3 April 2025, Thursday
KSFE Galaxy Chits Banner 2

ഹിറ്റ്ലറിൽ നിന്ന് മോഡിയിലേക്ക് അകലമേതുമില്ല

അജിത് കൊളാടി
വാക്ക്
March 3, 2025 4:25 am

സംസ്കാരം, ദേശീയത, വംശീയത എന്നീ ത്രിത്വത്തെ ഉപയോഗിച്ചുകൊണ്ടാണ് ഫാസിസം എവിടെയും തലപൊക്കുന്നത്. ഇതിൽ വംശീയതയെ മുന്നിൽനിർത്തുന്നു. സംസ്കാരത്തെയും ദേശീയതയെയും വർഗീയതയുടെ പേരിൽ നിർവചിച്ചുകൊണ്ട് അതിന്റെ അടിസ്ഥാനത്തിൽ ഒരു വംശീയ ഭരണകൂടം നിർമ്മിച്ചെടുക്കുകയെന്നതാണ് ഫാസിസ്റ്റുകളുടെ ലക്ഷ്യം. അധികാരത്തിൽ വരാൻ തന്ത്രപൂർവം ജനാധിപത്യത്തെ ഉപയോഗിക്കുകയും സമ്പൂർണമായ ആധിപത്യം ലഭിച്ചുകഴിഞ്ഞാൽ ജനാധിപത്യത്തെ അട്ടിമറിക്കുകയും ചെയ്യുകയുമാണ് പതിവ്. ഇത് പ്രത്യക്ഷമായി ഇന്ത്യയിൽ കാണാം. ജർമ്മൻ ജനാധിപത്യ പ്രക്രിയയെ അതിസമർത്ഥമായി ഉപയോഗിച്ച ഹിറ്റ്ലർ അധികാരത്തിൽ വന്നതിനുശേഷം ജനാധിപത്യം ജർമ്മൻ രീതിയല്ലെന്നും അത് ജൂതന്മാരുടെ കണ്ടുപിടിത്തമാണെന്നും ആക്ഷേപിച്ചു. മുതലാളിത്തം, മാർക്സിസം, കമ്മ്യൂണിസം, മാനവികത, ജനാധിപത്യം, സാർവദേശീയത, സ്ഥിതിസമത്വം തുടങ്ങിയ സിദ്ധാന്തങ്ങളൊക്കെ ജൂത പ്രത്യയശാസ്ത്രങ്ങളാണെന്നായിരുന്നു ഹിറ്റ്ലറുടെ വിമർശനം. ഇന്നത്തെ ഫാസിസ്റ്റുകളും ജനാധിപത്യത്തെയും മാനവികതയെയും മറ്റും പാടെ നിഷേധിക്കുന്നു. സംഗീതം, കല, സാഹിത്യം, സംസ്കാരം, തുടങ്ങിയ മേഖലകളിൽ അന്യവംശാധിപത്യം നിലനിൽക്കുന്നു എന്ന് ഹിറ്റ്ലർ ഭരണകൂടം ആരോപിച്ചിരുന്നു. ജർമ്മൻ വംശീയതയുടെ മൂല്യബോധത്തെ ഉദ്ദീപ്തമാക്കുന്ന രീതിയിലാകണം കലയും സാഹിത്യവും വിദ്യാഭ്യാസവും രൂപകല്പന ചെയ്യേണ്ടതെന്ന് ഹിറ്റ്ലർ അന്നേ പറഞ്ഞു. പിരമിഡുകളും ക്ഷേത്രാവശിഷ്ടങ്ങളും ഇല്ലാത്ത ഈജിപ്ത് എന്ത് ഈജിപ്ത്? ജർമ്മൻ ചക്രവർത്തിമാരുടെ കെട്ടിടങ്ങളും കത്തീഡ്രലുകളുമില്ലാത്ത ജർമ്മനി എന്ത് ജർമ്മനി എന്ന് ഹിറ്റ്ലർ ചോദിച്ചു. ”ജർമ്മൻകാർ ഉണർന്നാൽ ജർമ്മനി ഉണർന്നു” എന്ന് ഹിറ്റ്ലർ പ്രസംഗിക്കും. അതുകേട്ട് ആവേശം മൂത്ത അനുയായികൾ പറയും “ജർമ്മനി ഉണരട്ടെ ജൂതന്മാർ നശിക്കട്ടെ”. സമാന മുദ്രാവാക്യങ്ങൾ ഇവിടെയും ഇക്കാലത്ത് കേൾക്കുന്നു ഹിന്ദുത്വ വാദികളുടെ ശബ്ദത്തിൽ. ഹിന്ദുത്വ സംസ്കാരമല്ലാതെ മറ്റൊന്നും സ്വീകാര്യമല്ല എന്നവർ പറയുന്നു. അപരവിദ്വേഷം വളരുന്നു, ഇതെല്ലാം ഫാസിസ്റ്റ് നയങ്ങളാണ്. 

സാംസ്കാരിക പ്രവർത്തനത്തിന്റെ പ്രാധാന്യം മറ്റാരെക്കാളും കൃത്യമായി ഫാസിസ്റ്റുകൾക്കറിയാം. സാമൂഹിക ദുരന്തങ്ങളെ നേരിടാനും അവയിൽ നിന്ന് ശ്രദ്ധതിരിക്കാനും ആഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളുടെ പുനരുജ്ജീവനം വ്യാപകമാക്കാനും ഫാസിസ്റ്റ് രാഷ്ട്രീയം പ്രത്യേകം ശ്രദ്ധിക്കുന്നു. മന്ദിരങ്ങൾ സ്വയം സംസാരിക്കണം എന്നതായിരുന്നു ഹിറ്റ്ലറുടെ തത്വശാസ്ത്രം. അതുകൊണ്ട് നിർമ്മാണങ്ങൾക്ക് മുൻഗണന നൽകി. ഒരു ആരാധനാലയമോ തിയേറ്ററോ മതി ഒരു ജനതയുടെ ചരിത്രം മനസിലാക്കാനെന്ന് അന്ന് ഹിറ്റ്ലർ പറയുമായിരുന്നു. ജൂതമന്ദിരങ്ങൾ ജൂതവംശത്തെയും സംസ്കാരത്തെയും കുറിച്ച് സംസാരിക്കും. അതുകൊണ്ട് അവരുടെ വീടുകളും പള്ളികളും തകർക്കുന്നതിൽ നാസികൾ പ്രത്യേകം ശ്രദ്ധിച്ചു. ഒരു മന്ദിരം തകർക്കുന്നതിലൂടെ ഒരു ജനതയുടെ സംസ്കാര ബോധത്തിലും വംശീയമായ അസ്തിത്വത്തിലും ആഘാതമേല്പിക്കാൻ കഴിയുമെന്ന് ജർമ്മൻ ഭരണാധികാരി കരുതി. അവർ ജൂതത്തെരുവുകളും കെട്ടിടങ്ങളും നശിപ്പിച്ചു. ജർമ്മൻകാർ നിർമ്മിച്ച മന്ദിരങ്ങളെ ആദരപൂർവം നിലനിർത്തി. ഹിറ്റ്ലർ പറഞ്ഞത്, “മന്ദിരങ്ങൾ നാസികളുടെ സംസ്കാരത്തിന്റെ ഭാഷയാണ് സംസാരിക്കേണ്ടത്. കല്ലിൽക്കൊത്തിയ വാക്കുകളാണ് മന്ദിരങ്ങൾ. ഓരോ കാലഘട്ടവും അതിന്റെ ആത്മാവിഷ്കാരം നിർവഹിക്കുന്നത് അതിന്റേതായ മന്ദിരങ്ങളിൽക്കൂടിയാണ്. പഴയ സംസ്കാരത്തിന്റെ ചരിത്ര ഭാഷയായ മന്ദിരങ്ങളെ വായിച്ചുകൊണ്ടാണ് ഒരോ കാലഘട്ടവും ചരിത്രങ്ങൾ നിർമ്മിക്കുന്നത്. അതുകൊണ്ട് പഴയതുപൊളിച്ച് പുതിയത് പണിയുക”. ഇപ്പറഞ്ഞതെല്ലാം നമ്മുടെ രാജ്യത്തും നടക്കുന്നു. മന്ദിര നിർമ്മാണങ്ങൾ ജനങ്ങളെ സംഘടിപ്പിക്കാനുള്ള രാഷ്ട്രീയ പ്രവർത്തനമാണെന്ന് സിദ്ധാന്തിച്ചത് ഹിറ്റ്ലറാണ്. 

മനുഷ്യരെ ഫാസിസ്റ്റുകൾ മാനസിക അടിമത്തത്തിന് വിധേയമാക്കുന്നു. ഹിന്ദുത്വ സാംസ്കാരിക പാരമ്പര്യം ചെയ്യുന്നതും അതുതന്നെ. ജനങ്ങളെ ഫാസിസ്റ്റുകളാക്കിക്കൊണ്ടാണ് ഫാസിസം നിലനിൽക്കുന്നത്. ഫാസിസ്റ്റ് കൊലകളും കലാപങ്ങളും ജനങ്ങളുടെ രോഷപ്രകടനമായോ യുദ്ധമായോ വിശേഷിക്കപ്പെടുന്നു. ഫാസിസമെന്നത് മുതലാളിത്ത ജനാധിപത്യത്തിന്റെ ഉല്പന്നമാകയാൽ അതു നടപ്പിലാക്കുന്നവർ ലക്ഷ്യമിടുന്നത് “മുതലാളിത്ത വികസനമെന്ന” സാമ്പത്തിക പരിപാടികളാണ്. ആഗോള മൂലധനത്തിന് അതിന്റെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന കാലത്തോളം ഏതു രീതിയിലുള്ള ഭീകരവാദവും ഫാസിസവും സ്വീകാര്യമാണ്. മൂലധന ചൂഷണത്തിനെതിരെ ഉയർന്നുവരാവുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ജനാധിപത്യ ഭരണകൂടത്തെക്കാൾ സമഗ്രാധിപത്യ ഭരണകൂടത്തിനാണ് ക­ഴിയുക. കാരണം അവർക്ക് ജനകീയ താല്പര്യങ്ങളോട് ബാധ്യതയില്ല. മൂലധനശക്തികളുടെ മൃത്യുരാഷ്ട്രീയം ഫാസിസ്റ്റുകൾ നടപ്പിലാക്കുന്നു. വർഗീയ കലാപങ്ങളിലും, ഒരു കൊല്ലം നീണ്ടു നിന്ന കർഷക സമരത്തിലും, മണിപ്പൂർ കലാപങ്ങളിലും, സർവകലാശാലാ സമരങ്ങളിലും, ആൾക്കൂട്ട കൊലപാതകങ്ങളിലും മറ്റും നിരവധി മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടു. മൃത്യുവിന്റെ സംഹാരതാണ്ഡവം കണ്ട് അവർ അട്ടഹസിച്ചു. 

ഫാസിസം നമ്മുടെ പാട്ടിനെയും ആട്ടത്തെയും ഉടുപ്പിനെയും നടപ്പിനെയും കിടപ്പിനെയും സംസാരത്തെയും വരെ ഗ്രസിച്ചിരിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അപരവിദ്വേഷവും അപമാനകരമായ ജീവിതാവസ്ഥയും മത്സരവും മുഖമുദ്രയായ ഒരു സാമൂഹികാവസ്ഥയിൽ, മനുഷ്യനെ അല്പനാക്കുകയും അവനെ അല്പനാക്കുന്ന വസ്തുക്കളെ മഹത്തായി കാണുകയും ചെയ്യുന്ന ഒരു യുഗത്തിന്റെ പാതയിലാണ് നാം. ഭരണഘടന ഒരു ജൈവ പ്രമാണമാണ്. സവിശേഷമായ ഒരു ചരിത്ര സന്ദർഭം ജന്മം നൽകിയ ജീവിത മൂല്യങ്ങളുടെയും സാമൂഹ്യ രാഷ്ട്രീയ ആദർശങ്ങളുടെയും സഞ്ചിത സ്ഥാനമാണത്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആധുനികമൂല്യങ്ങളുടെ അടിത്തറയിൽ ഈ രാഷ്ട്രത്തെയും അതിലെ ജനജീവിതത്തെയും ഉറപ്പിച്ചുനിർത്താനാണ് ഭരണഘടന. അത്രയും ഉന്നത മൂല്യങ്ങളുള്ള ഭരണഘടനയെ നിരന്തരം നിഷേധിക്കുന്ന ഭരണകൂടം ജനാധിപത്യത്തെ ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഭരണഘടനയാണ് നാടു ഭരിക്കേണ്ടത് എന്നവർ മനസിലാക്കില്ല. ഫെഡറൽ സംവിധാനത്തെ ഇല്ലായ്മ ചെയ്യുന്നു. പണം വാരിവിതറി ജനപ്രതിനിധികളെ വിലയ്ക്കുവാങ്ങി സർക്കാരുകളെ അട്ടിമറിക്കുന്നു. നവലിബറലിസം സൃഷ്ടിച്ച പുതിയ മനുഷ്യരാണ് ഇന്നുള്ളത്. നവലിബറലിസം കേവലമായ സാമ്പത്തിക പരിഷ്കാരം മാത്രമല്ല, അത് ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്ന ഒരു രാഷ്ട്രീയ സാമൂഹ്യ പദ്ധതിയാണ്. അന്റേണിയോ ഗ്രാംഷി സൂചിപ്പിച്ചതു പോലെ “പുതിയൊരു ലോകം പിറക്കാതിരിക്കുകയും പഴയ ലോകം നശിക്കാതിരിക്കുകയും ചെയ്യുന്ന സന്ദിഗ്ധ ഘട്ടത്തിൽ പുറത്തുവരുന്ന രോഗലക്ഷണങ്ങൾ” ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന കാലമാണിത്. ഹിന്ദുത്വ ഫാസിസം അത്തരം ഒരു രോഗലക്ഷണം ആണ്. 

വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കറ്റിയും ലൂക്കാസ് ചാൻസലും നടത്തിയ പഠനം നോക്കൂ. “ഇന്ത്യയിലെ സാമ്പത്തിക അസമത്വം കൊളോണിയൽ കാലത്തെക്കാൾ ഉയർന്നതാണ്. ആകെ വരുമാനത്തിന്റെ 32 ശതമാനവും കയ്യാളുന്നത് ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന അതിസമ്പന്നരാണ്. ജനസംഖ്യയുടെ 50 ശതമാനം കയ്യാളുന്നതിനെക്കാൾ അധികസമ്പത്ത് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കയ്യിലുണ്ട്. ഈ കാലയളവിൽ തൊഴിലിന്റെ ഭൂരിഭാഗവും അസംഘടിത മേഖലയിലായി. വലിയ വിഭാഗം താൽക്കാലിക ജീവനക്കാരായി മാറി. ലക്ഷക്കണക്കിനു കർഷകർ ആത്മഹത്യ ചെയ്തു. വലിയ ഒരു വിഭാഗം കർഷകരും തൊഴിലാളികളും നഗരങ്ങളിലെ അവിദഗ്ധ തൊഴിലാളികളാകാൻ നിർബന്ധിതരായി. തൊഴിലില്ലാപ്പടയുടെ ബാഹുല്യം തൊഴിലാളി വർഗത്തിന്റെ വിലപേശൽശക്തി കുറച്ചു. കൂലി നാമമാത്രമായി. സമസ്ത മേഖലകളിലും ജീവിത പ്രതിസന്ധി. മഹാനിരാശയുടെ പടുകുഴിലായ ജനത നിസംഗരായി, നിശബ്ദരായി”.
ഇതാണ് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സംഭാവന സാംസ്കാരിക ചിന്തയുടെ കേന്ദ്രത്തിൽ നിന്ന് മനുഷ്യനെയും ഭാഷയെയും കുടിയിറക്കി പകരം ദൃശ്യഭാഷയായ ഇലക്ട്രോണിക് മാധ്യമങ്ങളെ പ്രതിനിധീകരിക്കുന്നു ഈ കാലം. പദങ്ങൾക്കു പകരം ദൃശ്യങ്ങൾ വന്നു. ഓരോ വായനയും ഓരോ പുനരാഖ്യാനമോ വീണ്ടെഴുത്തോ ആകാം. എന്നാൽ ദൃശ്യമാധ്യമ വായനയിൽ കാഴ്ചക്കാരൻ സ്വതന്ത്രനല്ല. ദൃശ്യങ്ങൾ അവനിൽ സർഗാത്മകമായ കർതൃത്വമൊന്നും സൃഷ്ടിക്കാറില്ല. പ്രവൃത്ത്യുന്മുഖമെന്നതിനെക്കാൾ കീഴ്പ്പെടലാണ് ദൃശ്യമാധ്യമമുണ്ടാക്കുന്ന കർതൃത്വം. എഴുത്തുകാരനെ അപനിർമ്മിക്കുന്ന സ്വഭാവം ദൃശ്യഭാഷയ്ക്കില്ല. ഫാസിസ്റ്റുകൾ ഇത് പരമാവധി ഉപയോഗപ്പെടുത്തുന്നു. ചിത്രങ്ങളിലൂടെ, അടയാളങ്ങളിലൂടെ അവർ വ്യാപകമായി സംസാരിക്കുന്നു. ജനാധിപത്യ ധ്വംസനം നടത്തുന്നു. അതിലൂടെ നുണകൾ മാത്രം പറയുന്നു. എല്ലാ ദൃശ്യമാധ്യമങ്ങളും അവരുടെ കൈപ്പിടിയിലാണ്. ഇന്ത്യയിലെ ജനാധിപത്യം പൂർണമായും മതനിരപേക്ഷമല്ല. ജാതി-മത ബോധങ്ങൾ സ്വകാര്യ പ്രത്യയശാസ്ത്രമായി പ്രവർത്തിക്കുകയും അതനുസരിച്ച് വോട്ട് ചെയ്ത് ഭരണത്തെ നിർമ്മിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് നിലവിലുള്ളത്. സാമുദായികമായ കൂട്ടായ്മാ തത്വമാണ് ജനാധിപത്യത്തെ നിയന്ത്രിക്കുന്നത്. ഇതിനെ അധികാര സോപാനമാക്കാനാണ് നിയോ ഫാസിസ്റ്റുകളുടെ ശ്രമം. അമിതാധികാര വാഞ്ഛയുള്ള വ്യക്തിസ്വത്വങ്ങളുടെ അമിതാധികാര ജനസംഘങ്ങളാണ് ഫാസിസ്റ്റുകളുടെ ജനാധിപത്യം. ആചാരാനുഷ്ഠാനങ്ങളും ആത്മീയ മൂല്യബോധങ്ങളും കൊണ്ട് പ്രബലമായ സാമുദായിക ബോധത്തിൽ സമർത്ഥമായി ഇടപെട്ട് പ്രവർത്തിക്കുകയാണ് നിയോ ഫാസിസം ചെയ്യുന്നത്. നാനാത്വത്തിൽ ഏകത്വം അവർക്ക് സ്വീകാര്യമല്ല. 

ഉംബർട്ടോ ഇക്കോ “ഫൈവ് മോറൽ പീസസ് ” എന്ന പുസ്തകത്തിൽ ഫാസിസത്തിന്റെ ലക്ഷണങ്ങൾ പറയുന്നുണ്ട്: ആധുനികചിന്തയുടെ തിരസ്കാരം, അന്ധമായ പാരമ്പര്യാരാധന, കപട പ്രചരണം, ബുദ്ധിജീവി വിരോധം, അഭിപ്രായ വ്യത്യാസങ്ങളോടുള്ള അസഹിഷ്ണത, “അപരരെ” സൃഷ്ടിച്ച് അവരാണ് എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദികൾ എന്ന കുറ്റപ്പെടുത്തൽ, വംശവിദ്വേഷം, ആണത്ത ഘോഷണം, ചിന്തയുടെ സങ്കീർണതകളോടുള്ള ഭയം, വിമർശകരെ നിശബ്ദരാക്കുക, ജനങ്ങൾ തങ്ങൾ മാത്രമാണെന്ന രീതിയിൽ സംസാരിക്കുക, നുണ പറയുക, ചരിത്ര ദുർവ്യാഖ്യാനം എന്നിവയാണവ. ഇവയൊക്കെ ഇന്ത്യയിലും കാണാം. ആസുര നേതൃത്വത്തിന്റെ ഉരുക്കുമുഷ്ടിയിൽപ്പെട്ട് ഞെരിയുന്ന കോടിക്കണക്കിന് ജനങ്ങളുണ്ട്. അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് മനുഷ്യനെപ്പോലെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കലാണ് കമ്മ്യൂണിസ്റ്റുകാരന്റെ കടമ. ഫാസിസ്റ്റ് ഭരണകൂടം മനുഷ്യവിരുദ്ധ നയങ്ങൾ നടപ്പിലാക്കുമ്പോൾ അതിനെ കണ്ടില്ലെന്നു നടിക്കലല്ല, അവർ ഫാസിസ്റ്റുകളല്ല എന്ന് പറയുകയല്ല വേണ്ടത്. മനുഷ്യപുരോഗതിക്ക് തടസം നിൽക്കുന്ന ഫാസിസത്തിനെതിരെ, ചരിത്ര ധ്വംസനം നടത്തുന്ന, വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്ന ഫാസിസത്തിനെതിരെ അസന്ദിഗ്ധ പോരാട്ടമാണ് ഇടതുപക്ഷം ചെയ്യേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.