22 December 2024, Sunday
KSFE Galaxy Chits Banner 2

വിവേകവാണി എന്ന ദിവ്യ ഔഷധം

അജിത് കൊളാടി
വാക്ക്
January 12, 2024 4:23 am

ഒരു മഹാസ്മൃതിയുടെ മഹാഛായയാണ് വിവേകാനന്ദ സ്വാമികൾ. ചെറിയൊരു ആയുസും എത്രയോ വലിയ നേട്ടവും. 1893ലെ വിദേശയാത്ര. സ്വാമി ചിക്കാഗോയിൽ എത്തി. അന്നത്തെ ചിക്കാഗോ പട്ടണം പോത്തിനെയും കാളയെയും കശാപ്പുചെയ്ത് മാംസം കച്ചവടംചെയ്ത് ലാഭംനേടുന്ന വ്യവസായത്തിന്റെ കേന്ദ്രമായിരുന്നു. മാംസഗന്ധം നിറഞ്ഞ അവിടെയാണ് ലോകത്തിന്റെ ആത്മാവിന്റെ ദുർഗന്ധം ദുരീകരിക്കാനായി, വേദാന്തത്തിന്റെ നിത്യ സുഗന്ധത്തെ പ്രസരിപ്പിച്ച പാവന വചനധാര, സ്വാമികൾ ലോകത്തിനു മുമ്പിൽ സമർപ്പിച്ചത്.
ചൈതന്യം പൊട്ടിവിടരുന്ന മുഖവും അതിൽ നിന്നൊഴുകുന്ന നാദവും അല്ലാതെ മറ്റൊരു അധികാരപത്രവും അദ്ദേഹത്തിനില്ലായിരുന്നു. ഒരു ലഘു സംബോധനയിൽ വേദാന്തത്തിന്റെ സംസ്കാരം മുഴുവൻ ഉൾക്കൊള്ളിച്ചു. അദ്ദേഹം നന്നേ ചെറുപ്പത്തിൽ സമാധിയായത്, ഇന്ത്യയെ അനശ്വരമായ യൗവനത്തിൽ നിലനിർത്താനായിരുന്നില്ലേ എന്നു ചിന്തിച്ചാൽ അത്ഭുതമില്ല. ഇന്ത്യയുടെ ചിരന്തന സങ്കല്പമാണ് നിത്യ താരുണ്യം. വിനാശജ്വാലകൾ എല്ലാ പച്ചനാമ്പുകളെയും കത്തിയെരിക്കുന്ന സമയത്തും സമരോത്സുകരായ യുവത്വമാണ് പ്രതീക്ഷ. വിഷലിപ്തമായ ആശയങ്ങൾ പ്രചരിപ്പിച്ച്, ഭയപ്പെടുത്തി ശക്തി നേടുന്ന ഫാസിസത്തിനെതിരെ യുവത്വം സടകുടഞ്ഞ് എഴുന്നെൽക്കണം.
സ്വാമിയുടെ സംവാദഭാഷ ആരോഗ്യകരമായ സർഗാത്മക ചർച്ചകളായി പുത്തൻ ആശയങ്ങളെ സൃഷ്ടിച്ചു. ആ സർഗാത്മക ആശയ പ്രചരണത്തിന്റെ പാതയാണ് യുവത്വം പിന്തുടരേണ്ടത്. ഫാസിസ്റ്റുകളുടെ കലാപഭാഷയും ഏകപക്ഷീയവും താൻപോരിമയോടു കൂടിയതും വിധ്വംസകവുമായ ആക്രമണ ത്വരയും പ്രതിരോധിക്കാൻ വിവേകാനന്ദ വചനങ്ങൾ സഹായിക്കും. മതാന്ധത ബാധിച്ചവർ, അധികാരാർത്തി പൂണ്ടവർ, അവസരവാദികൾ, ഉദരംഭരികൾ തുടങ്ങിയവരുടെ അഭയ കേന്ദ്രമാണ് ഫാസിസ്റ്റു ചേരി. അവർ ജനാധിപത്യത്തിനെതിരെ, ഭരണ ഘടനയ്ക്കെതിരെ, മാനവികതയ്ക്കെതിരെ, പാർലമെന്റിനെതിരെ, ന്യൂനപക്ഷങ്ങൾക്കെതിരെ, കലാപവും ചരിത്ര ദുർവ്യാഖ്യാനവും കൊണ്ട് അക്രമണം അഴിച്ചുവിടുന്നു.
വിവേകാനന്ദ വചനങ്ങൾ മാനവികത ഉദ്ഘോഷിക്കുന്നു. നിത്യയൗവനത്തിന്റെ മഹാഛായയിൽ മനസിനെ വികസ്വരമാക്കുന്ന ഒരു ജനതയെയാണ് അദ്ദേഹം കാംക്ഷിച്ചത്. സ്വാമിജിയുടെ പ്രസംഗം ഹിമാലയത്തിൽ നിന്നുള്ള ഒഴുക്കായിരുന്നു. പശ്ചിമ ഭൂഖണ്ഡത്തിന്റെ ഹൃദയത്തിൽ ആഞ്ഞടിച്ച ആദ്യത്തെ ഭാരതീയമായ അണുസ്ഫോടനമായിരുന്നു ആ പ്രസംഗം. അത് യൗവനത്തിന്റെ വിജയമായിരുന്നു. വിശ്വജേതാക്കളാകാനാണ് യുവജനതയോട് സ്വാമി പറഞ്ഞത്. അദ്ദേഹം പറഞ്ഞു: ‘ജീവിതത്തിന്റെ ഉത്തരവാദിത്തം വികാസമാണ്. മനസ് വികസിപ്പിക്കണം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ജീവിതം പ്രകാശിപ്പിച്ചുകൊണ്ടിരിക്കണം, അല്ലെങ്കിൽ വഴുതി വീഴണം, അഴുകണം, തുലയണം. മറ്റുഗതിയൊന്നുമില്ല. രണ്ടിലൊന്നു കൈക്കൊള്ളുക.’
“എഴുന്നേൽക്കുക ഉണരുക, ലക്ഷ്യത്തിലെത്തുംവരെ പോരാടുക” എന്നുദ്ഘോഷിച്ച അദ്ദേഹം തുടർന്നു പറഞ്ഞത് “മനുഷ്യ ചരിത്രത്തിലെ വൻശക്തി എന്നത് മനുഷ്യർ മാത്രമാണ്. അവരിൽ നിന്നാണ് ഭൂമുഖത്തെ പ്രതിഭാശാലികൾ വന്നിട്ടുള്ളത്. ചരിത്രത്തിന് ആവർത്തിക്കാനേ കഴിയൂ. യുവാക്കളേ നിങ്ങൾ ഭയക്കരുത്. ഭയക്കുമ്പോൾ നിങ്ങൾ ശൂന്യരാകും. ലോകത്തിലുള്ള ദുരിതത്തിന്റെ ഏറ്റവും വലിയ കാരണം പേടിയാണ്. പേടിയില്ലായ്മയാണ് സ്വാതന്ത്ര്യം. അതുകൊണ്ട് എഴുന്നേൽക്കുക, ഉണരുക, ലക്ഷ്യത്തിലെത്തുംവരെ പോരാടുക.” ഇന്ന് ഭയം രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ മേധാവിത്തം ചെലുത്തുന്നു. അതിൽ നിന്ന് രാജ്യം സ്വതന്ത്രമാകണം. ആ സ്വതന്ത്ര്യ സമര പോരാട്ടമാണ് യുവാക്കൾ നടത്തേണ്ടത്. അധികാരത്തെയും അനീതിയെയും ചോദ്യം ചെയ്യുന്ന പോരാട്ടം. ഫാസിസ്റ്റുകളുടെ ആശയങ്ങളെ നേരിടേണ്ടത് പുരോഗമന ആശയങ്ങൾ കൊണ്ടുതന്നെയാണ്. ബുദ്ധിമണ്ഡലത്തിലുണ്ടാകുന്ന പരാക്രമങ്ങളെ, ചൂഷണങ്ങളെ നേരിടേണ്ടത് ബുദ്ധിപരമായ തന്ത്രങ്ങളിൽക്കൂടിയാണ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ചിന്തകൾ വലുതാക്കാനാണ് വിവേകാനന്ദൻ പറഞ്ഞത്. ജീവിതം സർഗാത്മക ചിന്തയാണ്. ഫാസിസമെന്നുള്ളത് ചിന്തയ്ക്കിടുന്ന ഒരു കുരുക്കാണ്. അത് ഭാവിയെ നശിപ്പിക്കുന്ന ഒരു ഭൂതകാല പ്രവർത്തനവുമാണ്. നമ്മുടെ ഭാവനയെ, മസ്തിഷ്കത്തെ, ഉണ്മയ്ക്കപ്പുറത്തുള്ള കാര്യങ്ങളെ, സ്വപ്നം കാണാനുള്ള കഴിവിനെ ഇല്ലാതാക്കുന്ന ഏറ്റവും വലിയ ശക്തി ഫാസിസമാണ്. നമ്മളെയും നമ്മുടെ പ്രതിഷേധങ്ങളെയും അഭിപ്രായങ്ങളെയും എല്ലാംകൂട്ടി മൃഷ്ടാന്നഭോജനം നടത്താം എന്നു കരുതുന്ന ഫാസിസ്റ്റ് സാന്നിധ്യത്തിലാണ് നാം ജീവിക്കുന്നത്. ഫാസിസം ലോകത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട്. അതുകൊണ്ട് ഉറങ്ങാതിരിക്കുക എന്നതാണ് യുവജനത ചെയ്യേണ്ടത്.
ഫാസിസം നമ്മുടെ പാട്ടിനെയും ആട്ടത്തിനെയും ഉടുപ്പിനെയും നടപ്പിനെയും കിടപ്പിനെയും തീനിനെയും വരെ ഗ്രസിച്ചിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഫാസിസം മുച്ചൂടും സ്ത്രീവിരുദ്ധവും ആൺകോയ്മാപരവുമാണ്. ആണ്മയുടെ ആഘോഷങ്ങളും എതിർപ്പില്ലാത്ത സ്വീകരണങ്ങളുമാണ് ഇന്ത്യൻ ഹൈന്ദവ ഫാസിസത്തിന്റെ നടപ്പു ശൈലി. വില്ലുകുലച്ച ശ്രീരാമനാണ് പുരുഷാധിപത്യ ഹൈന്ദവ ഫാസിസത്തിന്റെ പ്രതിബിംബം, വാത്മീകിയുടെ മനുഷ്യനായ ശ്രീരാമനല്ല. ഗോൾവാൾക്കറുടെ യുദ്ധോത്സുകനായ ശ്രീരാമനാണ് ഇന്ത്യൻ ഫാസിസത്തിന്റെ ആദർശ ബിംബം. ഇത്തരത്തിലുള്ള പുരുഷാവതാര ബിംബമായാണ് ഹൈന്ദവ ഫാസിസം നരേന്ദ്ര മോഡിയെ പ്രതിഷ്ഠിച്ചത്. മിത്തുകളിലൂടെ ഫാസിസം ആദർശാത്മക ബിംബങ്ങളെ ആഴത്തിൽ പ്രതിഷ്ഠിക്കുന്നു. രാമക്ഷേത്രത്തിന് ഭൂമിപൂജ നടത്തിയപ്പോൾ മുഖ്യപുരോഹിതനായതും ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതും നരേന്ദ്ര മോഡിയായത് അതുകൊണ്ടാണ്. ഇതിലൂടെ ഫാസിസം കൊടുക്കുന്ന സന്ദേശം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ഇന്ത്യയുടെ മുഖ്യപുരോഹിതൻ എന്നാണ്. വിവേകാനന്ദൻ രാമായണത്തെപ്പറ്റി എഴുതുമ്പോൾ പറഞ്ഞത് “മനുഷ്യരിൽ വച്ച് ഏറ്റവും ശക്തനായിരുന്നു രാമൻ” എന്നാണ്.
“സർവലക്ഷണ സംയുതൻ” എന്ന് ശ്രീരാമനെക്കുറിച്ച് വാത്മീകി പാടിയതുപോലെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഒരു തേജസ് ഈ രാജ്യത്തിലൂടെ കടന്നുപോയി. ”ചിര സാരഥേ” എന്നു ടാഗോർ വിശേഷിപ്പിച്ച വിവേകാനന്ദനായിരുന്നു അത്. സ്വാമിയുടെ വാഗ്ധോരണി കൊണ്ട് ഹൃദയത്തിലുയർന്ന നവ ജീവന്റെ പ്രചോദനം കൊണ്ടാവാം മഹാകവി അങ്ങനെ പറഞ്ഞത്. ഇന്ന് മതങ്ങളെ തമ്മിൽ സംഘട്ടനത്തിൽ ഏർപ്പെടുത്തുമ്പോൾ, ന്യൂനപക്ഷങ്ങളെ പാർശ്വവൽക്കരിക്കുമ്പോൾ, ദളിതർക്ക് ജീവൻ പോലും നിഷേധിക്കുമ്പോൾ, പ്രകൃതിയെ മുഴുവൻ മൂലധന ശക്തികൾക്ക് വിൽക്കുമ്പോൾ, വംശഹത്യ നടക്കുമ്പോൾ, സവർണ ഹൈന്ദവത നിർമ്മിക്കുകയും നിലനിർത്തുകയും ചെയ്യുമ്പോൾ, അപരനെ സൃഷ്ടിക്കുകയും, അവരോടുള്ള വെറുപ്പ് വളര്‍ത്തുകയും ചെയ്യുമ്പോൾ വിവേകാനന്ദ സൂക്തങ്ങളാണ് പ്രതിരോധിക്കാനുള്ള മാർഗം.
സ്വാമി പറഞ്ഞിട്ടുണ്ട്; “മനസ് വലുതാക്കുകയാണ് ഇന്ത്യയുടെ മതം” എന്ന്. മനസ് വലുതാക്കി മാറ്റത്തിന്റെ ചാലകശക്തിയായി പ്രവർത്തിക്കാനാണ് യുവത്വം ശ്രമിക്കേണ്ടത്. അതാണ് ഫാസിസത്തിനെതിരെയുള്ള ശക്തമായ സമരം. ഇന്ന് ഈ സമൂഹത്തിൽ പലരും തങ്ങൾ വലിയവരാണ് എന്ന് സ്വയം പറയുന്നുണ്ടെങ്കിലും പ്രവൃത്തികൾകൊണ്ട് ചെറുതാകുന്ന കാഴ്ചയാണ് കാണുന്നത്. സ്വയം പ്രശംസിച്ചും സ്തുതിവചനങ്ങൾ ചൊല്ലിപ്പിച്ചും ആത്മനിർവൃതിയടയുന്ന ഭരണാധിപരെയാണ് കാണുന്നത്. അതല്ല മനുഷ്യജീവിതം എന്നാണ് വിവേകാനന്ദൻ പറഞ്ഞത്. ‘നിങ്ങൾ എവിടെ നിൽക്കുന്നുവോ അവിടെ വച്ച് സാക്ഷാത്ക്കരിക്കുക, ഏത് പ്രവൃത്തി ചെയ്യുന്നുവോ അതിലൂടെ സാക്ഷാത്ക്കരിക്കുക. അതാണ് യുവതയുടെ കടമ.’
കലുഷിതമായ ഈ കാലത്ത് വിവേകാനന്ദ സ്വാമിയെ നമ്മുടെ ഹൃദയത്തിൽ ആവിഷ്കരിക്കുവാൻ സാധിക്കണം. സ്വാമിയുടെ പ്രഭാഷണങ്ങളിലൂടെ കടന്നുപോകുമ്പോൾ, സാമൂഹ്യ രാഷ്ട്രീയ മത നേതാക്കൾക്ക് മനസിലാകും, അവർ ചൂഷണം ചെയ്ത് ദരിദ്രമാക്കിയ ഈ രാഷ്ട്രം യഥാർത്ഥത്തിൽ പരിപാവനമായ സ്നേഹത്തിന്റെ, ത്യാഗത്തിന്റെ, സാഹോദര്യത്തിന്റെ മണ്ണായിരുന്നുവെന്ന്. ഇവിടുത്തെ അധർമ്മവും അനീതിയും സ്വജനപക്ഷപാതവും, മൂലധനശക്തികളുടെ വളർച്ചയും കാണുമ്പോൾ വാത്മീകി രാമനെക്കുറിച്ച് പറഞ്ഞത് ഓർമ്മിക്കണം: “കാലാഗ്നി സദൃശഃ ക്രോധേ”. അധർമ്മത്തെ കാലാഗ്നി കൊണ്ട് ജ്വലിപ്പിക്കണം. അതാണ് ചെറുപ്പക്കാരോട് വിവേകാനന്ദന്‍ ആഹ്വാനം ചെയ്തത്.
യുവത്വം എന്നത് ആശയസമരമാണ്. ചാതുർവർണ്യാധിപത്യം ഇക്കാലത്തും നടപ്പിലാക്കുന്നവരോട് സ്വാമിജിയുടെ വചനങ്ങൾ ഓർമ്മിപ്പിക്കുക. 1899ൽ അദ്ദേഹം എഴുതി ”എല്ലാ അധികാരങ്ങളുടെയും സഞ്ചയമായ സാധാരണക്കാർക്ക് അവരുടെ ന്യായമായ സർവ അവകാശങ്ങളും നിഷേധിക്കപ്പെട്ടിരിക്കുന്നു. അവരെ എന്നെന്നേക്കുമായി ഭിന്നിപ്പിച്ചതു മൂലമാണിത് സംഭവിച്ചത്. ബഹുജനങ്ങൾക്കിടയിലെ ഭിന്നത തുടരുന്നിടത്തോളം കാലം ഈ ദുരവസ്ഥ നിലനിൽക്കുക തന്നെ ചെയ്യും”. വരേണ്യവർഗത്തോട് അദ്ദേഹം ഉറക്കെപ്പറഞ്ഞു: ‘ഈ പ്രപഞ്ചത്തിൽ നിങ്ങൾ വെറും മിഥ്യാബോധം മാത്രമാണ്. വെറും നിഗൂഢത. മരുഭൂമിയിലെ മൃഗതൃഷ്ണ. ഭൂതകാല ഇന്ത്യയുടെ മാംസമില്ലാത്ത, രക്തമില്ലാത്ത അസ്ഥികൂടങ്ങളാണ് നിങ്ങൾ. നിങ്ങൾ ശൂന്യതയിൽ ലയിച്ച് അപ്രത്യക്ഷരാവുക. നിങ്ങളുടെ സ്ഥാനത്ത് പുതിയൊരു ഇന്ത്യ പിറക്കട്ടെ, അവൾ ഉയർന്നു വരട്ടെ. കൃഷിക്കാരന്റെ കുടിലിൽ നിന്ന് കലപ്പ പിടിച്ചുകൊണ്ട്, മുക്കുവന്റെ, ചെരുപ്പുകുത്തിയുടെ, തൂപ്പുകാരന്റെ കുടിലുകളിൽ നിന്ന്, പലചരക്കുകടയിൽ നിന്ന്, അടുപ്പിന്റെ പിറകിൽ നിന്ന്, ഫാക്ടറിയിൽ നിന്ന്, അങ്ങാടിയിൽ നിന്ന് ഇന്ത്യ ഉയർന്നു വരട്ടെ, വനങ്ങളിൽ നിന്നും, കുന്നുകളിൽ നിന്നും, പർവതങ്ങളിൽ നിന്നും ഉയർന്നുവരട്ടെ ഭാരതം.’ അത്തരത്തിലുള്ള ഭാരതം സൃഷ്ടിക്കലാണ് യുവത്വത്തിന്റെ കടമ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.