ലോക്‌സഭയിലും നിയമസഭയിലും അംഗമായിരുന്ന മഹാനായ കമ്മ്യൂണിസ്റ്റ് കെ വി സുരേന്ദ്രനാഥ് എന്ന ജനങ്ങളുടെ പ്രിയപ്പെട്ട ആശാൻ, കൈലാസം കണ്ട കേരളത്തിലെ ഏക മുൻനിര രാഷ്ട്രീയക്കാരനാണ്. ജനവാസമില്ലാത്ത ആ പ്രദേശങ്ങളൊക്കെ രാഷ്ട്രീയക്കാർ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ വായനയിലൂടെ അറിവിന്റെ എവറസ്റ്റ് കീഴടക്കിയ ആശാന് മാനസസരസും കൈലാസവുമൊക്കെ കാളിദാസനും പ്രണവാനന്ദ സ്വാമിയുമെല്ലാം പ്രലോഭിപ്പിച്ച വിസ്മയസാംസ്കാരിക ശൃംഗങ്ങളായിരുന്നു. ഈ യാത്രയെക്കുറിച്ച് ആശാനെഴുതി പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ലോകത്തിന്റെ മുകൾത്തട്ടിലൂടെ എന്ന പുസ്തകം അതിശയോക്തികളില്ലാത്ത ഒരു അക്ഷരരത്നമാണ്.
ആ പുസ്തകത്തിലെ ചില ദൃശ്യങ്ങൾ ഇങ്ങനെയാണ്. ആശാനിപ്പോൾ വൈദ്യപരിശോധനയ്ക്ക് നിൽക്കുന്നു. നിയമസഭാംഗം ആയതുകാെണ്ട് ഹിമാലയയാത്രയുടെ ആരോഗ്യപരിശോധനയിൽ നിന്നും മാറിനിൽക്കാൻ കഴിയില്ലല്ലോ. അതെല്ലാം പൂർത്തിയാക്കി, എന്തെങ്കിലും ആപത്തുണ്ടായാൽ ഇന്ത്യന്‍ സർക്കാരിന് ഒരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്ന സത്യവാങ്മൂലവും കൊടുത്ത്, പർവതയാത്രയ്ക്കുള്ള വേഷമൊക്കെ ധരിച്ച് ആശാൻ തയ്യാറായി നിൽക്കുകയാണ്. ഹിമാലയത്തിന് തുല്യം ഹിമാലയം മാത്രം എന്ന കാഴ്ചപ്പാടാണ് ആശാനുള്ളത്. അതിനുള്ളിലെ മണിമുത്തുകൾ മാത്രമാണ് കൈലാസവും മാനസസരസും. താഴ്‌വരയിലെ ഗ്രാമങ്ങളിലൂടെയാണ് ആദ്യയാത്ര. കുമയൂൺ, ഗഡ്വാൾ ഗ്രാമങ്ങൾ, ഭോട്ടിയകളുടെ ഗ്രാമം, അവിടെ നിന്നും പുറത്തേക്കുപോകുന്ന കമ്പിളിക്കുപ്പായങ്ങളുടെ എല്ലാം കഥ ആശാൻ പറയുന്നു.
നിറയെ ആപ്പിൾ മരങ്ങളും അത്രയും തന്നെ സുന്ദരരായ മനുഷ്യരും ചേർന്ന ഭവാലിയിലാണിപ്പോൾ. ഇനിയും മുന്നോട്ട്. സമുദ്രനിരപ്പിൽ നിന്നും ഏഴായിരം അടി ഉയരത്തിലുള്ള അൽമോറാ പട്ടണത്തിലാണ് യാത്രാസംഘം. പതിനെണ്ണായിരം പടിചവിട്ടി ഠാണാധറിൽ എത്തുന്നു. അധികൃതർ ആരോഗ്യ സംരക്ഷണാര്‍ത്ഥം നൽകിയിട്ടുള്ള 10 കല്പനകൾ പാലിച്ചാണ് എല്ലാരുടെയും നടപ്പ്. ആർ എൽ സ്റ്റീവൻസണിന്റെ കവിതയും ചൊല്ലിയായിരുന്നു ആശാന്റെ നടപ്പ്. നേർപ്പാനിയിലെ എട്ട് കിലോമീറ്ററുള്ള ഒറ്റക്കയറ്റം കയറിത്തീർക്കാൻ ആശാന് ആ കവിതയായിരുന്നു ഇന്ധനം. അഞ്ചുപാളി കമ്പിളി വസ്ത്രങ്ങളും രണ്ടു ജോഡി കയ്യുറകളും ഹിമക്കണ്ണടയും പ്രത്യേകതരം പാദരക്ഷകളും ധരിച്ചാണ് ആശാന്റെ യാത്ര. അവിടെക്കണ്ട കാഴ്ചകൾ അദ്ദേഹത്തെ എത്തിച്ചത് സ്വന്തം നഗരമായ തിരുവനന്തപുരത്തെ ആർട്ട് ഗാലറിയിലെ റോറിച്ചിന്റെ ചിത്രത്തിന് മുന്നിൽ! ഇനി ലിപുലേഖ് കവാടം. ഇന്ത്യ അവസാനിക്കുകയാണ്. ചീനപ്പട്ടാളം വന്ന് സ്വീകരിക്കുന്നു. സമയം പോലും ചൈനീസ് രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ജിം യാങ്ഹു ആണിപ്പോൾ ആശാന് കൂട്ട്. ഓർമ്മയിലിപ്പോൾ ചൈനക്കാരാൽ കൊല ചെയ്യപ്പെട്ട സരോവർ സിങ്ങാണ്, ടിബറ്റാണ്. ഒടുവിൽ മാനസസരോവരത്തിൽ എത്തുന്നു. ഇവിടെ നിറങ്ങളുടെ ഒരു വര്‍ണനാബോധം ആശാനിൽ ഉണ്ടാകുന്നുണ്ട്. അനന്തമായ ശൂന്യതയ്ക്ക് ചാരനിറം. മാനസസരസിന് നീലനിറം. നീലത്തിനിത്ര നീലിമയോ എന്നാണ് സരസുകണ്ട ആശാന് തോന്നിയത്! മാനസസരോവരത്തിൽ സ്വർണഹംസങ്ങളുണ്ടോ? സ്വർണ നിറമുള്ള ഉടലും കറുത്ത രണ്ടുവരകളുള്ള കൊക്കും വെളുത്തവാലുമുള്ള ഒരുതരം താറാവുകളും അവിടെയുണ്ട്. ഇതിനെ സ്വർണഹംസങ്ങളായി തെറ്റിദ്ധരിച്ചതാകാമെന്ന് ആശാൻ യുക്തിപൂർവം വിലയിരുത്തുന്നുണ്ട്. മൂന്നുദിവസം കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരുന്നിട്ടും ബ്രാഹ്മണി ഡക്കുകളെയല്ലാതെ ലാക്ടോമീറ്ററായി പ്രവർത്തിക്കുന്ന ഒരു സ്വർണഹംസത്തെയും ആശാനവിടെ കണ്ടില്ല. കാളിദാസന്റെ കല്പനയാണ് പൊന്നരയന്നമെന്ന് പ്രണവാനന്ദസ്വാമിയും രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അടുത്തുള്ള രാക്ഷസതടാകവും നീരുറവകളുടെ അടിസ്ഥാനത്തിൽ ആശാൻ നിരീക്ഷിച്ചു.
പിന്നെയും നിറങ്ങൾ ആശാനെ ആകർഷിക്കുന്നുണ്ട്. ചുവപ്പും നീലയും നിറത്തിലുള്ള ഫോട്ടോകൾ. ആ ഫോട്ടോയിലുള്ളത് മാവോയും ചൗ എൻ ലായിയും ഡെങ് സിയാവോ പിങ്ങും ആയിരുന്നു. മഴവില്ലിന്റെ എല്ലാ നിറങ്ങളുമുള്ള ഉരുളൻ കല്ലുകളും പുല്ലിന്റെ പച്ചപ്പരവതാനിയും ആശാൻ നോക്കിനിൽക്കുന്നുണ്ട്. സരസിൽ പിന്നെ കാണപ്പെടുന്നത് ആക്വലിൻ പച്ച. ഒരു ടിബറ്റൻ നായയെ ആശാൻ ശ്രദ്ധിക്കുന്നതും നിറത്തിന്റെ ആകര്‍ഷകത്വത്തിലൂടെയാണ്. തവിട്ടുനിറവും നീലക്കണ്ണുകളുമുള്ള നായ. നായയ്ക്ക് ആശാനൊരു പേരുമിട്ടു; സോണ.
സഹയാത്രികർ കൈലാസപൂജയ്ക്കുള്ള സാമഗ്രികളുമായാണ് പോയതെങ്കിൽ ഭക്തനല്ലാത്ത ആശാൻ കൈലാസം നിരീക്ഷിച്ചു മനസിലാക്കുകയായിരുന്നു. അന്ധവിശ്വാസിയല്ലാത്ത ഒരു കമ്മ്യൂണിസ്റ്റിന്റെ കർമ്മം അതുതന്നെയാണല്ലോ. ഈ യാത്രയിൽ അദ്ദേഹം ഏറ്റവുമധികം ദുഃഖിച്ചത് ചാനലിൽ ഒരു വാർത്ത കണ്ടായിരുന്നു. പെരുമൺ തീവണ്ടിദുരന്തം. ആശാനോടൊപ്പം അതിശയോക്തികളില്ലാത്ത ഹിമാലയ ദൃശ്യങ്ങളിലേക്ക് നമ്മളും സഞ്ചരിക്കുന്ന അനുഭവമാണ് ലോകത്തിന്റെ മുകൾത്തട്ടിലൂടെ എന്ന പുസ്തകം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.