാൽ മുസ്ലിങ്ങൾ പല കല്യാണം കഴിക്കുന്നുവെന്നും കുട്ടികളെയുണ്ടാക്കി ജനസംഖ്യ വർധിപ്പിക്കുന്നുവെന്നും ആരോപിക്കുന്നവരാണ് ബിജെപിക്കാരും സംഘ്പരിവാറുകാരും. അത് തടയുന്നതിനാണ് ഉത്തരാഖണ്ഡിൽ ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കിയത്. അതുകൊണ്ടുതന്നെ ഒന്നും കെട്ടും രണ്ടും കെട്ടുമെന്ന മുദ്രാവാക്യം മുസ്ലിങ്ങൾക്ക് മാത്രമല്ല ബിജെപിക്കാർക്കും പാടില്ല. മാത്രവുമല്ല നിയമത്തിൽ ബഹുഭാര്യാത്വം കുറ്റകൃത്യമായി ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിലവിലുള്ള ഭാര്യയെ നിയമപരമായി വിവാഹമോചനം നടത്താതെ, നടി ഊർമിള സനവാറുമായുള്ള തന്റെ വിവാഹം വെളിപ്പെടുത്തിയ റാത്തോഡിന്റെ നടപടിയാണ് പൊല്ലാപ്പായത്. ചില പ്രത്യേക സാഹചര്യത്തിൽ താനും ഊർമിളയുമായുള്ള രഹസ്യബാന്ധവം മറച്ചുപിടിക്കുകയായിരുന്നു എന്നും ഇപ്പോൾ നിയമപരമായി ഭാര്യയായി സ്വീകരിക്കേണ്ടിവന്നു എന്നുമായിരുന്നു വെളിപ്പെടുത്തൽ. വന്നു എന്ന് പറഞ്ഞതിനർത്ഥം ആരെങ്കിലും പിടിച്ചുവച്ച് കെട്ടിച്ചതായിരിക്കുമോ. എങ്കിലും സ്വന്തമായി ഭാര്യയുണ്ടായിട്ടും മറ്റൊരു സ്ത്രീയുമായി രഹസ്യ ബാന്ധവം സൂക്ഷിക്കുന്നതിനെ അവിഹിതമെന്നാണ് കട്ടസംഘികൾ പോലും വിളിക്കാറുള്ളത്. അപ്പോഴാണ് ബഹു ഭാര്യത്വം, അവിഹിതം എന്നിങ്ങനെ മുൻ എംഎൽഎ ഉത്തരാഖണ്ഡിലെ ബിജെപിയെ നാണം കെടുത്തിയിരിക്കുന്നത്. സംഗതി കോലാഹലമായപ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം വാങ്ങി. അത് തൃപ്തികരമല്ലെന്ന് കണ്ട് പുറത്താക്കിയിരിക്കുകയാണ്. അതുപോരെന്നും സാധാരണ സംഘികൾ ചെയ്യാറുള്ളതുപോലെ റാത്തോഡിനെ പരസ്യവിചാരണ ചെയ്യുകയും ഏത്തമിടീക്കുകയും കേസെടുത്ത് യുസിസി പ്രകാരമുള്ള ശിക്ഷ നൽകുകയും വേണമെന്നാണ് എതിരാളികൾ ആവശ്യപ്പെടുന്നത്. അത് ന്യായവുമാണല്ലോ. റാത്തോഡിനിപ്പോൾ തോന്നുന്നുണ്ടാകും രഹസ്യ ബാന്ധവം തന്നെയായിരുന്നു നല്ലതെന്ന്. 

ഗൂഗിളിൽ തപ്പിയപ്പോൾ പറയുന്നത് 1980കളിലാണ് സിസിടിവി ഇന്ത്യയിൽ വ്യാപിച്ചു തുടങ്ങിയതെന്നാണ്. ഇപ്പോഴത്തെ നിലയിലുള്ള അതിനൂതനമായ സിസിടിവിയാകട്ടെ 1990കളിലും. എന്നാൽ 1968ലെ നിയമത്തിൽ സിസിടിവിയെ പറ്റി പറയുന്നില്ലെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തൽ. അതെങ്ങിനെയെന്നൊന്നും ചോദിച്ചേക്കരുത്. ഇപ്പോഴത്തെ വോട്ടെടുപ്പ് പ്രക്രിയയെ കുറിച്ച് ഒട്ടേറെ സംശയങ്ങളുണ്ട്. ബിജെപി അധികാരത്തിൽ വന്നതിനുശേഷം തെരഞ്ഞെടുപ്പ് കമ്മിഷനെന്നത് ബിജെപി തെരഞ്ഞെടുക്കുന്ന കമ്മിഷനായി മാറിയിട്ടുമുണ്ട്. ഞാനും ഞാനുമെന്റാളുകളും നിശ്ചയിക്കുന്നവർ കമ്മിഷൻ അംഗങ്ങളാകുന്നതിനുള്ള നിയമനിർമ്മാണം നടത്തിയാണ് ബിജെപി പണി ഒപ്പിച്ചെടുത്തത്. പ്രധാനമന്ത്രിയും അദ്ദേഹം നിശ്ചയിക്കുന്ന മറ്റൊരു മന്ത്രിയും പ്രതിപക്ഷനേതാവും ചേർന്നാണ് ആളുകളെ തീരുമാനിക്കുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയാണ് പുതിയ നിയമമുണ്ടാക്കിയത്.
അടുത്ത കാലത്ത് നടന്ന ഒട്ടുമിക്ക തെരഞ്ഞെടുപ്പുകളും ക്രമപ്രകാരമല്ലെന്ന് ആരോപണമുണ്ടായിരുന്നതാണ്. അതിനിടയിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മഹാരാഷ്ട്രയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെ കുറിച്ച് വീണ്ടും ആക്ഷേപമുന്നയിച്ചത്. അതിനുള്ള മറുപടി പറയുന്നതിന് മുമ്പ് കമ്മിഷൻ ചെയ്തതാണ് കടുംകൈ. സിസിടിവി ദൃശ്യങ്ങൾക്ക് 45 ദിവസത്തെ ആയുസ് മതി. അതുകഴിഞ്ഞാൽ നശിപ്പിച്ചുകൊള്ളണമെന്നാണ് തിട്ടൂരം.
നിലവിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കേണ്ട വിവിധ കാലയളവുകൾ നിശ്ചയിച്ചിട്ടുണ്ട്. അതിൽ ആറുമാസം, ഒരു വർഷം എന്നിങ്ങനെ വിവിധ ഘട്ടങ്ങളാണുള്ളത്. എന്നാൽ സിസിടിവി 45 ദിവസത്തിനകം നശിപ്പിച്ചുകൊള്ളണം. എന്നുവച്ചാൽ ഒന്നര മാസം. അതിനുള്ള ന്യായീകരണമാണ് വിചിത്രം. നിയമത്തിൽ സിസിടിവിയെ കുറിച്ച് പറഞ്ഞിട്ടില്ല. ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷൻ സൗകര്യത്തിനുവേണ്ടി ഉപയോഗിക്കുന്നതാണ്. അതുകൊണ്ട് നിയമത്തിൽ വ്യവസ്ഥയില്ലാത്തതിനാൽ സൂക്ഷിക്കണമെന്ന് നിർബന്ധമില്ല. ആ നിയമം ഉണ്ടാക്കിയത് എപ്പോഴാണെന്ന് അറിയുമ്പോഴാണ് ഇപ്പറയുന്നതിന്റെ വങ്കത്തം മനസിലാകുക. 1968ലുണ്ടാക്കിയ നിയമം പൊക്കിപ്പിടിച്ചാണ് അതിൽ ഇല്ലെന്ന് വാദിക്കുന്നത്. 

1968ൽ സിസിടിവി പോയിട്ട് ടിവി പോലും വ്യാപകമായിരുന്നില്ല. അപ്പോൾ പിന്നെ 1968ലെ നിയമത്തിൽ ഇത് ഉൾപ്പെടുന്നില്ലെന്ന ന്യായത്തെ എന്താണ് വിളിക്കുക. വേണമെങ്കിൽ അരമണിക്കൂർ നേരത്തെ പുറപ്പെടാമെന്ന് സിനിമയിൽ പറയുന്നതുപോലെ ആയല്ലോ ഈ ന്യായീകരണം. നിയമത്തിൽ ഭേദഗതി വരുത്തി സിസിടിവി ഉൾപ്പെടുത്താനുള്ള അവസരം 11 വർഷമായി ബിജെപി വിനിയോഗിച്ചിട്ടില്ല. എന്നിട്ടാണ് അവർ 1968ലെ നിയമത്തെ കുറ്റം പറയുന്നത്. പിറക്കുന്നതിന് മുമ്പ് ജാതകമെഴുതുക എന്ന് പറയുന്നതിന് സമാനമാണ് അത്. രണ്ടാമത്തെ ന്യായം അതിനെക്കാൾ വിചിത്രമാണ്. സിസിടിവികൾ ആരെങ്കിലും ചോദിച്ചാൽ കൊടുക്കേണ്ടിവരും. അങ്ങനെ വന്നാൽ അത് സമ്മതിദായകന്റെ സ്വകാര്യതയ്‌ക്കുനേരെയുള്ള കടന്നുകയറ്റമാകും. വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ ജാഗ്രത മുറ്റിനിൽക്കുന്നതുകാണുമ്പോൾ ആർക്കും രോമാഞ്ചമുണ്ടാകും. പിടികിട്ടിയില്ലെങ്കിൽ തല പുകയ്ക്കേണ്ട. കാര്യം കമ്മിഷൻ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ വിശദീകരണത്തിൽ പന്തികേട് പലതാണ്. സിസിടിവി നോക്കിയാൽ വോട്ടുചെയ്തവരും ചെയ്യാത്തവരും ആരൊക്കെയെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് വ്യക്തമാകും. അതുപയോഗിച്ച് തങ്ങൾക്ക് വോട്ടു ചെയ്യാത്തവരെ കണ്ടെത്തി അവർ ദ്രോഹിക്കും എന്നൊക്കെയാണ് വിശദീകരണം. വോട്ടർ പട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകുന്നതാണ്. വോട്ടെടുപ്പ് ദിവസം അതുവച്ച് വോട്ട് ചെയ്യാനെത്തുന്നവരുടെ പേരുകൾ ഓരോ രാഷ്ട്രീയ പാർട്ടിയുടെയും ഏജന്റുമാർക്ക് രേഖപ്പെടുത്തുന്നതിനും ഇപ്പോൾതന്നെ അവസരമുണ്ട്. അതുവച്ചാണ് തങ്ങൾക്ക് വോട്ടു ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ആരെങ്കിലും എത്തിയില്ലെന്ന് മനസിലായാൽ അവരെ കണ്ടുപിടിച്ച് വോട്ടു ചെയ്യിക്കുന്നത്. വോട്ട് ചെയ്യാത്തവരുടെ എണ്ണം കിഴിച്ചാണ് ഉദ്യോഗസ്ഥർ പോളിങ് ശതമാനം നിർണയിക്കുകയും ചെയ്യുന്നത്. വോട്ട് ചെയ്യാത്തവരെയും ചെയ്തവരെയും തിരിച്ചറിയാൻ ഈവിധം നിലവിൽ തന്നെ സംവിധാനമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.

അപ്പോഴാണ് സിസിടിവി കൊടുത്താൽ വോട്ടുചെയ്യാത്തവരെ തിരിച്ചറിയുമെന്നും ദ്രോഹിക്കുമെന്നുമുള്ള വിതണ്ഡവാദം. സിസിടിവി നോക്കിയാലും സമ്മതിദായകൻ ആർക്കാണ് വോട്ട് ചെയ്തതെന്ന് കണ്ടുപിടിക്കാനുള്ള മാർഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിഷന് രഹസ്യമായി അതറിയാമെന്നുണ്ടോ ആവോ. സിസിടിവി കൊടുക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരു പിടിയും കിട്ടുന്നില്ല. കൊടുക്കണമെന്ന് ഇതുവരെ ആവശ്യപ്പെടാത്തവർ ബിജെപിക്കാർ മാത്രമാണ്. ഇത്തരം മണ്ടത്തരങ്ങൾ ബിജെപിക്കാരാണല്ലോ വിളമ്പാറുള്ളതെന്നതിനാൽ ബിജെപി നേതാക്കളാണോ സംസാരിക്കുന്നതെന്ന് സംശയിക്കുകയൊന്നും വേണ്ട. ഉദ്യോഗസ്ഥർതന്നെ. അതുകൊണ്ട് ഐഎഎസുകാരായ ഉന്നതർ ഇതുപോലെ മുടന്തൻ ന്യായങ്ങൾ ഉന്നയിക്കുന്നത് മേലാളന്മാർക്കുവേണ്ടിയാണെന്ന് വ്യക്തം. ഇത് കാണുമ്പോൾ ഇന്ത്യൻ അടിമ സർവീസ് എന്നോ മറ്റോ പേരുകളിൽ അവരെ വിളിക്കേണ്ടിവരുമെന്നാണ് തോന്നുന്നത്. കുനിയൂ എന്ന് പറയുമ്പോൾ കാലിൽ വീഴുന്ന ഇത്തരം ആളുകൾ ഉദ്യോഗസ്ഥ സമൂഹത്തിനാകെ നാണക്കേടാണ്. 

Kerala State - Students Savings Scheme

TOP NEWS

January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.