23 December 2024, Monday
KSFE Galaxy Chits Banner 2

ബലാത്സംഗത്തിന്റെ ഫോട്ടോയുണ്ടോ!

ദേവിക
വാതിൽപ്പഴുതിലൂടെ
June 12, 2023 4:10 am

ന്തരിച്ച നടന്‍ മാമുക്കോയ സ്റ്റുഡിയോ ഫോട്ടോഗ്രാഫറുടെ റോളില്‍ അഭിനയിക്കുന്ന ഒരു ചിത്രമുണ്ട്. നവദമ്പതിമാരുടെ ഫോട്ടോയെടുക്കുമ്പോള്‍ സുന്ദരീസുന്ദരന്മാരോടു മാമുക്കോയ പറയും ‘സ്മൈല്‍ പ്ലീസ്, സ്മൈല്‍. ദേ ഞാന്‍ ചിരിക്കുംപോലെ സ്മൈല്‍’. ദമ്പതിമാരോട് ഇതൊക്കെ പറയാം. അത് ചിത്രം നന്നാകാന്‍. എന്നാല്‍ ബലാത്സംഗം ചെയ്യുന്നത് ഫോട്ടോഗ്രാഫറെ നിര്‍ത്തി ചിത്രീകരിക്കുക പതിവല്ലല്ലോ. ഒരു പെണ്‍കുട്ടിയെ ബലാല്‍ കീഴ്പ്പെടുത്തുമ്പോള്‍ ഇരയോട് സ്മൈല്‍ പ്ലീസ് എന്ന് വേട്ടക്കാരന്‍ പറയാറുമില്ല. അതുകൊണ്ടുതന്നെ ബലാത്സംഗത്തിനു തെളിവായി ഫോട്ടോയോ മറ്റെന്തെങ്കിലും ഹാജരാക്കാനുണ്ടോ എന്ന് ഇരയോട് പൊലീസ് ചോദിക്കാറുമില്ല. തന്നെ പീഡിപ്പിച്ചതിന് തെളിവ് ഹാജരാക്കിയ ഒരൊറ്റ പെണ്ണേ ഈ ദുനിയാവിലുള്ളു. സോളാര്‍ റാണി സരിതാ എസ് നായര്‍, അതും ഒരു പാവാട. ഒമ്പതു പേര്‍ തന്നെ പീഡിപ്പിച്ചതിന് ആ അടിപ്പാവാടയില്‍ തെളിവുണ്ടെന്നായിരുന്നു സരിതയുടെ വാദം. ഒരു പാവാടയില്‍ ഒമ്പതുപേരുടെ തെളിവോ ഇതെന്ത് അത്ഭുതപാവാട എന്ന് ചോദിച്ച് സിബിഐ കിങ്കരന്മാര്‍ അത് കുപ്പത്തൊട്ടിയിലെറിഞ്ഞുവെന്നാണ് ചരിത്രം. എന്നാല്‍ ബലാത്സംഗത്തിന് ചിത്രം സഹിതം തെളിവ് ഹാജരാക്കാനാണ് ഗുസ്തി ഫെഡറേഷന്‍ നേതാവും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ് പീഡന പ്രതിയായ കേസില്‍ വനിതാ ഗുസ്തി താരങ്ങളോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുസ്തി പിടിക്കുമ്പോള്‍ ശ്വാസം നിലനിര്‍ത്താനുള്ള കഴിവുണ്ടോ എന്ന് വനിതാ ഗുസ്തി താരങ്ങളുടെ മാറിടത്തില്‍ അമര്‍ത്തി നോക്കുന്നതാണ് ബ്രിജ്ഭൂഷന്റെ പരിശോധനകളിലൊന്ന്. ശ്വാസം വായിലൂടെയും മൂക്കിലൂടെയും പുറത്തേക്കുപോയി ശ്വാസഗതിയുടെ ശക്തി കുറയുന്നോ എന്നുള്ള പരിശോധന മറ്റൊന്ന്. അങ്ങനെ തപ്പിനോക്കിയുള്ള പരിശോധനയില്‍ വിദഗ്ധനാണ് ഈ ബിജെപി ക്രിമിനല്‍. ഇതിന്റെയൊക്കെ തെളിവ് ചിത്രസഹിതം ഹാജരാക്കാന്‍ മോഡിയുടെ പൊലീസിനല്ലാതെ ഈ അണ്ഡകടാഹത്തില്‍ ആര്‍ക്കു കഴിയും!


ഇത് കൂടി വായിക്കൂ: വായ മൂടിക്കെട്ടിയ ഇന്ത്യ | JANAYUGOM EDITORIAL


ചര്‍ച്ച ചെയ്യാന്‍ ഗോളാന്തര വിഷയങ്ങളുള്ളപ്പോള്‍ സമൂഹത്തെ ചിതല്‍ തിന്നുന്നതുപോലെ നശിപ്പിക്കുന്ന വിഷയങ്ങള്‍ കാണാതെ പോകുന്നത് നമ്മുടെ മലയാളികളുടെ ഒരു ശീലമാണ്. അഥവാ ഈ വിഷയത്തിലേക്ക് ഒന്നു ഫോക്കസ് ചെയ്താലോ സംഭവത്തിലെ പൈങ്കിളി അംശത്തിനായിരിക്കും കാമറയും വാക്കുകളും ഉപയോഗിക്കുക. രാസലഹരിയടിച്ച് മൂന്നു ചെറുപ്പക്കാര്‍ ഇന്നലെ തെരുവില്‍ കിടന്ന് അരമണിക്കൂറോളം സംഘട്ടനത്തില്‍ ഏര്‍പ്പെട്ടു. അതിന്റെ സ്റ്റണ്ട് മേന്മയെക്കുറിച്ചായിരുന്നു ചാനല്‍ വര്‍ണന. ലഹരി മനുഷ്യനെ മൃഗമാക്കുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയുമില്ല. മാവേലിക്കരയിലെ സമ്പല്‍സമൃദ്ധവും വിദ്യാ‍സമ്പന്നവുമായ ഒരു കുടുംബം വെറും മൂന്നു വര്‍ഷം കൊണ്ട് തകര്‍ന്നടിഞ്ഞ വാര്‍ത്ത ചര്‍ച്ച ചെയ്തപ്പോഴും അതിനു പിന്നിലെ ലഹരിയെന്ന വിഷയം നാം കാണാതെ പോയി. യുവാവായ ശ്രീമഹേഷ് ലഹരി ഉപയോഗം തുടങ്ങിയിട്ട് മൂന്നു വര്‍ഷമേ ആയുള്ളു. ഇയാളുടെ ശല്യം സഹിക്കാഞ്ഞ് ഭാര്യ ആത്മഹത്യ ചെയ്തു. ഇതു കൊലപാതകമെന്ന് സംശയവുമുണ്ട്. ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണം നല്കാത്തതിന് അയാള്‍ ഭാര്യയെ ക്രൂരമായി തല്ലിച്ചതച്ച ദിവസംതന്നെയായിരുന്നു ആത്മഹത്യയും. ഏകമകള്‍ ആറ് വയസുള്ള നക്ഷത്രയെ ഈ മൃഗജന്മം തന്നോടൊപ്പമാണ് താമസിപ്പിച്ചത്. നൃത്തത്തിലും സംഗീതത്തിലും മിടുമിടുക്കിയായിരുന്നു ഓമനത്തിങ്കള്‍ക്കിടാവായ നക്ഷത്ര. ആ പിഞ്ചുകുഞ്ഞിനെ മഴു കൊണ്ട് വെട്ടിക്കൊന്ന ശ്രീമഹേഷ് എന്ന പിതാവിനെ പിശാചാക്കിയതും ലഹരി. വീട്ടമ്മമാരും സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികളും ലഹരിയുടെ മരണവ്യാപാരികളായി മാറിക്കഴിഞ്ഞ കാലം. ചലച്ചിത്ര രംഗത്ത് ലഹരിയുടെ ഉപയോഗം ആകാശംമുട്ടെ വളരുന്നുവെന്ന് നടീനടന്മാര്‍ തന്നെ തുറന്നുപറയുന്നു. പക്ഷേ ഷൂട്ടിങ് പ്രദേശങ്ങളില്‍ ലഹരി ഉപയോഗം തടയാന്‍ ഷാഡോ പൊലീസിനെ നിയോഗിക്കുന്നതിനെ നഖശിഖാന്തം എതിര്‍ക്കുന്ന കുറേ ഉണ്ണിക്കൃഷ്ണന്മാരും. ലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊല്ലുന്നു. ഭാര്യ ഭര്‍ത്താവിനെ കൊല്ലുന്നു. മകന്‍ പിതാവിനെ തല്ലിക്കൊല്ലുന്നു. പുത്രന്‍ മാതാവിനെ ചുട്ടുകൊല്ലുന്നു. എല്ലാം ലഹരിമൂലം. ഞങ്ങള്‍ക്ക് സ്വര്‍ഗമൊന്നും തരേണ്ട. ലഹരി പിശാചിനെ തല്ലിക്കൊല്ലാന്‍ എന്തെങ്കിലും പദ്ധതി മാത്രം മതി.


ഇത് കൂടി വായിക്കൂ: വെറുപ്പിന്റെയും നുണകളുടെയും പ്രചരണം ചെറുക്കണം | JANAYUGOM EDITORIAL


ഈയിടെ ഒരു പരസ്യം കണ്ടു. എറണാകുളം ബോള്‍ഗാട്ടി പാലസിലെ ഹോട്ടലില്‍ എട്ടു മണിക്കൂര്‍ കഥകളി വേഷം കെട്ടി നില്‍ക്കാന്‍ ഒരാളെ വേണം. പന്തീരായിരം രൂപ ശമ്പളം, പ്രതിദിനം 300 രൂപ അലവന്‍സും. ഭക്ഷണം, താമസം എന്നിവ സൗജന്യം. കഥകളിയില്‍ ശ്രീകൃഷ്ണന്റെയും പൂതനയുടെയും ദുര്യോധനന്റെയും സുഭദ്രയുടെയുമൊക്കെ ഒരേനില്പില്‍ നില്‍ക്കണം. അതിഥികള്‍ വരുമ്പോള്‍ കഥകളിമുദ്രയോടെ വണങ്ങണം. നേത്രാഭ്യാസത്തിലൂടെ അതിഥിയായ സായിപ്പിനുനേരെയും നാടന്‍ മദാമ്മയുടെ നേര്‍ക്കും കടക്കണ്ണെറിയണം. ഈ കഥകളി നിശ്ചലവേഷ തസ്തികയിലേക്ക് നൂറുകണക്കിന് അപേക്ഷകരാണുണ്ടായിരുന്നതത്രേ. നമ്മുടെ തൊഴിലില്ലായ്മയുടെ നേര്‍ക്കാഴ്ചയല്ലേ ഈ അപേക്ഷക ബാഹുല്യം.
ബിജെപിയുടെയും പ്രസിഡന്റ് കെ സുരേന്ദ്രന്റെയും മൂന്നു കോടി രൂപ കട്ടപ്പൊകയായി എന്ന രഹസ്യവാര്‍ത്ത പുറത്തുവരുന്നു. ഇതേക്കുറിച്ച് ഒരു ചാനല്‍ ചര്‍ച്ചയും കണ്ടുമില്ല, കേട്ടുമില്ല, വായിച്ചുമില്ല. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മൂന്നു കോടി രൂപ ചെലവഴിച്ച് മേയ് 12 മുതല്‍ 18 വരെ ഒരു യാഗം നടത്തിയെന്ന്. എന്തിനെന്നല്ലേ, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ തൂത്തുവാരാന്‍! മഹാകിരാത രുദ്രയജ്ഞത്തിന്റെ ഭാഗമായ സഹസ്രചണ്ഡികാ യാഗം നടത്താന്‍ മുഖ്യപൂജാരിയായ അഡിഗ ഉള്‍പ്പെടെ 160 പൂജാരിമാരുടെ ഒരു കുപ്പിണിയുമുണ്ടായിരുന്നു. സുരേന്ദ്രനും ഡോ. കെ എസ് രാധാകൃഷ്ണനും വി വി രാജേഷുമടക്കമുള്ളവര്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ എതിര്‍ചേരി യാഗം ബഹിഷ്കരിച്ചു. അതിന് അവര്‍ കാരണവും പറയുന്നു. മൂകാംബിക ദേവിക്ക് വോട്ടില്ല. പൂജാരിമാര്‍ക്കും തഥൈവ. കൊല്ലൂരമ്മയാണെങ്കില്‍ സത്യസ്വരൂപിണി. കള്ളന്മാരെ കണ്ണെടുത്താല്‍ കണ്ടുകൂടാ. യാഗക്കോഴയിലും ദേവി വീഴില്ല. കേരളത്തില്‍ പത്ത് വോട്ട് പിടിക്കാന്‍ കൊല്ലൂരില്‍ നിന്നു കേരളം വരെ വരാനും അമ്മയ്ക്ക് താല്പര്യമില്ല. അപ്പോള്‍ പിന്നെ മൂന്നു കോടി രൂപ സ്വാഹയാവുകല്ലേ തരമുള്ളു. കര്‍ണാടകയില്‍ ജയ് ബജ്റംഗ് ബലി എന്ന് മോഡി അലറിവിളിച്ചതുപോലെ സുരേന്ദ്രനും മുദ്രാവാക്യം വിളിക്കട്ടെ ‘ജയ് സഹസ്ര ചാമുണ്ഡികായേനമഃ!’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.