8 January 2025, Wednesday
KSFE Galaxy Chits Banner 2

കൂടുതല്‍ കരുത്തുറ്റ പ്രക്ഷോഭത്തിലേക്ക്

സത്യന്‍ മൊകേരി
വിശകലനം
January 8, 2025 4:54 am

വടക്കന്‍ പരവൂരില്‍ ജനുവരി അഞ്ചിന് ആരംഭിച്ച കിസാന്‍സഭ 21-ാം സംസ്ഥാന സമ്മേളനം കാര്‍ഷിക പ്രശ്നങ്ങളെക്കുറിച്ച് വിശദമായ പരിശോധനയാണ് നടത്തുന്നത്. 14 ജില്ലകളില്‍ നിന്നും വന്നെത്തിയ പ്രതിനിധികള്‍ അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിച്ചു. രാജ്യത്ത് കാര്‍ഷികമേഖലയെ കോര്‍പറേറ്റ് വല്‍ക്കരിക്കുന്നതിനായി നടപ്പാക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് വളര്‍ന്നുവരുന്നുണ്ട്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പരവൂര്‍ സംസ്ഥാന സമ്മേളനം മുന്നോട്ടുവയ്ക്കുന്നുണ്ട്.
രാജ്യത്ത് 1991 മുതല്‍ നടപ്പിലാക്കുന്ന നവഉദാരവല്‍ക്കരണത്തിന്റെ ഫലമായി കാര്‍ഷിക മേഖലയില്‍ കേന്ദ്രം അനുവദിക്കുന്ന ധനം വെട്ടിക്കുറയ്ക്കുന്ന സമീപനം തുടരുകയാണ്. 2024ല്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കായി മാറ്റിവച്ചത് 1,51,851 കോടി മാത്രമാണ്. 48 ലക്ഷം കോടിയിലധികം വരുന്നതാണ് കേന്ദ്ര ബജറ്റ്. ബജറ്റിന്റെ 3.15 ശതമാനം മാത്രമാണ് കാര്‍ഷിക മേഖലയ്ക്കായി നീക്കിവച്ചത്. ഓരോ വര്‍ഷവും കാര്‍ഷികമേഖലയ്ക്കുള്ള ബജറ്റ് വിഹിതം കുറഞ്ഞുവരുന്നതായി കാണാം. 2019–20ല്‍ 5.44, 2020–21ല്‍ 5.08, 2021–22ല്‍ 4.68, 2022–23ല്‍ 3.23 ശതമാനം എന്നിങ്ങനെ കുറയുന്നതാണ് കേന്ദ്ര ബജറ്റില്‍ കണ്ടത്. രാജ്യത്തെ 140 കോടിയില്‍ അധികം വരുന്ന ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ടത് രാജ്യത്തിന്റെ പ്രധാന ഉത്തരവാദിത്തമാണ്. അതിന് സാധിക്കണമെങ്കില്‍ കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ കഴിയു. ഇറക്കുമതിയിലൂടെ 140 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കഴിയും എന്ന വികലമായ നയമാണ് കേന്ദ്രഗവണ്മെന്റ് നടപ്പിലാക്കുന്നത്. 818 കോടിയിലധികം വരുന്ന ലോക ജനസംഖ്യയ്ക്ക് ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിലുണ്ടാകുന്ന പ്രതിസന്ധി ലോകത്ത് ഇന്ന് ചര്‍ച്ചാവിഷയമാണ്. ലോകത്തെ കാര്‍ഷിക മേഖല ആഗോള കോര്‍പറേറ്റുകള്‍ കയ്യടക്കുന്ന ഇന്നത്തെ ലോകത്ത് ഇറക്കുമതിയിലൂടെ ഇന്ത്യയിലെ 140 കോടിയിലധികം ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുവാന്‍ കഴിയില്ല. രാജ്യത്തെയും ലോകത്തെയും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഇതിനകം തന്നെ ഇതുസംബന്ധമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിശാലമായ കാര്‍ഷികമേഖലയില്‍ നിന്നും രാജ്യത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കാന്‍ കഴിയും. അതിനായി വളക്കൂറുള്ള മണ്ണും അധ്വാനശീലരായ കര്‍ഷകരും‍ ഉള്ള രാജ്യമാണ് ഇന്ത്യ. ആവശ്യമായ പണം ലഭ്യമാക്കി രാജ്യത്തെ കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. 

ഭക്ഷ്യമേഖലയ്ക്കുള്ള സബ്സിഡി വെട്ടിക്കുറച്ച് വിലക്കയറ്റം സൃഷ്ടിക്കുകയുമാണ് കേന്ദ്രം. 2022–23ല്‍, 2,73,103.3 കോടി ഭക്ഷ്യസബ്സിഡിക്ക് നല്‍കിയിരുന്നു. 2023–24ല്‍, 2,05,700.6 കോടി രൂപയായി വെട്ടിക്കുറച്ചു. 24.7 ശതമാനത്തിന്റെ കുറവാണ് ഭക്ഷ്യസബ്സിഡിയില്‍ വരുത്തിയത്. കര്‍ഷകര്‍ക്ക് ന്യായവിലയ്ക്ക് വളം ലഭ്യമാക്കുന്നതിനായി വളത്തിന് സബ്സിഡി നല്കുന്ന പദ്ധതി നടപ്പിലാക്കിയിരുന്നു. വളത്തിന് 2023–24ല്‍ 2,51,340 കോടി രൂപ ലഭ്യമാക്കിയപ്പോള്‍ 2024–25ല്‍ അനുവദിച്ചിരുന്നത് 2,05,700.6 കോടി രൂപയാണ്. കുറവ് വരുന്നത് 34.7 ശതമാനം.
വിവിധ മേഖലകളില്‍ കാര്‍ഷികമേഖലയ്ക്ക് അനുവദിച്ച സഹായങ്ങളും‍ ഇല്ലാതാക്കുന്ന നടപടികള്‍ ആണ് സ്വീകരിച്ചിരുന്നത്. കൃഷിയിടത്തില്‍ വെള്ളമെത്തിക്കുന്നതിന് ഡീസല്‍-പെട്രോള്‍ വില കുറച്ചു നല്‍കിയ പദ്ധതി നിര്‍ത്തലാക്കുകയാണ്. കാര്‍ഷികാവശ്യത്തിന് വൈദ്യുതി കുറഞ്ഞ നിരക്കില്‍ നല്‍കിയതും കേന്ദ്രം ഇല്ലാതാക്കുകയാണ്. കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന വിവിധ തലത്തിലുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയും കാര്‍ഷിക ഉല്പാദന ചെലവ് പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്തതോടെ മേഖലയില്‍ നിന്നും കര്‍ഷകര്‍ പിന്‍വാങ്ങുകയാണ് ചെയ്തത്. തരിശിടുന്ന കൃഷിഭൂമി ചുളുവിലയ്ക്ക് കൈക്കലാക്കാനുള്ള ശ്രമത്തിലാണ് കോര്‍പറേറ്റ് കമ്പനികള്‍. പതിനായിരക്കണക്കിന് ഹെക്ടര്‍ കൃഷി ഭൂമി കര്‍ഷകരില്‍ നിന്നും കോര്‍പറേറ്റുകള്‍ തട്ടിയെടുക്കുന്നതാണ് രാജ്യത്ത് കാണുന്നത്. കോര്‍പറേറ്റുകളെ സംരക്ഷിക്കുവാനായി കേന്ദ്ര ഗവണ്‍മെന്റ് വിവിധ തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതിനെതിരെ രാജ്യത്തെ കര്‍ഷകര്‍ ഇന്ന് തെരുവില്‍ പ്രതിഷേധിക്കുകയാണ്. കേരളത്തിലെ കാര്‍ഷിക മേഖലയെ സഹായിക്കുന്ന ഒരു നടപടിയും കേന്ദ്രം സ്വീകരിക്കുന്നില്ല. പ്രകൃതി ദുരന്തം വിവിധ സന്ദര്‍ഭങ്ങളില്‍ കേരളത്തിലുണ്ടായപ്പോള്‍ കേരളത്തെ സഹായിക്കുവാന്‍ കേന്ദ്രം മുന്നോട്ടുവന്നില്ല. വയനാട് ദുരന്തം സംഭവിച്ച് മൂന്നു മാസം കഴിഞ്ഞിട്ടുമാത്രമാണ് വയനാട് ദുരന്തം അതി തീവ്രദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചത്. ഒരു രൂപപോലും വയനാട് ദുരന്തത്തില്‍പ്പെട്ട ജനതയെ സഹായിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയിട്ടില്ല. അതേസമയം, ആന്ധ്രയ്ക്ക് 3,488 കോടിയും അസമിന് 1,100 കോടിയും ഗുജറാത്തിന് 600 കോടിയും ഒരു പരിശോധനയും റിപ്പോര്‍ട്ടും ഇല്ലാതെ അനുവദിച്ചു. ബിഹാറിന് വാരിക്കോടി പണം നല്‍കുന്നതും നാം കണ്ടു. വയനാട് ദുരന്തത്തില്‍ 352 പേരാണ് മരിച്ചത് എന്നാണ് കണക്കാക്കുന്നത്. 16,855 വീടുകള്‍ തകര്‍ന്നു. മേപ്പാടി പഞ്ചായത്തിലെ വിവിധ കാര്‍ഷിക മേഖലകളും തോട്ടങ്ങളും മണ്ണിനടിയിലായി. ദുരന്തത്തില്‍പ്പെട്ട ജനങ്ങളെ സഹായിക്കുവാന്‍ ഇന്നേവരെ ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടില്ല. 

കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. റിസര്‍വ് ബാങ്ക് ഏറ്റവും ഒടുവില്‍ നടത്തിയ പഠനത്തില്‍ (ആര്‍ബിഐ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോളിസി റിസര്‍വ്) കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് വിപണി വിലയ്ക്ക് 40 ശതമാനത്തില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്. വാഴപ്പഴത്തിന് 31 ശതമാനവും തക്കാളിക്ക് 33 ശതമാനവും ഉള്ളിക്ക് 36 ശതമാനവും മാത്രമാണ് ലഭിക്കുന്നതെന്ന് പഠനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ കാര്‍ഷികമേഖലയില്‍ കിസാന്‍സഭ നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അതുസംബന്ധമായ പ്രമേയങ്ങള്‍ സംസ്ഥാന സമ്മേളനവും ചര്‍ച്ച ചെയ്യുന്നു. ഭൂപരിഷ്കരണ നിയമത്തിന്റെ അന്തഃസത്തയ്ക്ക് വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നുണ്ട്. കര്‍ഷകക്ഷേമ ബോര്‍ഡ് നടപ്പിലാക്കണമെന്നും ആവശ്യമായ പണം അനുവദിക്കണമെന്നും സമ്മേളനം ആദ്യ ദിവസം തന്നെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന ഗവണ്‍മെന്റ് ഇക്കാര്യങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നെല്‍കര്‍ഷകര്‍ക്ക്, സംഭരിച്ച നെല്ലിന്റെ വില നല്‍കാത്ത കേന്ദ്ര ഗവണ്‍മെന്റിന്റെ നടപടിയില്‍ സമ്മേളനം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. അടിയന്തരമായി സംഭരിച്ച നെല്ലിന്റെ വില നല്‍കണമെന്നും നെല്ലിന്റെ സംഭരണ വിലയ്ക്ക് കേരളത്തിന്റെ വിഹിതം ഉയര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വനനിയമത്തില്‍ കര്‍ഷകരെ ദ്രോഹിക്കുന്ന ഭേദഗതിക്കെതിരെ സമ്മേളനത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
സംസ്ഥാന സെക്രട്ടറി വി ചാമുണ്ണി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രസിഡന്റ് ജെ വേണുഗോപാലന്‍ നായര്‍ അവതരിപ്പിച്ച ഭാവിപരിപാടിയും സംയുക്തമായി ജില്ലാതലത്തില്‍ പ്രതിനിധികള്‍ യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തി. പൊതു ചര്‍ച്ച നടക്കുന്നു. കാര്‍ഷിക മേഖല നേരിടുന്ന വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് കര്‍ഷകരുടെ അതിശക്തമായ പ്രക്ഷോഭം വളര്‍ന്നുവരുന്നുണ്ട്. പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളും സംസ്ഥാന സമ്മേളനം കൈക്കൊള്ളും. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.