
‘ഒരു പീഡയെറുമ്പിനും വരുത്തരുതെ‘ന്നു കരുതുന്ന ശ്രീനാരായണ ഗുരുവും ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധം എടുക്കാതെ പോരാടിയ അഹിംസാ വ്രതനിഷ്ഠനും രാമനാമ ജപനിഷ്ഠനുമായ ഗാന്ധിജിയും താടകയെ അരുംകൊല ചെയ്ത രാമനെക്കാളും മഹാത്മാക്കളാണെന്ന് വാദിച്ചുറപ്പിച്ചവരുണ്ട്. കൊല്ലല്‍ തിന്മയാണെന്നതിനാലാണ് കൊല്ലുന്ന രാമന്‍ മോശക്കാരനായത്. കൊല്ലുന്നതുകൊണ്ട് മാത്രമല്ല രാമന്‍ കൂടുതല്‍ മോശക്കാരനാവുന്നത് ബ്രാഹ്മണര്‍ക്കുവേണ്ടി കൊല്ലുന്നതിനാലാണ് എന്നും സൈദ്ധാന്തിക ന്യായവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ താടകാവധം ഒട്ടൊന്നു വിശകലനം ചെയ്തുപോകാം. കൊല്ലലും തിന്നലും രണ്ടും ചെയ്ത യക്ഷിണിയാണ് താടക. ഒന്നോ രണ്ടോ പേരെയല്ല താടക കൊല്ലുകയും തിന്നുകയും ചെയ്തിട്ടുള്ളത്; അനേകായിരങ്ങളെയാണ്. ‘ഒരു യക്ഷിണിക്ക് ഇത്ര ശക്തിയോ?’ എന്നു ശ്രീരാമന്‍ വിശ്വാമിത്ര മഹര്‍ഷിയോടു ചോദിക്കുന്നുണ്ട്. തപസുചെയ്തുണ്ടാക്കിയ വരലബ്ധിയാലാണ് താടക അനേകം ആനകളുടെ ശക്തിയുള്ളവളായത് എന്ന് വിശ്വാമിത്രന്‍ മറുപടി നല്‍കുന്നു. ഇവിടെ തപസ് ചെയ്യാനുള്ള അധികാരാവകാശങ്ങള്‍ ബ്രാഹ്മണര്‍ക്കു മാത്രമല്ല സകല സ്ത്രീ — പുരുഷന്മാര്‍ക്കും നിലവിലുണ്ടായിരുന്നു എന്നും വാല്മീകി ധ്വനിപ്പിക്കുന്നുണ്ട്. തപസ് ചെയ്താല്‍ വരലബ്ധി ഏത് രാവണനും രാമനും ലഭിക്കും; ഏതു വിരാധനും വിശ്വമിത്രനും ലഭിക്കും; ഏതു താടകയ്ക്കും അരുന്ധതിക്കും ലഭിക്കും, അവിടെ വിവേചനമൊന്നും ഇല്ല. പക്ഷേ, തപഃശക്തിയും വരസിദ്ധികളും എന്തിന്, എങ്ങനെ ഉപയോഗിക്കുന്നുവോ അതിനുതക്കവണ്ണമാകും പരിണതഫലങ്ങള്‍ ഉണ്ടാവുക. താടകയും രാവണനും അവരുടെ തപോബലം അവരെക്കാള്‍ ബലം കുറഞ്ഞവരെ കീഴ്പ്പെടുത്തി, അവരുടെ സ്വത്തും സ്വസ്ഥതയും ജീവനും വരെ കവരാനാണ് ഉപയോഗിച്ചത്. ഈ ദുഷ്കര്‍മ്മം അവരുടെ ജീവിതത്തെയും ക്രൂരമാംവിധം ഇല്ലാതാക്കുന്നതിന് ഇടവരുത്തി. ‘താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താന്‍ അനുഭവിച്ചീടുകെന്നേവരൂ’ എന്നത് ബ്രാഹ്മണരായ പരപീഡകര്‍ക്കു മാത്രമല്ല താടകയെപ്പോലുള്ള അബ്രാഹ്മണരായ പരപീഡകര്‍ക്കും ബാധകമായ പ്രകൃതിനിയമമാണ്. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നവര്‍ എല്ലാ വിഭാഗങ്ങളിലുമുണ്ട്.
താടക തന്റെ അന്യാദൃശ്യമായ ബലത്തില്‍ ഗര്‍വം പൂണ്ട് മറ്റുള്ളവരോടു ചെയ്ത ക്രൂരതകളുടെ ഫലം തന്നെയാണ് രാമബാണ രൂപത്തില്‍ അവളുടെ ഉയിരെടുത്തത്. തല്ലിവീഴ്ത്തി ഉണ്ണാനുള്ള വകതേടുന്ന ഏതു തെരുവുഗുണ്ടയും, മതവും ജാതിയും കുലവും ഗോത്രവും ലിംഗവും ഏതായാലും, ഒരു നാള്‍ കൂടുതല്‍ നന്നായി തല്ലാന്‍ കെല്പുള്ള മറ്റൊരു ഗുണ്ടയാല്‍ വീഴ്ത്തപ്പെടും. താടകയ്ക്കും സംഭവിച്ചത് ഇതാണ്. അവള്‍ തല്ലി വാണു, ഒടുവില്‍ തല്ലേറ്റു വീണു. ഇതില്‍ താടകയുടെ തല്ലേറ്റു ചത്തവരുടെ ബന്ധുക്കള്‍ക്ക് താടകയെ തല്ലിവീഴ്ത്തിയ രാമന്‍ മഹാനായി മാറിയത് സ്വാഭാവികമാണ്. ഇത് ഇങ്ങനെ മനസിലാക്കാതെ താടക തല്ലിവീഴ്ത്തിയത് ശരിയും രാമന്‍ താടകയെ തല്ലിവീഴ്ത്തിയത് ബ്രാഹ്മണിക്കല്‍ ഗുണ്ടായിസവുമായി വിലയിരുത്തുന്നത് അപഹാസ്യമായ രാഷ്ട്രീയ ബുദ്ധിയാണ്. രാമരാജ്യത്തിന് ബദല്‍ ആരെയും തല്ലി വീഴ്ത്തുന്ന താടകാ ഭരണമല്ല. ഏതുകാലത്താണെങ്കിലും ഒരാളുടെ ആചാരവിശ്വാസങ്ങള്‍ ഒരു സാമൂഹിക ശല്യമോ ഭീഷണമായ പൊതുവിപത്തോ ആകാത്തിടത്തോളം അതു ചെയ്യാന്‍ വേണ്ടുന്ന സാഹചര്യം ഭദ്രമാക്കി കൊടുക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. വ്യവഹാരമാലയനുസരിച്ച് ഭരണം നടന്നിരുന്ന തിരുവിതാംകൂറിലും തിരു — കൊച്ചിയിലും മലബാറിലും വരെ ക്രൈസ്തവരോ മുസ്ലിങ്ങളോ ആയവര്‍ പള്ളിയും പള്ളിക്കൂടവും ഒക്കെയായി കഴിഞ്ഞത്, ആ മതങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഇവിടുത്തെ ‘ധര്‍മ്മരാജാക്ക’ന്മാരുടെ അനുമതിയും പരിരക്ഷയും ഉണ്ടായിരുന്നതിനാലാണ്. ഇതുപോലെ യജ്ഞ യാഗാദികള്‍ ശാന്തമായി ചെയ്തു കഴിഞ്ഞിരുന്ന വനവാസികളും താപസരുമായ ജനങ്ങളെ താടകയെപ്പോലുള്ള ബലിഷ്ഠരുടെ ഭീഷണികളില്‍ നിന്നു രക്ഷിക്കേണ്ടത് രാജധര്‍മ്മമായിരുന്നു. രാമന്‍ അന്നത്തെ രാജധര്‍മ്മമാണ് നിറവേറ്റിയത്.
ഇക്കാലത്തും ഏതെങ്കിലും ആരാധനാലയത്തിന് ബോംബുഭീഷണി ഉണ്ടെന്ന് ആരെങ്കിലും പരാതിപ്പെട്ടാല്‍ സര്‍ക്കാര്‍ നോക്കിയിരിക്കില്ലല്ലോ. അതുപോലെ സുവര്‍ണക്ഷേത്രം മറയാക്കി ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ചെയ്തതു പോലുള്ള ഭീകര നടപടികള്‍ പള്ളിയോ മസ്ജിദോ അമ്പലമോ മറയാക്കി ഏതു കക്ഷി ചെയ്താലും സര്‍ക്കാറിന് ചുമ്മാ നോക്കിയിരിക്കാനാവില്ല. ‘ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു’ എന്നു പറയുന്ന സി കേശവനെപ്പോലുള്ള ഈഴവ മുഖ്യമന്ത്രിയെ ഒരു വെള്ളാപ്പള്ളി നടേശനും ആഗ്രഹിക്കുമെന്നു തോന്നുന്നില്ല. അതുപോലെ, ബാബറിപ്പള്ളി കര്‍സേവക കാവിഭീകരര്‍ തകര്‍ക്കുമ്പോള്‍, പൂജാമുറിയിലിരുന്നു മണിയടിച്ച് മന്ത്രം ജപിച്ചുകൊണ്ടിരുന്ന ഒരു പ്രധാനമന്ത്രിയെയും ഇന്ത്യ ആഗ്രഹിക്കുവാന്‍ ഇടയില്ല.
രാമന്‍ ആരാധനാ സ്വാതന്ത്ര്യം പരിരക്ഷിക്കാനുള്ള നടപടിയാണ് വിശ്വാമിത്ര മഹര്‍ഷിയുടെ യാഗരക്ഷയ്ക്ക് കാട്ടിലേക്ക് പുറപ്പെട്ടപ്പോള്‍ നിര്‍വഹിച്ചത്. അതിന്റെ ഭാഗമായാണ് താടകയെ കൊന്നത്. വിശ്വാമിത്രന്‍ ബ്രാഹ്മണനല്ല, ക്ഷത്രിയനാണ്. അതിനാല്‍ താടകാവധം ശ്രീരാമന്‍ ബ്രാഹ്മണരുടെ ആജ്ഞ പ്രകാരം നടത്തി എന്ന വാദം ഏത് പിഎച്ച്ഡി ഡോക്ടര്‍ ഉന്നയിച്ചാലും തെറ്റാണ്.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.