5 December 2025, Friday

‘വി ദ പീപ്പിൾ ഓഫ് ഇന്ത്യ’എവിടെ?

അജിത് കൊളാടി
വാക്ക്
August 23, 2025 4:15 am

നാധിപത്യത്തിന്റെ എല്ലാ മാമൂലുകളുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും കൊടിയിറക്കം സർവമേഖലകളിലും സാർവത്രികമായി. തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്ന ഭൂരിപക്ഷം ഉപയോഗിച്ച് ജനാധിപത്യത്തിന്റെ അന്തഃസത്തയെ കാർന്നുതിന്നുക എന്നതാണ് ഇപ്പോഴത്തെ രീതി. ഭരണഘടനാ സ്ഥാപനങ്ങളെ പ്രവർത്തനരഹിതമാക്കുന്നു. ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് അധികാര ദുർവിനിയോഗം തടയാൻ ചുമതലപ്പെട്ട സ്വതന്ത്ര സ്ഥാപനങ്ങളെയാണ്.
‘ഒരാൾ ഒരു വോട്ട്, ഒരേ മൂല്യം’ എന്നത് ജനാധിപത്യത്തിന് ഏറ്റവും കാതലായ മൂല്യമാണ്. ഇതുമൂലം രാഷ്ട്രീയ പ്രക്രിയയിൽ വോട്ടാവകാശമുള്ള എല്ലാവർക്കും തുല്യാവകാശമുണ്ട്. ഒരാളുടെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പശ്ചാത്തലമേതെന്നോ നോക്കാതെ ഓരോ വോട്ടിനും തുല്യ പ്രാധാന്യമുണ്ട്. ഈ തത്വം പ്രാതിനിധ്യ സ്വഭാവമുള്ള ഭരണകൂടത്തിന്റെ അടിസ്ഥാന പ്രമാണമാണ്. ജാതിയോ മതമോ ലിംഗ വ്യത്യാസമോ, വംശമോ ഒന്നും പരിഗണനയ്ക്ക് വിധേയമാകാതെ ഏതൊരാകൾക്കും വോട്ടു ചെയ്യാം, ഓരോ വോട്ടിനും തുല്യ മൂല്യം, ഒരു വോട്ട് മറ്റൊന്നിനെക്കാൾ പ്രാമുഖ്യം അർഹിക്കുന്നില്ല. തുല്യമായ വോട്ടവകാശം നൽകുക വഴി, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ജനതയുടെ ഇച്ഛയ്ക്കനുസരിച്ച് അവർക്കു വേണ്ടി പ്രവർത്തിക്കണം എന്നാണ് അർത്ഥമാക്കുന്നത്. ഓരോ പൗരന്റെയും ശബ്ദം ഭരണകൂടം കേൾക്കണം എന്നു മാത്രമല്ല എല്ലാവരെയും തുല്യരായി പരിഗണിക്കണം.
ഉന്നത മൂല്യങ്ങളും ദർശനങ്ങളുമുള്ള ഭരണഘടനയെ നിഷ്ഠുരം വലിച്ചുകീറുകയാണ് സംഘ്പരിവാർ. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ 75-ാം റിപ്പബ്ലിക്ദിനം ആഘോഷിച്ചത് ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നിവ നീക്കിക്കൊണ്ടായിരുന്നു. ‘ഇന്ത്യയുടെ യഥാർത്ഥ ഭരണഘടന’ എന്ന തലക്കെട്ടോടെയാണ് വെട്ടിത്തിരുത്തിയ ആമുഖത്തിന്റെ ചിത്രം അന്ന് കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചത്. രാജ്യം 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ഭരണഘടനയുടെ യഥാർത്ഥ ആമുഖം പുനഃപരിശോധിക്കാം. പുതിയ ഇന്ത്യയിൽ ഈ മൗലിക തത്വങ്ങൾ എങ്ങനെ പ്രതിധ്വനിക്കുന്നു. വേരുകളിലൂന്നി നിന്ന് രാജ്യം എങ്ങനെ മുന്നോട്ട് കുതിക്കുന്നു എന്ന് നോക്കാം’ എന്ന അടിക്കുറിപ്പോടെയായിരുന്നു അത്.
എട്ടു സ്ലൈഡുകളയായി ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ‘വികസന’ത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. രാജ്യത്തിന്റെ പുതിയ സാഹചര്യത്തിൽ ആമുഖത്തിലെ പ്രധാന തത്വങ്ങളുടെ തലക്കെട്ടോടെയാണ് ഓരോ സ്ലൈഡും തയ്യാറാക്കിയിരുന്നത്. പുതിയ ഇന്ത്യയുടെ പരമാധികാരം (സോവർനിറ്റി), പുതിയ ഇന്ത്യയുടെ ജനാധിപത്യം (ഡെമോക്രസി), പുതിയ ഇന്ത്യയിലെ പരമാധികാര ജനാധിപത്യ രാഷ്ട്രം (റിപ്പബ്ലിക്), പുതിയ ഇന്ത്യയിലെ തുല്യത (ഇക്വാളിറ്റി) പുതിയ ഇന്ത്യയിലെ സാഹോദര്യം (ഫ്രറ്റേർണിറ്റി) എന്നിങ്ങനെ. ഇതിൽ പുതിയ ഇന്ത്യ എന്ന പ്രയോഗത്തിന്റെ അർത്ഥം പ്രാണപ്രതിഷ്ഠാനന്തരമുള്ള ഇന്ത്യ എന്നായിരുന്നു. മതേതരത്വം, സോഷ്യലിസം എന്നീ പദങ്ങൾ നിശ്ചലമാക്കിക്കൊണ്ടായിരുന്നു അത്.
പ്രാണപ്രതിഷ്ഠയ്ക്കുശേഷമുള്ള പ്രസംഗത്തിൽ പ്രധാനമന്ത്രി തറപ്പിച്ച് പറഞ്ഞത് ദേവനിൽ നിന്ന് ദേശം വരെയും രാമനിൽ നിന്ന് രാഷ്ട്രീയം വരെയും എത്താൻ എല്ലാവരും പ്രയത്നിക്കണം. ആ ജനുവരി 22 സാധാരണ തീയതിയല്ല, യുഗാരംഭമാണ്’ എന്നാണ്. ആദിത്യനാഥ് പറഞ്ഞത് വിഗ്രഹ പ്രതിഷ്ഠ രാമരാജ്യത്തിന്റെ പ്രഖ്യാപനമാണെന്നാണ്. രാമക്ഷേത്രം ദേശീയ ക്ഷേത്രമാണെന്നും വിഗ്രഹപ്രതിഷ്ഠ രാമരാജ്യത്തിന്റെ പ്രഖ്യാപനമാണെന്നും ആദിത്യനാഥ് പറഞ്ഞു. ആർഎസ്എസ് നേതാവ് രാം മാധവ് പറഞ്ഞത് രാമരാജ്യം സംജാതമായി എന്നാണ്. ഭരിക്കുന്നവന്റെ ഭക്തി സ്വകാര്യ വിഷയമല്ലെന്നും അത് രാഷ്ട്രീയമാണെന്നും പ്രാണപ്രതിഷ്ഠ പ്രഖ്യാപിച്ചു.
വലതുപക്ഷ രാഷ്ട്രീയവും നവലിബറലിസവും മതമൗലികവാദവും ചേർന്ന് മനുഷ്യന്റെ ഉള്ളിൽ അവശേഷിച്ചിരുന്ന ജനാധിപത്യത്തിന്റെയും നീതിനിഷ്ഠയുടെയും അവസാനത്തെ കണികയും നശിപ്പിച്ച് അരാഷ്ട്രീയത്തിന്റെ തരിശുഭൂമിയിൽ അടക്കം ചെയ്തിരിക്കുന്നു. ഇത് പൗരത്വത്തിന്റെ പ്രതിസന്ധി മാത്രമല്ല, അതിനുമപ്പുറം മനുഷ്യത്വത്തിന്റെ പ്രതിസന്ധിയെയും ആത്മാഭിമാനത്തിന്റെ നഷ്ടത്തെയും കുറിക്കുന്നു. ഇപ്പോൾ കാണുന്ന വോട്ടുകൊള്ളയുടെ നീചമായ സംഭവങ്ങളിലൂടെ ഈ രാജ്യത്തെ മനുഷ്യന് അന്തസും ആത്മാഭിമാനവും തീരെ പാടില്ല എന്ന് ഫാസിസ്റ്റുകൾ പരസ്യമായി പ്രഖ്യാപിക്കുകയാണ്.
‘എല്ലാം നഷ്ടപ്പെട്ട മനുഷ്യൻ കദനഭാരത്താൽ ആർത്തലയ്ക്കുന്നതിനെയും സ്വന്തം മോക്ഷം അടിമത്തത്തിലാണെന്നു കരുതി അതിനായി പടപൊരുതുന്നതി‘നെയും കുറിച്ച് പോർച്ചുഗീസ് തത്വചിന്തകനായ ബനഡിക്ട് സ്പിനോസ പറയുന്നുണ്ട്. നവ ഉദാരവൽക്കരണത്തിന്റെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും ഇടയിൽപ്പെട്ട വർത്തമാനകാല മനുഷ്യന്റെ ജീവിതവും ഇതുതന്നെയാണ്. അടിമത്തത്തെ സ്വാതന്ത്ര്യമായും അവകാശ നിഷേധത്തെ സാധാരണ സംഭവമായും ഇന്ന് രാജ്യത്തെ മനുഷ്യൻ കരുതുന്നു. 

നമ്മുടെ ഭരണഘടനാ ശില്പികൾ മതേതരത്വം എന്ന ആശയം കടമെടുത്തത് ഇന്ത്യയുടെ സ്വന്തം ചരിത്രത്തിൽ നിന്നാണ്. അതേ ചരിത്രമാണ് മറക്കണമെന്ന് ഇന്ന് ഭരണാധികാരികൾ ശഠിക്കുന്നത്. കാരണം ചരിത്രത്തെ മറക്കാത്തിടത്തോളം കാലം സർവമത സഹിഷ്ണുതയിലും ബഹുസ്വരതയിലും അധിഷ്ഠിതമായ ഉജ്ജ്വലമായ ആശയം നിലനിൽക്കുമെന്ന് ഹിന്ദുത്വ ശക്തികൾക്ക് അറിയാം. ഇന്ത്യ എന്ന ആശയം ഇന്ന് ഗൗരവമായ ഭീഷണികൾക്ക് വിധേയപ്പെട്ടിരിക്കുന്നു. ചരിത്രമെന്ന വിജ്ഞാനശാഖയ്ക്കും തിരിച്ചറിയാനാവാത്തവിധം പരിക്കേറ്റിരിക്കുന്നു. മാത്രമല്ല ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊള്ളാതെ സാമ്രാജ്യത്വത്തോട് സന്ധി ചെയ്ത മത വർഗീയ ശക്തികൾ ഇന്ത്യ എന്ന വൈവിധ്യത്തെ തകർക്കുന്നതിനുവേണ്ടി ഏതു ജനാധിപത്യവിരുദ്ധ മാർഗവും സ്വീകരിക്കും എന്ന് നിത്യേന നാം കാണുന്നു. 

ഇരുപതാം നൂറ്റാണ്ടിലെ ജനാധിപത്യത്തിന്റെ നിയതമായ സ്വഭാവം മനഃസാക്ഷി ഇല്ലായ്മയാണെന്ന ഹന്നാ ആറന്റിന്റെ നിരീക്ഷണം 21-ാം നൂറ്റാണ്ടിനും ബാധകമെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ പ്രകടമാക്കുന്നത്. ഇന്ത്യ ഭരിക്കുന്നവരുടെ രാഷ്ട്രീയം വളരെ ജീർണിച്ച മനഃസ്ഥിതിയുള്ളവരുടെ അഭയസ്ഥാനമാണ്. അവിടെ ബുദ്ധിയുടെയും ആശയങ്ങളുടെയും കലശലായ ദാരിദ്ര്യമാണ് അനുഭവപ്പെടുന്നത്. മറ്റു പല രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. ഈ സാഹചര്യത്തിൽ രാഷ്ട്രീയം സ്വാർത്ഥ താല്പര്യങ്ങളുടെ സങ്കേതമായി മാറുന്നതിൽ എന്തത്ഭുതം? എന്നിട്ടും ജനങ്ങൾ തെരുവിൽ സമരവുമായ് ഇറങ്ങുന്നില്ല.
ജനങ്ങൾ ഇന്ന് തെരുവിലുമില്ല, ഭരണത്തിലുമില്ല. തെരുവിലിറങ്ങുന്നത് രാജ്യദ്രോഹമാണ് ഭരിക്കുന്നവരുടെ കണ്ണിൽ. പ്രസിദ്ധ പത്രപ്രവർത്തകരായ കരൺ ഥാപ്പർ, വരദരാജൻ എന്നിവരെപ്പോലും രാജ്യദ്രോഹ കേസിൽ ഉൾപ്പെടുത്തി. വ്യത്യസ്ത അഭിപ്രായം പറഞ്ഞാൽ, രാജാവിനെ ചോദ്യചെയ്താൽ നിങ്ങൾ രാജ്യദ്രോഹിയാണ്.
വർഗീയ ശക്തികൾക്കൊപ്പം ചങ്ങാത്ത മുതലാളിത്തം ഗാഢമായ സൗഹൃദത്തിൽ ഏർപ്പെട്ടിരിക്കുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. വൻതോതിലുള്ള മാധ്യമ നിയന്ത്രണങ്ങളിലൂടെ ഈ ചങ്ങാത്തം കൂടുതൽ ശക്തിയാർജിച്ചിരിക്കുന്നു. ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഭരണകൂട സ്വാധീനത്താൽ ‘പ്രോപ്പഗാണ്ട’കൾക്ക് ഉപയോഗിക്കപ്പെടുകയും വസ്തുനിഷ്ഠമായ കാര്യങ്ങൾ മറച്ചു വയ്ക്കപ്പെടുകയും ചെയ്യുന്നു. മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങൾ മൂലധനശക്തികളുടെ ഉടമസ്ഥതയിലാണ്. സിനിമാ മേഖലയിൽ വൻതോതിൽ പണം മുടക്കിക്കൊണ്ട് ചരിത്രത്തെ വക്രീകരിക്കുകയും വെറുപ്പ് ഉല്പാദിപ്പിക്കുകയും ചെയ്യുന്ന സിനിമകൾ നിർമ്മിക്കപ്പെടുന്നു. അത്തരം സിനിമകൾക്ക് സർക്കാർ അവാർഡും കൊടുക്കുന്നു. ഇന്ത്യൻ ഭരണഘടന തുടങ്ങുന്നത് ഇന്ത്യയിലെ ജനങ്ങൾ എന്നാണ്. ജാതിമത ഭേദമന്യെ ഇന്ത്യ, അതിലെ മുഴുവൻ ജനങ്ങളുടെയും രാജ്യമാണെന്നാണ് ഭരണഘടന പറയുന്നത്. ഈ ആശയത്തെ ഹിന്ദുത്വ ശക്തികൾ ചവിട്ടിമെതിച്ചു. രാജ്യത്തിന്മേലുള്ള അവകാശം ഭൂരിപക്ഷത്തിന് കുത്തകപ്പാട്ടമായി ഫാസിസ്റ്റുകൾ നൽകുന്നു. ഇന്ന് രാഷ്ട്രീയം വിഗ്രഹവൽക്കരിക്കപ്പെട്ടു. എന്നാൽ രാഷ്ട്രീയ വിഗ്രഹങ്ങളിൽ യഥാർത്ഥ രാഷ്ട്രീയം ഇല്ലതാനും. അധികാരം എല്ലാവിധ പ്രത്യയശാസ്ത്ര നാട്യങ്ങളും മാറ്റിവച്ച് രാഷ്ട്രീയത്തിന്റെ പ്രച്ഛന്നവേഷമണിഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു. പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ ചരമഗീതം മുഴങ്ങുന്നു. 

നമ്മുടെ ഭരണഘടന ഭൂതകാലത്തെ സ്വപ്നം കാണാനല്ല, നല്ല ഭാവിയിലേക്ക് ഉറ്റു നോക്കാനാണ് പ്രേരിപ്പിക്കുന്നത്. ഭരണഘടന തുടങ്ങിയതുതന്നെ നമ്മൾ എന്ന ബഹുവചനത്തിലൂടെയാണല്ലോ. ഭരണഘടനയും അതിൽ അടങ്ങിയിരിക്കുന്ന നവഭാരത സ്വരൂപവും ഇന്ത്യൻ ജനങ്ങളുടെ മുഴുവൻ ആശയാഭിലാഷങ്ങളുടെ പ്രതിഫലനമാണെന്ന് ഇതിലൂടെ പറഞ്ഞുവയ്ക്കുന്നു. ജനങ്ങളും ഭരണഘടനയുടെ മൗലിക ഘടനയും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, മതനിരപേക്ഷത, ജനാധിപത്യം, വ്യക്തിയുടെ അന്തസ്, സാമൂഹിക നീതി ഇവയെല്ലാം നിരന്തരം നിലനിൽക്കണമെന്ന് ഭരണഘടന പറയുന്നു, മറ്റെന്തിനും മാറ്റം സംഭവിച്ചാലും. വസ്ത്രം പോലെ നെയ്തെടുക്കേണ്ടതാണ് അവയെല്ലാം എന്ന് ഭരണഘടന ഓർമ്മിപ്പിക്കുന്നു. അഹങ്കാരത്തിന്റെയും തികഞ്ഞ ധാർഷ്ട്യത്തിന്റെയും പ്രതീകങ്ങളായി പ്രവർത്തിക്കുമ്പോൾ സ്വേച്ഛാധിപതികൾ തികഞ്ഞ ജനാധിപത്യവിരുദ്ധരാകും. മന്ത്രിമാരും മറ്റും 30 ദിവസം തടവിൽ കഴിയേണ്ടിവന്നാൽ സ്ഥാനം നഷ്ടമാകുന്ന വ്യവസ്ഥ ഉൾപ്പെട്ട നിർണായക ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ച് ജെപിസിക്ക് വിട്ടു. കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാൾ നിരപരാധിയാണെന്ന അടിസ്ഥാന തത്വം ഇതിലൂടെ അട്ടിമറിക്കപ്പെടുന്നു. പ്രതിപക്ഷ സർക്കാരുകളെ, നേതാക്കളെ നോട്ടമിട്ടാണ് ബില്ലുകളല്ലൊം. ഭരിക്കുന്നവരെ അവർ തടവിലിടുമോ?
ഫാസിസ്റ്റ് ഭരണകൂടം ലോകത്ത് ഒരിടത്തും ജനാധിപത്യത്തെ, മനുഷ്യത്വത്തെ ഒരിക്കലും ബഹുമാനിച്ചിട്ടില്ല; ബഹുമാനിക്കുകയുമില്ല. നമ്മുടെ രാജ്യത്തിന് വേണ്ടത് മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനസാണ്. താൻ പറയുന്നത് മാത്രമാണ് ശരി എന്നാണ് ഭൂരിഭാഗത്തിന്റെയും ധാരണ. ഇവിടെ ഏറ്റവും വലിയ ‘ഞാൻ’ പലരിലുമുണ്ട്. ആ ഞാൻ എന്ന ഭാവം മാറി ‘വി’ (നമ്മൾ) എന്ന ഭാവം വരുമ്പോൾ ‘വി ദ പീപ്പിൾ’ ഉണ്ടാകും. അതിന് കൂരിരുട്ടിന്റെ ഭയാനകമായ ശക്തികൾക്കെതിരെ സ്നേഹവും ആർദ്രതയും ആദരവും അചഞ്ചലമായ പോരാട്ടവീര്യവും കൈമുതലായി പോരാടണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.