7 December 2025, Sunday

ഇന്ന് പാദപൂജ, നാളെ പെരുവിരൽ ദക്ഷിണ

കുരീപ്പുഴ ശ്രീകുമാർ
വര്‍ത്തമാനം
July 17, 2025 4:15 am

ശ്രീനാരായണ ഗുരുവിനെ കാണുവാൻ മഹാത്മാഗാന്ധി ശിവഗിരിയിലെത്തിയ ദിവസം. ഗാന്ധിയെ കാണാൻ വലിയൊരു ജനക്കൂട്ടം എത്തിയിട്ടുണ്ട്. അവർ ഓരോരുത്തരായി ഗാന്ധിയുടെ പാദം തൊട്ടു നമസ്ക്കരിക്കുന്നു. ഗാന്ധി ഓരോരുത്തരെയും അനുഗ്രഹിക്കുന്നുമുണ്ട്. അപ്പോൾ ഗുരു അടുത്തുനിന്ന ആളോട് എന്തോ ശബ്ദം താഴ്ത്തിപ്പറഞ്ഞു. അദ്ദേഹം ഉറക്കെ ചിരിച്ചുപോയി. എന്താണ് ഗുരു പറഞ്ഞതെന്ന് ഗാന്ധി അടുത്തുനിന്ന ആളോട് ചോദിച്ചു. മറുപടി കേട്ട് ഗാന്ധിയും പൊട്ടിച്ചിരിച്ചു. ഇന്ന് ഈ ബുദ്ധിമുട്ടിൽ നിന്നും ഞാൻ രക്ഷപ്പെട്ടു എന്നായിരുന്നു ഗുരുവിന്റെ ഫലിതം. ഗുരുവിനെ ബഹുമാനിക്കുന്നത് കാലുപിടിച്ചോ കാലിൽ വീണോ അല്ല, ഇങ്ങനെയൊന്നും ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് പറഞ്ഞ സഹോദരൻ അയ്യപ്പനായിരുന്നു ഗുരുവിന്റെ ഇഷ്ട ശിഷ്യൻ. കാലുപിടുത്തവും കാലുകഴുകിക്കലും എല്ലാം പഴയ ബ്രാഹ്മണാധിപത്യത്തിന്റെ ദുർമ്മുഖങ്ങളാണ്. എഴുത്തും വായനയും പഠിച്ച ആരും ആവർത്തിക്കാൻ പാടില്ലാത്തത്. എന്നാൽ പഴയ ദുഃശീലങ്ങളിൽ ആഹ്ലാദം കണ്ടെത്തുന്ന ചില പഴമനസുകൾ, പുതുശരീരത്തിന്റെ കുപ്പായമിട്ട് ഇപ്പോഴും കേരളത്തിലുണ്ട്. അവരാണ് ഗുരുപൂജ എന്ന വ്യാജേന കുട്ടികളെക്കൊണ്ട് പാദപൂജ നടത്തിപ്പിച്ചത്. അധ്യാപകർ മാത്രമല്ല ഹിന്ദു വർഗീയ രാഷ്ട്രീയ പാർട്ടിയുടെ ഒരു നേതാവുതന്നെ ഈ ദുരാചാരം ആസ്വദിച്ചു കോൾമയിർ കൊണ്ടെന്നറിയുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം മറനീക്കി പുറത്തുവരുന്നത്. ഇവർ വനബാലന്റെ പെരുവിരൽ അറുത്തുവാങ്ങിയ ക്രൂരന്മാരാണ്. മറ്റൊരു വത്സലശിഷ്യന്റെ വ്യാജപ്രസ്താവനയിൽ അസ്തപ്രജ്ഞനായ ദ്രോഹപ്രവീണൻ ദ്രോണഗുരുവിന്റെ ദയനീയമായ അന്ത്യം മഹാഭാരതത്തിൽ വിശ്വമഹാകവി വേദവ്യാസൻ വരച്ചിട്ടിട്ടുണ്ട്. ഗുരുവിന്റെ കാൽതൊട്ടു വന്ദിക്കുകയെന്ന അഭ്യാസപ്രകടനം ബഹുഭൂരിപക്ഷം വരുന്ന അദ്ധ്വാനിക്കുന്ന ജനസമൂഹത്തിലില്ല. യോഗയും പ്രമേഹവും ഇല്ലാത്ത ആ സമൂഹത്തിൽ ഗുരുത്വം ഭൂമിയുടെ ഗുരുത്വാകര്‍ഷണം പോലെ പ്രധാനപ്പെട്ടതാണ്. അത് ഗുരുപാഠങ്ങളെ വികസിപ്പിച്ചെടുത്ത് പുതുപ്രപഞ്ചം സൃഷ്ടിക്കുന്ന രീതിയാണ്. പുതിയ കൃഷിമാർഗങ്ങൾ തേടിക്കൊണ്ടും പുതിയ വയൽക്കവിതകൾ സൃഷ്ടിച്ചുകൊണ്ടും അവർ മുന്നേറി. അവരുടെ മുന്നേറ്റത്തെ തടഞ്ഞത് പാദപൂജയിലും യോനീപൂജയിലും ലിംഗപൂജയിലും നാരീപൂജയിലും കന്യാപൂജയിലും നിർവൃതിയടഞ്ഞ സവർണ സമൂഹമാണ്. 

കാശും ഭൂമിയും സ്വന്തമായുള്ള എല്ലാ വർഗീയസംഘടനകൾക്കും യഥേഷ്ടം വിദ്യാലയങ്ങൾ നടത്താനുള്ള അനുമതി സർക്കാർ കൊടുത്തിട്ടുണ്ട്. അവിടെ അധ്യാപകരെ നിയമിക്കുന്നതും പാഠ്യേതര ദുരാചാരങ്ങൾ നടപ്പിലാക്കുന്നതും വർഗീയസംഘടനകൾ തന്നെയാണ്. ശമ്പളവും മറ്റുകാര്യങ്ങളുമെല്ലാം സർക്കാർ നിർവഹിക്കും. ഒന്നാം കമ്മ്യൂണിസ്റ്റു മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ വിഖ്യാതമായ വിദ്യാഭ്യാസ ബില്ലിൽ വെള്ളം ചേർത്തതുകൊണ്ട് ഉണ്ടായ ദുഃസ്ഥിതിയാണിത്. വെടക്കാക്കി തനിക്കാക്കിയ ഈ സൗകര്യങ്ങളെ തൊടാൻ പിന്നീടുവന്ന ഇടതുപക്ഷ സർക്കാരുകൾക്ക് കഴിഞ്ഞതുമില്ല. മത ജാതി സംഘടനകളുടെ കാര്യപരിപാടികളാണ് അവിടെ അരങ്ങേറുന്നത്. മതപരമായ ദുരാചാരങ്ങളെല്ലാം, സർക്കാരിന്റെ ഭാവനക്കപ്പുറത്തായി അവിടെ നടക്കുന്നു. ചങ്ങനാശേരി എസ് ബി കോളജിലുണ്ടായിരുന്ന ഇസ്താക്ക് മാഷാണ്, കാലിൽ തൊട്ടുവന്ദിക്കുന്ന വിദ്യാർത്ഥിയുടെ നെറുകയിൽ കൈ വച്ച് വ്യർത്ഥമായ അനുഗ്രഹപ്രകടനം നടത്തുന്നതിന് പകരം ആ വിദ്യാർത്ഥിയുടെ പാദത്തിൽ തന്നെ സ്പർശിക്കുകയെന്ന ബദൽ ആശയം നടപ്പിലാക്കിയത്. ഞാനും ആ രീതി അവലംബിക്കാറുണ്ട്. ദൃശ്യമാധ്യമങ്ങൾ ഇപ്പോൾ മാത്രം പുറത്ത് കൊണ്ടുവന്നിട്ടുള്ള ഈ ഗുരുപൂജാഭാസം ഹിന്ദു വിദ്യാലയങ്ങളിൽ നേരത്തെതന്നെ നടക്കുന്നതാണ്. തനിക്കുണ്ടായ ഗുരുപൂജാ അനുഭവങ്ങളെ കുറിച്ച് കോളജ് അധ്യാപികയായിരുന്ന സാക്ഷരതാ മിഷൻ ഡയറക്റ്റർ എ ജി ഒലീന വിവരിക്കാറുണ്ട്. അവർ ഒരു എൻഎസ്എസ് കോളജിൽ അധ്യാപികയായിരുന്നപ്പോൾ ഒരു വിഭാഗം വിദ്യാർത്ഥികൾ പൊടുന്നനെ ക്ലാസുമുറിയിൽ കടന്നുവന്ന് പാദപൂജ നടത്തുന്നതും അതേ വിനയവിശാരദർ തന്നെ പിന്നെ വളരെ മോശമായി പെരുമാറുകയും ചെയ്തകാര്യം അവർ പറയാറുണ്ട്. ഈ ഗുരുപൂജയൊന്നും വിദ്യാർത്ഥികൾ സ്വമനസാലേ ചെയ്യുന്നതല്ല. ഹിന്ദു വർഗീയതയുടെ കുടില രാഷ്ട്രീയതന്ത്രം ഇതിന്റെ പിന്നിലുണ്ട്. അവർ പൂജിക്കാൻ പറയുമ്പോൾ കുട്ടികൾ പൂജിക്കാനും തെറിപറയാൻ ആഹ്വാനം ചെയ്യുമ്പോൾ തെറിപറയാനും വിദ്യാർത്ഥികൾ നിർബ്ബന്ധിതരാവുകയാണ്. മുജ്ജാതി വ്യവസ്ഥയിലെ ശൂദ്രരും അതിലെങ്ങും പെടാത്ത ശ്രീനാരായണ മാനേജ്മെന്റുകളും ഈ ദുരാചാരത്തിൽ മുൻപന്തിയിലാണെന്നത് അത്ഭുതകരമാണ്. പല ദുരാചാരങ്ങളുടെയും വാൽക്കിണ്ടികൾ ഇനിയും വലിച്ചെറിയേണ്ടതായിട്ടുണ്ട്. കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടുചോറ് വാരിക്കുന്ന കുതന്ത്രം കേരളീയസമൂഹം തിരിച്ചറിയേണ്ടതായിട്ടുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.