5 December 2025, Friday

രാമായണത്തിലെ നിശബ്ദനാരികൾ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
നരോത്തമായനം രാമായണം ഭാഗം- 12
July 29, 2025 4:59 am

‘പെണ്ണുങ്ങൾ മിണ്ടരുതെ‘ന്നു പറയുന്ന ആണുങ്ങളും പെണ്ണുപെറ്റാണ് ഉണ്ടാവാറുള്ളത്. പെണ്ണു് പറയുന്നവളായില്ലെങ്കിലും പെറുന്നവളാകണം എന്നതാണ് പുരുഷാധിപത്യ സാമൂഹിക ക്രമത്തിലെ ഒരു അലിഖിത നിയമം. പറയാത്ത പെണ്ണിനുപെരുമയും പെറാത്തപെണ്ണിനു പുലഭ്യവും ആണ് യാഥാസ്തിക സമൂഹങ്ങളിൽ നിന്നു സാധാരണ ലഭിക്കാറുള്ളത്. വിവാഹം കഴിഞ്ഞിട്ടും പെറാത്ത മൂന്ന് റാണിമാരുടെ സങ്കടം പറഞ്ഞു കൊണ്ടാണ് വാല്മീകി രാമായണം ആരംഭിക്കുന്നത്. കൗസല്യയും സുമിത്രയും കൈകേയിയും കുഞ്ഞുങ്ങളെ പെറാതെയിരുന്നാൽ രാജ്യപരിപാലനത്തിന് ആരും ഇല്ലെന്ന അവസ്ഥയുണ്ടാവും എന്ന വേവലാതി അയോധ്യാനിവാസികൾക്കും യൗവ്വനവീര്യം ഏറെ ചോർന്നു ചുളിഞ്ഞ ആളായി തീർന്ന ദശരഥമഹാരാജനും ഉണ്ടായിരുന്നു. അങ്ങിനെയാണ് ഋഷ്യശൃംഗനെ കൊണ്ടു പുത്രകാമേഷ്ടി യാഗം ചെയിച്ചു പുത്രഭാഗ്യം നേടാം എന്ന തീരുമാനത്തിലേക്ക് അയോധ്യ എത്തിച്ചേരുന്നത്. യാഗ പ്രസാദമായ പായസം രാജാവ് കൗസല്യക്കും കൈകേയിക്കും മാത്രമേ നൽകുന്നുള്ളൂ. കൗസല്യയാണ് തന്റെ പങ്കുപായസത്തിൽ നിന്നൊരു പങ്ക് ആദ്യം സുമിത്രയ്ക്ക് നൽകുന്നത്. ഇതു കണ്ട് മനം ആർദ്രമായി തീർന്ന കൈകേയിയും ഒരു പങ്ക് പായസം സുമിത്രക്കു നൽകുന്നു. ഇവിടെ സുമിത്രയ്ക്ക് രാജാവ് വലിയ പ്രാധാന്യം കൽപ്പിച്ചിട്ടില്ല എന്നു കാണാം. ആടയാഭരണങ്ങൾ കൂടുതലുള്ള ഒരു നിശബ്ദദാസി എന്നതാണ് ദശരഥന്റെ അന്തഃപുരത്തിൽ മിക്കവാറും സുമിത്രയുടെ സ്ഥാനം. കോസല രാജകുമാരി എന്നു കൗസല്യയും കേകയ രാജകുമാരി എന്നു കൈകേയിയും വിളിക്കപ്പെടുമ്പോൾ സുമിത്ര ഏതു രാജ്യത്തെ രാജകുമാരിയാണെന്ന പരാമർശം പോലും വ്യക്തവും കൃത്യവുമായി വാല്മീകിയോ തുഞ്ചനോ തുളസിയോ അവരുടെ രാമായണങ്ങളിൽ പറയുന്നില്ല. കാളിദാസൻ രഘുവംശത്തിൽ സുമിത്ര മഗധത്തിലെ രാജകുമാരിയാണെന്നു പറയുന്നുണ്ട്. വേറെ ചില കവികൾ സുമിത്രയുടെ രാജ്യം കാശിയിലെവിടേയോ ആണെന്നും അലസമായി സൂചിപ്പിക്കുന്നുണ്ട്. ഇതിനപ്പുറം സുമിത്രയുടെ മാതാപിതാക്കളേയോ ബന്ധുക്കളേയൊ കുറിച്ചൊന്നും യാതൊരു പരാമർശവും രാമായണങ്ങളിൽ ഇല്ല. കൗസല്യയുടെ അലിവേകിയ പ്രസാദ പായസം ലക്ഷ്മണനായും കൈകേയിയുടെ അലിവു നൽകിയ പായസപ്പാതി ശത്രുഘ്നനായും സുമിത്രയുടെ ഗർഭപ്പാത്രത്തിൽ വളർന്നു. ലക്ഷ്മണ ശത്രുഘ്നന്മാർ പിറന്നു വളർന്നപ്പോൾ യഥാക്രമം കൗസല്യാപുത്രനായ രാമനും കൈകേയി സുതനായ ഭരതനും നിഴലായി അകമ്പടി ജീവിതം നയിച്ചു. രാജ്ഞി പരിവേഷമുള്ള ദാസിയായ സുമിത്രയുടെ പുത്രന്മാർ രാജകുമാര പരിവേഷമുള്ള രാജദാസരായി തീർന്നു എന്നും വായിക്കാം. എന്തായാലും രാമായണത്തിലെ വേദനയുണ്ടാക്കുന്ന ഒരു നിശബ്ദനാരിയാണ് ലക്ഷ്മണ ശത്രുഘ്നന്മാരുടെ അമ്മയായ സുമിത്രാദേവി എന്ന ദശരഥപത്നി.

രാമായണത്തിലെ നിശബ്ദനാരിമാരിൽ പ്രധാനികളായവർ ലക്ഷ്മണ പത്നിയായ ഊർമ്മിളയും ഭരത പത്നിയായ മാണ്ഡവിയും ശത്രുഘ്ന പത്നിയായ ശ്രുതകീർത്തിയും ആണ്. സീതാ സ്വയംവരം വർണിക്കുന്ന ഭാഗങ്ങളിൽ വാല്മീകി രാമായണത്തിലും അധ്യാത്മ രാമായണത്തിലും പേരു പരാമർശിക്കപ്പെടുന്നതല്ലാതെ മറ്റൊരു പ്രാധാന്യവും മേല്പറഞ്ഞവർക്ക് രാമായണ സാഹിത്യം കൽപ്പിച്ചു കാണുന്നില്ല. ഭരതനെ അയോധ്യയുടെ യുവരാജാവാക്കാൻ കൈകേയി മാതാവു നടത്തിയ നീക്കങ്ങൾ മാണ്ഡവി എന്ന ഭരത പത്നി അറിയാതിരിക്കാൻ ഇടയില്ല. പക്ഷേ എന്നിട്ടും ഇവ്വിഷയത്തിൽ മാണ്ഡവിയുടെ നിലപാടെന്തെന്നു സൂചിപ്പിക്കാൻ പോലും കടന്നു കാണുന്നവരായ കവികൾക്ക് അവരവരുടെ രാമായണമെഴുതുമ്പോൾ കഴിഞ്ഞില്ല എന്നതു കൗതുകമുണർത്തുന്ന ഗുരുതരമായ ഒരു സാഹിത്യ പ്രശ്നമാണ്. രാമനെ അനുഗമിച്ചു സീത കാട്ടിലേക്ക് പോകുന്നത് ഉത്തമമായ പത്നിധർമ്മമാണെങ്കിൽ ലക്ഷ്മണനെ അനുഗമിച്ചു ഊർമ്മിളയും കാനനവാസത്തിനിറങ്ങുന്നതും ഉത്തമ പത്നിധർമ്മമാവില്ലേ…? ഇങ്ങിനെയൊരു ചോദ്യം ഊർമ്മിളയെകൊണ്ടു ലക്ഷ്മണ സമക്ഷമോ സുമിത്രാസമക്ഷമോ ഉന്നയിപ്പിക്കാൻ മഹാകവികൾക്ക് രാമായണം എഴുതുമ്പോൾ തോന്നാതിരുന്നത് ചില ശബ്ദങ്ങൾ വലുതായി വിളങ്ങാൻ ചിലരുടെ ശബ്ദങ്ങൾ ഉയരാതിരിക്കണം എന്ന രചനാതന്ത്രത്തിന്റെ സ്വഭാവം കൊണ്ടാണോ…? എന്തായാലും രാമായണത്തിൽ മുഴങ്ങികേൾക്കുന്ന നാരീ ശബ്ദങ്ങളോളം പ്രസക്തമാണ് ഒന്നും മിണ്ടാത്ത ഭാര്യയും സഹോദരിയും ആയികഴിയുന്നവരുടെ മൗനങ്ങളുടെ ആഴവും എന്നു പറയാതെ വയ്യ. 

അയോധ്യയിൽ മാത്രമല്ല ഒന്നും മിണ്ടാത്ത പെണ്ണുങ്ങളുടെ സാന്നിദ്ധ്യം രാമായണത്തിൽ കാണുന്നത്. കിഷ്കിന്ധയിലെ സുഗ്രീവ പത്നിയായ രുമയുടെ ശബ്ദത്തിന് എവിടേയും മുഴക്കമോ തെളിച്ചമോ ഇല്ല. ബാലി ജീവിച്ചിരുന്നപ്പോൾ താര പ്രധാന പത്നിയും രുമ ബാലിയുടെ വെപ്പാട്ടിയും ആയിരുന്നു. ബാലി മരിച്ചു സുഗ്രീവൻ രാജാവായപ്പോഴും ഒന്നാം ഊഴക്കാരി ഭാര്യയായത് താര തന്നെയാണ്; രുമ അപ്പോഴും രണ്ടാമൂഴക്കാരിയായി. സാഹിത്യത്തിൽ രണ്ടാമൂഴക്കാരായ ആണുങ്ങളുടെ ഇതിഹാസ മൗനനൊമ്പരങ്ങൾക്ക് ഭാഷ പകരാനുണ്ടായ ആവേശം രണ്ടാമൂഴക്കാരിയാകേണ്ടിവരുന്ന പെണ്ണുങ്ങളുടെ ഇതിഹാസ മൗനങ്ങൾക്ക് ഭാഷ നൽകാൻ ഉണ്ടാവാതെപ്പോയതിനെപ്പറ്റിയും സ്ത്രീപക്ഷചിന്തകൾ ഉണരണം. രാവണലങ്കയിലെ വിഭീഷണ പത്നി സരമയും ഏറെ ശബ്ദമൊന്നും രാമായണത്തിൽ ഉണ്ടാക്കുന്നില്ല. സ്വന്തം പത്നിയായ മണ്ഡോദരിയുടെ ശബ്ദങ്ങൾക്ക് രാവണൻ പുല്ലുവില കല്പിക്കുന്നുമില്ല. സ്ത്രീശബ്ദത്തിനു രാമരാജ്യത്തിലും ബാലിരാജ്യത്തിലും രാവണരാഷ്ട്രത്തിലും വലിയ വിലയൊന്നും ഉണ്ടായിരുന്നില്ല എന്നു വേണം പറയുവാൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.