25 December 2024, Wednesday
KSFE Galaxy Chits Banner 2

പുഴയെ കൊന്നവരോര്‍ത്തില്ല മഴയെന്ന കാമുകനെ…

ദേവിക
വാതില്‍പ്പഴുതിലൂടെ
November 15, 2021 8:33 am

പ്രളയം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ‘തുംഗമാം മീനച്ചൂടാല്‍’ എന്ന വൈലോപ്പിള്ളി കവിതയ്ക്ക് അര്‍ത്ഥഭ്രംശം വന്ന കാലം. മീനമാസത്തിലും ഉഷ്ണത്തിനുപകരം പ്രളയകാലം. എന്നിട്ടും നാം പഴിക്കും കാലാവസ്ഥാവ്യതിയാനത്തെ. പര്‍വതങ്ങള്‍ നാം ഇടിച്ചു നിരത്തി. നദികളെ നാം മണ്ണിട്ടുമൂടി. പ്രകൃതിയെ അരുംകൊല ചെയ്തു. ഇനിയും വരാനിരിക്കുന്നു അതിവേഗ പ്രകൃതി നിഗ്രഹങ്ങള്‍. മഴയില്ലാത്ത കാലമില്ലാതായി. വനം മാഫിയകള്‍ സഹ്യന്റെ മാറു പിളര്‍ന്ന് പാപ്പാത്തിച്ചോല മോഡല്‍ കള്ളക്കുരിശുകള്‍ സ്ഥാപിച്ചപ്പോള്‍ നാം അവയെ വിശുദ്ധവല്ക്കരിച്ചു. മലയിലും സമതലത്തിലും മഴ പെയ്യുമ്പോള്‍ ഭൂമി പിളരുന്ന ഉരുള്‍പൊട്ടലുകള്‍. നദികള്‍ നികത്തി റോഡുകളും പാലങ്ങളും പാളങ്ങളും പണിതപ്പോള്‍ തനിക്കു പെയ്യാനിടം തരൂ എന്ന് അലറിപ്പെയ്യുന്ന മഴ നമ്മെ വേട്ടയാടുന്നു. ഈയിടെ ഒരു കുഞ്ഞു കവിത വായിക്കാനിടയായി. നാലു വരികളില്‍ എഴുതിയ ആ കവിത പ്രകൃതിക്കുവേണ്ടി എഴുതിയ വിലാപമായിരുന്നു. ‘പുഴയെ കൊന്നപ്പോള്‍ അവരോര്‍ത്തില്ല, അവള്‍ക്ക് മഴയെന്നൊരു കാമുകനുണ്ടെന്ന്’ എന്ന ഹൃദയദ്രവീകരണ ശക്തിയുള്ള വിലാപകാവ്യം. എന്നിട്ട് മഴ തലയറഞ്ഞു പെയ്യുമ്പോഴും ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട വന്യമൃഗങ്ങള്‍ അനാഥത്വത്തോടെ നാട്ടിലിറങ്ങി ഇര തേടുമ്പോഴും നാം അവയെ കൊന്നൊടുക്കാന്‍ ആയുധം തേടുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ചര്‍ച്ചില്‍ രാഷ്ട്രത്തോട് പറഞ്ഞ പോലെ. ‘ഗിവ് അസ് ദി ടൂള്‍, വിവില്‍ ഫിനിഷ് ദി ജോബ്.’ ആയുധം തരിക ബാക്കി കാര്യങ്ങള്‍ തങ്ങള്‍ തീര്‍ത്തുകൊള്ളാമെന്ന് ആക്രോശിക്കുന്നവര്‍. മഴയെ പഴിക്കുന്നവര്‍. മഴയ്ക്കും വന്യമൃഗ ജന്തുജാലങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്ന് മനുഷ്യന്‍ സമ്മതിക്കാത്ത അവസ്ഥ.

വനങ്ങള്‍ വെട്ടിവെളുപ്പിക്കുന്നതിനാല്‍ ഒരിക്കല്‍ മഴ തന്നെ ഇല്ലാതാകുമെന്നു പറഞ്ഞപ്പോള്‍ സരസനായ പി സീതിഹാജി നിയമസഭയില്‍ പറഞ്ഞതോര്‍ക്കുന്നു. കടലില്‍ മഴ പെയ്യുന്നത് അവിടെ വനവും നദിയും ഉള്ളതുകൊണ്ടാണോ എന്ന്. ദേശീയോദ്യാനമായ സൈലന്റ്‌വാലിക്കു വേണ്ടി അനശ്വരയായ നമ്മുടെ കവയിത്രി സുഗതകുമാരി വാദിച്ചപ്പോഴായിരുന്നു സീതിഹാജിയുടെ ഈ പ്രതികരണം. സീതിഹാജിക്ക് അതു പറയാമായിരുന്നു. പക്ഷേ പതിറ്റാണ്ടുകള്‍ക്കിപ്പുറത്തെ പെരുമഴയത്തു നിന്ന് പ്രബുദ്ധ കേരളത്തിന് അതും പറയാനാവില്ല. നമ്മുടെ പൂര്‍വികര്‍ ചെയ്തതിനെയെല്ലാം കളിയാക്കുന്ന ന്യൂജന്‍ കാലം. ഈയിടെ ഒരു കുറിപ്പു വായിച്ചു. പ്രകൃതിയും മനുഷ്യനും ജന്തുജാലങ്ങളും തമ്മില്‍ പരസ്പരം ഇഴപിരിയാത്ത ബന്ധമാണുള്ളതെന്ന ഓര്‍മ്മക്കുറിപ്പ്. ആ കുറിപ്പ് തുടങ്ങുന്നതിങ്ങനെ. ‘നമ്മുടെ പൂര്‍വികര്‍ കല്ലിനെ പൂജിച്ചു. അവര്‍ മലയെ തൊഴുതു. അവര്‍ മരത്തിനു ചുറ്റും വലംവച്ച് കൈകൂപ്പി. നദിയെ അവര്‍ ദേവതയായി കണ്ടു. അവര്‍ കാവുകള്‍ പരിപാലിച്ചു. അവര്‍ സര്‍പ്പാരാധന നടത്തി. ഭൂമിയെ അവര്‍ ദേവിയായി കണ്ടു’ എന്നിങ്ങനെ നീളുന്ന കുറിപ്പ്. ഇതെല്ലാം ആത്മീയവാദമായി ചിത്രീകരിക്കപ്പെട്ടെന്നേയുള്ളു. അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ പൂര്‍വികര്‍ സംസ്കാരത്തേയും വിശ്വാസത്തേയും പ്രകൃതിയോടു ചേര്‍ത്തു വച്ചത് മനുഷ്യന്റെ നിലനില്പിനു വേണ്ടിയുള്ള പ്രതീകാത്മക ബിംബവല്ക്കരണമായിരുന്നു. മണല്‍ വാരിയും കുന്നിടിച്ചു നിരത്തിയും ചോലവനങ്ങള്‍ വെട്ടിവെളുപ്പിച്ചും കായല്‍ കയ്യേറിയും കരിങ്കല്‍ ക്വാറികളുണ്ടാക്കിയും നമ്മള്‍ വികസന മുദ്രാവാക്യങ്ങള്‍ക്കുള്ളില്‍ ആ പ്രകൃതിഹത്യയെ ഒളിപ്പിച്ചുവച്ചു. എന്നിട്ടും ആത്മവിമര്‍ശനലേശമില്ലാതെ കാലാവസ്ഥാവ്യതിയാനത്തെ പഴി പറയുന്നു നമ്മള്‍. പൂര്‍വികരുടെ ഓര്‍മ്മപ്പെടുത്തലുകളെ മറക്കുന്ന നമുക്ക് ഭൂമി അന്യമായിക്കൊണ്ടിരിക്കുന്നതു സ്വാഭാവികം. 

ഗാനസപര്യക്ക് ജാതകവും ഗ്രഹനിലയും തിഥിയും അഷ്ടമിയുമെല്ലാമുണ്ടോ എന്നറിയില്ലെങ്കിലും നമ്മുടെ സ്വന്തം ഗാനഗന്ധര്‍വനായ കെ ജെ യേശുദാസിന്റെ സിനിമാസംഗീത ജീവിതത്തിന് ഇന്നലെ അറുപതു വയസു തികഞ്ഞു. 81 വയസുള്ള അദ്ദേഹം ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും ഇംഗ്ലീഷിലും അറബിയിലും വരെ ഗാനങ്ങള്‍ ആലപിച്ചു. ചാനലുകള്‍ ഈ സവിശേഷ മുഹൂര്‍ത്തം ആഘോഷപൂര്‍വം കൊണ്ടാടി. ദേവരാഗത്തിന്റെ അറുപതാം പിറന്നാളിനൊത്ത ആഘോഷത്തിമിര്‍പ്പ്. അഭിനയകുലപതി മോഹന്‍ലാലാണെങ്കില്‍ തന്റെ ചിത്രങ്ങളില്‍ ദാസേട്ടന്‍ പാടിയ ഗാനങ്ങള്‍ കോര്‍ത്തെടുത്ത് ‘കാല്പാടുകള്‍’ എന്ന പേരില്‍ ഒരു ആല്‍ബം തന്നെ പുറത്തിറക്കി. എന്നാല്‍ ഇന്നലെ എല്ലാപേരും മറന്ന ചില കാല്പാടുകളുണ്ട്. 1961 നവംബര്‍ 14ന് കെ എസ് ആന്റണി നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ‘കാല്പാടുകള്‍’ എന്ന ചിത്രത്തിലാണ് യേശുദാസ് ആദ്യം പാടിയത്. എം ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തില്‍ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന ഗാനം. ഗാനരചയിതാവ് വിശ്വഗുരുവായ ശ്രീനാരായണഗുരു, ആ ചിത്രത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു. ഈ ചിത്രത്തിനു വേണ്ടി ആന്റണി തലസ്ഥാനത്ത് മണ്‍വിളയും പ്രകൃതിഭംഗിയെഴുന്ന ഒരു സ്റ്റുഡിയോ തന്നെ സൃഷ്ടിച്ചു. പുഴയും വെള്ളച്ചാട്ടവും വനവും ഉദ്യാനഭംഗിയും പാലങ്ങളുമെല്ലാമുള്ള സ്റ്റുഡിയോ. ജീവിതത്തില്‍ പൊതുവേ അരാജകവാദിയായിരുന്ന ആന്റണി തലസ്ഥാനത്ത് ചെങ്കല്‍ചൂളയിലെ ഒരു വ്യാജമദ്യ വില്പന കേന്ദ്രത്തില്‍ മരിച്ച നിലയിലാണ് കാണപ്പെട്ടത്. ‘കാല്പാടുകള്‍‘ക്കു ശേഷം ആന്റണിയെക്കുറിച്ച് ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്ത അതായിരുന്നു. യേശുദാസിന് ആദ്യ അവസരം നല്കിയ ആന്റണിയെ നാമെല്ലാം മറന്നു. യേശുദാസിന്റെ ജീവചരിത്രമടങ്ങുന്ന വിക്കിപീഡിയയിലും ആന്റണിക്കിടമില്ല. പകരം ഇന്നലെ ആന്റണിയുടെ ‘കാല്പാടുകള്‍ക്കു പകരം മാധ്യമങ്ങളി‍ല്‍ നിറഞ്ഞു പെയ്തത് മോഹന്‍ലാലിന്റെ ‘കാല്പാടുകള്‍’. യേശുദാസ് വാടക കൊടുക്കാന്‍ പാങ്ങില്ലാത്തതിനാല്‍ സ്വാതിതിരുനാള്‍ അക്കാദമിയിലെ കാര്‍ഷെഡിലായിരുന്നു താമസിച്ചിരുന്നത്! പ്രിന്‍സിപ്പല്‍ ശെമ്മാങ്കുടിയുടെ കാരുണ്യത്താല്‍. വിശക്കുമ്പോള്‍ സൗജന്യമായും അല്ലെങ്കില്‍ കടമായും (ആ കടം പിന്നീട് കിട്ടാറേയില്ലായിരുന്നു!) നല്കിവന്നത് തമ്പാനൂര്‍ മോഡല്‍ ഹോട്ടല്‍ ഉടമയായിരുന്ന അന്തരിച്ച വാസുപിള്ളയായിരുന്നു. ഇതെല്ലാം യേശുദാസ് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ ഗാനസപര്യയുടെ അറുപതാം പിറന്നാളില്‍ ഇവരെയെല്ലാം ഇന്നലെ ചരിത്രം പറഞ്ഞവര്‍ വിസ്മരിച്ചു. മോഹന്‍ലാലിന്റെ ‘കാല്പാടുകള്‍’ കൊണ്ടു കയറി. അതല്ലേ പണ്ടുള്ളവര്‍ പറയുന്നത് ‘അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനികള്‍!’ എന്ന്.

അങ്ങനെ ട്വന്റി-20 ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ കാര്യത്തില്‍ ഒരു തീരുമാനമായി. സെമിപോലും കാണാതെ നാട്ടിലേക്ക് ഒരു നാണംകെട്ട മടക്കയാത്ര. ചായ കുടിക്കുന്ന ഒരു കപ്പുമായി നായകന്‍ വിരാട് കോലി മടങ്ങുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞാടുന്നു. ഇതിനിടെ ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റെയും ടീമുകള്‍ താമസിച്ചിരുന്ന ഹോട്ടലിലെ ഒരു മലയാളി ജീവനക്കാരന്‍ അയച്ച ശബ്ദസന്ദേശം നമ്മുടെ ക്രിക്കറ്റ് ദൈവങ്ങളുടെ നാണിപ്പിക്കുന്ന ചിത്രമാണ് പുറത്തു കൊണ്ടുവരുന്നത്. ടീമിന്റെ രക്ഷാധികാരിയായ എം എസ് ധോണിയാണെങ്കില്‍ സദാസമയവും ഹോട്ടല്‍ മുറിയില്‍ കുറേ ആരാധക പിള്ളേരെ വിളിച്ചു വരുത്തി രാപകല്‍ വെള്ളമടിയെന്നാണ് ഹോട്ടല്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. കോച്ച് രവിശാസ്ത്രിക്കാണെങ്കില്‍ എണീറ്റു നില്ക്കാനാവാത്ത മട്ട്. സദാ വെള്ളമടിയും പബ്ജികളിയും. ബൗളിങ് കോച്ച് ഭരത് അരുണിനാണെങ്കില്‍ മദ്യപിച്ചു കെട്ടുവിട്ട നേരമില്ല. ഹോട്ടലിന്റെ ഒരു പടിയിറങ്ങാന്‍ പരസഹായം വേണം. ഇവനാണ് ലോകം കീഴടക്കാന്‍ ബൗളിങ് പഠിപ്പിക്കുന്നത്. ഇതെല്ലാം കണ്ട ഹോട്ടല്‍ ജീവനക്കാരന്റെ ആത്മരോഷം കത്തുന്നത് തനി മലയാളി നാടന്‍ തെറികളിലും 135 കോടി ജനങ്ങളെ നാണിപ്പിക്കാന്‍ വന്ന- മക്കള്‍ എന്ന ടിപ്പണിയും. എന്നിട്ടും വിടുന്നോ! ക്രിക്കറ്റ് നഴ്സറികളില്‍ പഠിക്കുന്ന അഫ്ഗാനിസ്ഥാനിനോടായിരുന്നു ഇന്ത്യയുടെ അവസാന മത്സരവും വിജയവും. വിജയം കഴിഞ്ഞ് നായകന്‍ വിരാട് കോലി ട്വീറ്റ് ചെയ്യുന്നു. ‘വിജയത്തോടെ മടക്കം!’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.